ടാഗോറിന്റെ ഓര്‍മ ദിനത്തില്‍ ഒളിംപിക് വേദിയില്‍ ജനഗണമന; ചരിത്രനിയോഗത്തില്‍ നീരജ് ചോപ്ര !

ടോക്കിയോ: രവീന്ദ്രനാഥ ടാഗോറിന്റെ ഓര്‍മ ദിനത്തില്‍ ഒളിംപിക് വേദിയില്‍ ഇന്ത്യയുടെ ദേശീയഗാനം മുഴങ്ങിയത് ചരിത്ര നിയോഗം. ടോക്കിയോയില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണം നേടിയ തലയെടുപ്പില്‍ നീരജ് ചോപ്ര നിന്നപ്പോള്‍ വേദിയില്‍ രവീന്ദ്രനാഥ ടാഗോറിന്റെ തൂലികയില്‍ വിരിഞ്ഞ ഇന്ത്യയുടെ ദേശീയഗാനം ജനഗണമന മുഴങ്ങി.

ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ അദ്ദേഹത്തിന് ഇന്ത്യ നല്‍കുന്ന സ്മരണാഞ്ജലിയായി മാറിയത് ചരിത്ര നിയോഗം തന്നെ. 13 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒളിംപിക്സ് വേദിയില്‍ ഇന്ത്യയുടെ ദേശീയഗാനം മുഴങ്ങുന്നത്.

ടോക്കിയോ ഒളിംപിക്സ് ജാവലിന്‍ ത്രോയിലാണ് 23കാരനായ നീരജ് ചോപ്ര 87.58 മീറ്റര്‍ താണ്ടി ഇന്ത്യയുടെ ആദ്യ ഒളിംപിക്‌സ് അത്‌ലറ്റിക്‌സ് മെഡല്‍ നേടിയത്. 2008ലെ ബീജിംഗ് ഒളിംപിക്സില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയശേഷം ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം കൂടിയാണ് ടോക്കിയോയില്‍ നീരജ് നേടിയത്.