താൻ സജീവ രാഷ്ട്രീയത്തിലേക്ക് വരാൻ രാജ്യം മുഴുവൻ ആഗ്രഹിക്കുന്നു; റോബർട്ട് വാദ്ര

ന്യൂഡൽഹി: താൻ സജീവ രാഷ്ട്രീയത്തിലേക്ക് വരാൻ രാജ്യം മുഴുവൻ ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയും കോൺഗ്രസ് നേതാവുമായ റോബർട്ട് വാദ്ര. അമേഠിയിൽ മത്സരിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. രാജ്യത്തുടനീളം ജനങ്ങളുടെ ശബ്ദം ഉയർന്നുവരുന്നു. താൻ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നാണ് ആളുകൾ ആഗ്രഹിക്കുന്നത്. ആളുകൾ എപ്പോഴും താൻ അവരുടെ പ്രദേശത്ത് ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. 1999 മുതൽ താൻ അമേഠിയിൽ പ്രചാരണം നടത്തുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

സിറ്റിംഗ് എംപിയായ സ്മൃതി ഇറാനി തന്റെ വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങൾ പൂർത്തിയായപ്പോൾ കോൺഗ്രസ് ബിജെപിയെക്കാൾ മുന്നിലാണ്. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന ബിജെപിയെ തുരത്താൻ അവർ ആഗ്രഹിക്കുന്നു. രാഹുലും പ്രിയങ്കയും നടത്തുന്ന കഠിനാധ്വാനം കണ്ട് ഇന്ത്യയിലെ ജനങ്ങൾ ഗാന്ധി കുടുംബത്തിനൊപ്പം ആണ് നിൽക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗാന്ധി കുടുംബത്തിലെ ഒരു അംഗം മടങ്ങിവരണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. അതിനാൽ മത്സരിക്കുന്ന ഞങ്ങളുടെ പ്രതിനിധി വൻ ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കും. താൻ രാഷ്ട്രീയത്തിലേക്ക് ചുവടു വെയ്ക്കുമ്പോൾ അമേഠിയെ പ്രതിനിധീകരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും റോബർട്ട് വാദ്ര കൂട്ടിച്ചേർത്തു. അതേസമയം, തെരഞ്ഞെടുപ്പിൽ അമേഠിയിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് നേരത്തെയും അദ്ദേഹം പറഞ്ഞിരുന്നു.