Recent Posts (Page 3)

തിരുവനന്തപുരം: നടൻ ജഗതി ശ്രീകുമാറിന് പശ്ചിമബംഗാൾ രാജ്ഭവന്റെ അംഗീകാരം. ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്സലൻസ് ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് ജഗതി ശ്രീകുമാറിന് നൽകി. തിരുവനന്തപുരത്ത് ജഗതിയുടെ വീട്ടിലെത്തിയാണ് അദ്ദേഹം പുരസ്‌കാരം സമ്മാനിച്ചത്. കലാ- സാഹിത്യ- സാംസ്‌കാരിക പ്രവർത്തനങ്ങൾ പരിപോഷിക്കുന്നതിന് രാജ്ഭവൻ ആസ്ഥാനമായി രൂപം നൽകിയ കലാക്രാന്തി മിഷന്റെ ഭാഗമായി ഏർപ്പെടുത്തിയ പുരസ്‌കാരമാണിത്. 50,000 രൂപയും കീർത്തിപത്രവും ഫലകവുമാണ് ഈ പുരസ്‌കാരം ഉൾപ്പെട്ടിരിക്കുന്നത്.

യേശുദാസിന്റെ പാട്ടെന്നപോലെ ദൃശ്യമാധ്യമങ്ങളിൽ ജഗതിയെ കാണാത്ത ഒരു ദിവസം പോലുമില്ലെന്ന് ആനന്ദബോസ് പറഞ്ഞു. അദ്ദേഹം സാംസ്‌കാരിക കേരളത്തിന്റെ, വിശേഷിച്ച് ചലച്ചിത്ര മേഖലയുടെ പുരോഗതിക്ക് നൽകിയ സംഭാവനകൾ അളവറ്റതാണെന്നും അദ്ദേഹം കീർത്തിപത്രത്തിൽ പരാമർശിച്ചിട്ടുണ്ട്.

ജഗതിയുടെ ഭാര്യ ശോഭ ശ്രീകുമാർ, മകൻ രാജ്കുമാർ, മരുമകൾ ശ്രീകല, ചെറുമക്കളായ ജഗൻരാജ്, അനുഗ്രഹ, ജൂനിയർ പി.സി. ജോർജ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഗവർണർ പുരസ്‌കാരം കൈമാറിയത്.

മുംബൈ: ഇന്ത്യാ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സഖ്യം അധികാരത്തിൽ എത്തിയാൽ അഞ്ചു വർഷം കൊണ്ട് രാജ്യത്ത് അഞ്ചു പ്രധാനമന്ത്രിമാരുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയെ ഒരു പ്രത്യേക രാഷ്ട്രമാക്കുമെന്നാണ് വിവിധ സ്ഥലങ്ങളിൽ ഇന്ത്യാ സഖ്യം പ്രസംഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ സഖ്യത്തിന്റെ സർക്കാരുണ്ടായാൽ പൗരത്വ ഭേദഗതി നിയമം ഇല്ലാതാക്കും. മൂന്നക്ക ലോക്‌സഭാ സീറ്റു പോലും നേടാനാകാത്തവർ സർക്കാരുണ്ടാക്കുന്നതു വരെ എത്തിയിരിക്കുന്നു. ഒരു വർഷം ഒരു പ്രധാനമന്ത്രി എന്നതാണ് അവരുടെ ഫോർമുല. അവർ അഞ്ചു വർഷം അധികാരത്തിൽ തുടർന്നാൽ ഓരോ വർഷവും ഒരോ പ്രധാനമന്ത്രിമാർ വരും. കോൺഗ്രസും ഇന്ത്യാ മുന്നണിയും കർണാടകയിലും തമിഴ്‌നാട്ടിലും മറ്റും പ്രസംഗിച്ചു നടക്കുന്നത് ദക്ഷിണേന്ത്യയെ പ്രത്യേക രാഷ്ട്രമാക്കുമെന്നാണ്. ഛത്രപതി ശിവജിയുടെ നാടിന് അത് അംഗീകരിക്കാനാകുമോയെന്ന് പ്രധാനമന്ത്രി ചോദിക്കുന്നു. മഹാരാഷ്ട്രയിലെ കോലാപുരിൽ തിരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഇപ്പോൾ കോൺഗ്രസിന്റെ ലക്ഷ്യം കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുകയാണ്. എൻഡിഎയുടെ വികസനത്തിന്റെ ട്രാക്ക് റെക്കോർഡിനോട് മത്സരിക്കാനാകില്ലെന്ന് മനസ്സിലാക്കിയപ്പോൾ കോൺഗ്രസും അവരുടെ സുഹൃത്തുക്കളും തന്ത്രം മാറ്റിയിരിക്കുന്നു. അവർ ദേശവിരുദ്ധ അജൻഡകളും പ്രീണനവും തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

hot

തിരുവനന്തപുരം: ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ഈ വിഭാഗത്തിലുള്ളവർ കഴിയുന്നതും നേരിട്ട് വെയിൽ ഏൽക്കാതിരിക്കുക. നിർജലീകരണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാർഗം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാൽ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.

അന്തരീക്ഷ താപനില തുടർച്ചയായി സാധാരണയിൽ കൂടുതൽ ഉയർന്നു നിൽക്കുന്നതിനേയാണ് ഉഷ്ണതരംഗം എന്ന് പറയുന്നത്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. അതിനാൽ വളരെയേറെ ശ്രദ്ധിക്കണം.

· രാവിലെ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

· കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങളിലുള്ളവർ ഈ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

· അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

· പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലത്.

· ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. യാത്രാ വേളയിൽ ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലത്.

· നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.

· കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കുക. തിളപ്പിച്ചാറ്റിയ വെള്ളം നല്ലത്.

· കുട്ടികൾക്ക് ധാരാളം വെള്ളം നൽകുക.

· പാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസ് ശുദ്ധമായിരിക്കണം.

· പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആർ.എസ്. ലായനി, സംഭാരം തുടങ്ങിയവ നല്ലത്.

· കുട്ടികളെയോ വളർത്തു മൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

· സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ വെയിലുള്ള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം.

· ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക.

· തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക.

· ധാരാളം പാനീയങ്ങൾ കുടിക്കാൻ നൽകുക.

· ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.

ന്യൂഡൽഹി: താൻ സജീവ രാഷ്ട്രീയത്തിലേക്ക് വരാൻ രാജ്യം മുഴുവൻ ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയും കോൺഗ്രസ് നേതാവുമായ റോബർട്ട് വാദ്ര. അമേഠിയിൽ മത്സരിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. രാജ്യത്തുടനീളം ജനങ്ങളുടെ ശബ്ദം ഉയർന്നുവരുന്നു. താൻ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നാണ് ആളുകൾ ആഗ്രഹിക്കുന്നത്. ആളുകൾ എപ്പോഴും താൻ അവരുടെ പ്രദേശത്ത് ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. 1999 മുതൽ താൻ അമേഠിയിൽ പ്രചാരണം നടത്തുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

സിറ്റിംഗ് എംപിയായ സ്മൃതി ഇറാനി തന്റെ വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങൾ പൂർത്തിയായപ്പോൾ കോൺഗ്രസ് ബിജെപിയെക്കാൾ മുന്നിലാണ്. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന ബിജെപിയെ തുരത്താൻ അവർ ആഗ്രഹിക്കുന്നു. രാഹുലും പ്രിയങ്കയും നടത്തുന്ന കഠിനാധ്വാനം കണ്ട് ഇന്ത്യയിലെ ജനങ്ങൾ ഗാന്ധി കുടുംബത്തിനൊപ്പം ആണ് നിൽക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗാന്ധി കുടുംബത്തിലെ ഒരു അംഗം മടങ്ങിവരണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. അതിനാൽ മത്സരിക്കുന്ന ഞങ്ങളുടെ പ്രതിനിധി വൻ ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കും. താൻ രാഷ്ട്രീയത്തിലേക്ക് ചുവടു വെയ്ക്കുമ്പോൾ അമേഠിയെ പ്രതിനിധീകരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും റോബർട്ട് വാദ്ര കൂട്ടിച്ചേർത്തു. അതേസമയം, തെരഞ്ഞെടുപ്പിൽ അമേഠിയിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് നേരത്തെയും അദ്ദേഹം പറഞ്ഞിരുന്നു.

ന്യൂഡൽഹി: ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം. ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണം മാറ്റുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മോദി സർക്കാർ മാറി ബിജെപി സർക്കാർ എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രചാരണം. ഇന്നലെ മുതൽ എൻഡിഎ സർക്കാർ എന്നാണ് പ്രയോഗമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏപ്രിൽ 19 മുതൽ ബിജെപി ക്യാംപിൽ മാറ്റമാണ് കാണുന്നത്. കോൺഗ്രസ് പ്രകടന പത്രികയെ അവഗണിച്ച മോദി ഇപ്പോൾ പ്രകടനപത്രിക പരിഗണിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, നിർണായകമായ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകിട്ട് ചേരും. തുടർഘട്ടങ്ങളിലെ സ്ഥാനാർത്ഥികളെ ഇന്ന് ചേരുന്ന തെരഞ്ഞെടുപ്പ് സമിതി യോഗം പ്രഖ്യാപിക്കും. യു പിയിലെ നിർണായകമായ അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

അമേഠിയിൽ രാഹുൽ ഗാന്ധിയും, റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയും മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

തിരുവനന്തപുരം: ഭൂപതിവ് ഭേദഗതി ഉൾപ്പെടെയുള്ള ബില്ലുകളിൽ ഒപ്പുവെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്റെ പരിഗണനയിലിരുന്ന അഞ്ച് ബില്ലുകളിൽ ഗവർണർ ഒപ്പിട്ടു.

ബില്ലുകളിൽ ഒപ്പിടാത്തതിന്റെ പേരിൽ സംസ്ഥാന സർക്കാരുമായുള്ള ഗവർണറുടെ ബന്ധം വഷളായിരുന്നു. സഹകരണ നിയമഭേദഗതി ബിൽ, നെൽവയൽ നീർത്തട നിയമഭേദഗതി ബിൽ, ക്ഷീരസഹകരണ ബിൽ, അബ്കാരി നിയമഭേദഗതി ബിൽ എന്നിവയിലാണ് ഗവർണർ ഒപ്പുവച്ചത്. ഭൂപതിവ് നിയമ ഭേദഗതിയിൽ ഒപ്പിടാത്തതിൽ പ്രതിഷേധിച്ച് എൽ ഡി എഫ് രാജ്ഭവൻ മാർച്ച് നടത്തിയിരുന്നു.

ഭൂപതിവ് നിയമഭേദഗതി ബിൽ നിയമസഭ കഴിഞ്ഞ സെപ്തംബർ പതിനാലിനാണ് പാസാക്കിയത്. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾക്ക് ഈ ബില്ലിലൂടെ പരിഹാരമുണ്ടാകുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. 1960ൽ പട്ടം താണുപിള്ള സർക്കാരിന്റെ കാലത്ത് റവന്യു ഭൂമി പതിച്ചു നൽകുന്നതിനായി കൊണ്ടുവന്നതാണ് ഭൂപതിവ് നിയമം. 1964 ൽ ആർ ശങ്കർ മുഖ്യമന്ത്രിയായപ്പോഴാണ് ഭൂപതിവ് ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നത്. ഭൂപതിവ് ചട്ടം നാലിൽ ഭൂവിനിയോഗം കൃഷിക്കും വീട് നിർമ്മാണത്തിനും മാത്രമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതാണ് നിർമ്മാണ നിരോധനത്തിലേക്ക് നയിച്ചത്. പട്ടയഭൂമി കൃഷിയ്ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന നിയമത്തിലാണ് മാറ്റം വരുന്നത്.

തിരുവനന്തപുരം: സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് (കെ.ഐ.ഇ.ഡി), മൂന്ന് ദിവസത്തെ ‘ഡിജിറ്റൽ മാർക്കറ്റിംഗ്’ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. മെയ് 6 മുതൽ 8 വരെ കളമശേരി കെ.ഐ.ഇ.ഡി ക്യാമ്പസിലാണ് പരിശീലനം. എം.എസ്.എം.ഇ മേഖലയിലെ സംരംഭകർ/എക്‌സിക്യൂട്ടീവ്‌സ് എന്നിവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. ഡിജിറ്റൽ പ്രമോഷനുകൾ, ഇ മെസ്സേജിംഗ് മാനേജ്മെന്റ്, ഫേസ്ബുക്ക് ഓട്ടോമേഷൻ, ഇൻസ്റ്റാഗ്രാം അനലിറ്റിക്‌സ്, മീഡിയ പ്രമോഷനുകളും പ്രൊഡക്ഷനുകളും, ബിസിനസ്സ് ഓട്ടോമേഷൻ, പരമ്പരാഗത വിപണികളിൽ ഡിജിറ്റൽ മാർക്കറ്റിംഗിന്റെ സ്വാധീനം, പ്രാക്ടിക്കൽ സെഷനുകൾ തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

2,950 രൂപയാണ് മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്‌സ് ഫീ, സെർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി.എസ്.ടി ഉൾപ്പെടെ). താമസം ആവശ്യമില്ലാത്തവർക്ക് 1,200 രൂപയാണ് മൂന്നു ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് 1,800 രൂപ താമസം ഉൾപ്പെടെയും, 800 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓൺലൈനായി http://kied.info/training-calender/ ൽ മെയ് 2ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.

തെരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484-2532890/0484-2550322/9188922800.

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രക്രിയയും വോട്ടെടുപ്പും എല്ലാ തലങ്ങളിലും പൂർണമായും തൃപ്തികരമായിരുന്നുവെന്നും വോട്ടെടുപ്പ് യന്ത്രങ്ങൾ മുൻ വർഷങ്ങളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചതായും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. സംസ്ഥാനത്തെ 25,231 പോളിങ് ബൂത്തുകളിൽ 95 ശതമാനത്തിലും വൈകിട്ട് ആറ് മണിയോടെ തന്നെ വോട്ടെടുപ്പ് പൂർത്തിയായി. 99 ശതമാനം ബൂത്തുകളിലും എട്ട് മണിയോടെ വോട്ടെടുപ്പ് പൂർത്തിയായി. വടകര മണ്ഡലത്തിലെ ചില ബൂത്തുകളിൽ മാത്രമാണ് പിന്നീടും വോട്ടെടുപ്പ് നടന്നത്. വൈകിട്ട് അഞ്ച് മണിക്ക് ശേഷം ഈ മണ്ഡലത്തിലെ ചില ബൂത്തുകളിൽ കൂടുതൽ വോട്ടർമാർ എത്തിയതിനെത്തുടർന്ന് ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്താൻ കൂടുതൽ ജാഗ്രത കാണിച്ചത് മൂലമാണ് സ്വാഭാവികമായും കൂടുതൽ സമയമെടുത്തത്. ആറ് മണിയോടെ ബൂത്തിലെത്തിയ മുഴുവൻ വോട്ടർമാർക്കും ടോക്കൺ നൽകി വോട്ട് ചെയ്യാൻ അവസരമൊരുക്കുവാനും ഉദ്യോഗസ്ഥർ ജാഗ്രത കാണിച്ചെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

ഉദ്യോഗസ്ഥ വിന്യാസത്തിൽ ബാഹ്യഇടപെടൽ പൂർണമായും ഒഴിവാക്കാൻ ഇക്കുറി ആദ്യമായി നവീനരീതിയാണ് അവലംബിച്ചതെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ചൂണ്ടിക്കാട്ടി. ഓർഡർ സോഫ്റ്റ് വെയർ ഉപയോഗിച്ച് പക്ഷപാതരഹിതമായാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിന്യാസം പൂർത്തിയാക്കിയത്. ജില്ലകളിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ സോഫ്റ്റ് വെയറിൽ നൽകി അതിലൂടെ ഇടപെടലുകളില്ലാതെയാണ് ഉദ്യോഗസ്ഥ വിന്യാസം പൂർത്തിയാക്കിയത്.

സ്വാഭാവികമായും തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥരിൽ മുൻപരിചയമുള്ളവരും ഇല്ലാത്തവരും ഉണ്ടാവും. ആവശ്യമായ പരിശീലനം നൽകിയാണ് എല്ലാ ഉദ്യോഗസ്ഥരെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. വോട്ടർമാരുടെ രേഖകൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത കാണിച്ചത് മൂലമാണ് ചില ബൂത്തുകളിൽ വോട്ടെടുപ്പിന് കൂടുതൽ സമയമെടുത്തത്.

പ്രതികൂലമായ കാലാവസ്ഥയും രാഷ്ട്രീയസാഹചര്യങ്ങളുമൊക്കെ പരിഗണിക്കുമ്പോൾ മികച്ച പോളിങ്ങാണ് സംസ്ഥാനത്ത് നടന്നതെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ. വോട്ടിങ് യന്ത്രങ്ങളുടെ പ്രകടനം വിശകലനം ചെയ്യുമ്പോൾ മുൻതിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഈ തിരഞ്ഞെടുപ്പിൽ കുറ്റമറ്റ പ്രവർത്തനമായിരുന്നു ഇവിഎമ്മുകളുടേതെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശരാശരി അഞ്ച് ശതമാനമായിരുന്നു വോട്ടിങ് യന്ത്രങ്ങളുടെ തകരാർനിരക്ക്. എന്നാൽ ഇക്കുറി ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ് എന്നിവയിൽ 0.44 ശതമാനം യൂണിറ്റുകൾക്കും വിവിപാറ്റുകളിൽ 2.1 ശതമാനത്തിലും മാത്രമാണ് തകരാറുണ്ടായത്. ഇവിഎം സംബന്ധിച്ച് മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നേരത്തെ പ്രചരിച്ചതെല്ലാം വാസ്തവ വിരുദ്ധമാണെന്ന് പൊതുജനങ്ങൾക്ക് തിരഞ്ഞെടുപ്പോടെ ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

വോട്ടർപട്ടികയിലെ ഇരട്ടിപ്പ് സംബന്ധിച്ച് ലഭിച്ച എല്ലാഗൗരവമുള്ള പരാതികളും പരിശോധിച്ചതായും അന്വേഷണത്തിൽ അധിക പരാതികളിലും കഴമ്പില്ലെന്ന് വ്യക്തമായതായും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ഇരട്ടിപ്പ് കണ്ടെത്തിയ മുഴുവൻ കേസുകളിലും പരിഹാര നടപടിയെടുത്തിട്ടുണ്ട്. അവ നീക്കിയതായും അദ്ദേഹം പറഞ്ഞു. വളരെ ബൃഹത്തും സങ്കീർണവുമായ വോട്ടർപട്ടിക ശുദ്ധീകരണം സൂക്ഷ്മതയോടെ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

സുഗമമായ വോട്ടെടുപ്പ് തടസ്സപ്പെടുന്ന വിധത്തിലുള്ള ക്രമസമാധാനപ്രശ്‌നങ്ങളൊന്നും ഇക്കുറി സംസ്ഥാനത്തൊരിടത്തും ഉണ്ടായില്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ചൂണ്ടിക്കാട്ടി. 66,303 സുരക്ഷ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എല്ലാ പോളിങ് കേന്ദ്രങ്ങളിലും മികച്ച സുരക്ഷയാണ് ഉറപ്പുവരുത്തിയത്. വോട്ടെടുപ്പിന് ശേഷം മുഴുവൻ വോട്ടിങ് യന്ത്രങ്ങളും സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിൽ ഒരുക്കിയ സ്‌ട്രോങ് റൂമികളിലെത്തിച്ച് കനത്ത സുരക്ഷയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇനി വോട്ടെണ്ണൽ ദിനമായ ജൂൺ നാലിന് രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് അവ പുറത്തെടുക്കുക. സ്വതന്ത്രവും സുതാര്യമായ രീതിയിലും സമാധാനപൂർണമായും വോട്ടെടുപ്പ് പൂർത്തിയാക്കാൻ സഹകരിച്ച എല്ലാ വോട്ടർമാരോടും രാഷ്ട്രീയ പാർട്ടികളോടും ഉദ്യോഗസ്ഥരോടും മാധ്യമങ്ങളോടും നന്ദി അറിയിക്കുന്നതായും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ കൂട്ടിച്ചേർത്തു.

പലർക്കും അനുഭവപ്പെടുന്ന പ്രശ്‌നങ്ങളിലൊന്നാണ് കണ്ണിന് താഴെയുള്ള കറുപ്പ്. നന്നായി ഉറങ്ങാത്തതിനാലാണ് ഇത് സംഭവിക്കുന്നതെന്നാണ് പലരുടെയും ധാരണ. എന്നാൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാണ് ഈ നിറവ്യത്യാസമെന്നതാണ് യാഥാർത്ഥ്യം. അലർജി, നിർജ്ജലീകരണം എന്നിവ മൂലം ഇത്തരത്തിൽ കണ്ണിന് താഴെ കറുപ്പ് വരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

ഇരുമ്പ്, വിറ്റാമിൻ ഡി, കെ, ഇ, ബി എന്നിവയുടെ കുറവു മൂലവും കണ്ണിന് താഴെ കറുത്തപാടുകൾ വരാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തൈറോയിഡ്, വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുടെ ആദ്യ ലക്ഷങ്ങളുടെ ഭാഗമായും കണ്ണിന് താഴെ കറുപ്പ് വരാം. നന്നായി ഉറങ്ങിയിട്ടും ജീവിതശൈലി തന്നെ മാറ്റിയിട്ടും ഈകറുപ്പ് മാറുന്നില്ലെങ്കിൽ വൈദ്യ സഹായം തേടണമെന്നും ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു.

ഹീമോഗ്ലോബിൻ കുറയുമ്പോഴും ചില മരുന്നുകളോടുള്ള അലർജിയും വരണ്ട ചർമ്മമുള്ളവർക്കും അറ്റോപിക് ഡെർമറ്റൈറ്റിസ് ഉള്ളവർക്കും കണ്ണിന് താഴെ കറുപ്പ് ഉണ്ടാകാം. നല്ല പോഷക ഗുണങ്ങളുള്ള ആഹാരം കഴിക്കുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയും. നല്ല ഉറക്കം, സമ്മർദ്ദം കുറയ്ക്കൽ എന്നിവയിലൂടെയും കണ്ണിന് താഴെയുള്ള കറുപ്പ് ഒരു പരിധി വരെ കുറയ്ക്കാം. ഇതൊന്നും ഫലം ചെയ്യുന്നില്ലെങ്കിൽ എത്രയും വേഗം ഡോക്ടറെ സമീപിക്കേണ്ടതാണ്.

ഭക്ഷണത്തിന് രുചി വർധിപ്പിക്കുക മാത്രമല്ല ആരോഗ്യ ഗുണങ്ങളിലും മുൻപന്തിയിലാണ് മല്ലിയില. പ്രോട്ടീനുകളും ഭക്ഷണ നാരുകളും മല്ലിയിലയിൽ ധാരാളമായുണ്ട്. ആന്റിമൈക്രോബിയൽ, ആന്റിസെപ്റ്റിക്, ആന്റിഫംഗൽ ഏജന്റ് കൂടിയാണ് മല്ലിയില.

മല്ലിയിലയിലുള്ള കാത്സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ സന്ധിവാതവുമായി ബന്ധപ്പെട്ട വേദനയ്ക്ക് പരിഹാരമാണ്. വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയുടെ ഉറവിടമാണിത്. ചെങ്കണ്ണ്, മാക്യുലർ മൂലമുള്ള കാഴ്ച തകരാറുകൾ എന്നിവ പരിഹരിക്കാൻ മല്ലിയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. മല്ലിയിലയിലെ ആൽക്കലോയിഡുകളും ഫ്ലേവനോടുകളും മഞ്ഞപിത്തം, പിത്തരസം എന്നിവ തടയാൻ സഹായിക്കും. മല്ലിയിലയിലുള്ള നാരുകൾ, പ്രോട്ടീനുകൾ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കുകയും ചെയ്യും.

മല്ലിയിലയിൽ ഇരുമ്പ്, വിറ്റാമിൻ ഇ, എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇത് ചർമ്മത്തെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കൽസിനെതിരെ പോരാടുന്നു. അധിക എണ്ണ ആഗിരണം ചെയ്യാനുള്ള കഴിവും മല്ലിയിലയ്ക്കുണ്ട്.