Sports (Page 181)

ടോക്കിയോ: ഒളിംപിക്‌സ് അത്‌ലറ്റിക്‌സിലെ തന്റെ സ്വര്‍ണ മെഡല്‍ നേട്ടം സ്പ്രിന്റ് ഇതിഹാസം മില്‍ഖാ സിംഗിന് സമര്‍പ്പിച്ച് നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്കായി ചരിത്ര നേട്ടം കുറിച്ച നീരജ് ചോപ്ര തന്റെ മെഡല്‍ നേട്ടം മില്‍ഖാ സിംഗിന് സമര്‍പ്പിക്കുന്നുവെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

എവിടെ ഇരുന്നായാലും അദ്ദേഹം ഈ നേട്ടം കാണുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു, ഈ മെഡല്‍ ഞാന്‍ അദ്ദേഹത്തിന് സമര്‍പ്പിക്കുകയാണെന്ന്, മെഡല്‍ സ്വീകരിച്ചശേഷം നീരജ് അറിയിച്ചു.

മാത്രമല്ല, ശരിക്കും ഈ നേട്ടെ അവിശ്വസനീയമാണെന്നും, അത്ലറ്റിക്സില്‍ ഇന്ത്യ ഒരു സ്വര്‍ണം നേടുന്നത് ആദ്യമായാണ്, അതുകൊണ്ട് തന്നെ അതിയായ സന്തോഷമുണ്ട്, എനിക്കും രാജ്യത്തിനും ഇത് അഭിമാനമുഹൂര്‍ത്തമാണ്, യോഗ്യതാ റൗണ്ടില്‍ നന്നായി എറിയാന്‍ എനിക്ക് കഴിഞ്ഞിരുന്നു, അതുകൊണ്ട് തന്നെ ഫൈനലില്‍ കൂടുതല്‍ മെച്ചപ്പെടുത്താമെന്ന വിശ്വാസവുമുണ്ടായിരുന്നു. എന്നാല്‍, സ്വര്‍ണം ലഭിക്കുമെന്ന് കരുതിയില്ലെന്നും നീരജ് വ്യക്തമാക്കി.

ടോക്കിയോ ഒളിംപിക്സ് ജാവലിന്‍ ത്രോയിലാണ് 23കാരനായ നീരജ് ചോപ്ര 87.58 മീറ്റര്‍ താണ്ടി ഇന്ത്യയുടെ ആദ്യ ഒളിംപിക്‌സ് അത്‌ലറ്റിക്‌സ് മെഡല്‍ നേടിയത്. 2008ലെ ബീജിംഗ് ഒളിംപിക്സില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയശേഷം ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം കൂടിയാണ് ടോക്കിയോയില്‍ നീരജ് നേടിയത്.

olympics

ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വ‍ർണം..അഭിനവ് ബിന്ദ്രക്ക് ശേഷം വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി നീരജ് ചോപ്ര. ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത‍്‍ലറ്റ് എന്ന അപൂർവനേട്ടവും നീരജ് ചോപ്ര സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ കായിക ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടുന്ന ഗെയിംസായി ടോക്യോ ഒളിമ്പിക‍്‍സ് മാറി.

ബാഴ്‌സലോണയുടെ കുപ്പായമഴിച്ച ലയണല്‍ മെസ്സി പി എസ് ജിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. മെസ്സിയും പ്രമുഖ എസ് ജിയും തമ്മിലുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

മെസ്സിക്കായി 2023വരെയുള്ള പ്രാഥമിക കരാര്‍ പി എസ് ജി വാഗ്ദാനം ചെയ്തു കഴിഞ്ഞു. മെസ്സിയുടെ പിതാവായ ജോര്‍ഗെ മെസ്സിയാണ് ചര്‍ച്ചകള്‍ നയിക്കുന്നത്. ഉടന്‍ ഈ കരാര്‍ മെസ്സി അംഗീകരിക്കും. വരും ദിവസങ്ങളില്‍ തന്നെ മെസ്സി പി എസ് ജിയുടെ ജേഴ്‌സി അണിഞ്ഞേക്കുമെന്നാണ് സൂചന.

മെസ്സി പി എസ് ജിയിലേക്ക് ചേക്കേറിയാല്‍ വന്‍ താരനിരതന്നെയാകും ക്ലബില്‍. എമ്ബപ്പെ, നെയ്മര്‍, മെസ്സി, ഇക്കാര്‍ഡി, ഡൊ മറിയ എന്നിവര്‍ അടങ്ങുന്ന അറ്റാക്ക് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബാക്കി മാറ്റുമെന്നതില്‍ സംശയമില്ല.

ടോക്കിയോ: ഒളിമ്പിക്സ് അവസാന ഘട്ടത്തിലെത്തുമ്പോള്‍ ഇന്ത്യയ്ക്ക് ഗോള്‍ഫില്‍ പ്രതീക്ഷയേകി അദിതി അശോക്. വനിതകളുടെ വ്യക്തിഗത സ്‌ട്രോക്‌പ്ലേയില്‍ മത്സരിക്കുന്ന ഈ ഇരുപത്തിമൂന്നുകാരി ആദ്യ മൂന്നു റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ രണ്ടാം സ്ഥാനത്താണ്. മുന്നിലുള്ളത് ലോക ഒന്നാം നമ്പര്‍ താരം അമേരിക്കയുടെ നെല്ലി കോര്‍ദ മാത്രം.

ഒരു റൗണ്ട് മാത്രം ശേഷിക്കെയാണ് അദിതി മെഡല്‍ പ്രതീക്ഷയുമായി രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. അതേസമയം കനത്ത മഴയും കൊടുങ്കാറ്റും ഗോള്‍ഫ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ഭീഷണിയായി മാറിയിട്ടുണ്ട്. മോശം കാലാവസ്ഥ കാരണം ഇന്നത്തെ നാലാം റൗണ്ട് മത്സരങ്ങള്‍ ഒരു മണിക്കൂര്‍ വൈകുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

ഇന്ന് കളി തടസ്സപ്പെട്ടാല്‍ ഞായറാഴ്ച നടത്തുന്ന കാര്യവും സംഘാടകര്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഞായറാഴ്ചയും ഇതേ കാലാവസ്ഥ തന്നെയായിരിക്കുമൊണ് പ്രവചനം.

നാലാം റൗണ്ട് നടക്കാതെ വന്നാല്‍, ഇപ്പോഴത്തെ സ്‌കോര്‍ നില വച്ച് വിജയിയെ തിരഞ്ഞെടുക്കുകയാണ് ചെയ്യുക. അങ്ങനെ വന്നാല്‍ അദിതിക്ക് വെള്ളി മെഡല്‍ ലഭിക്കും.

ടോക്കിയോ: ടോക്കിയോയില്‍ ഇന്ത്യന്‍ വനിത ഹോക്കി ടീം വെങ്കലം നേടാനാകാതെ പുറത്തായതിന് പിന്നാലെ പരിശീലകന്‍ സ്യോര്‍ദ് മാരീന്‍ രാജിവെച്ചു. ഒളിംപിക്സില്‍ ബ്രിട്ടനെതിരായ വെങ്കലമെഡല്‍ മത്സരമായിരുന്നു ഇന്ത്യന്‍ ടീമിനൊപ്പമുള്ള തന്റെ അവസാന മത്സരമെന്ന് മാരിന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഡച്ചുകാരനായ മാരീന്‍ 2017ല്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതിനു ശേഷം ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. തുടര്‍ന്ന് കുറച്ചുകാലം ഇന്ത്യന്‍ പുരുഷ ടീമിന്റെ പരിശീലകനുമായി. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനുശേഷമാണ് വനിതാ ടീമിന്റെ പരിശീലക സ്ഥാനത്ത് തിരിച്ചെത്തിയത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ആസ്ട്രേലിയയെ 1-0ത്തിന് തോല്‍പിച്ചാണ് ഇന്ത്യ ആദ്യമായി ഒളിംപിക്സ് സെമി ഫൈനലിലെത്തിയത്. എന്നാല്‍, സെമിയില്‍ അര്‍ജന്റീനയോട് 2-1ന് പരാജയപ്പെട്ടു. ച വെങ്കലം നേടാമെന്ന പ്രതീക്ഷയില്‍ ബ്രിട്ടനെ നേരിട്ടെങ്കിലും 4-3ന് പൊരുതിത്തോറ്റു.

ടോക്കിയോ: ലോക കായിക മാമാങ്കത്തില്‍ ഇന്ത്യക്ക് അടുത്ത മെഡല്‍ നേട്ടം. ഒളിംപിക്സ് ഗുസ്തിയില്‍ രവി കുമാര്‍ ദഹിയായാണ് വെള്ളി മെഡല്‍ സ്വന്തമാക്കിയിരിക്കുന്നത്.

ഫൈനലില്‍ റഷ്യന്‍ ഒളിമ്പിക്സ് കൗണ്‍സിലിന്റെ ലോക ചാമ്പ്യനായ ഉഗുയേവ് സവുറിനെതിരെയാണ് പോരാടിയാണ് രവി കുമാര്‍ വെള്ളിയില്‍ ഒതുങ്ങിയത്. 7-4 എന്ന നിലയില്‍ ആണ് റഷ്യന്‍ താരത്തിന്റെ ജയം.

സെമിയില്‍ കസാഖിസ്ഥാന്റെ നൂറിസ്ലാം സനയെവയെ തോല്‍പ്പിച്ചാണ് രവി ഫൈനല്‍ ടിക്കറ്റ് നേടിയത്. ടോക്കിയോ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമാണിത്.

ഒളിംപിക്‌സ് ഗുസ്തി മത്സരത്തില്‍ ഫൈനലിലെത്തുന്ന അഞ്ചാമത്തെ താരമാണ് രവികുമാര്‍ ദഹിയ. 2012ല്‍ സുശീല്‍ കുമാറാണ് ഇന്ത്യയ്ക്കു വേണ്ടി അവസാനമായി ഗുസ്തിയില്‍ ഫൈനലില്‍ കടക്കുന്നത്.

മാഡ്രിഡ്: അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സി ടീം വിടുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ. ബാഴ്സലോണയുടെ വെബ്സൈറ്റ് പോസ്റ്റിലാണ് മെസ്സി ടീം വിടുന്നതില്‍ ക്ലബ് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയത്.

കരാര്‍ പുതുക്കുന്ന കാര്യത്തില്‍ വ്യാഴാഴ്ച നടന്ന ചര്‍ച്ചയിലും തീരുമാനമായില്ലെന്നും, സാമ്പത്തികവും സാങ്കേതികവുമായ തടസ്സങ്ങള്‍ കാരണം കരാര്‍ പുതുക്കാന്‍ കഴിയാത്തതിനാല്‍ ലയണല്‍ മെസ്സി ക്ലബ് വിടുകയാണെന്നും ബാഴ്സലോണ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

രണ്ടു പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിച്ചാണ് മെസ്സി ബാഴ്സ വിടുന്നത്, ബാഴ്സലോണയുടെ പുരോഗതിയില്‍ മെസ്സി നല്‍കിയ സംഭാവനയ്ക്ക് ഹൃദയത്തില്‍ നിന്ന് നന്ദി അറിയിക്കുന്നു, എല്ലാ ആശംസകളും നേരുന്നതായും വാര്‍ത്താക്കുറിപ്പില്‍ എഫ് സി ബാഴ്സലോണ കൂട്ടിച്ചേര്‍ത്തു.

ബാഴ്സയുടെ കുപ്പായത്തില്‍ 778 മത്സരങ്ങള്‍ക്കായാണ് മെസ്സി കളത്തിലിറങ്ങിയത്, 672 ഗോളുകളും ബാഴ്സയ്ക്കായി താരം നേടി. ബോര്‍ഡുമായി നിലനിന്നിരുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ മെസി നേരത്തെ ക്ലബ് വിടാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍, സാങ്കേതിക വശങ്ങള്‍ ചൂണ്ടിക്കാട്ടി ജോസപ് ബാര്‍തോമ്യു പ്രസിഡന്റായ ബോര്‍ഡ് മെസിയെ ക്ലബില്‍ നിലനിര്‍ത്തുകയായിരുന്നു.

ടോക്കിയോ: ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ വെങ്കലം സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങളെ തേടി മറ്റൊരു സമ്മാനവും. ടീമിലെ പഞ്ചാബി കളിക്കാര്‍ക്ക് ഒരു കോടിയാണ് പഞ്ചാബ് സര്‍ക്കാര്‍ പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാബ് കായിക മന്ത്രി റാണ ഗുര്‍മീത് സിങ് സോധിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

നായകന്‍ മന്‍പ്രീത് സിങ്, ഹര്‍മന്‍പ്രീത് സിങ്, റുപീന്ദര്‍ പാല്‍ സിങ്, ഹര്‍ദിക് സിങ്, ശംഷേര്‍ സിങ്, ദില്‍പ്രീത് സിങ്, ഗുര്‍ജന്ദ് സിങ്, മന്ദീപ് സിങ് എന്നീ പഞ്ചാബി താരങ്ങള്‍ക്ക് തുക ലഭിക്കും.

നേരത്തെ, സ്വര്‍ണ മെഡല്‍ നേടിയാല്‍ തങ്ങളുടെ താരങ്ങള്‍ക്ക് 2.25 കോടി രൂപ വീതം നല്‍കുമെന്ന് പഞ്ചാബ് കായിക മന്ത്രി പറഞ്ഞിരുന്നു. മെഡല്‍ വെങ്കലത്തില്‍ ഒതുങ്ങിയെങ്കിലും പാരിതോഷികം ഒഴിവാക്കാതെ താരങ്ങള്‍ക്ക് മികച്ച പിന്തുണയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

കരുത്തരായ ജര്‍മനിയെ നാലിനെതിരെ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യ വെങ്കലം നേടി ടോക്കിയോയില്‍ ചരിത്രം കുറിച്ചത്.

കൊച്ചി: ലോക കായിക മാമാങ്കത്തില്‍ നാലുപതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ഹോക്കി ടീം വെങ്കലത്തില്‍ മുത്തമിട്ടപ്പോള്‍ ഏറെ ആഹ്ലാദിച്ചത് കേരളക്കരയാണ്. കാരണം, മലയാളിയായ ശ്രീജേഷിന്റെ കരുത്തായിരുന്നു ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ചത്.

നാട് മുഴുവന്‍ ശ്രീജേഷിന് അഭിനന്ദന പ്രവാഹം കൊണ്ട് മൂടിയപ്പോള്‍ കേരളത്തിന്റെ മുന്‍ താരങ്ങള്‍ നിരത്തുകളില്‍ ആര്‍പ്പു വിളിച്ചാണ് ജയം ആഘോഷിച്ചത്. ശ്രീജേഷിന്റെ ബാനറും ഇന്ത്യന്‍ പതാകയുമേന്തി അവര്‍ എറണാകുളം എം.ജി. റോഡിലൂടെ നടന്ന് ആഹ്ലാദപ്രകടനം നടത്തി.

അവസാന നിമിഷത്തില്‍ അധിക സമ്മര്‍ദമുണ്ടായിട്ടും ശ്രീജേഷ് മികവ് പുലര്‍ത്തിയെന്നും, ശ്രീജേഷിന്റെ പരിചയ സമ്പത്താണ് തുണയായതെന്നും, വനിതാ താരങ്ങള്‍ കൂടി വെങ്കലം നേടിയാല്‍ സന്തോഷം ഇരട്ടിയാകുമെന്നും മുന്‍ കേരള ഹോക്കി താരവും, ഹോക്കി ലവേഴ്‌സ് അംഗവുമായ സുനില്‍ ഡി ഇമ്മട്ടി പറഞ്ഞു.

മാത്രമല്ല, അവസാന നിമിഷത്തില്‍ കളി നഷ്ടപ്പെടുത്തുന്ന സ്ഥിരം കാഴ്ച ഉണ്ടാകുമോ എന്ന് പേടിച്ചിരുന്നു, എന്നാല്‍ അത് ഉണ്ടായില്ല എന്നത് ആശ്വാസകരമായിരുന്നു, ശ്രീജേഷ് ഇനിയും ഒരു മൂന്ന് വര്‍ഷം കൂടി കളിക്കണമെന്നാണ് ആഗ്രഹം, ഇന്ത്യന്‍ ടീമിലെ ഗോളിമാര്‍ ആരും തന്നെ പ്രതിക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ല, പക്ഷെ ശ്രീജേഷ് അങ്ങനെ ആയിരുന്നില്ല, ശ്രീജേഷ് പുറകില്‍ ഉണ്ട് എന്ന് അറിയുന്നത് പോലും പ്രതിരോധ താരങ്ങള്‍ക്ക് ആത്മവിശ്വാസമാണ്, അതുകൊണ്ട് നല്ലൊരു പിന്‍ഗാമിയെ കണ്ടെത്തിയിട്ടെ കളി അവസാനിപ്പിക്കാവു എന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

വെങ്കലപ്പോരാട്ടത്തില്‍ ജര്‍മനിയെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. കളിയുടെ അവസാന ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ പ്രതിരോധനിരയിലെ പാളിച്ചകള്‍ കാരണം പാഞ്ഞുവന്ന ജര്‍മന്‍ ഷോട്ടുകള്‍ പലവട്ടം ശ്രീജേഷ് തട്ടിയകറ്റി. അവസാന സെക്കന്‍ഡുകളില്‍ ജര്‍മന്‍ നിര തൊടുത്ത പെനാല്‍റ്റി കോര്‍ണറുകളില്‍ നിന്നും അതിശയിപ്പിക്കുന്ന പ്രകടനത്തിലൂടെയാണ് ശ്രീജേഷ് ഇന്ത്യന്‍ വല കാത്തത്.

1972-ലെ മ്യൂണിക് ഒളിംപിക്സില്‍ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ മാനുവല്‍ ഫ്രെഡറിക്കിനുശേഷം ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളിയെന്ന പട്ടവും ഇനി ശ്രീജേഷിന് സ്വന്തം. കേരളംപോലെ ഹോക്കിക്ക് തീരെ സ്വാധീനമില്ലാത്ത സംസ്ഥാനത്തു നിന്ന് ഒന്നരപതിറ്റാണ്ട് ഇന്ത്യന്‍ നിരയില്‍ കളിക്കുന്നതില്‍ ഓരോ മലയാളിക്കും അഭിമാനിക്കാം.

ടോക്കിയോ: നാലുപതിറ്റാണ്ടുകള്‍ക്ക് ശേഷം ഹോക്കി ടീം ഇന്ത്യയിലേക്ക് ഒളിംപിക്‌സ് മെഡല്‍ കൊണ്ടുവന്നിരിക്കുന്ന സന്തോഷത്തിലാണ് രാജ്യമിപ്പോള്‍. ഈ സന്തോഷം പങ്കുവയ്ക്കാന്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ നായകന്‍ മന്‍പ്രീത് സിങ്ങിനെയാണ് പ്രധാനമന്ത്രി അഭിനന്ദനമറിയിച്ച് വിളിച്ചത്.

‘മന്‍പ്രീത്, നിങ്ങള്‍ക്കും ഇന്ത്യന്‍ ടീമിനും ആശംസകള്‍. നിങ്ങള്‍ വലിയൊരു നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. രാജ്യം മുഴുവന്‍ ഈ വിജയത്തിന്റെ സന്തോഷത്തില്‍ നൃത്തം ചെയ്യുകയാണ്. എന്റെ ഹൃദയം നിറയുന്നു. എന്റെ ആശംസകള്‍ എല്ലാവരോടും പങ്കുവെയ്ക്കൂ. ഓഗസ്റ്റ് 15 ന് ഏവരെയും കാണാം’- എന്നായിരുന്നു മോദി പറഞ്ഞത്. ജര്‍മനിയെ 5-4 എന്ന സ്‌കോറിന് കീഴടക്കിയാണ് ഇന്ത്യ വിജയകിരീടം ചൂടിയത്.

സെമി ഫൈനലില്‍ ബെല്‍ജിയത്തോട് തോല്‍വി വഴങ്ങിയപ്പോഴും മോദി മന്‍പ്രീതിനെ വിളിച്ചിരുന്നു. മോദിയുടെ വാക്കുകള്‍ വിജയത്തിലേക്ക് നയിക്കാന്‍ ഊര്‍ജം പകര്‍ന്നുവെന്ന് മന്‍പ്രീത് ചൂണ്ടിക്കാട്ടി.

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തില്‍ ഒളിംപിക്‌സില്‍ പങ്കെടുത്ത എല്ലാ കായിക താരങ്ങളെയും പ്രത്യേക അതിഥികളായി മോദി ചെങ്കോട്ടയിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.