തായ്ലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണില്‍ അഭിമാനമായി മലയാളി താരം കിരണ്‍ ജോര്‍ജ്‌

ബാങ്കോക്ക്: തായ്ലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണിന്റെ പ്രീ ക്വാര്‍ട്ടറില്‍ ലോക 26-ാം റാങ്കുകാരനായ ചൈനയുടെ വെംഗ് ഹോംഗ് യാംഗിനെ അട്ടിമറിച്ച് മലയാളി താരം കിരണ്‍ ജോര്‍ജ്. 21-11, 21-19 എന്ന സ്‌കോറിന് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് കിരണിന്റെ വിജയം.

വെറും 39 മിനിട്ടുകൊണ്ടാണ് ലോകറാങ്കിംഗില്‍ 59-ാം റാങ്കിലുള്ള കിരണ്‍ വിജയം നേടിയത്. ആദ്യ ഗെയിം അനായാസം നേടിയ കിരണ്‍ രണ്ടാം ഗെയിമില്‍ വാശിയേറിയ പോരാട്ടം കാഴ്ചവെച്ച് വിജയം നേടി. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ ടോമ ജൂനിയറാണ് കിരണിന്റെ എതിരാളി. ആദ്യ റൗണ്ടില്‍ ലോക ഒന്‍പതാം നമ്ബര്‍ താരവും നിലവിലെ ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ് വെള്ളിമെഡല്‍ ജേതാവുമായ ചൈനയുടെ ഷി യുക്വിയെ കിരണ്‍ അട്ടിമറിച്ചിരുന്നു.

കിരണിന് പിന്നാലെ യുവതാരം ലക്ഷ്യ സെന്നും തായ്ലന്‍ഡ് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. പുരുഷ സിംഗിള്‍സില്‍ ടൂര്‍ണമെന്റിലെ നാലാം സീഡായ ലി ഷി ഫെംഗിനെ അട്ടിമറിച്ചാണ് സെന്‍ അവസാന എട്ടിലെത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സെന്‍ ഫെംഗിനെ വീഴ്ത്തിയത്. സ്‌കോര്‍: 21-17, 21-15. രണ്ട് ഗെയിമിലും സെന്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തി. ഈയിടെ അവസാനിച്ച ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ കിരീടം നേടിയ ഫെംഗിന് ആ മികവ് ലക്ഷ്യയ്ക്ക് എതിരേ പുറത്തെടുക്കാനായില്ല.