കോട്ടയം; പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുള്‍പ്പെടെ വമ്പന്‍ നേതാക്കള്‍ പ്രചാരണക്കളം നിറഞ്ഞാടിയിട്ടും കേരളത്തില്‍ ഉണ്ടായിരുന്ന സീറ്റ് പോലും നേടാനാകാതെ തകര്‍ന്നടിഞ്ഞ് ബിജെപി. പെട്രോള്‍, ഡീസല്‍ വില വര്‍ധനയുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ബിജെപിക്ക് തിരിച്ചടിയായത്. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മെട്രോമാന്‍ ഇ. ശ്രീധരനെ ഒപ്പം നിര്‍ത്തി താമരചിഹ്നത്തില്‍ മത്സരിപ്പിക്കാന്‍ കഴിഞ്ഞത് നിഷ്പക്ഷ വോട്ടുകള്‍ അനുകൂലമാക്കുമെന്ന പാര്‍ട്ടി പ്രതീക്ഷയും പാളി. ഇടതുമുന്നണിക്കൊപ്പമോ അൽപം കൂടുതലായോ പണമൊഴുക്കി രംഗം കൊഴുപ്പിക്കുന്നതിൽ ബിജെപി ഏറെ മുന്നിലായിരുന്നു.
എണ്ണയിട്ട യന്ത്രം പോലെ നേതാക്കൾ തലങ്ങും വിലങ്ങും പാഞ്ഞെങ്കിലും അതെല്ലാം വെറും ഉപരിപ്ലവം മാത്രമായിരുന്നുവെന്നാണ് തിരഞ്ഞെടുപ്പു ഫലം നൽകുന്ന സൂചന. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളും വിവാദങ്ങളും ശബരിമല സ്ത്രീപ്രവേശന വിഷയവും ഉയര്‍ത്തിക്കാട്ടി വമ്പന്‍ പ്രചാരണം അഴിച്ചുവിട്ട ബിജെപിക്ക് വിജയപ്രതീക്ഷയുണ്ടായിരുന്ന നേമം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ പോലും വന്‍ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്.
സംഘടനാ സംവിധാനവും പ്രവർത്തന രീതിയും പൊളിച്ചെഴുതിയില്ലെങ്കിൽ കേരളത്തിൽ പാർട്ടിയുടെ ഭാവി നിലവിലെ സംവിധാനത്തിൽ നിന്ന് ഉയരില്ലെന്നുതന്നെ വേണം കരുതാൻ.അതുകൊണ്ട് തന്നെയാണ് മറ്റു മുന്നണികളെപ്പോലെ മെട്രോമാൻ ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിച്ചതും. എന്നാൽ,അവസാനം വരെ പൊരുതിയ അദ്ദേഹത്തിനുപോലും ജയിക്കാനായില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ 85 ശതമാനത്തോളം വാർഡുകളിൽ മത്സരിച്ചത് അധ്യക്ഷനായി എത്തിയ കെ. സുരേന്ദ്രന്റെ നേട്ടമായി വിലയിരുത്തിയാണ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോയത്.
മത്സരിക്കുന്ന എല്ലായിടത്തും മറ്റു മുന്നണികളെപ്പോലെ പ്രവർത്തിക്കാൻ ആളുണ്ടെന്ന പ്രതീതി ഇതുവഴി ഉണ്ടാക്കി. എന്നാൽ തോന്നിപ്പിക്കലിനപ്പുറം പ്രവർത്തനം അടിത്തട്ടിലേക്ക് നീണ്ടില്ലെന്നാണ് ഫലം നൽകുന്ന സൂചന. ഒരിക്കൽക്കൂടി തകർന്നടിഞ്ഞ ദുരവസ്ഥയിലാണ് കേരളത്തിലെ എൻഡിഎയും ബിജെപിയും. പ്രചാരണരംഗത്ത് പടഹമുയർത്തിയ ബിജെപിക്കു കേരളത്തിന്റെ മനം കവരാനായില്ല. പ്രചാരണത്തിൽ തുടക്കത്തിൽ കാട്ടിയ കോലാഹലം വോട്ടായി മാറിയില്ല.

