Politics (Page 576)

shibu

കൊല്ലം: ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിലെ രണ്ടാം പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ കൊലക്കേസുകളിലെ ദുരൂഹത എണ്ണിപ്പറഞ്ഞ് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ രംഗത്ത്. ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊലപാതകം മുതല്‍ മന്‍സൂര്‍ കൊലപാതകം വരെയുള്ള കേസുകള്‍ ഷിബു തന്റെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

ഷിബു ബേബി ജോണിന്റെ കുറിപ്പ്

കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിക്കുകയാണ്. അടുത്ത കാലത്തായി സി.പി.എം സമ്മര്‍ദ്ദത്തിലാകുന്ന ഏത് കേസ് എടുത്താലും അതിലേ ഒരു മുഖ്യ പ്രതി ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാകും അതെങ്ങനെ സംഭവിക്കുന്നു…?

കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ്: ഒരു പ്രതി കൊല്ലപ്പെട്ടു.
ശുക്കൂര്‍ വധക്കേസ് : ഒരു പ്രതി ആത്മഹത്യ ചെയ്തു.
ഫസല്‍ വധക്കേസ് : മൂന്ന് പ്രതികള്‍ കൊല്ലപ്പെട്ടു.
വാളയാര്‍ ഇരട്ട കൊല : ഒരു പ്രതി ആത്മഹത്യ ചെയ്തു.
മന്‍സൂര്‍ വധക്കേസ് : ഒരു പ്രതി ആത്മഹത്യ ചെയ്തു.

സ്വന്തം അയല്‍ക്കാരനെയും സുഹൃത്തിനെയും പോലും ബോംബെറിഞ്ഞും ക്രൂരമായി വെട്ടിയും കുത്തിയും കൊല്ലാന്‍ ഒരു മടിയും ഇല്ലാത്തവര്‍ ആത്മഹത്യ ചെയ്യാന്‍ മാത്രം മനസ്സിന് ബലമില്ലാത്തവരാണെന്ന് വിശ്വസിക്കാന്‍ ആര്‍ക്ക് കഴിയും?
ഉന്നതങ്ങളിലേക്ക് അന്വേഷണം എത്തപ്പെടാതിരിക്കാനുള്ള ആസൂത്രിത കൊലപാതകങ്ങള്‍ ആണിതെല്ലാമെല്ലാം എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാകുമോ?
പാര്‍ട്ടിയ്ക്ക് വേണ്ടി ക്വട്ടേഷന്‍ ഏറ്റെടുക്കുന്നവരെ, നിങ്ങള്‍ക്ക് പിന്നിലും പാര്‍ട്ടിയുടെ കൊലയാളിക്കണ്ണുകള്‍ കാത്തിരിപ്പുണ്ടെന്ന് ഓര്‍ക്കണം.

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. വ്യാഴാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിട്ടും അസുഖബാധിതനായതുകൊണ്ട് ഹാജരാകാതിരുന്ന സ്പീക്കറെ തിരുവനന്തപുരത്തെ ഔദ്യോഗികവസതിയിലെത്തിയാണ് മൊഴിയെടുത്തത്. കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യല്‍ നാല് മണിക്കൂറോളം നീണ്ടു. സ്പീക്കറുടെ ഭരണഘടനാ പദവി പരിഗണിച്ചാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തതെന്നാണ് വിവരം.
യുഎഇ കോണ്‍സല്‍ ജനറല്‍ വഴി വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്നും ഗള്‍ഫില്‍ നിക്ഷേപം നടത്തിയെന്നുമാണ് സ്പീക്കര്‍ക്കെതിരെയുള്ള കേസ്.

തിരുവനന്തപുരം: ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുന്നത് സംബന്ധിച്ച് കെ.ടി ജലീല്‍ നിയമവിദഗ്ദ്ധരുമായി ആലോചന തുടങ്ങി. ഹൈക്കോടതി വെക്കേഷന്‍ ബെഞ്ചിലേക്ക് അടിയന്തിര പ്രാധാന്യത്തോടെ ഹര്‍ജി എത്തിക്കാനാണ് ശ്രമം.
ന്യൂനപക്ഷ കോര്‍പ്പറേഷന്റെ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി നല്‍കിയ പരാതിയിലാണ് വിധി വന്നത്.ബന്ധുനിയമനത്തില്‍ ജലീലിന്റേത് അധികാര ദുര്‍വിനിയോഗമാണെന്ന് ലോകായുക്ത നിരീക്ഷിച്ചു.
ഇതോടെ ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കും. ജലീലിനെ പുറത്താക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആരോപണം ഉയര്‍ന്നപ്പോള്‍ ജലീലിനെ പിന്തുണച്ച മുഖ്യമന്ത്രി ജനങ്ങളോട് മാപ്പുപറയാന്‍ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

പാലക്കാട്: ഏതെങ്കിലുമൊരു കീഴ്കോടതിയിൽ നിന്ന് പ്രതികൂല വിധിയുണ്ടായാൽ അപ്പോൾ തന്നെ രാജിവെക്കുന്ന കീഴ്വഴക്കമില്ലെന്ന് മന്ത്രി എ.കെ. ബാലൻ. ബന്ധു നിയമനത്തിൽ മന്ത്രി കെ.ടി. ജലീലിനെതിരായ ലോകായുക്ത വിധിയുമായി ബന്ധപ്പെട്ട് ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജലീലിന്‍റെ ബന്ധു അദീബിനെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമിച്ചത്. ബന്ധു നിയമപരമായി അർഹനാണോ എന്നുള്ളതേ പരിശോധിക്കേണ്ടതുള്ളൂ. ഡെപ്യൂട്ടേഷനിൽ ബന്ധു പറ്റില്ലെന്ന് നിയമത്തിൽ എവിടെയും പറയുന്നില്ലെന്നും മന്ത്രി ബാലൻ പറഞ്ഞു

കെ.എം. മാണി ഉൾപ്പെടെ നിരവധി പേർ ഡെപ്യൂട്ടേഷനിൽ അർഹരായ ബന്ധുക്കളെ നിയമിച്ചിട്ടുണ്ട്. അദീബ് യോഗ്യനാണോയെന്നത് സംബന്ധിച്ച് ഗവർണറെയും ഹൈകോടതിയെയും ജലീൽ നേരത്തെ തന്നെ ബോധ്യപ്പെടുത്തിയതാണ്. ലോകായുക്തയുടെ വിധിയുമായി ബന്ധപ്പെട്ട് ആവശ്യമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ജലീൽ തന്നെ വ്യക്തമാക്കിയതാണ്. കോടതി വിധി വന്നയുടൻ രാജിവെക്കുന്ന സ്ഥിതി എവിടെയുമുണ്ടായിട്ടില്ല.

കൊച്ചി: കെ.ടി ജലീല്‍ തന്റെ ബന്ധുവായ കെ.ടി അദീബിന്റെ യോഗ്യതയ്ക്കനുസരിച്ച് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ യോഗ്യതാമാനദണ്ഡം മാറ്റണമെന്നാവശ്യപ്പെട്ട് നല്‍കിയ കത്ത് പുറത്ത്. മന്ത്രിയായി രണ്ട് മാസത്തിന് ശേഷമാണ് ഇത്തരത്തിലൊരു കത്ത് നല്‍കിയത്.ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 29-6-2013 ല്‍ കൃത്യമായ യോഗ്യത നിശ്ചയിച്ചിരുന്നു. ഈ ഉത്തരവില്‍ മാറ്റം വരുത്തണണെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് 26-7-2016 ല്‍ ജിഐഡി സെക്രട്ടറിക്ക് മന്ത്രി കത്ത് നല്കിയത്.ഈ കത്തിന്റെ അടിസ്ഥാനത്തില്‍ യോഗ്യത മാറ്റി നിശ്ചയിച്ചു സെക്രട്ടറി ഉത്തരവിറക്കുകയും ചെയ്തു.സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിയെ മാറ്റണമെന്ന് ലോകായുക്ത ഉത്തരവായി നല്കുന്നത്.

congress

ആസാം : അട്ടിമറി സാധ്യത കണക്കിലെടുത്ത് അസമില്‍ സ്ഥാനാര്‍ഥികളെ സുരക്ഷിത താവളത്തിലേയ്ക്ക് മാറ്റി കോണ്‍ഗ്രസും സഖ്യകക്ഷി എഐയുഡിഎഫും. രാജസ്ഥാനിലെ ഹോട്ടലിലേയ്ക്കാണ് സ്ഥാനാര്‍ഥികളെ മാറ്റിയതെന്നാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ ആറിന് അവസാനഘട്ട പോളിംഗ് നടന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസ് 20 സ്ഥാനാര്‍ഥികളെ രാജസ്ഥാനിലെ ഫെയര്‍മൗണ്ട് ഹോട്ടലിലേയ്ക്ക് മാറ്റിയത്. ഇതിനു പിന്നാലെ സഖ്യകക്ഷിയായ എഐയുഡിഎഫും സ്ഥാനാര്‍ഥികളെ ഹോട്ടലിലേയ്ക്ക് മാറ്റുകയായിരുന്നു.രാജസ്ഥാനിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷിയ്ക്കും എംഎല്‍എ റഫീഖ് ഖാനുമാണ് എംഎല്‍എമാരുടെ സംരക്ഷണ ചുമതല. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം അസമില്‍ അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരത്തില്‍ തിരിച്ചെത്താമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ സുരക്ഷിതകേന്ദ്രത്തിലേയ്ക്ക് സ്ഥാനാര്‍ഥികലെ ഫലം വരുന്നതിനു മുന്‍പേ മാറ്റിയത്.
തെരഞ്ഞെടുപ്പ് തോറ്റാല്‍ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നത് പുതിയ പതിവായിട്ടുണ്ടെന്നും ഈ സാഹചര്യത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ എന്നുമാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലാ വ്യക്തമാക്കുന്നത്. വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസ് പൂര്‍ണമായും അധികാരത്തില്‍ നിന്ന് പുറത്തായതിനു ശേഷം മേഖലയില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് അസമിലേത്. എന്നാല്‍ ഇത്തവണ ആദ്യമായി കോണ്‍ഗ്രസ് ഒറ്റയ്ക്കല്ല തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എഐയുഡിഎഫ്, ജിമോചായന്‍ പീപ്പിള്‍സ് പാര്‍ട്ടി, ആദിവാസി നാഷണല്‍ പാര്‍ട്ടി, സിപിഎം, സിപിഐ, സിപിഎംഎല്‍, ആഞ്ചലിക് ഗണ മോര്‍ച്ച, ബിപിഎഫ്, ആര്‍ജെഡി എന്നിങ്ങനെ പത്ത് പാര്‍ട്ടികള്‍ ചേര്‍ന്നാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിലെ ലോകയുക്ത റിപ്പോര്‍ട്ടിന് പ്രതികരണവുമായി മന്ത്രി കെ ടി ജലീല്‍. മുന്‍ ഗവര്‍ണറും മുന്‍ ചീഫ് ജസ്റ്റിസുമായ പി സദാശിവവും ഹൈക്കോടതിയും തള്ളിയ കേസിലാണ് ലോകായുക്തയുടെ വിധി. വിധി പകര്‍പ്പ് കിട്ടിയ ശേഷം നിയമവിദഗ്ധരുമായു ആലോചിച്ച്‌ നടപടികള്‍ സ്വീകരിക്കുമെന്നും ജലീല്‍ പറഞ്ഞു.

ബന്ധുവായ കെ.ടി അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ നിയമിച്ചതിൽ മന്ത്രി കെ.ടി ജലീൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് ലോകായുക്താ ഡിവിഷൻ ബെഞ്ച് വിധിച്ചത് അദീപിനെ ജനറൽ മാനേജരായി നിയമിച്ച ജലീൽ ആരോപണത്തിൽ കു‌റ്റക്കാരനാണ്. അധികാര ദുർവിനിയോഗമാണ് ജലീൽ നടത്തിയത്. സ്വജനപക്ഷപാതം കാട്ടിയ അദ്ദേഹത്തിന് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ലോകായുക്താ റിപ്പോർട്ടിൽ പറയുന്നു.

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ലോകായുക്തയുടെ കണ്ടെത്തൽ ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു. ബന്ധു നിയമനത്തിൽ ജലീൽ തെറ്റുകാരനാണെന്ന് ലോകായുക്ത കണ്ടെത്തിയതിന് പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം

പിണറായി സർക്കാരിലെ മന്ത്രിമാർക്ക് ഉറപ്പാണ് ജയിലെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. ജലീൽ തന്റെ ബന്ധുവായ അബീദ്നെ ന്യൂനപക്ഷ കോർപ്പറേഷന്റെ ജനറൽ മാനേജരായി നിയമിച്ചത് അനധികൃതമായാണെന്ന് വ്യക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. ജലീൽ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയത്. വരും ദിവസങ്ങളിൽ സർക്കാരിന്റെ കൂടുതൽ അഴിമതികൾ പുറത്തു വരുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം : തന്റെ കുടുംബം തകരുകയോ താന്‍ ആത്മഹത്യ ചെയ്യേണ്ടതായ കാര്യമോയില്ലെന്ന് വെളിപ്പെടുത്തി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ആത്മഹത്യയുടെ വക്കിലാണെന്ന് വ്യാജപ്രചരണം നടന്നതിന്റെ അടിസ്ഥാനത്തിലാണ് ഫേസ്ബുക്കി് ലൈവില്‍ അദ്ദേഹം വന്നത്. ഡോളര്‍കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, അസുഖമുള്ളതിനാല്‍ ഹാജരാകില്ലെന്നായിരുന്നു കസ്റ്റംസിന് സ്പീക്കര്‍ നല്‍കിയ വിശദീകരണം. ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സ്പീക്കര്‍്ക്ക് നോട്ടിസ് നല്കിയത്. സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങള്‍ അടങ്ങിയ സ്വപ്നയുടെ മൊഴി നേരത്തെ പുറത്തുവന്നിരുന്നു. സ്പീക്കര്‍ ദുരുദ്ദേശത്തോടെ തന്നെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവെന്നാണ് സ്വപ്ന വെളിപ്പെടുത്തിയത്. സിഎം ഓഫിസില്‍ ശിവശങ്കരിന്റെ ടീം ഉണ്ടായിരുന്നുവെന്ന് സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. സി എം രവീന്ദ്രന്‍, ദിനേശന്‍ പുത്തലത്തു അടക്കമുള്ള സംഘം ആയിരുന്നു ഇവര്‍. സര്‍ക്കാരിന്റെ പല പദ്ധതികളും ഇവര്‍ ബിനാമി പേരുകളില്‍ എടുത്തിരുന്നുവെന്നും സ്വപ്ന ആരോപിക്കുന്നു. ഹൈക്കോടതിയില്‍ നല്‍കിയ രണ്ടാം റിപ്പോര്‍ട്ടില്‍ ആണ് സ്വപ്നയുടെ മൊഴി ഉള്‍പെടുത്തിയത്. യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് രാജിവെക്കുന്ന കാര്യം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചിരുന്നുവെന്നും സ്വപ്ന പറയുന്നു.

സ്പീക്കര്‍ ഫേസ്ബുക് വീഡിയോയില്‍ പറഞ്ഞ കാര്യങ്ങള്‍ ചുവടെ:

ആത്മഹത്യയുടെ മുന്നില്‍ അഭയം പ്രാപിക്കുന്ന വ്യക്തിയല്ല ഞാന്‍. അത്ര ഭീരുവുമല്ല. ഏത് അന്വേഷണ ഏജന്‍സിയുടെ മുന്‍പിലും എപ്പോള്‍ വേണമെങ്കിലും ആവശ്യമുള്ള വിവരങ്ങള്‍ നല്‍കാവുന്നതാണ്. അവര്‍ ആവശ്യപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ അതിന്റെ ചിട്ടവട്ടങ്ങള്‍ കീഴ്വഴക്കങ്ങളും പാലിച്ചുകൊണ്ട് അത് യാഥാര്‍ഥ്യമാക്കുന്നതില്‍ ഒരു തടസ്സവുമില്ല. എന്നാല്‍ രക്തം കുടിക്കുന്ന ഡ്രാക്കുളയുടെ മനോഭാവത്തോടെ എന്റെ മരണം പ്രതീക്ഷിക്കുന്ന, മരണം ആഗ്രഹിക്കുന്ന തരത്തിലെ പ്രചാരണം നടക്കുന്നു. എനിക്കെതിരെയുള്ള വ്യക്തിപരമായ, ആക്രമണമായി ഞാന്‍ അതിനെ കരുതുന്നില്ല. ആ സുഹൃത്തിനോട് ഞാന്‍ പറയുന്നു, നിങ്ങള്‍ അതില്‍ പരാജയപ്പെടും, എന്റെ പ്രസ്ഥാനത്തിന്റെ കരുത്തിലും വേരിലുമാണ് ഞാന്‍ നില്‍ക്കുന്നത്..

കോഴിക്കോട്: അഞ്ചു വര്‍ഷം കൊണ്ട് ഏറ്റവും കൂടുതൽ കള്ളം പറഞ്ഞ മന്ത്രിയാണ് കെ.ടി. ജലീലെന്ന് മുസ്‌ലിം യൂത്ത്‌ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്.കെ.ടി. ജലീല്‍ മന്ത്രിയെന്ന നിലയില്‍ കൈപറ്റിയ എല്ലാ ആനുകൂല്യങ്ങളും തിരിച്ചടച്ച് കേരളീയ പൊതു സമൂഹത്തോട് മാപ്പുപറയണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു.മുസ്‌ലിം യൂത്ത് ലീഗ് കയ്യോടെ പിടികൂടി പൊതുസമൂഹത്തില്‍ വിഷയം എത്തിച്ചപ്പോള്‍ ഉണ്ടയില്ലാ വെടിയെന്നാണ് ജലീല്‍ പരിഹസിച്ചത്.നിയമവും ചട്ടവും ലംഘിച്ച് യോഗ്യതയില്ലാഞ്ഞിട്ടും നിയമിച്ച പിതൃസഹോദര പുത്രനെ രാജിവെപ്പിച്ച് കൈപറ്റിയ ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചടക്കുന്നതാണ് പിന്നീട് കണ്ടത്.

മോഷണമുതല്‍ തിരിച്ചേല്‍പ്പിച്ചാലും കള്ളന് രക്ഷപ്പെടാനാവില്ലെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു.ബന്ധുനിയമനം, മാര്‍ക്ക് ദാനം, ഈത്തപഴത്തിന്റെയും മറ്റും മറവില്‍ സ്വര്‍ണ്ണക്കടത്ത് തുടങ്ങിയ ആരോപണങ്ങള്‍ വന്നപ്പോഴെല്ലാം കവിതകളും ഉപമകളും കള്ളങ്ങളും കൊണ്ട് പ്രതിരോധം തീര്‍ക്കാനാണ് ശ്രമിച്ചത്. വസ്തുതാപരമായി മറുപടി പറയുന്നതിന് പകരം പാണക്കാട്ടു നിന്നല്ല മന്ത്രിയാക്കിയതെന്ന് ആക്രോശിച്ച ജലീലിന് ഭരണഘടനാ സ്ഥാപനമായ ലോകായുക്ത അയോഗ്യമാക്കിയതിനെ കുറിച്ച് എന്താണ് പറയാനുളളത്.

വിജിലന്‍സില്‍ നല്‍കിയ പരാതി പോലും അധികാരത്തിന്റെ ദണ്ഡ് ഉപയോഗിച്ച് അട്ടിമറിച്ചവര്‍ക്ക് കാലം കാത്തുവെച്ച പ്രഹരമാണ് ലോകായുക്ത വിധി. അയോഗ്യനാക്കപ്പെട്ട കെ.ടി ജലീല്‍ തന്റെ കുറ്റം ഏറ്റുപറയണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.അധികാര ദുര്‍വിനിയോഗം, സത്യപ്രതിജ്ഞാ ലംഘനം, സ്വജനപക്ഷപാതം തുടങ്ങിയവ നടത്തിയ കെ.ടി. ജലീലിന് മന്ത്രിയായി തുടരാന്‍ യോഗ്യതയില്ലെന്ന ലോകായുക്തയുടെ ഉത്തരവ് മുസ്‌ലിം യൂത്ത്‌ ലീഗിന്റെ പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരവും നീതിയുടെ വിജയവുമാണെന്നും അദ്ദേഹം പറഞ്ഞു.