ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച് മമ്മൂട്ടി; മെഡല്‍ ഏറ്റുവാങ്ങിയപ്പോള്‍ പോലും ഇതുപോലെ കൈവിറച്ചിട്ടില്ലെന്ന് താരം
കിഴക്കമ്പലം: ഇന്ത്യയ്ക്കായി ഒളിംപിക്‌സില്‍ വെങ്കലം നേടിയ മലയാളികളുടെ അഭിമാന ഹോക്കിതാരം പി ആര്‍ ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദനമറിയിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. അപ്രതീക്ഷിതമായി വീട്ടിലെത്തിയ മമ്മൂട്ടിയെ ശ്രീജേഷ് തന്റെ വെങ്കല മെഡല്‍ കാണിച്ചു.
നിര്‍മ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍ എം ബാദുഷ എന്നിവര്‍ക്കൊപ്പമായിരുന്നു മമ്മൂട്ടിയുടെ സര്‍പ്രൈസ് വിസിറ്റ്. ഒളിംപിക് മെഡല്‍ ഏറ്റുവാങ്ങിയപ്പോള്‍ ഇതുപോലെ കൈ വിറച്ചിരുന്നില്ലെന്നായിരുന്നു മമ്മൂട്ടിയില്‍ നിന്ന് പൂച്ചെണ്ട് സ്വീകരിച്ചുകൊണ്ട് ശ്രീജേഷ് തമാശ രൂപേണ പറഞ്ഞത്.
കേരളത്തിന്റെ അഭിമാനമായ പി ആര്‍ ശ്രീജേഷിനെ വ്യക്തിപരമായി ആദരിക്കാനുള്ള അവസരം ലഭിച്ചു. 41 വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക് മെഡല്‍ നേടി രാജ്യത്തിന് അഭിമാനമായതില്‍ ഒരു പ്രധാന പങ്ക് വഹിച്ചയാളാണ് അദ്ദേഹം. ശ്രീജേഷിന് സന്തോഷവും ആരോഗ്യവും വിജയവും എപ്പോഴും ഉണ്ടാവട്ടെയെന്ന് സന്ദര്‍ശനത്തിന് ശേഷം മമ്മൂട്ടി സോഷ്യല്‍മീഡിയയില്‍ കുറിച്ചു.









