Sports (Page 180)

ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്സില്‍ എക്കാലത്തെയും മികച്ച നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ താരങ്ങള്‍ നാട്ടില്‍ തിരിച്ചെത്തി. ഗംഭീര വരവേല്‍പ്പാണ് രാജ്യം അവര്‍ക്കായി ഒരുക്കിയത്.

ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ താരങ്ങളെ കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തിയ ആഹ്‌ളാദ പ്രകടനവുമായാണ് ആരാധകര്‍ വരവേറ്റത്.

താരങ്ങളെ സ്വീകരിക്കാന്‍ വിമാനത്താവള പരിസരത്തേക്ക് ഒഴുകിയത് ആയിരക്കണക്കിന് ആരാധകരാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസും സി.ഐ.എസ്.എഫും നന്നേ കഷ്ടപ്പെട്ടു. കാഹളം മുഴക്കിയും എയര്‍പോര്‍ട്ട് പരിസരത്ത് സംഘമായി പുഷ് അപ്പ് എടുത്തുമായിരുന്നു അവര്‍ വിജയാഘോഷം പങ്കിട്ടത്.

ഇന്ത്യന്‍ ഒളിംപിക് അക്കൗണ്ടില്‍ സ്വര്‍ണ്ണം വീഴ്ത്തിയ നീരജ് ചോപ്ര പുറത്തെത്തിയപ്പോള്‍ ആര്‍പ്പുവിളിച്ചുകൊണ്ടായിരുന്നു ആരാധകര്‍ വരവേറ്റത്. ഗുസ്തിയില്‍ വെള്ളി നേടിയ രവി കുമാര്‍ ദഹിയയും വെങ്കലം നേടിയ ബജ്റംഗ് പുനിയയും നീരജിനൊപ്പമുണ്ടായിരുന്നു.

ഈ സ്വീകരണം പ്രതീക്ഷിച്ചിരുന്നതായും രാജ്യത്ത് തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും നീരജ് പ്രതികരിച്ചു. താരത്തിന്റെ കുടുംബാംഗങ്ങളും ഹരിയാനയില്‍ നിന്ന് എയര്‍പോര്‍ട്ടിലെത്തിയിരുന്നു.

മെഡല്‍ ജേതാക്കളെ തുറന്ന വാഹനത്തില്‍ ഘോഷയാത്രയായാണ് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അശോക ഹോട്ടലിലേക്ക് ആനയിച്ചത്. വഴിനീളെ പുഷ്പങ്ങള്‍ വിതറിയും പടക്കങ്ങള്‍ പൊട്ടിച്ചും ആരാധര്‍ അവരുടെ യാത്ര ആഘോഷിക്കുന്നുണ്ടായിരുന്നു.

ഇന്ത്യന്‍ മെഡലിസ്റ്റുകളെ ആദരിക്കാന്‍ അശോക ഹോട്ടലില്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഒഫ് ഇന്ത്യ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിരുന്നു.

എറണാകുളം: ടോക്കിയോ ഒളിംപിക്സില്‍ വെങ്കലനേട്ടം സ്വന്തമാക്കി മലയാളികളുടെ അഹങ്കാരമായി മാറിയ ഹോക്കി താരം പി.ആര്‍ ശ്രീജേഷ് ഇന്ന് നാട്ടിലെത്തും.

വൈകിട്ട് അഞ്ചിന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന ശ്രീജേഷിന് സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍, കേരള ഒളിംപിക്, ഹോക്കി അസോസിയേഷനുകള്‍ സംയുക്തമായി സ്വീകരണം സംഘടിപ്പിച്ചിട്ടുണ്ട്.

കായിക മന്ത്രി വി.അബ്ദുറഹ്‌മാന്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടന്‍, ഒളിംപിക് ആസോസിയേഷന്‍ പ്രസിഡന്റ് വി.സുനില്‍ കുമാര്‍ തുടങ്ങിയവരും താരത്തെ സ്വീകരിക്കാനെത്തും. തുടര്‍ന്ന് വാഹനങ്ങളുടെ അകമ്പടിയോടെ കാലടി, പെരുമ്പാവൂര്‍, പോഞ്ഞാശേരി വഴി ശ്രീജേഷിനെ ജന്മനാടായ കിഴക്കമ്പലം എരമേലി വരെ ആനയിക്കും.

ശ്രീജേഷിന്റെ സ്വീകരണ യാത്രയില്‍ വഴിയരികില്‍ നിന്ന് ഹസ്തദാനം നല്‍കുന്നതില്‍ പോലീസ് വിലക്കുണ്ട്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് കൂപ്പുകൈ മാത്രം മതിയെന്നാണ് പോലീസ് ശ്രീജേഷിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

മാത്രമല്ല, നെടുമ്പാശേരി മുതലുള്ള എല്ലാ ജംഗ്ഷനിലും പോലീസ് കാവലുമുണ്ടാകും. വാഹനത്തിനടുത്തേക്ക് ആളുകളെ അടുപ്പിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കണമെന്നാണ് പോലീസുകാര്‍ക്ക് ഡിവൈ.എസ്.പിമാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

തിരുച്ചിറപ്പള്ളി: ടോക്കിയോ ഒളിംപിക്‌സിന്റെ ആവേശത്തില്‍ മടങ്ങിയെത്തിയ തമിഴ്‌നാട്ടുകാരിയായ എസ്.ധനലക്ഷ്മിയെ വരവേറ്റത് സഹോദരിയുടെ വിയോഗവാര്‍ത്ത. തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ധനലക്ഷ്മി സ്വീകരിക്കാനെത്തിയ സംഘത്തില്‍ സഹോദരിയെ കാണാഞ്ഞ് തിരക്കിയപ്പോഴാണ് പൂക്കളും ആരതിയുമായി സ്വീകരിക്കാന്‍ കാത്തു നിന്ന അമ്മ അതുവരെ മറച്ചു വച്ച സങ്കടവാര്‍ത്ത പറഞ്ഞത്.

ധനലക്ഷ്മി ടോക്കിയോയിലേക്ക് പോകുംമുമ്പാണ് സഹോദരി ഗായത്രി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്. എന്നാല്‍ അപ്പോള്‍ ദേശീയക്യാമ്പിലായിരുന്ന ധനലക്ഷ്മിയില്‍ നിന്നും വീട്ടുകാര്‍ മരണവാര്‍ത്ത മറച്ചുവെച്ചു. താരത്തിന്റെ മത്സരിക്കാനുള്ള മനസ്സിനെ ബാധിച്ചേക്കുമെന്ന ഭയത്തില്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ക്കൂടിപ്പോലും മരണവാര്‍ത്ത പുറത്താവാതിരിക്കാന്‍ നാട്ടുകാരും ശ്രദ്ധ ചെലുത്തിയിരുന്നു.

ഒളിംപിക്‌സ് 4 – 400 മിക്‌സ്ഡ് റിലേ റിസര്‍വ് ടീമിലെ അംഗമായിരുന്നു ഇരുപത്തിരണ്ടുകാരിയായ ധനലക്ഷ്മി. 14-ാം വയസ്സില്‍ പിതാവിനെ നഷ്ടപ്പെട്ട ശേഷം അമ്മ ഉഷയ്ക്കും സഹോദരിമാര്‍ക്കുമൊപ്പമായിരുന്നു ജീവിതം.

2019ലെ ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ പി.ടി ഉഷയുടെ റെക്കോര്‍ഡ് തകര്‍ത്ത ധനലക്ഷ്മി പട്യാലയില്‍ ദേശീയ മത്സരത്തില്‍ മുന്‍നിര താരങ്ങളായ ദ്യുതി ചന്ദിനെയും, ഹിമ ദാസിനെയും 100 മീറ്ററില്‍ തോല്‍പ്പിച്ചതോടെയാണ് ഒളിംപിക്‌സിലേക്കുള്ള ടിക്കറ്റ് ലഭിച്ചത്.

ടോക്കിയോ: ലോക കായികമാമാങ്കത്തിന് ടോക്കിയോയില്‍ തിരശ്ശീല വീഴുമ്പോള്‍ ഒളിംപിക് ചരിത്രത്തിലെ എക്കാലത്തെയും മികച്ച നേട്ടവുമായാണ് ഇന്ത്യന്‍ ടീം മടങ്ങിയത്. ഒരു സ്വര്‍ണവും രണ്ടു വെള്ളിയും നാല് വെങ്കലവുമുള്‍പ്പെടെ മൊത്തം ഏഴ് മെഡലുകളാണ് ഇന്ത്യ നേടിയത്. മെഡലുകളുടെ കണക്കില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഒളിംപിക്സാണ് ഇക്കുറി കണ്ടത്. അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കിയതും ഇന്ത്യയ്ക്ക് അഭിമാനനേട്ടമായി.

പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. നീരജിന്റെ സ്വര്‍ണ നേട്ടത്തോടെ 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യ ഇത്തവണ 48-ാം സ്ഥാനത്തെത്തി.

വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാഭായി ചാനുവും, ഗുസ്തിയില്‍ രവികുമാര്‍ ദാഹിയയുമാണ് ഇന്ത്യയുടെ വെള്ളിമെഡല്‍ ജേതാക്കള്‍. 41 വര്‍ഷങ്ങള്‍ക്ക് ശേഷം പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ നേടാനായതും അഭിമാനമായി.

ഗോള്‍കീപ്പറായ മലയാളി താരം പി ആര്‍ ശ്രീജേഷിന്റെ മികച്ച പ്രകടനം കേരളത്തിനും അഭിമാനമായി. ഗുസ്തിയില്‍ ബജ്രംഗ് പൂനിയ, ബാഡ്മിന്റണില്‍ പി വി സിന്ധു, വനിതാ ബോക്‌സിങ്ങില്‍ ലാവ്‌ലിന ബോര്‍ഗോഹെയ്ന്‍ എന്നിവരാണ് മറ്റു വെങ്കല മെഡല്‍ ജേതാക്കള്‍.

ജൂലൈ 23 നു ആരംഭിച്ച ഒളിംപിക്സ് അവസാനിച്ചപ്പോള്‍ 39 സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവും നേടി 113 മെഡലുകളുമായി അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 38 സ്വര്‍ണവും 32 വെള്ളിയും 18 വെങ്കലവുമായി 88 മെഡലോടെ ചൈന രണ്ടാമതും 27 സ്വര്‍ണവും 14 വെള്ളിയും 17 വെങ്കലവുമായി 58 മെഡലുമായി ആതിഥേയരായ ജപ്പാന്‍ മൂന്നാം സ്ഥാനത്തുമാണ്.

ടോക്കിയോ: ഒളിംപിക്സില്‍ പുരുഷ ഹോക്കി വെങ്കലം നേടിയപ്പോള്‍ രാജ്യം കയ്യടിച്ച പ്രകടനമായിരുന്നു മലയാളി താരം പി.ആര്‍ ശ്രീജേഷിന്റെ. മറ്റ് സംസ്ഥാനങ്ങളിലെ താരങ്ങള്‍ക്കെല്ലാം ഗംഭീര പ്രതിഫലം പ്രഖ്യാപിച്ചിട്ടും കേരള സര്‍ക്കാര്‍ ശ്രീജേഷിന്റെ കാര്യത്തില്‍ കണ്ണടയ്ക്കുകയാണ്.

ശ്രീജേഷിന് കേരളം അര്‍ഹിക്കുന്ന പുരസ്‌കാരം പ്രഖ്യാപിക്കാത്തതില്‍ സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. ഹോക്കി കേരള ശ്രീജേഷിന് അഞ്ചുലക്ഷം രൂപയും ടീമിന് അഞ്ചുലക്ഷം രൂപയും പ്രഖ്യാപിച്ചതൊഴിച്ചാല്‍ മറ്റൊരു പുരസ്‌കാരവും സംസ്ഥാനം പ്രഖ്യാപിച്ചിട്ടില്ല.

ശ്രീജേഷിന് പുരസ്‌കാരം പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വൈകിപ്പോയെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് പത്മിനി തോമസും അഭിപ്രായപ്പെട്ടിരുന്നു. ശ്രീജേഷിന് മാത്രമല്ല ഒളിംപിക്സില്‍ പങ്കെടുത്ത മലയാളി താരങ്ങള്‍ക്കെല്ലാം അര്‍ഹമായ അംഗീകാരം ഉടന്‍ നല്‍കണമെന്നും പത്മിനി തോമസ് ആവശ്യപ്പെട്ടു.

അത്‌ലറ്റിക്സില്‍ രാജ്യത്തിന്റെ ആദ്യ സ്വര്‍ണ മെഡല്‍ നേടിയ നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപയും ക്ലാസ് വണ്‍ സര്‍ക്കാര്‍ ജോലിയുമാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പ്രഖ്യാപിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും നീരജിന് രണ്ടു കോടി രൂപ പ്രഖ്യാപിച്ചു. ഇതിനുപുറമെ ഹരിയാന സര്‍ക്കാര്‍ ഹോക്കി ടീമംഗങ്ങള്‍ക്കും ഒരു കോടി രൂപ പ്രഖ്യാപിച്ചു.

മധ്യപ്രദേശ് സര്‍ക്കാര്‍ വെങ്കലം നേടിയ പുരുഷ ടീമിലെ മധ്യപ്രദേശ് താരങ്ങള്‍ക്ക് ഓരോ കോടി രൂപയും നാലാം സ്ഥാനത്തെത്തിയ വനിതാ ടീമിലെ താരങ്ങള്‍ക്ക് 31 ലക്ഷം രൂപ വീതവും പ്രഖ്യാപിച്ചു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് കേരള സര്‍ക്കാരിനെതിരായ വിമര്‍ശനം.

ബാഴ്‌സലോണ: ബാഴ്‌സലോണ വിടുന്നതായി പറഞ്ഞ് പൊട്ടിക്കരഞ്ഞ് ലയണല്‍ മെസ്സി. ക്ലബ്ബ് വിടുന്നത് ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മെസി പലതവണ പൊട്ടിക്കരഞ്ഞത്.

കഴിഞ്ഞകൊല്ലം ബാഴ്‌സ വിടണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നുവെന്നും, അന്നത് നടന്നില്ല, ഇപ്പോള്‍ സത്യം പറയട്ടേ, ഇവിടം വിടാന്‍ ഞാന്‍ ഒട്ടും ആഗ്രഹിക്കുന്നില്ല, പക്ഷേ തുടരാന്‍ വിധി അനുവദിക്കുന്നില്ല എന്ന് നിറകണ്ണുകളോടെയാണ് മെസ്സി പറഞ്ഞത്.

മാര്‍ച്ചില്‍ പ്രസിഡന്റായി ലാ പോര്‍ട്ടെ തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ ചര്‍ച്ചയില്‍ ഇവിടം വിട്ടുപോകില്ലെന്ന് ഞാന്‍ ഉറപ്പുനല്‍കിയിരുന്നു, എന്റെ കരാറായിരുന്നില്ല പ്രശ്‌നം, പകുതി ശമ്പളം കുറച്ച് ഇവിടെ തുടരാന്‍ ഞാന്‍ തയ്യാറായിരുന്നു, പക്ഷേ ലാലിഗ ചട്ടങ്ങള്‍ അതിനും എതിരുനില്‍ക്കുമ്പോള്‍ എന്തുചെയ്യാനാണ്, ഈ കുപ്പായം വീണ്ടുമണിയാന്‍ ഞാന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചതാണ് വാക്കുകള്‍ മുഴുമിപ്പിക്കാനാവാതെ താരം പൊട്ടിക്കരയുന്ന രംഗമാണ് പിന്നീട് കണ്ടത്. മെസിയുടെ കരച്ചില്‍ സഹതാരങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും കണ്ണീരണിയിച്ചു.

മാത്രമല്ല, എല്ലാവരോടും മനുഷ്യത്വത്തോടും ബഹുമാനത്തോടും പെരുമാറാനാണ് ബാഴ്‌സ എന്നെ പഠിപ്പിച്ചതെന്നും, ഇനി എവിടെപ്പോയാലും ആ ശീലം തുടരുകതന്നെ ചെയ്യുമെന്നും, ആരോഗ്യം അനുവദിക്കുന്ന കാലത്തോളം കളി തുടരണമെന്നുതന്നെയാണ് ആഗ്രഹമെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.

സാമ്പത്തികവും സാങ്കേതികവുമായ തടസ്സങ്ങള്‍ കാരണം കരാര്‍ പുതുക്കാന്‍ കഴിയാത്തതിനാല്‍ ലയണല്‍ മെസ്സി ക്ലബ് വിടുകയാണെന്ന് ബാഴ്‌സലോണ കഴിഞ്ഞദിവസം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

രണ്ടു പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിച്ചാണ് മെസ്സി ബാഴ്‌സ വിടുന്നത്, ബാഴ്‌സലോണയുടെ പുരോഗതിയില്‍ മെസ്സി നല്‍കിയ സംഭാവനയ്ക്ക് ഹൃദയത്തില്‍ നിന്ന് നന്ദി അറിയിക്കുന്നു, എല്ലാ ആശംസകളും നേരുന്നതായും വാര്‍ത്താക്കുറിപ്പില്‍ എഫ് സി ബാഴ്‌സലോണ കൂട്ടിച്ചേര്‍ത്തു.

ബാഴ്‌സയുടെ കുപ്പായത്തില്‍ 778 മത്സരങ്ങള്‍ക്കായാണ് മെസ്സി കളത്തിലിറങ്ങിയത്, 672 ഗോളുകളും ബാഴ്‌സയ്ക്കായി താരം നേടി. ബോര്‍ഡുമായി നിലനിന്നിരുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ മെസി നേരത്തെ ക്ലബ് വിടാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍, സാങ്കേതിക വശങ്ങള്‍ ചൂണ്ടിക്കാട്ടി ജോസപ് ബാര്‍തോമ്യു പ്രസിഡന്റായ ബോര്‍ഡ് മെസിയെ ക്ലബില്‍ നിലനിര്‍ത്തുകയായിരുന്നു.

ടോക്കിയോ: ലോക കായിക മാമാങ്കത്തിന് ടോക്കിയോയില്‍ പരിസമാപ്തി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജൂലൈ 23ന് കാണികളില്ലാതെ ആരംഭിച്ച ഒളിംപിക്‌സ് ഞായറാഴ്ച വിപുലമായ ചടങ്ങുകളോടെ സമാപിച്ചു.

ഒളിംപിക് സ്റ്റേഡിയത്തില്‍ മനോഹരമായ കരിമരുന്ന് ഷോ, സംഗീതകച്ചേരികള്‍, പരേഡുകള്‍ എന്നിവ നടന്നു. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള അത്‌ലറ്റുകള്‍ പതാകകളുമേന്തി ചടങ്ങുകളിള്‍ പങ്കുകൊണ്ടു. മൂന്നു വര്‍ഷങ്ങള്‍ക്കപ്പുറം 2024 ല്‍ ഇനി പാരിസില്‍ അടുത്ത ഒളിംപിക്സ് പോരാട്ടത്തിനായി താരങ്ങള്‍ അണിനിരക്കും.

അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഒളിംപിക് പതാക ഫ്രാന്‍സിന് കൈമാറി. ടോക്കിയോ ഗവര്‍ണര്‍ യൂറികോ കൊയ്‌കെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി) പ്രസിഡന്റ് തോമസ് ബാച്ചിന് പതാക കൈമാറി, തുടര്‍ന്ന് അദ്ദേഹം 2024 ഗെയിംസിനായി പാരീസ് മേയര്‍ ആനി ഹിഡാല്‍ഗോയ്ക്ക് പതാക കൈമാറി.

കൈമാറല്‍ ചടങ്ങിന് ശേഷം ഫ്രാന്‍സിന്റെ ദേശീയ ഗാനം ആലപിച്ചു, പാരീസ് ഗെയിംസിന്റെ ആമുഖ ചിത്രം സ്റ്റേഡിയത്തിന്റെ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ചു. എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ള മെഡല്‍ ജേതാക്കള്‍ക്കൊപ്പം ബാച്ച് ഒരു പ്രസംഗം നടത്തി, കായികതാരങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

ഒളിംപിക് ചരിത്രത്തിലെ എക്കാലത്തെയും മികച്ച നേട്ടവുമായാണ് ഇന്ത്യന്‍ ടീം ടോക്കിയോയില്‍ നിന്നും മടങ്ങിയത്. ഒരു സ്വര്‍ണവും രണ്ടു വെള്ളിയും നാല് വെങ്കലവുമുള്‍പ്പെടെ മൊത്തം ഏഴ് മെഡലുകളാണ് ഇന്ത്യ നേടിയത്. അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത് ഇന്ത്യയ്ക്ക് അഭിമാനനേട്ടവുമായി.

ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സ് ജാവലിൻ ത്രോയിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന. നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപ ക്യാഷ് അവാർഡാണ് ഹരിയാന സർക്കാർ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തിന് ഗ്രേഡ്-1 തസ്തികയിൽ സർക്കാർ ജോലി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ നിമിഷത്തിനായി രാജ്യം കാത്തിരിക്കുകയായിരുന്നെന്നും നീരജിന്റെ നേട്ടത്തിൽ രാജ്യമാകെ അഭിമാനിക്കുന്നെന്നും മനോഹർ ലാൽ ഖട്ടാർ ട്വീറ്റ് ചെയ്തു.

ഹരിയാനയിലെ പാനിപതിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള കാന്ദ്രയാണ് നീരജിന്റെ ജന്മസ്ഥലം. ഇന്ത്യയിലെത്തുമ്പോൾ നീരജിന് എക്‌സ്യുവി 700 കാർ സമ്മാനമായി നൽകുമെന്ന് ആനന്ദ് മഹീന്ദ്രയും അറിയിച്ചു.

ടോക്കിയോ ഒളിംപിക്‌സിൽ മെഡൽ നേടുന്ന അഞ്ചാമത്തെ ഹരിയാന സ്വദേശിയാണ് നീരജ് ചോപ്ര. ഗുസ്തിയിൽ വെള്ളി മെഡൽ നേടിയ രവികുമാർ ദഹിയ, വെങ്കലം നേടിയ ഭജ്രംഗ് പൂനിയ, വെങ്കലം നേടിയ പുരുഷ ഹോക്കി ടീമിൽ ഉൾപ്പെട്ട സുമിത്, സുരേന്ദർ കുമാർ എന്നിവരാണ് ഇതിനു മുൻപ് മെഡൽ നേടിയ ഹരിയാന സ്വദേശികൾ. ഇവർക്കെല്ലാം ഹരിയാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. രവികുമാറിന് 4 കോടി രൂപയും ബജ്രംഗ് പൂനിയ, സുമിത്, സുരേന്ദർ എന്നിവർക്ക് 2.5 കോടി രൂപ വീതവുമാണ് ഹരിയാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചത്. വനിതാ ഹോക്കി ടീമിൽ അംഗങ്ങളായിരുന്ന 9 ഹരിയാനക്കാർക്ക് 50 ലക്ഷം രൂപ വീതവും ടോക്കിയോ ഒളിംപിക്‌സിൽ പങ്കെടുത്ത മുഴുവൻ ഹരിയാന സ്വദേശികൾക്കും പത്തു ലക്ഷം രൂപ വീതവുമാണ് ഹരിയാന സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ സ്വർണ്ണമാണ് നീരജ് ചോപ്ര നേടിയത്. ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത്ലറ്റ് എന്ന അപൂർവമായ നേട്ടവും നീരജ് സ്വന്തമാക്കി.

ടോക്കിയോ: രവീന്ദ്രനാഥ ടാഗോറിന്റെ ഓര്‍മ ദിനത്തില്‍ ഒളിംപിക് വേദിയില്‍ ഇന്ത്യയുടെ ദേശീയഗാനം മുഴങ്ങിയത് ചരിത്ര നിയോഗം. ടോക്കിയോയില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണം നേടിയ തലയെടുപ്പില്‍ നീരജ് ചോപ്ര നിന്നപ്പോള്‍ വേദിയില്‍ രവീന്ദ്രനാഥ ടാഗോറിന്റെ തൂലികയില്‍ വിരിഞ്ഞ ഇന്ത്യയുടെ ദേശീയഗാനം ജനഗണമന മുഴങ്ങി.

ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ അദ്ദേഹത്തിന് ഇന്ത്യ നല്‍കുന്ന സ്മരണാഞ്ജലിയായി മാറിയത് ചരിത്ര നിയോഗം തന്നെ. 13 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒളിംപിക്സ് വേദിയില്‍ ഇന്ത്യയുടെ ദേശീയഗാനം മുഴങ്ങുന്നത്.

ടോക്കിയോ ഒളിംപിക്സ് ജാവലിന്‍ ത്രോയിലാണ് 23കാരനായ നീരജ് ചോപ്ര 87.58 മീറ്റര്‍ താണ്ടി ഇന്ത്യയുടെ ആദ്യ ഒളിംപിക്‌സ് അത്‌ലറ്റിക്‌സ് മെഡല്‍ നേടിയത്. 2008ലെ ബീജിംഗ് ഒളിംപിക്സില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയശേഷം ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം കൂടിയാണ് ടോക്കിയോയില്‍ നീരജ് നേടിയത്.

കോഴിക്കോട്: അത്‌ലറ്റിക്‌സില്‍ സ്വര്‍ണ്ണ മെഡലെന്ന ഇന്ത്യയുടെ സ്വപ്നം സഫലമാക്കിയ നീരജ് ചോപ്രയ്ക്ക് നന്ദി അറിയിച്ച് പി.ടി ഉഷ. മുപ്പത്തിയേഴ് വര്‍ഷത്തിനുശേഷം എന്റെ സഫലമാവാത്ത സ്വപ്നമാണ് നീ യാഥാര്‍ത്ഥ്യമാക്കിയത്, നന്ദി എന്റെ മോനെ എന്ന് നീരജിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചുകൊണ്ടായിരുന്നു പി.ടി ഉഷയുടെ ട്വീറ്റ്.

ടോക്കിയോ ഒളിംപിക്‌സ് ജാവലിന്‍ ത്രോയിലാണ് 23കാരനായ നീരജ് 87.58 മീറ്റര്‍ താണ്ടി ഇന്ത്യയുടെ ആദ്യ ഒളിംപിക്സ് അത്ലറ്റിക്സ് മെഡല്‍ നേടിയത്. 2008ലെ ബീജിംഗ് ഒളിംപിക്‌സില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയശേഷം ഒളിംപിക്‌സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം കൂടിയാണ് ടോക്കിയോയില്‍ നേടിയത്.