ആറു കോടി രൂപ ക്യാഷ് അവാർഡ്; നീരജ് ചോപ്രയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന

ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സ് ജാവലിൻ ത്രോയിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന. നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപ ക്യാഷ് അവാർഡാണ് ഹരിയാന സർക്കാർ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തിന് ഗ്രേഡ്-1 തസ്തികയിൽ സർക്കാർ ജോലി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ നിമിഷത്തിനായി രാജ്യം കാത്തിരിക്കുകയായിരുന്നെന്നും നീരജിന്റെ നേട്ടത്തിൽ രാജ്യമാകെ അഭിമാനിക്കുന്നെന്നും മനോഹർ ലാൽ ഖട്ടാർ ട്വീറ്റ് ചെയ്തു.

ഹരിയാനയിലെ പാനിപതിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള കാന്ദ്രയാണ് നീരജിന്റെ ജന്മസ്ഥലം. ഇന്ത്യയിലെത്തുമ്പോൾ നീരജിന് എക്‌സ്യുവി 700 കാർ സമ്മാനമായി നൽകുമെന്ന് ആനന്ദ് മഹീന്ദ്രയും അറിയിച്ചു.

ടോക്കിയോ ഒളിംപിക്‌സിൽ മെഡൽ നേടുന്ന അഞ്ചാമത്തെ ഹരിയാന സ്വദേശിയാണ് നീരജ് ചോപ്ര. ഗുസ്തിയിൽ വെള്ളി മെഡൽ നേടിയ രവികുമാർ ദഹിയ, വെങ്കലം നേടിയ ഭജ്രംഗ് പൂനിയ, വെങ്കലം നേടിയ പുരുഷ ഹോക്കി ടീമിൽ ഉൾപ്പെട്ട സുമിത്, സുരേന്ദർ കുമാർ എന്നിവരാണ് ഇതിനു മുൻപ് മെഡൽ നേടിയ ഹരിയാന സ്വദേശികൾ. ഇവർക്കെല്ലാം ഹരിയാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. രവികുമാറിന് 4 കോടി രൂപയും ബജ്രംഗ് പൂനിയ, സുമിത്, സുരേന്ദർ എന്നിവർക്ക് 2.5 കോടി രൂപ വീതവുമാണ് ഹരിയാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചത്. വനിതാ ഹോക്കി ടീമിൽ അംഗങ്ങളായിരുന്ന 9 ഹരിയാനക്കാർക്ക് 50 ലക്ഷം രൂപ വീതവും ടോക്കിയോ ഒളിംപിക്‌സിൽ പങ്കെടുത്ത മുഴുവൻ ഹരിയാന സ്വദേശികൾക്കും പത്തു ലക്ഷം രൂപ വീതവുമാണ് ഹരിയാന സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ സ്വർണ്ണമാണ് നീരജ് ചോപ്ര നേടിയത്. ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത്ലറ്റ് എന്ന അപൂർവമായ നേട്ടവും നീരജ് സ്വന്തമാക്കി.