കോഴിക്കോട്: അഞ്ചു വര്‍ഷം കൊണ്ട് ഏറ്റവും കൂടുതൽ കള്ളം പറഞ്ഞ മന്ത്രിയാണ് കെ.ടി. ജലീലെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്.കെ.ടി. ജലീല്‍ മന്ത്രിയെന്ന നിലയില്‍ കൈപറ്റിയ എല്ലാ ആനുകൂല്യങ്ങളും തിരിച്ചടച്ച് കേരളീയ പൊതു സമൂഹത്തോട് മാപ്പുപറയണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു.മുസ്ലിം യൂത്ത് ലീഗ് കയ്യോടെ പിടികൂടി പൊതുസമൂഹത്തില്‍ വിഷയം എത്തിച്ചപ്പോള്‍ ഉണ്ടയില്ലാ വെടിയെന്നാണ് ജലീല്‍ പരിഹസിച്ചത്.നിയമവും ചട്ടവും ലംഘിച്ച് യോഗ്യതയില്ലാഞ്ഞിട്ടും നിയമിച്ച പിതൃസഹോദര പുത്രനെ രാജിവെപ്പിച്ച് കൈപറ്റിയ ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചടക്കുന്നതാണ് പിന്നീട് കണ്ടത്.
മോഷണമുതല്‍ തിരിച്ചേല്‍പ്പിച്ചാലും കള്ളന് രക്ഷപ്പെടാനാവില്ലെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു.ബന്ധുനിയമനം, മാര്‍ക്ക് ദാനം, ഈത്തപഴത്തിന്റെയും മറ്റും മറവില്‍ സ്വര്‍ണ്ണക്കടത്ത് തുടങ്ങിയ ആരോപണങ്ങള്‍ വന്നപ്പോഴെല്ലാം കവിതകളും ഉപമകളും കള്ളങ്ങളും കൊണ്ട് പ്രതിരോധം തീര്‍ക്കാനാണ് ശ്രമിച്ചത്. വസ്തുതാപരമായി മറുപടി പറയുന്നതിന് പകരം പാണക്കാട്ടു നിന്നല്ല മന്ത്രിയാക്കിയതെന്ന് ആക്രോശിച്ച ജലീലിന് ഭരണഘടനാ സ്ഥാപനമായ ലോകായുക്ത അയോഗ്യമാക്കിയതിനെ കുറിച്ച് എന്താണ് പറയാനുളളത്.
വിജിലന്‍സില്‍ നല്കിയ പരാതി പോലും അധികാരത്തിന്റെ ദണ്ഡ് ഉപയോഗിച്ച് അട്ടിമറിച്ചവര്‍ക്ക് കാലം കാത്തുവെച്ച പ്രഹരമാണ് ലോകായുക്ത വിധി. അയോഗ്യനാക്കപ്പെട്ട കെ.ടി ജലീല്‍ തന്റെ കുറ്റം ഏറ്റുപറയണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.അധികാര ദുര്‍വിനിയോഗം, സത്യപ്രതിജ്ഞാ ലംഘനം, സ്വജനപക്ഷപാതം തുടങ്ങിയവ നടത്തിയ കെ.ടി. ജലീലിന് മന്ത്രിയായി തുടരാന്‍ യോഗ്യതയില്ലെന്ന ലോകായുക്തയുടെ ഉത്തരവ് മുസ്ലിം യൂത്ത് ലീഗിന്റെ പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരവും നീതിയുടെ വിജയവുമാണെന്നും അദ്ദേഹം പറഞ്ഞു.