ഇന്ത്യന്‍ ഒളിംപ്യന്മാര്‍ നാട്ടിലെത്തി; ആര്‍പ്പുവിളിച്ച് ആനയിച്ച് രാജ്യം !

ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്സില്‍ എക്കാലത്തെയും മികച്ച നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ താരങ്ങള്‍ നാട്ടില്‍ തിരിച്ചെത്തി. ഗംഭീര വരവേല്‍പ്പാണ് രാജ്യം അവര്‍ക്കായി ഒരുക്കിയത്.

ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ താരങ്ങളെ കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തിയ ആഹ്‌ളാദ പ്രകടനവുമായാണ് ആരാധകര്‍ വരവേറ്റത്.

താരങ്ങളെ സ്വീകരിക്കാന്‍ വിമാനത്താവള പരിസരത്തേക്ക് ഒഴുകിയത് ആയിരക്കണക്കിന് ആരാധകരാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസും സി.ഐ.എസ്.എഫും നന്നേ കഷ്ടപ്പെട്ടു. കാഹളം മുഴക്കിയും എയര്‍പോര്‍ട്ട് പരിസരത്ത് സംഘമായി പുഷ് അപ്പ് എടുത്തുമായിരുന്നു അവര്‍ വിജയാഘോഷം പങ്കിട്ടത്.

ഇന്ത്യന്‍ ഒളിംപിക് അക്കൗണ്ടില്‍ സ്വര്‍ണ്ണം വീഴ്ത്തിയ നീരജ് ചോപ്ര പുറത്തെത്തിയപ്പോള്‍ ആര്‍പ്പുവിളിച്ചുകൊണ്ടായിരുന്നു ആരാധകര്‍ വരവേറ്റത്. ഗുസ്തിയില്‍ വെള്ളി നേടിയ രവി കുമാര്‍ ദഹിയയും വെങ്കലം നേടിയ ബജ്റംഗ് പുനിയയും നീരജിനൊപ്പമുണ്ടായിരുന്നു.

ഈ സ്വീകരണം പ്രതീക്ഷിച്ചിരുന്നതായും രാജ്യത്ത് തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും നീരജ് പ്രതികരിച്ചു. താരത്തിന്റെ കുടുംബാംഗങ്ങളും ഹരിയാനയില്‍ നിന്ന് എയര്‍പോര്‍ട്ടിലെത്തിയിരുന്നു.

മെഡല്‍ ജേതാക്കളെ തുറന്ന വാഹനത്തില്‍ ഘോഷയാത്രയായാണ് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അശോക ഹോട്ടലിലേക്ക് ആനയിച്ചത്. വഴിനീളെ പുഷ്പങ്ങള്‍ വിതറിയും പടക്കങ്ങള്‍ പൊട്ടിച്ചും ആരാധര്‍ അവരുടെ യാത്ര ആഘോഷിക്കുന്നുണ്ടായിരുന്നു.

ഇന്ത്യന്‍ മെഡലിസ്റ്റുകളെ ആദരിക്കാന്‍ അശോക ഹോട്ടലില്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഒഫ് ഇന്ത്യ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിരുന്നു.