എന്റെ സ്വപ്‌നം നീ യാഥാര്‍ത്ഥ്യമാക്കി; നീരജ് ചോപ്രയ്ക്ക് നന്ദി അറിയിച്ച് പി.ടി ഉഷ

കോഴിക്കോട്: അത്‌ലറ്റിക്‌സില്‍ സ്വര്‍ണ്ണ മെഡലെന്ന ഇന്ത്യയുടെ സ്വപ്നം സഫലമാക്കിയ നീരജ് ചോപ്രയ്ക്ക് നന്ദി അറിയിച്ച് പി.ടി ഉഷ. മുപ്പത്തിയേഴ് വര്‍ഷത്തിനുശേഷം എന്റെ സഫലമാവാത്ത സ്വപ്നമാണ് നീ യാഥാര്‍ത്ഥ്യമാക്കിയത്, നന്ദി എന്റെ മോനെ എന്ന് നീരജിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചുകൊണ്ടായിരുന്നു പി.ടി ഉഷയുടെ ട്വീറ്റ്.

ടോക്കിയോ ഒളിംപിക്‌സ് ജാവലിന്‍ ത്രോയിലാണ് 23കാരനായ നീരജ് 87.58 മീറ്റര്‍ താണ്ടി ഇന്ത്യയുടെ ആദ്യ ഒളിംപിക്സ് അത്ലറ്റിക്സ് മെഡല്‍ നേടിയത്. 2008ലെ ബീജിംഗ് ഒളിംപിക്‌സില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയശേഷം ഒളിംപിക്‌സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം കൂടിയാണ് ടോക്കിയോയില്‍ നേടിയത്.