ടോക്കിയോ: ലോക കായികമാമാങ്കത്തിന് ടോക്കിയോയില്‍ തിരശ്ശീല വീഴുമ്പോള്‍ ഒളിംപിക് ചരിത്രത്തിലെ എക്കാലത്തെയും മികച്ച നേട്ടവുമായാണ് ഇന്ത്യന്‍ ടീം മടങ്ങിയത്. ഒരു സ്വര്‍ണവും രണ്ടു വെള്ളിയും നാല് വെങ്കലവുമുള്‍പ്പെടെ മൊത്തം ഏഴ് മെഡലുകളാണ് ഇന്ത്യ നേടിയത്. മെഡലുകളുടെ കണക്കില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഒളിംപിക്സാണ് ഇക്കുറി കണ്ടത്. അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കിയതും ഇന്ത്യയ്ക്ക് അഭിമാനനേട്ടമായി.
പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. നീരജിന്റെ സ്വര്‍ണ നേട്ടത്തോടെ 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യ ഇത്തവണ 48-ാം സ്ഥാനത്തെത്തി.
വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാഭായി ചാനുവും, ഗുസ്തിയില്‍ രവികുമാര്‍ ദാഹിയയുമാണ് ഇന്ത്യയുടെ വെള്ളിമെഡല്‍ ജേതാക്കള്‍. 41 വര്‍ഷങ്ങള്‍ക്ക് ശേഷം പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ നേടാനായതും അഭിമാനമായി.
ഗോള്‍കീപ്പറായ മലയാളി താരം പി ആര്‍ ശ്രീജേഷിന്റെ മികച്ച പ്രകടനം കേരളത്തിനും അഭിമാനമായി. ഗുസ്തിയില്‍ ബജ്രംഗ് പൂനിയ, ബാഡ്മിന്റണില്‍ പി വി സിന്ധു, വനിതാ ബോക്‌സിങ്ങില്‍ ലാവ്‌ലിന ബോര്‍ഗോഹെയ്ന്‍ എന്നിവരാണ് മറ്റു വെങ്കല മെഡല്‍ ജേതാക്കള്‍.
ജൂലൈ 23 നു ആരംഭിച്ച ഒളിംപിക്സ് അവസാനിച്ചപ്പോള്‍ 39 സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവും നേടി 113 മെഡലുകളുമായി അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 38 സ്വര്‍ണവും 32 വെള്ളിയും 18 വെങ്കലവുമായി 88 മെഡലോടെ ചൈന രണ്ടാമതും 27 സ്വര്‍ണവും 14 വെള്ളിയും 17 വെങ്കലവുമായി 58 മെഡലുമായി ആതിഥേയരായ ജപ്പാന്‍ മൂന്നാം സ്ഥാനത്തുമാണ്.

