എറണാകുളം: ടോക്കിയോ ഒളിംപിക്സില്‍ വെങ്കലനേട്ടം സ്വന്തമാക്കി മലയാളികളുടെ അഹങ്കാരമായി മാറിയ ഹോക്കി താരം പി.ആര്‍ ശ്രീജേഷ് ഇന്ന് നാട്ടിലെത്തും.
വൈകിട്ട് അഞ്ചിന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന ശ്രീജേഷിന് സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍, കേരള ഒളിംപിക്, ഹോക്കി അസോസിയേഷനുകള്‍ സംയുക്തമായി സ്വീകരണം സംഘടിപ്പിച്ചിട്ടുണ്ട്.
കായിക മന്ത്രി വി.അബ്ദുറഹ്‌മാന്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടന്‍, ഒളിംപിക് ആസോസിയേഷന്‍ പ്രസിഡന്റ് വി.സുനില്‍ കുമാര്‍ തുടങ്ങിയവരും താരത്തെ സ്വീകരിക്കാനെത്തും. തുടര്‍ന്ന് വാഹനങ്ങളുടെ അകമ്പടിയോടെ കാലടി, പെരുമ്പാവൂര്‍, പോഞ്ഞാശേരി വഴി ശ്രീജേഷിനെ ജന്മനാടായ കിഴക്കമ്പലം എരമേലി വരെ ആനയിക്കും.
ശ്രീജേഷിന്റെ സ്വീകരണ യാത്രയില്‍ വഴിയരികില്‍ നിന്ന് ഹസ്തദാനം നല്‍കുന്നതില്‍ പോലീസ് വിലക്കുണ്ട്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് കൂപ്പുകൈ മാത്രം മതിയെന്നാണ് പോലീസ് ശ്രീജേഷിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
മാത്രമല്ല, നെടുമ്പാശേരി മുതലുള്ള എല്ലാ ജംഗ്ഷനിലും പോലീസ് കാവലുമുണ്ടാകും. വാഹനത്തിനടുത്തേക്ക് ആളുകളെ അടുപ്പിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കണമെന്നാണ് പോലീസുകാര്‍ക്ക് ഡിവൈ.എസ്.പിമാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.