ആസാം : അട്ടിമറി സാധ്യത കണക്കിലെടുത്ത് അസമില്‍ സ്ഥാനാര്‍ഥികളെ സുരക്ഷിത താവളത്തിലേയ്ക്ക് മാറ്റി കോണ്‍ഗ്രസും സഖ്യകക്ഷി എഐയുഡിഎഫും. രാജസ്ഥാനിലെ ഹോട്ടലിലേയ്ക്കാണ് സ്ഥാനാര്‍ഥികളെ മാറ്റിയതെന്നാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ ആറിന് അവസാനഘട്ട പോളിംഗ് നടന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസ് 20 സ്ഥാനാര്‍ഥികളെ രാജസ്ഥാനിലെ ഫെയര്‍മൗണ്ട് ഹോട്ടലിലേയ്ക്ക് മാറ്റിയത്. ഇതിനു പിന്നാലെ സഖ്യകക്ഷിയായ എഐയുഡിഎഫും സ്ഥാനാര്‍ഥികളെ ഹോട്ടലിലേയ്ക്ക് മാറ്റുകയായിരുന്നു.രാജസ്ഥാനിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷിയ്ക്കും എംഎല്‍എ റഫീഖ് ഖാനുമാണ് എംഎല്‍എമാരുടെ സംരക്ഷണ ചുമതല. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം അസമില്‍ അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരത്തില്‍ തിരിച്ചെത്താമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ സുരക്ഷിതകേന്ദ്രത്തിലേയ്ക്ക് സ്ഥാനാര്‍ഥികലെ ഫലം വരുന്നതിനു മുന്‍പേ മാറ്റിയത്.
തെരഞ്ഞെടുപ്പ് തോറ്റാല്‍ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നത് പുതിയ പതിവായിട്ടുണ്ടെന്നും ഈ സാഹചര്യത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ എന്നുമാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലാ വ്യക്തമാക്കുന്നത്. വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസ് പൂര്‍ണമായും അധികാരത്തില്‍ നിന്ന് പുറത്തായതിനു ശേഷം മേഖലയില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് അസമിലേത്. എന്നാല്‍ ഇത്തവണ ആദ്യമായി കോണ്‍ഗ്രസ് ഒറ്റയ്ക്കല്ല തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എഐയുഡിഎഫ്, ജിമോചായന്‍ പീപ്പിള്‍സ് പാര്‍ട്ടി, ആദിവാസി നാഷണല്‍ പാര്‍ട്ടി, സിപിഎം, സിപിഐ, സിപിഎംഎല്‍, ആഞ്ചലിക് ഗണ മോര്‍ച്ച, ബിപിഎഫ്, ആര്‍ജെഡി എന്നിങ്ങനെ പത്ത് പാര്‍ട്ടികള്‍ ചേര്‍ന്നാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
2021-04-10