തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ വിജയിക്കുമെന്ന് ഉറപ്പ് പറയാൻ കാരണം ജനങ്ങൾ നൽകിയ വിശ്വാസമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന്‍റെ വിജയത്തിന്‍റെ നേരവകാശികൾ കേരളജനതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.വലിയ സന്തോഷം ആഘോഷിക്കാനുള്ള സമയമല്ല. വലിയ തോതില്‍ ആഘോഷത്തിന് തയാറെടുത്തവര്‍ അടക്കം ഒഴിഞ്ഞുനില്‍ക്കുന്ന നിലയാണ്. വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയാണ്.
തെരഞ്ഞെടുപ്പ് തുടക്കത്തിലും മധ്യത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും എല്ലാം ഒരേ നിലയാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ആവര്‍ത്തിച്ചത്. അത്തരമൊരു നിലപാട് എന്തുകൊണ്ടാണ്, എത്ര വലിയ ഉറപ്പ് എന്നൊക്കെ ചോദിച്ചവരുണ്ട്. അന്ന് പറഞ്ഞ മറുപടി. ഞങ്ങള്‍ ജനങ്ങളെ വിശ്വസിക്കുന്നു. ജനങ്ങള്‍ ഞങ്ങളെയും വിശ്വസിക്കുന്നു. അതിനാല്‍ കഴിഞ്ഞ തവണ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ സീറ്റ് നേടും എന്നായിരുന്നു പറഞ്ഞത്. അത് തീര്‍ത്തും അന്വര്‍ത്ഥമാകുന്ന വിധത്തിലാണ് ഫലം വന്നിരിക്കുന്നത്.

