Recent Posts (Page 4)

മാലെ: മാലദ്വീപിൽ നിന്നുള്ള ഇന്ത്യൻ സൈന്യത്തിന്റെ പിന്മാറ്റത്തെക്കുറിച്ച് സംസാരിക്കാനായി വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ നിർണായക വെളിപ്പെടുത്തലുമായി പ്രതിരോധ മന്ത്രി ഗസ്സാൻ മൗമൂൻ. ഇന്ത്യ നൽകിയ മൂന്ന് യുദ്ധ വിമാനങ്ങൾ പറത്താൻ കഴിയുന്ന പൈലറ്റുമാർ മാലദ്വീപ് സൈന്യത്തിൽ ഇല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇന്ത്യ നൽകിയ രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോർണിയർ വിമാനവും പറത്താൻ കഴിവുള്ള ആരും മാലദ്വീപ് ദേശീയ പ്രതിരോധ സേനയിൽ ഇല്ലെന്ന് മന്ത്രി അറിയിച്ചത്.

ഇന്ത്യൻ സൈനികരുടെ കീഴിൽ പരിശീലനം നടത്തിയിരുന്നുവെങ്കിലും അത് പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാലദ്വീപ് പ്രസിഡന്റായി ചൈന അനുകൂലിയായ മുഹമ്മദ് മുയിസു അധികാരത്തിലേറിയതോടെയാണ് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം വഷളായത്.

76 ഇന്ത്യൻ സൈനികർ മേയ് പത്തിനകം മാലദ്വീപ് വിടണമെന്നായിരുന്നു മുയിസു നൽകിയിരുന്ന നിർദ്ദേശം. ഇതോടെ ഇന്ത്യ സൈനികരെ തിരിച്ചുവിളിച്ചു. മാലദ്വീപിലെ സൈനികരെ പരിശീലിപ്പിക്കുന്നതിനായാണ് ഇന്ത്യൻ സൈനികർ അവിടേക്കെത്തിയത്. മുൻ പ്രസിഡന്റുമാരായ മുഹമ്മദ് നഷീദ്, അബ്ദുള്ള യമീൻ എന്നിവരുടെ കാലഘട്ടത്തിലാണ് ഇന്ത്യ മാലദ്വീപിന് ഹെലികോപ്റ്ററുകൾ നൽകിയത്.

തിരുവനന്തപുരം: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ച് സിബിഎസ്ഇ. പത്താം ക്ലാസിൽ 93.60 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 87.98 ശതമാനവും വിജയം നേടി. പന്ത്രണ്ടാം ക്ലാസിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിജയശതമാനം 0.65% വർധിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം 87.33 ആയിരുന്നു വിജയശതമാനം. 99.91% വിജയത്തോടെ തിരുവനന്തപുരം മേഖലയാണ് മുന്നിലുള്ളത്. cbseresults.nic.in,cbse.gov.in എന്ന സൈറ്റിലും ഡിജിലോക്കറിലും പരീക്ഷാഫലം അറിയാം.

വിജയവാഡയാണ് രണ്ടാം സ്ഥാനത്തുള്ളത്. 99.04% വിജയത്തോടെയാണ് വിജയവാഡ രണ്ടാം സ്ഥാനത്തെത്തിയത്. ചെന്നൈ മേഖലയിൽ 98.47%, ബെംഗളൂരു മേഖലയിൽ 96.95% എന്നിങ്ങനെയാണ് വിജയ ശതമാനം.

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ആണ് ഏറ്റവും പിന്നിൽ. 78.25 ആണ് ഇവിടുത്തെ വിജയശതമാനം. മികച്ച വിജയമാണ് പെൺകുട്ടികൾ കരസ്ഥമാക്കിയിരിക്കുന്നത്. 91 ശതമാനത്തിന് മുകളിൽ പെൺകുട്ടികൾ ഇത്തവണ വിജയിച്ചിട്ടുണ്ട്.

തിരുവനന്തപുരം മേഖല തന്നെയാണ് പത്താം ക്ലാസ് ഫലത്തിലും ഒന്നാം സ്ഥാനത്തുള്ളത്. 99.75% വിജയമാണ് തിരുവനന്തപുരം മേഖല നേടി. വിജയവാഡ മേഖലയിൽ 99.60%, ചെന്നൈ മേഖലയിൽ 99.30%, ബെംഗളൂരു മേഖലയിൽ 99.26% എന്നിങ്ങനെയാണ് വിജയ ശതമാനം.

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൽ അധികബാച്ച് അനുവദിക്കില്ലെന്ന് വ്യക്തമാക്കി വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. ബാച്ച് വർധിപ്പിക്കുന്നതിന് പരിമിതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ പ്രതിസന്ധികളില്ലെന്നും അത്തരത്തിലുള്ള പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സീറ്റ് വർധനയ്ക്ക് പകരം ബാച്ച് വർധനയാണ് വേണ്ടത് എന്ന ആവശ്യം ഇപ്പോൾ പരിഗണിക്കാനാവില്ല. കുറെ കുട്ടികൾ വിജയിച്ചിട്ടുണ്ട്. അതുകൊണ്ട് ഒരു ക്ലാസിൽ 65 കുട്ടികളൊക്കെ ഇരിക്കേണ്ടിവരും. ജമ്പോ ബാച്ചുകൾ അനുവദിക്കുന്ന വിഷയം ചർച്ചയിലുണ്ട്. ഒരു പ്രതിസന്ധിയും ഇപ്പോഴില്ല, എന്തെങ്കിലും ഉണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

അതേസമയം, പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കിയിരുന്നു. സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ മലപ്പുറത്ത് സമരം നടക്കുമെന്ന സൂചനയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുന്നോട്ടുവെയ്ക്കുന്നത്. അധിക ബാച്ചുകൾ അനുവദിക്കുക എന്ന ആവശ്യവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്.

അമരാവതി: ടെലിവിഷൻ താരം പവിത്ര ജയറാം അന്തരിച്ചു. വാഹനാപകടത്തിലാണ് കന്നഡ ടെലിവിഷൻ താരമായ പവിത്ര മരണപ്പെട്ടത്. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

അപകടത്തിൽ പവിത്രയുടെ ബന്ധു അപേക്ഷ, ഡ്രൈവർ ശ്രീകാന്ത്, നടൻ ചന്ദ്രകാന്ത് എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നടി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.

പിന്നാലെ വന്ന ബസ് കാറിൽ കൂട്ടിയിടിക്കുകയും ചെയ്തു. നിരവധി ആരാധകരാണ് പവിത്രയ്ക്ക് അനുശോചനം അറിയിച്ച് രംഗത്തെത്തിയത്.

തിരുവനന്തപുരം: കുട്ടികളുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ തിരയുകയും ഡൗൺലോഡ് ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി സൈബർ ഡിവിഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന. 16 കേസ്സുകളാണ് പരിശോധനയെ തുടർന്ന് രജിസ്റ്റർ ചെയ്തിരിരിക്കുന്നത്.

സ്മാർട്ട് ഫോണുകൾ ഉൾപ്പെടെ 57 ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഓപ്പറേഷൻ പി ഹണ്ട് 24.1 എന്ന പേരിൽ മെയ് 12 ന് രാവിലെ ഏഴു മണിക്കാണ് സംസ്ഥാനവ്യാപകമായി പരിശോധന ആരംഭിച്ചത്. സൈബർ ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ വിവിധ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘങ്ങളും പരിശോധനയിൽ പങ്കെടുത്തു.

വൈറസ് വിഭാഗത്തിൽപ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ്. പനി, വിശപ്പില്ലായ്മ , ഓക്കാനം , ഛർദി , കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ കരളിൻറെ പ്രവർത്തനത്തിനെ ബാധിച്ച് മരണം വരെ സംഭവിക്കാം. അതിനാൽ തന്നെ രോഗ ലക്ഷണങ്ങളെ അവഗണിക്കാതെ ശാസ്ത്രീയമായ ചികിത്സാരീതികൾ തേടേണ്ടതാണ്. അശാസ്ത്രീയ ചികിത്സാ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും രോഗിയുടെ ജീവന് തന്നെ ഭീഷണിയാകും.

പ്രതിരോധ മാർഗങ്ങൾ:

തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താതിരിക്കുക. കൈകൾ ആഹാരത്തിനു മുമ്പും ടോയ്ലെറ്റിൽ പോയതിന് ശേഷവും സോപ്പുപയോഗിച്ച് നന്നായി കഴുകുക. കുടിവെള്ള സ്രോതസുകൾ, കിണർ, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകൾ തുടങ്ങിയവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക. വ്യക്തി ശുചിത്വത്തിനും ഗാർഹിക ആവശ്യങ്ങൾക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും പലപ്രാവശ്യം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. തണുത്തതും പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാർത്ഥങ്ങൾ, കേടുവന്ന പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി.

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ മുന്നണിയായ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകി ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്രിവാൾ. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.

സ്‌കൂളുകളും ആശുപത്രികളും തുറക്കുമെന്ന തന്റെ പ്രഖ്യാപനത്തിനോട് ഇന്ത്യ സഖ്യത്തിലെ ഒരു കക്ഷിയും എതിർപ്പ് കാണിക്കില്ലെന്നാണ് വിശ്വാസം. ലോക്സഭാ തിരഞ്ഞെടുപ്പിൽ എഎപി വിജയിച്ചാൽ നടപ്പാക്കാൻ പോകുന്ന പത്ത് വാഗ്ദാനങ്ങളെക്കുറിച്ച് സഖ്യകക്ഷികളുമായി ചർച്ച നടത്താത്തതിൽ കേജ്രിവാൾ ഖേദം പ്രകടിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് കെജ്രിവാൾ മോദിയുടെ ഗ്യാരണ്ടിയ്ക്ക് പകരം 10 വാഗ്ദാനങ്ങൾ മുന്നോട്ടുവെച്ചത്. വിലക്കയറ്റം പിടിച്ചുനിർത്തും, രാജ്യത്ത് എല്ലാവർക്കും വൈദ്യുതിയെത്തിക്കും, എല്ലാവർക്കും മികച്ച ചികിത്സ ഉറപ്പാക്കും, രാഷ്ട്ര സുരക്ഷ ഉറപ്പാക്കും, ചൈന കടന്നു കയറിയ ഭൂമി തിരിച്ചുപിടിക്കും, സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകും, അഗ്നിവീർ പദ്ധതി നിർത്തലാക്കും, നിലവിൽ പദ്ധതിയിൽ ചേർന്നവരെ സ്ഥിരപ്പെടുത്തും, കർഷകർക്ക് താങ്ങ് വിലയ്ക്ക് നിയമസാധുത നൽകും തുടങ്ങിയ ഗ്യാരണ്ടികളാണ് കെജ്രിവാൾ നൽകിയിരിക്കുന്നത്.

ഒരു വർഷത്തിനകം 2 കോടി ജോലി അവസരങ്ങൾ, ബിജെപിയുടെ വാഷിങ് മെഷീൻ ഇല്ലാതാക്കും, അഴിമതി കേസിൽ കൃത്യമായ അന്വേഷണം നടത്തി നടപടികളെടുക്കും, വ്യാപാരികൾക്ക് അനുകൂല വ്യവസ്ഥ നിർമ്മിക്കും, ചുവപ്പ് നാട ഒഴിവാക്കും എന്നിവയാണ് കെജ്രിവാളിന്റെ മറ്റ് ഗ്യാരണ്ടികൾ.

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃണമൂൽ കോൺഗ്രസിന്റേത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് അദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരേ ലൈംഗികാതിക്രമ ആരോപണണങ്ങൾ പ്രചരിച്ചതോടെ സന്ദേശ്ഖാലിയിലെ പീഡനത്തിനിരകളായ സ്ത്രീകളെ പാർട്ടിയുടെ ഗുണ്ടകൾ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ രൂപവത്കരിക്കാൻ മാത്രമല്ല പ്രതിപക്ഷത്തിരുന്നുപോലും തൃണമൂൽ കോൺഗ്രസിന് ഒന്നു ചെയ്യാൻ സാധിക്കില്ല. കോൺഗ്രസിനോ ഇടതുപക്ഷത്തിനോ സർക്കാരുണ്ടാക്കാൻ സാധ്യമല്ല. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിന് മാത്രമേ സ്ഥിരതയുള്ളതും ശക്തവുമായ സർക്കാരുണ്ടാക്കാനാകൂ. തൃണമൂൽ ഭരണത്തിന് കീഴിൽ ബംഗാൾ അഴിമതിയുടെ കേന്ദ്രമായെന്നും ബോംബ് നിർമാണത്തിന്റെ കുടിൽ വ്യവസായ കേന്ദ്രമായെന്നും മോദി കൂട്ടിച്ചേർത്തു.

രാമക്ഷേത്രനിർമാണത്തോടെ പ്രതിപക്ഷത്തിന്റെ ഉറക്കം നഷ്ടമായിരിക്കുകയാണ്. കൂടാതെ അവർ രാമക്ഷേത്രം ബഹിഷ്‌കരിക്കുകയും ചെയ്തു. 500 കൊല്ലത്തോളം രാമക്ഷേത്രത്തിനായി പോരാടിയ നമ്മുടെ പൂർവികരുടെ ആത്മാക്കൾ ഇവരുടെ പ്രവൃത്തികൾ കാണുന്നുണ്ട്. നിങ്ങളുടെ പൂർവികരുടെ അനുതാപത്തേയും ത്യാഗത്തേയും അവഹേളിക്കാതിരിക്കാനെങ്കിലും ശ്രമിക്കൂ. ശ്രീരാമനെ ബഹിഷ്‌കരിക്കുന്നത് ബംഗാളിന്റെ സംസ്‌കാരത്തിന് നിരക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂഡൽഹി: രാജ്യത്ത് ഭരണമാറ്റം ഉറപ്പാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ജനങ്ങൾ മാറ്റത്തിന് ആഗ്രഹിക്കുന്നുവെന്നും ജൂൺ നാലിന് ഭരണമാറ്റം വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മഹാരാഷ്ട്രയിൽ കോൺഗ്രസ് ശക്തമായി തിരിച്ചുവരുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. വോട്ടെടുപ്പ് മൂന്ന് ഘട്ടം കഴിഞ്ഞപ്പോൾ തന്നെ ബിജെപിയുടെ കഥ കഴിഞ്ഞു, എഴുപത്തിയഞ്ച് വയസ് തികയും മുമ്പ് മോദി പ്രധാനമന്ത്രി പദത്തിൽ നിന്നുമിറങ്ങും, ബിജെപിയിലെ പ്രായപരിധിയെ കുറിച്ച് പ്രതിപക്ഷമല്ല അമിത് ഷായാണ് ആദ്യം പറഞ്ഞതെന്നും തരൂർ ചൂണ്ടിക്കാട്ടി. മോദിക്ക് വേണ്ടി അമിത് ഷാ തന്നെ നിലപാട് മാറ്റി പറയുകയാണെന്നും തരൂർ കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് തെറ്റാണ്. കെജ്രിവാളിന്റെ തിരിച്ചുവരവ് ഇന്ത്യ സഖ്യത്തിന് ഊർജ്ജമാകും, ഡൽഹിയിലടക്കം വലിയ തോതിൽ സഹതാപ തരംഗമുണ്ടാകുമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ഹയർസെക്കൻഡറി (വൊക്കേഷണൽ) ഒന്നാംവർഷ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം മേയ് 16 ന് ആരംഭിച്ച് 25 ന് അവസാനിക്കും. മേയ് 29ന് ട്രയൽ അലോട്ട്‌മെന്റും ജൂൺ 5ന് ആദ്യ അലോട്ട്‌മെന്റും നടക്കും. ജൂൺ 24ന് ക്ലാസ് തുടങ്ങും.

അപേക്ഷ നൽകുന്നതിന് പത്താംതരം പഠിച്ച സ്‌കൂളിലെയോ, തൊട്ടടുത്ത സർക്കാർ/ എയ്ഡഡ് ഹയർസെക്കൻഡറി (വൊക്കേഷണൽ) സ്‌കൂളുകളിലെയോ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം. www.vhseportalkerala.gov.in/ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് Apply Online എന്ന ലിങ്കിലൂടെ നേരിട്ടും അപേക്ഷകൾ സമർപ്പിക്കാം.

ഹയർസെക്കൻഡറി തലത്തിലെ ‘NSQF” അധിഷ്ഠിതമായ 48 കോഴസുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. എയ്ഡഡ് ഹയർസെക്കൻഡറി (വൊക്കേഷണൽ) സ്‌കൂളുകളിലെ മാനേജ്മന്റ് ക്വോട്ട (20 ശതമാനം സീറ്റുകൾ) പ്രവേശനം അതത് മാനേജമെന്റുകളാണ് നടത്തുന്നത്. അതിനായി അതത് സ്‌കൂളുകളിൽ നിന്ന് ലഭിക്കുന്ന പ്രത്യേക അപേക്ഷാ പൂരിപ്പിച്ച് നൽകണം.