Recent Posts (Page 2)

സൗജന്യ റീച്ചാർജ് എന്ന പേരിൽ തട്ടിപ്പ് നടക്കുന്നുവെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രാഷ്ട്രീയ പാർട്ടികൾ സൗജന്യമായി മൊബൈൽ ഫോൺ റീചാർജ് ചെയ്തു നൽകുമെന്നു പ്രചരിപ്പിച്ച് തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾ സൗജന്യമായി മൂന്നു മാസം ദൈർഘ്യമുള്ള പ്ലാനിൽ മൊബൈൽ ഫോൺ റീചാർജ് ചെയ്തു തരുമെന്ന വാഗ്ദാനമാണ് വ്യാപകമായി പ്രചരിക്കുന്നത്.

സൗജന്യ റീചാർജ് സ്‌ക്രാച്ച് കാർഡുകൾ എന്ന പേരിലാണു ലിങ്കുകൾ പ്രചരിക്കുന്നത്. ‘ഫ്രീ റീചാർജ് യോജന’ തുടങ്ങിയ പേരിലുള്ള സന്ദേശങ്ങളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവരുടെ ഫോൺ നമ്പർ തട്ടിപ്പുകാർ ആവശ്യപ്പെടും. തുടർന്ന് റീചാർജ് ലഭിച്ചെന്നും ആക്ടിവേറ്റ് ചെയ്യാൻ കൂടുതൽ പേർക്ക് ഈ സന്ദേശം അയയ്ക്കണമെന്നും അറിയിക്കും. ഫലത്തിൽ നിങ്ങളുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭിക്കുകയാണ്.

ഇത്തരം തട്ടിപ്പ് സന്ദേശങ്ങളിൽ അകപ്പെടുകയോ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുകയോ ചെയ്യരുതെന്ന് അധികൃതർ വ്യക്തമാക്കി.

പാലിന് ഒട്ടേറെ ആരോഗ്യ ഗുണങ്ങളുണ്ട്. ശരീരത്തിന് ഏറ്റവും കൂടുതൽ ഊർജമേകുന്ന പാനീയമാണ് പാൽ. 100 മില്ലി ലീറ്റർ പശുവിൻ പാലിൽ 87.8 ഗ്രാം വെള്ളമാണ്. 4.8 ഗ്രാം അന്നജം, 3.9 ഗ്രാം കൊഴുപ്പ്, 3.2 ഗ്രാം പ്രോട്ടീൻ, 120 മില്ലിഗ്രാം കാത്സ്യം, 66 കലോറി തുടങ്ങിയ അടങ്ങിയിട്ടുണ്ട്. ദിവസവും പാൽ കുടിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. എന്നാൽ, പാലിനൊപ്പം ചില ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല. ഇങ്ങനെ കഴിക്കുന്നത് ചിലരിൽ ദഹന പ്രശ്‌നങ്ങളുണ്ടാക്കും. അത്തരത്തിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

  • എരിവേറിയ ഭക്ഷണങ്ങൾ

പാലിനൊപ്പം ഒരിക്കലും എരിവേറിയ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല. ഇങ്ങനെ കഴിക്കുന്നത് അസിഡിറ്റിയും നെഞ്ചെരിച്ചിലും ഉണ്ടാക്കും.

  • സിട്രസ് പഴങ്ങൾ

പാലും നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങൾ ഒരുമിച്ച് കഴിക്കരുത്. ഇത് ചിലരിൽ ദഹന പ്രശ്‌നങ്ങൾക്ക് കാരാണമാകാൻ സാധ്യതയുണ്ട്.

  • പാലും മത്സ്യവും

പാലും മത്സ്യവും ഒരുമിച്ച് കഴിക്കുന്നതും ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.

  • വാഴപ്പഴം

പാലും വാഴപ്പഴവും ഒരുമിച്ച് കഴിക്കുന്നതും ദഹിക്കാൻ പ്രയാസം ഉണ്ടാക്കാൻ സാധ്യതയുണ്ട്.

  • എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ

എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പാലിനൊപ്പം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇങ്ങനെ കഴിക്കുന്നത് ആരോഗ്യത്തിന് തീരെ നല്ലതല്ല.

  • സോഡ

സോഡ പോലുള്ള കാർബണേറ്റഡ് പാനീയങ്ങളും പാലിനൊപ്പം വയറിനുള്ളിൽ എത്തുന്നത് ദഹനത്തെ തടസപ്പെടുത്തും. അതിനാൽ ഇവ ഒരുമിച്ച് കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

  • മദ്യം

പാലിനൊപ്പം മദ്യവും കഴിക്കരുത്.

  • സംസ്കരിച്ച ഭക്ഷണങ്ങള്‍

പാലിനൊപ്പം സംസ്കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നതും നല്ലതല്ല.

ഇംഫാൽ: ഈസ്റ്റർ ദിനത്തിലെ ഔദ്യോഗിക അവധി റദ്ദാക്കി കൊണ്ടുള്ള വിവാദ ഉത്തരവ് പിൻവലിച്ചു മണിപ്പൂർ സർക്കാർ. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി. പുതിയ ഉത്തരവ് അനുസരിച്ച് മണിപ്പൂരിൽ ദുഃഖവെള്ളിയും ഈസ്റ്ററും അവധി ദിവസമായിരിക്കും.

ശനിയാഴ്ച മാത്രം പ്രവർത്തി ദിവസമായിരിക്കുമെന്ന് വ്യക്തമാക്കിയാണ് പുതിയ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. ഈസ്റ്റർ ദിനത്തിലെ അവധി റദ്ദാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. തുടർന്ന് വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെട്ടുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. കേന്ദ്രസർക്കാരിന്റെ ഇടപെടലിന് പിന്നാലെയാണ് ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി നൽകി സർക്കാർ പുതിയ ഉത്തരവ് ഇറക്കിയത് എന്നാണ് പുറത്തുവരുന്ന വിവരം.

സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപറേഷനുകൾ, സൊസൈറ്റികൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കും ഉത്തരവ് ബാധകമാണ്.

സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസങ്ങളിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സുഗമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്ന് വ്യക്തമാക്കിയാണ് മണിപ്പൂർ ഗവർണർ ഈസ്റ്റർ അവധി റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഇത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു.

മണിപ്പൂരിൽ ഈസ്റ്ററിനും ദുഃഖവെളിക്കും അവധി നിഷേധിച്ചതിനെതിരെ കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. തീരുമാനം പിൻവലിക്കണമെന്ന് മണിപ്പൂർ സർക്കാറിനോട് ആവശ്യപ്പെടുമെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയിരുന്നു.

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അമേരിക്ക നടത്തിയ പ്രസ്താവനയിൽ പ്രതികരണവുമായി ഇന്ത്യ. അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്നും ശക്തമായ പ്രതിഷേധം അറിയിച്ചുവെന്നും ഇന്ത്യ വ്യക്തമാക്കി. ഭരണഘടന സ്ഥാപനങ്ങളും, അന്വേഷണ ഏജൻസികളും രാജ്യത്തിന്റെ അഭിമാനമാണ്. തികഞ്ഞ ജനാധിപത്യ ബോധത്തോടെയാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നും ഇന്ത്യ അറിയിച്ചു.

കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട നടപടികൾ മുൻപോട്ട് പോകുന്നത് നിയമം അനുസരിച്ചാണ്. വിഷയത്തിൽ അമേരിക്കയെ ശക്തമായ പ്രതിഷേധം അറിയിച്ചു കഴിഞ്ഞുവെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ബന്ധങ്ങളെ ഊഷ്മളമാക്കുന്നത് പരസ്പര ബഹുമാനമാണ്. ഇത്തരം ബാഹ്യ ഇടപെടൽ ബന്ധങ്ങളെ മോശമാക്കും. ഇത്തരം പ്രസ്താവനകൾ ഉഭയകക്ഷിബന്ധങ്ങൾക്ക് വെല്ലുവിളിയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് ശേഷമുള്ള സാഹചര്യം നിരീക്ഷിക്കുന്നുവെന്നും നിയമ നടപടികൾ സുതാര്യവും നിഷ്പക്ഷവും സമയബന്ധിതവുമാകണമെന്നുമായിരുന്നു അമേരിക്കൻ വിദേശകാര്യ വകുപ്പ് വക്താവ് മാത്യു മില്ലർ വിഷയത്തിൽ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ത്യ പ്രതികരണം നടത്തിയത്.

മകൾ വിസ്മയക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. തന്റെ രാജകുമാരിയ്ക്ക് ജന്മദിനാശംസകൾ നേരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മോഹൻലാലിന്റെ പരാമർശം.

മോഹൻലാലിന്റെ പോസ്റ്റിന് താഴെ ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. തന്റെ രാജകുമാരിക്ക് ജന്മദിനാശംസ നേരുന്നു. സ്നേഹവും സന്തോഷവും കൊണ്ട് എന്നെന്നും നീ അനുഗ്രഹിക്കപ്പെടട്ടെ. ഒരുപാട് സ്നേഹത്തോടെ അച്ച -മകളുടെ ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

മോഹൻലാലിന് രണ്ടു മക്കളാണ് ഉള്ളത്. പ്രണവ് മോഹൻലാലാണ് മൂത്ത മകൻ. ഇളയ മകളാണ് വിസ്മയ. മായ എന്നാണ് വിസ്മയയുടെ വിളിപ്പേര്.

പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ പരമേശ്വരൻ. ബോൾഡ് സീനുകളിൽ ഉൾപ്പെടെ താരം അഭിനയിച്ചിട്ടുണ്ട്. ഇങ്ങനെ അഭിനയിച്ചതിന്റെ പേരിൽ താരത്തിനെതിരെ ചിലർ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ എന്തുകൊണ്ട് തെരഞ്ഞെടുക്കുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

റൊമാൻസ് സീനുകളിൽ അഭിനയിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചുറ്റും നൂറുപേരുണ്ട്, അത് വളരെ ബുദ്ധിമുട്ടാണെന്ന് അനുപമ പറഞ്ഞു. യൂണിറ്റ് മുഴുവൻ നോക്കി നിൽക്കുമ്പോൾ രണ്ട് ആളുകൾ പ്രണയത്തിലാവുന്നതിനെ പറ്റി ഒന്ന് സങ്കൽപ്പിച്ച് നോക്കാനാണ് നടി പറയുന്നത്. പിന്നെ എല്ലാവരും കാറിലെ റൊമാന്റിക് സീനിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അതിൽ അഭിനയിക്കുന്ന സമയത്ത് തന്റെ കാലിൽ രണ്ട് മുറിവുകളുണ്ടായിരുന്നു. ആ സീനിന് വേണ്ടി നിന്നതും അതിൽ നിന്ന് പുറത്തുകടക്കുക എന്നതും വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അതത്ര രസമുള്ള കാര്യമല്ല. കുറച്ചധികം ബുദ്ധിമുട്ടുള്ള അവസ്ഥയാണെന്നും അനുപമ വ്യക്തമാക്കി.

ഇത്തരം സാഹചര്യങ്ങളിൽ പ്രണയം പോലും എളുപ്പമല്ല. ആ രംഗം അഭിനയിച്ച് വളർത്തിയെടുക്കണം. അതൊട്ടും എളുപ്പമുള്ള കാര്യമല്ല. ഇങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യുമ്പോൾ നമ്മൾ ആസ്വദിക്കുകയാണെന്നാണ് ആളുകൾ കരുതുന്നത്. എന്നാൽ അങ്ങനെയല്ലെന്നും താരം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. മദ്യനയ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കെജ്രിവാളിന്റെ ഇഡി കസ്റ്റഡി കാലാവധി നീട്ടി. നാലു ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ഏപ്രിൽ ഒന്ന് വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്.

ഇന്ന് കെജ്രിവാളിന്റെ ഇഡി കസ്റ്റഡി കാലാവധി അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കെജ്രിവാളിനെ ഇന്ന് ഡൽഹി റോസ് അവന്യു കോടതിയിൽ എത്തിച്ചത്. ഇഡിയും അരവിന്ദ് കെജ്രിവാളും തമ്മിൽ കോടതി മുറിയിൽ വലിയ വാഗ്വാദങ്ങളാണ് നടന്നത്. കോടതിയിൽ ഇഡിക്കെതിരെ കെജ്രിവാൾ രൂക്ഷ വിമർശനം ഉന്നയിച്ചു.

തനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ടെന്ന് കെജ്രിവാൾ കോടതിയെ അറിയിക്കുകയും കോടതി ഇതിന് അനുവാദം നൽകുകയുമായിരുന്നു. പറയാനുള്ളത് ആദ്യം എഴുതിനൽകാൻ കോടതി പറഞ്ഞെങ്കിലും നേരിട്ട് ബോധിപ്പിക്കണമെന്നാണ് കെജ്രിവാൾ അറിയിച്ചത്. എല്ലാ അംഗീകാരവും നേടിയാണ് നയം നടപ്പാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. സിബിഐ കുറ്റപത്രത്തിൽ താൻ പ്രതിയല്ല, സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇഡി നടപടിയെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി.

200 സാക്ഷികളെ ഇതുവരെ വിളിപ്പിച്ചു, സാക്ഷികളുടെ മക്കളെ അടക്കം അറസ്റ്റ് ചെയ്യുമെന്ന് ഇ ഡി ഭീഷണി മുഴക്കി, നൂറ് കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെയെന്ന് കെജ്രിവാൾ ചോദിക്കുന്നു. അഭിഭാഷകനെ മറികടന്ന് കെജ്രിവാൾ തന്നെ നേരിട്ട് സംസാരിക്കാൻ തുടങ്ങിയതോടെ ഇഡി ഇടഞ്ഞു. കെജ്രിവാൾ ഷോ കാണിക്കുകയാണെന്നും മുഖ്യമന്ത്രി ആയതിനാൽ അല്ല, അഴിമതി നടത്തിയതിനാലാണ് അറസ്റ്റ് ചെയ്തതെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി.

ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ടെന്നിസ് താരം സാനിയ മിർസയെ ഹൈദരാബാദിൽ സ്ഥാനാർഥിയാക്കാനൊരുങ്ങി കോൺഗ്രസ്. ഇതുസംബന്ധിച്ച ആലോചനകൾ കോൺഗ്രസ് നടത്തുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്ക് എതിരേ സാനിയയെ മത്സരിപ്പിക്കാൻ നീക്കമെന്നാണ് സൂചന.

ബുധനാഴ്ച കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ യോഗം ചേർന്നിരുന്നു. ഗോവ, തെലങ്കാന, യുപി, ഝാർഖണ്ഡ്, ദാമൻ-ദിയു എന്നിവിടങ്ങളിലെ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിന് വേണ്ടിയാണ് യോഗം ചേർന്നത്. സാനിയ മിർസയുടെ സ്ഥാനാർഥിത്വം സംബന്ധിച്ചും യോഗത്തിൽ ചർച്ച നടന്നുവെന്നാണ് റിപ്പോർട്ടുകൾ. 18 സ്ഥാനാർഥികളുടെ പേരുകൾക്ക് ഈ യോഗത്തിൽ അന്തിമ രൂപം നൽകി.

സാനിയയുടെ പേര് മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ ആണ് മുന്നോട്ടുവെച്ചതെന്നാണ് വിവരം. സാനിയയുടെ ജനപ്രീതി ഉപയോഗപ്പെടുത്തി ഹൈദരാബാദിൽ ഒരു തിരിച്ചുവരവിനുള്ള ശ്രമം കോൺഗ്രസ് നടത്തുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.

ന്യൂഡൽഹി: ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഇടപെടാതെ ഡൽഹി ഹൈക്കോടതി. ഇക്കാര്യം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. മദ്യനയ കേസിൽ അറസ്റ്റിലായ കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.

അതേസമയം, അരവിന്ദ് കെജ്രിവാളിന്റെ ഇഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഈ സാഹചര്യത്തിൽ അരവിന്ദ് കെജ്രിവാളിനെ വിചാരണ കോടതിയിൽ എത്തിച്ചു. ഡൽഹി റൗസ് അവന്യു ജില്ലാ കോടതിയിലാണ് വൻ സുരക്ഷയോടെ അരവിന്ദ് കെജ്രിവാളിനെ എത്തിച്ചത്. കോടതിക്ക് പുറത്ത് കേന്ദ്ര സേനയെ വിന്യസിച്ചു. ഡൽഹി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവർ കോടതിയിൽ എത്തി. അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാൾ കോടതിയിൽ എത്തി. കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്നായിരിക്കും ഇഡി ആവശ്യപ്പെടുകയെന്നാണ് വിവരം.

മാർച്ച് 21-നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.

ന്യൂഡൽഹി: ഈസ്റ്റർ പ്രവൃത്തിദിനമാക്കിയ മണിപ്പൂർ സർക്കാരിനെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഈ നടപടി പിൻവലിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ മണിപ്പൂർ സർക്കാരിനോട് ആവശ്യപ്പെട്ടു. ഈസ്റ്റർ അവധി അവകാശമാണ്. അഭ്യർത്ഥനയിൽ മണിപ്പൂർ സർക്കാർ അനുകൂലമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

യുപിഎ സർക്കാർ രാജ്യത്തെ പിന്നോട്ട് അടിച്ചുവെന്ന ആരോപണവും അദ്ദേഹം മുന്നോട്ടുവെച്ചു. അതിന് ശേഷം മോദി എന്ത് ചെയ്തു. കേരളത്തിൽ എൽഡിഎഫ് സർക്കാർ എന്ത് ചെയ്തു. തൊഴിൽ ഇല്ല, ശമ്പളം ഇല്ല. ദുർബലരായ സർക്കാർ ദുൽബലമായ സാമ്പത്തിക അവസ്ഥ പ്രദാനം ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

അതേസമയം, മണിപ്പൂരിൽ ഈസ്റ്റർ ദിനം പ്രവർത്തി ദിവസമാക്കിയ സർക്കാർ നടപടിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് വി ഡി സതീശൻ പറഞ്ഞു. സംഘപരിവാർ ന്യൂനപക്ഷത്തെ കാണുന്നത് എങ്ങനെയാണെന്നതിനുളള തെളിവാണ് നടപടി. ഇതൊക്കെ ചെയ്യുന്നവരാണ് ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ പോലെ കേരളത്തിൽ കേക്കുമായി ക്രൈസ്തവ ഭവനങ്ങൾ സന്ദർശിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.