തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിക്കും. പ്രതിസന്ധികളില്‍ കേരളാജനതയ്‌ക്കൊപ്പം നിന്ന മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാനം നല്‍കിയത് സമാനതകളില്ലാത്ത വിജയമാണ്. ചരിത്രം തിരുത്തികുറിച്ച് രണ്ടാംവട്ടവും എല്‍ഡിഎഫ് തുടര്‍ഭരണത്തിലേക്ക് നടന്നുകയറുകയായിരുന്നു. സെഞ്ച്വറിക്ക് ഒരു സീറ്റ് കുറഞ്ഞെങ്കിലും വിജയത്തിന് 2016നെക്കാളും പകിട്ട് ഉണ്ട്. എണ്‍പത് സീറ്റ് വരെ മാത്രം കണക്കുകൂട്ടിയ എല്‍ഡിഎഫ് പോലും ഞെട്ടിയ വിജയമായിരുന്നു സംസ്ഥാനത്തുണ്ടായത്.
പിണറായിയും,കെ കെ ശൈലജയും, എംഎം മണിയുമെല്ലാം വിജയിച്ചത് റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ്. എന്നാല്‍ മേഴ്‌സിക്കുട്ടിയമ്മയുടെ പരാജയം മുന്നണിക്ക് നഷ്ടമേകി. മന്ത്രിസഭയിലെ മൂന്നാം നമ്പര്‍ കാര്‍ ഉറപ്പിച്ച ജോസ് കെ മാണി പാലായില്‍ വീണതും, കല്‍പറ്റയില്‍ ശ്രേയാംസ് കുമാര്‍ തോറ്റതും തിരിച്ചടിയായി. ആലപ്പുഴ,അമ്പലപ്പുഴ,കോഴിക്കോട് നോര്‍ത്ത്,തൃശൂര്‍ അടക്കം ടേം വ്യവസ്ഥയില്‍ പ്രമുഖരെ മാറ്റി രണ്ട് ഡസന്‍ മണ്ഡലങ്ങളില്‍ ഭൂരിഭാഗവും വിജയിച്ചത് സിപിഎം ,സിപിഐ നേതൃത്വങ്ങള്‍ക്ക് ആശ്വാസമായി. എന്ത് വിലക്കൊടുത്തും തോല്പിക്കാന്‍ നേതൃത്വവും അണികളും ആഞ്ഞിറങ്ങിയ വടക്കാഞ്ചേരിയിലും,അഴീക്കോടും,തൃത്താലയിലും യുഡിഎഫ് യുവനിര തോല്‍ക്കുകയായിരുന്നു.ഇടതുമുന്നണിയില്‍ രണ്ടാം കക്ഷിയായ സിപിഐയക്കാള്‍ മൂന്നിരട്ടി വ്യത്യാസത്തിലാണ് കരുത്തോടെ സിപിഎം വിജയിച്ചത്. 12ല്‍ അഞ്ചിടത്ത് കേരള കോണ്‍ഗ്രസ് എം വിജയിച്ചു.നേമത്ത് മൂന്നാമനായ കെ.മുരളീധരന് ലഭിച്ചത് 35000ത്തോളം വോട്ടുകള്‍ മാത്രം. തൃശൂരില്‍ പത്മജയുടെ തോല്‍വിയും ഇരട്ടപ്രഹരമായി.
2021-05-03

