Politics (Page 586)

തിരുവനന്തപുരം : 19744 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കഴക്കൂട്ടത്ത് മന്ത്രിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ കടകംപള്ളി സുരേന്ദ്രന്‍ വിജയിച്ചു. തവനൂരില്‍ 3066 വോട്ടിന് യുഡിഎഫിന്റെ ഫിറോസ് കുന്നുംപറമ്പിലിനെ തോല്‍പിച്ച് മുന്‍ മന്ത്രി കെ.ടി.ജലീല്‍ വിജയിച്ചു. പാലക്കാട് ആദ്യഘട്ടം മുതല്‍ മുന്നേറിനിന്ന മെട്രോമാന്‍ ഇ.ശ്രീധരനെ 3890 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. അവസാനഘട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ഹാട്രിക് ജയം നേടി. തൃപ്പൂണിത്തുറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍ മന്ത്രിയുമായ കെ.ബാബു എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിനെ പരാജയപ്പെടുത്തി.

ഏറ്റുമാനൂരില്‍ സിപിഎം സ്ഥാനാര്‍ഥി വി.എന്‍.വാസവന്‍ 14,303 വോട്ടിന് ജയിച്ചു. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിന്‍സ് ലൂക്കോസിനെയാണ് പരാജയപ്പെടുത്തിയത്. യുഡിഎഫ് വിമത ലതിക സുഭാഷ് 50000ത്തില്‍ അധികം വോട്ട് പിടിച്ചു. കടുത്തുരുത്തിയില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മോന്‍സ് ജോസഫ് നാലായിരത്തോളം വോട്ടിന് ജയിച്ചു. 61,000ത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷമാണ് ശൈലജ നേടിയത്.15-ാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പില്‍ സംസ്ഥാനത്ത് ഇടതുതരംഗമാണ് കണ്ടത്.

mani c kappan

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് അപ്രതീക്ഷിത വിജയം. ശക്തമായ മല്‍സരം നടക്കുന്ന മണ്ഡലമാണ് പാലാ. യുഡിഎഫ് വിട്ട് എല്‍ഡിഎഫ് പാളയത്തിലെത്തിയ ജോസ് കെ മാണിക്ക് മണ്ഡലത്തില്‍ കനത്ത തിരിച്ചടി .ജോസ് കെ മാണിക്ക് വ്യക്തമായ ആധിപത്യമുള്ള സ്ഥലങ്ങളിലെല്ലാം മാണി സി കാപ്പന്‍ മികച്ച മുന്നേറ്റമാണ് നടത്തിയത്.

നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കെ എം മാണിയുടെ തേരേറ്റം അവസാനിപ്പിച്ച് എല്‍ഡിഎഫിന് വേണ്ടി പാലാ പിടിച്ചെടുത്ത മാണി സി കാപ്പന്‍ ഇപ്പോള്‍ യുഡിഎഫിന് വേണ്ടിയാണ് അങ്കത്തട്ടിലുള്ളത്. പാലാ വിട്ടുകൊടുക്കാത്തതിന്റെ പേരിലാണ് മാണി സി കാപ്പന്‍ എല്‍ഡിഎഫുമായുള്ള ബന്ധം വിച്ഛേദിച്ച് പുതിയ പാര്‍ട്ടിയുണ്ടാക്കി യുഡിഎഫിനൊപ്പം ചേര്‍ന്നത്. പാലായിലെ ജനങ്ങള്‍ മാണി സി കാപ്പനെ നെഞ്ചേറ്റിയെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിച്ചത്. അതോടൊപ്പം ജോസ് കെ മാണിയെ മണ്ഡലത്തിലെ ജനങ്ങള്‍ കൈവിട്ടെന്നും ഇത് സൂചിപ്പിക്കുന്നു.

ഇടതുപക്ഷ സ്വാധീന മേഖലകളില്‍ കാപ്പന്‍ മുന്നേറ്റം നടത്തിയതാണ് ജോസ് കെ മാണിക്ക് തിരിച്ചടിയായത്. വോട്ടെണ്ണി ആദ്യ മണിക്കൂറില്‍ ജോസ് കെ മാണി മുന്നില്‍ വന്നെങ്കിലും കാപ്പന്‍ നാടയകീയമായി മുന്നേറുകയാണ്. പാലായില്‍ മാണി സി കാപ്പനും ജോസ് കെ മാണിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആദ്യമുണ്ടായിരുന്നത്. തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ജോസ് കെ മാണി 132 വോട്ടിന് ലീഡ് ചെയ്തു. എന്നാല്‍, ഇവിഎം എണ്ണിത്തുടങ്ങിയതോടെ മാണി സി കാപ്പന്‍ ലീഡ് തിരിച്ചുപിടിച്ചു.

333 വോട്ടിന് കാപ്പന്‍ ലീഡ് ചെയ്‌തെങ്കിലും വൈകാതെ ജോസ് കെ മാണി ലീഡ് തിരിച്ചുപിടിച്ചു. എന്നാല്‍, കാപ്പന്‍ വീണ്ടും ലീഡ് തിരിച്ചുപിടിച്ചു. രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മാണി സി കാപ്പന്‍ 3000ല്‍ അധികം വോട്ടുകള്‍ക്ക് ലീഡ് ചെയ്തിരുന്നു. അടുത്ത റൗണ്ടുകളിലെത്തിയപ്പോല്‍ കാപ്പന്‍ ലീഡ് ഉയര്‍ത്തിക്കൊണ്ടിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തന്നെ ജോസ് കെ മാണിയ്ക്കാണ് സാധ്യത കല്‍പ്പിച്ചത്. ഇതെല്ലാം ഇപ്പോള്‍ അപ്രസക്തമായിരിക്കുകയാണ്.

വമ്പൻ ഭൂരിപക്ഷം നൽകി വിജയത്തിലേക്ക് നയിക്കുന്ന വോട്ടർമാരോട് നന്ദി പറഞ്ഞ് എംഎം മണി. എല്ലാവർക്കും നന്ദി എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ഒപ്പം എതിർ സ്ഥാനാർത്ഥിയായ ഇ.എം. അഗസ്തിയെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.

സുഹൃത്തുകൂടിയായ ഇ.എം. അഗസ്തി നല്ല മല്‍സരമാണ് കാഴ്ച വെച്ചത്. മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിംഗില്‍ പ്രതിഫലിച്ചതെന്നും മണി കുറിച്ചു. എന്നാല്‍ ടെലിവിഷന്‍ ചാനലില്‍ പന്തയം വച്ചതുപോലെ മൊട്ടയടിക്കരുതെന്നും മണിയാശാന്‍ അഗസ്‌തിയോട് അഭ്യര്‍ത്ഥിച്ചു.

ആര് വാഴും ആര് വീഴുമെന്നത് വരും മണിക്കൂറുകളില്‍ തന്നെ നമുക്ക് അറിയാം . ചരിത്രത്തിലാദ്യമായി ആയിരിക്കാം ജയിച്ച പാര്‍ട്ടിയുടെ ആഘോഷങ്ങളും ആരവങ്ങളും ഇല്ലാത്ത ഇലക്ഷന്‍ റിസള്‍ട്ട് ദിനം. അഞ്ചുവര്‍ഷങ്ങളില്‍ ഒരിക്കല്‍ കേരളക്കര കാണുന്ന പല കാഴ്ചകളും ഇത്തവണ ഉണ്ടാകില്ല. ഈ അവസരത്തിൽ ആര് ജയിച്ചാലും ഒരാള്‍ തോൽക്കണമെന്ന് പറഞ്ഞിരിക്കുകയാണ് പ്രജേഷ് സെൻ.

ആര് ജയിച്ചാലും കൊറോണ തോൽക്കണം, വീട്ടിലിരിക്കൂ വിജയിക്കൂ’ എന്നെഴുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ആരോഗ്യത്തോടെയും സുരക്ഷിതമായും വീട്ടിലിരിക്കൂ എന്ന ഹാഷ് ടാഗും അദ്ദേഹം കുറിച്ചിരിക്കുകയാണ്.

ജയസൂര്യയെ നായകനാക്കി ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകളൊരുക്കി ശ്രദ്ധേയനായ സംവിധായകനാണ് പ്രജേഷ് സെൻ. ആദ്യമായി മഞ്ജു വാര്യരും ജയസൂര്യയും ഒന്നിക്കുന്ന ‘മേരി ആവാസ് സുനോ ‘ എന്ന ചിത്രത്തിന്റെ തിരക്കിലാണ് പ്രജേഷ് സെന്‍. വെള്ളം ആണ് അദ്ദേഹത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്.

കേരളമാകെ ശ്രദ്ധിച്ച മൽസരത്തിൽ, വടകരയിൽ ആർഎംപിഐ സ്ഥാനാർഥി കെ.കെ. രമ എൽ
ഡി എഫിനെ പിന്നിലാക്കി മുന്നേറുന്നു. സിപിഎം അഭിമാന മൽസരമായി കണക്കാക്കുന്ന വടകരയിൽ എന്തുവില കൊടുത്തും രമയെ പരാജയപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യം.വടകരയിൽ ടി.പി. ചന്ദ്രശേഖരന്റെ ആർഎംപിയും സോഷ്യലിസ്റ്റുകളും നേർക്കുനേർ വന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്. ആർഎംപിക്ക് കൃത്യമായ വോട്ട് അടിത്തറയുള്ള മണ്ഡലമാണ് വടകര. യുഡിഎഫിന്റെ വോട്ടുകൾകൂടി ചേർന്നതായാണ് ആദ്യ ഫലങ്ങൾ നൽകുന്ന സൂചന.

നേരത്തേ ഒറ്റയ്ക്ക് മൽസരിച്ച് ആർഎംപി ശക്തി പ്രകടിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും വിജയത്തിലേക്ക് എത്തിയിരുന്നില്ല. വടകരയിൽ മത്സരിക്കുന്നതു ഘടകകക്ഷിയാണെങ്കിലും സ്വന്തം മണ്ഡലമെന്ന കരുതലുണ്ടായിരുന്നു സിപിഎമ്മിന്; ഓരോ ചുവടിലും അടവിലും സിപിഎമ്മിന്റെ മേൽനോട്ടവും. കാരണം വടകരയിൽ തോൽക്കുകയെന്നാൽ ടി.പി.ചന്ദ്രശേഖരനോടു തോൽക്കുക എന്നാണ് സിപിഎം കരുതിയിരുന്നത്.

തിരുവനന്തപുരം : എണ്ണുന്ന ഓരോ തപാല്‍ വോട്ടുകളും കൗണ്ടിങ് ഏജന്റുമാരെ കാണിച്ച് ബോധ്യപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. വോട്ടെണ്ണലിൽ മനപ്പൂർവം കൃത്രിമം കാണിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.കേന്ദ്ര മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്രക്കും സംസ്ഥാന മുഖ്യ തിരെഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്കും സംസ്ഥാനത്തെ പോസ്റ്റൽ ബാലറ്റുകളുടെ പിന്തുണ ഉള്ള അഡിഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ്‌ കൗളിനും നൽകിയ കത്തിലാണ് പ്രതിപക്ഷ നേതാവ് ആവശ്യങ്ങള്‍ ഉന്നയിച്ചത്.

പോസ്റ്റൽ ബാലറ്റുകളിലെ മാർക്കിംഗ് കൗണ്ടിങ് ഏജന്റുമാരുടെ മുന്നിൽ പ്രദർശിപ്പിക്കണം.ഓരോ ബൂത്തുകളിലെയും മൊത്തം ഫലങ്ങൾ കൗണ്ടിങ് ഏജന്റുമാരെ കാണിച്ചു ബോധ്യപ്പെടുത്തണം. വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും കൗണ്ടിങ് ഏജന്റുമാരെ വിശ്വാസത്തിലെടുത്തു മാത്രമേ മുന്നോട്ട് പോകാവൂ. അന്തിമ ഫല പ്രഖ്യാപനം വരുന്നതിനു മുമ്പ് അവരെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തിയിരിക്കണം എന്നും രമേശ് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: കേരളമെഴുതിയ വിധിയെന്തെന്നറിയാന്‍ ഇനി അല്‍പസമയം മാത്രം. കേരളത്തോടൊപ്പം തമിഴ്‌നാട്, പശ്ചിമബംഗാള്‍, പുതുച്ചേരി, അസം എന്നീ നിയമസഭകളിലേക്കും മലപ്പുറം ലോക്‌സഭയിലേക്കടക്കം നടന്ന ഉപതിരഞ്ഞെടുപ്പുകളിലേയും ജനവിധി ഇന്നാണ്. 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും നാലു വരെ ഹാളുകളാണ് ഉപയോഗിക്കുന്നത്.ശനിയാഴ്ച വരെ തിരികെ ലഭിച്ച തപാല്‍ ബാലറ്റുകള് 4,56,771 ആണ്.

എന്നാല്‍, വോട്ടെണ്ണലിന് ശേഷമുള്ള വിജയാഹ്ലാദപ്രകടനങ്ങള്‍ക്കായി ഇറങ്ങുന്നത് തടഞ്ഞിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളും സാഹചര്യത്തില്‍ പൊതുനിരത്തുകളില്‍ ശക്തമായ പൊലീസ് സാന്നിധ്യവും പരിശോധനയുമുണ്ടാകും. കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ സുരക്ഷയ്ക്കുണ്ട്. 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും കൂടുതല്‍ സേനയെ നിയോഗിച്ചിട്ടുണ്ട്.

കോട്ടയം: കേരളം ആര് ഭരിക്കണമെന്ന് ഞാനും ബിജെപിയും ചേർന്ന് തീരുമാനിക്കുമെന്ന് കേരള ജനപക്ഷം നേതാവും പൂഞ്ഞാര്‍ മണ്ഡലം സ്ഥാനാര്‍ഥി പി.സി ജോര്‍ജ്. പൂഞ്ഞാറില്‍ താന്‍ അമ്പതിനായിരം വോട്ട് നേടി ജയിക്കുമെന്ന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പി സി വ്യക്തമാക്കി. സംസ്ഥാനത്ത് തൂക്കുസഭ വരുമെന്നും അദ്ദേ​ഹം പറഞ്ഞു.‘പൂഞ്ഞാറിലെ ജനങ്ങള്‍ എന്നെ ഉപേക്ഷിക്കില്ല. നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. പതിനായിരം മുതല്‍ അന്‍പതിനായിരം വരെ ഭൂരിപക്ഷം നേടും. ആരെല്ലാം എന്ത് നുണപ്രചരണം നടത്തിയാലും എന്ത് ഗുണ്ടായിസം നടത്തിയാലും പൂഞ്ഞാറിലെ ജനങ്ങള്‍ എന്‍റെ കൂടെ കാണും. എന്നെ പരാജയപ്പെടുത്താന്‍ ദൈവം തമ്പുരാൻ വിചാരിക്കണം. അദ്ദേഹത്തിനല്ലാതെ മറ്റാർക്കും അതിനു സാധിക്കില്ലെന്നും അദ്ദേ​ഹം പറഞ്ഞു.

ഉദാരമതികളായ ഹൈന്ദവ ജനതയുടെ സദ്മനോഭാവം ഒന്നുകൊണ്ടു മാത്രമാണ് രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ ജീവിച്ചതും, വളര്‍ന്നതും. എന്നാല്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ചിലര്‍ ഭാരതത്തെ സ്‌നേഹിക്കുന്നതിന് പകരം രാജ്യത്തെ ശിഥിലീകരിക്കാനാണ് ശ്രമിക്കുന്നത്. ഇത് രാജ്യദ്രോഹമാണ്. ഇത്തരക്കാരാണ് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ തനിക്കെതിരെ തിരിഞ്ഞത്. ഇക്കൂട്ടരെ അവഗണിച്ച് മുന്നോട്ടു പോകാനുള്ള തീരുമാനത്തിന് വലിയ പിന്തുണയാണ് വിവിധ മേഖലകളില്‍ നിന്ന് പിന്നീട് ലഭിച്ചതെന്നും അദ്ദേഹം വിശദമാക്കി.

കണ്ണൂർ: ശബരിമല യുവതി പ്രവേശനം തെരഞ്ഞെടുപ്പ് ആയുധമാക്കിയതാണ് യു.ഡി.എഫിന് പറ്റിയ ഏറ്റവും വലിയ മണ്ടത്തരമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഒരിക്കൽ ജനങ്ങളെ കബളിപ്പിച്ചു. പക്ഷെ എല്ലാക്കാലവും അത് നടക്കില്ല. കെ.കെ ശൈലജ പറഞ്ഞു.നൂറ് സീറ്റ് വരെ നേടി എൽ.ഡി.എഫ് ഭരണം നിലനിർത്തും.

കോവിഡ് കാലത്തെ പ്രവർത്തനവും സർക്കാരിന് നേട്ടമാകുമെന്നും കെ.കെ. ശൈലജ പറഞ്ഞു.കൂത്തുപറമ്പിൽ കെ.പി മോഹനൻ തോൽക്കുമെന്ന പ്രചാരണം തെറ്റാണ്. ജനം ജയിപ്പിക്കുന്നത് വ്യക്തികളെയല്ലെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെയാണെന്നും ശൈലജ അഭിപ്രായപ്പെട്ടു.

മലപ്പുറം : കോവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് ഫലം വരുമ്പോഴുള്ള ആഹ്ളാദ പ്രകടനങ്ങൾ ഒഴിവാക്കണെന്ന് പ്രവര്‍ത്തകരോട് ലീഗ് നേതൃത്വം. സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളാണ് പ്രവര്‍ത്തകരോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ഫേസ്ബുക്കിലൂടെയാണ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പ്രവര്‍ത്തകരോട് ആഹ്ളാദ പ്രകടനങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. കാത്തിരുന്ന ഫലം നാളെ വരികയാണ്. നമ്മുടെ സംസ്ഥാനം ലോകോത്തരമായി വളരണം, അതിന്നുവേണ്ടി ജനങ്ങൾ എഴുതിയ വിധിയാണ് നാളെ പുറത്തുവരുന്നത്. സന്തോഷത്തിൻറെ ദിവസമാണ്. പക്ഷേ നമ്മുടെ സഹോദരങ്ങളായ ആയിരങ്ങൾ പ്രാണവായുവിന് വേണ്ടി കേഴുകയാണ്. മഹാമാരിയുടെ തടവറയിലാണ്. പ്രാർത്ഥനാപൂർവ്വം ആ ഓർമ്മകൾ ഉണ്ടായിരിക്കണം. അതുകൊണ്ട് നാളെ ആഹ്ലാദം വേണ്ട സംതൃപ്തി മതി- സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഫേസ്ബുക്കില്‍ കുറിച്ചു.