നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനവിധി അംഗീകരിക്കുന്നു. അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ഈ പരാജയം പ്രതീക്ഷിച്ചില്ല. കേരളത്തിലെ നിലനിൽക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഴിമതിയും കൊള്ളയും ഞങ്ങൾ എടുത്തുപറഞ്ഞിരുന്നു. അത് ഇല്ലാതായെന്നൊന്നും ഈ വിജയം കൊണ്ട് ആരും കരുതേണ്ട എന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
“വിജയിച്ചുവന്ന എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. എല്ലാ നിയമസഭാ സാമാജികരെയും ഞാൻ പ്രത്യേകം അഭിനന്ദിക്കുകയാണ്. ഈ വസ്തുതകളെപ്പറ്റി വിശദമായി പഠിച്ചതിനു ശേഷം കൂടുതൽ കാര്യങ്ങൾ പിന്നീട് പറയും. സർക്കാരിൻ്റെ തെറ്റുകൾ ചൂണ്ടിക്കാണിച്ച് സർക്കാരിനെ തിരുത്തുക എന്നതാണ് പ്രതിപക്ഷത്തിൻ്റെ ധർമ്മം. ആ പ്രതിപക്ഷ ധർമ്മം നന്നായി നിറവേറ്റാൻ യുഡിഎഫിനു സാധിച്ചിട്ടുണ്ട്.”- രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്‌ക്കുന്ന കാര്യം കൂട്ടായി ആലോചിച്ച് തീരുമാനിക്കും. കോൺഗ്രസ് നിരവധി വിജയങ്ങളും പരാജയങ്ങളും കണ്ടിട്ടുണ്ട്. ഇതൊക്കെതാത്ക്കാലിക തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

