ടോക്കിയോ: ലോക കായിക മാമാങ്കത്തിന് ടോക്കിയോയില്‍ പരിസമാപ്തി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജൂലൈ 23ന് കാണികളില്ലാതെ ആരംഭിച്ച ഒളിംപിക്‌സ് ഞായറാഴ്ച വിപുലമായ ചടങ്ങുകളോടെ സമാപിച്ചു.
ഒളിംപിക് സ്റ്റേഡിയത്തില്‍ മനോഹരമായ കരിമരുന്ന് ഷോ, സംഗീതകച്ചേരികള്‍, പരേഡുകള്‍ എന്നിവ നടന്നു. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള അത്‌ലറ്റുകള്‍ പതാകകളുമേന്തി ചടങ്ങുകളിള്‍ പങ്കുകൊണ്ടു. മൂന്നു വര്‍ഷങ്ങള്‍ക്കപ്പുറം 2024 ല്‍ ഇനി പാരിസില്‍ അടുത്ത ഒളിംപിക്സ് പോരാട്ടത്തിനായി താരങ്ങള്‍ അണിനിരക്കും.
അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഒളിംപിക് പതാക ഫ്രാന്‍സിന് കൈമാറി. ടോക്കിയോ ഗവര്‍ണര്‍ യൂറികോ കൊയ്‌കെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി) പ്രസിഡന്റ് തോമസ് ബാച്ചിന് പതാക കൈമാറി, തുടര്‍ന്ന് അദ്ദേഹം 2024 ഗെയിംസിനായി പാരീസ് മേയര്‍ ആനി ഹിഡാല്‍ഗോയ്ക്ക് പതാക കൈമാറി.
കൈമാറല്‍ ചടങ്ങിന് ശേഷം ഫ്രാന്‍സിന്റെ ദേശീയ ഗാനം ആലപിച്ചു, പാരീസ് ഗെയിംസിന്റെ ആമുഖ ചിത്രം സ്റ്റേഡിയത്തിന്റെ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ചു. എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ള മെഡല്‍ ജേതാക്കള്‍ക്കൊപ്പം ബാച്ച് ഒരു പ്രസംഗം നടത്തി, കായികതാരങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
ഒളിംപിക് ചരിത്രത്തിലെ എക്കാലത്തെയും മികച്ച നേട്ടവുമായാണ് ഇന്ത്യന്‍ ടീം ടോക്കിയോയില്‍ നിന്നും മടങ്ങിയത്. ഒരു സ്വര്‍ണവും രണ്ടു വെള്ളിയും നാല് വെങ്കലവുമുള്‍പ്പെടെ മൊത്തം ഏഴ് മെഡലുകളാണ് ഇന്ത്യ നേടിയത്. അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത് ഇന്ത്യയ്ക്ക് അഭിമാനനേട്ടവുമായി.

