Politics (Page 575)

തിരുവനന്തപുരം: വൈദ്യുതി, പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ കേരളാകോണ്‍ഗ്രിന് വിട്ടു നല്‍കുന്നതില്‍ സിപിഎമ്മില്‍ ആലോചന നടക്കുമ്പോള്‍ ഒരൊറ്റ വകുപ്പും വിട്ടുനല്‍കില്ലെന്ന കടുത്ത നിലപാടിലേക്ക് സിപിഐ. മന്ത്രിസഭാ രൂപീകരണത്തിനായി ഇടതുമുന്നണി യോഗം തിങ്കളാഴ്ച ചേരാനിരിക്കെ വകുപ്പ് വിഭജനത്തെപ്പറ്റി സിപിഎം-സിപിഐ നേതൃത്വങ്ങള്‍ അനൗപചാരിക ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. രണ്ടു മന്ത്രിസ്ഥാനം ചോദിച്ച ജോസ് കെ. മാണിയുടെ പാര്‍ട്ടിക്ക് ഒന്നു മാത്രമേ നല്കാനാവൂ എന്ന് സിപിഎം അറിയിച്ചു കഴിഞ്ഞു. ഇതോടെ നിര്‍ണായകവകുപ്പിന് വേണ്ടി കേരളാകോണ്‍ഗ്രസ് പിടി തുടങ്ങിയത്. പൊതുമരാമത്ത്, കൃഷി, ജലവിഭവം എന്നീ വകുപ്പുകളാണ് കേരള കോണ്‍്ഗ്രസ് ചോദിക്കുന്നത്. എന്നാല് ചീഫ് വിപ്പ് പദവിക്ക് അപ്പുറം ഒരു വകുപ്പും വിട്ടുനല്കാനാവില്ലെന്ന നിലപാടിലാണ് സിപിഐ. യുഡിഎഫില്‍ പോലും കേരള കോണ്‍ഗ്രസ് കൃഷി വകുപ്പ് കൈകാര്യം ചെയ്തിട്ടില്ലെന്നിരിക്കെ അതു ചോദിക്കുന്നത് യുക്തിയല്ലെന്ന് സിപിഐ നേതൃത്വം സൂചിപ്പിക്കുന്നു.സിപിഎം ആകട്ടെ ധനം, വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, തദ്ദേശം ഉള്‍പ്പടെയുള്ള ഒരു നിര്‍ണായ വകുപ്പുകളും വിട്ടുനല്കാന്‍് തയാറല്ല. സിപിഎമ്മിന്റെ സമ്പൂര്‍ണ സെക്രട്ടറിയോഗം തിങ്കളാഴ്ചത്തെ ഇടതുമുന്നണി യോഗത്തിന് ശേഷം ചൊവ്വാഴ്ചയേ ചേരൂ.

തിരുവനന്തപുരം: ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസിനെ വിലക്കിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ നടപടിയില്‍ പ്രതിഷേധവുമായി കേരള ടെലിവിഷന്‍ ഫെഡറേഷന്‍. കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ നിന്നായിരുന്നു വിലക്ക്. മലയാളമാധ്യമങ്ങളുടെ പ്രതിനിധികളെ മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഔദ്യോഗിക വിവരങ്ങള്‍ അറിയിക്കുന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് പോലും എഷ്യാനെറ്റ് ന്യൂസ് പ്രതിനിധികളെ പുറത്താക്കി.
ബി.ജെ.പി കേരളഘടകത്തിന്റെ നിസ്സഹകരണത്തിന്റെ ഭാഗമായാണ് നടപടി. കേന്ദ്രമന്ത്രിപദത്തിന് യോജിച്ചതാണോ ഈ സമീപനം എന്ന മാധ്യമ പ്രവര്ത്തകരുടെ ചോദ്യത്തിനുത്തരമായി താന്‍ ബി.ജെ.പി നേതാവ് കൂടിയാണ്, കേരള ബി.ജെ.പി ഘടകം നിസ്സഹകരിക്കാന്‍ തീരുമാനിച്ചിട്ടുള്ള ഒരു മാധ്യമത്തെ താന്‍ വിളിച്ചിട്ടില്ല എന്ന മറുപടിയാണ് മന്ത്രി നല്‍കിയത്.അതേസമയം, മാധ്യമങ്ങള്‍ക്ക് മാത്രമല്ല പൊതുസമൂഹത്തിനും ബോധ്യപ്പെടാത്ത കേന്ദ്രമന്ത്രിയുടെ ഈ ഏകപക്ഷീയമായ നിലപാട് തിരുത്തണമെന്നും ഏഷ്യാനെറ്റ് ന്യൂസിനുള്ള വിലക്ക് അവസാനിപ്പിക്കണമെന്നും കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാര്‍ എം.പിയും സെക്രട്ടറി ബേബി മാത്യു സോമതീരവും ആവശ്യപ്പെട്ടു.

m a baby

തിരുവനന്തപുരം; ഇസ്രായേൽ-പാലസ്തീൻ സംഘർഷത്തെ കേരളത്തിൽ വർഗീയ വിഭജനത്തിന് ഉപയോഗിക്കുന്ന ആർഎസ്എസ് സംഘടനകളുടെ വാദങ്ങൾ ജനങ്ങൾ തള്ളിക്കളയണമെന്ന് സിപിഎം നേതാവ് എംഎ ബേബി. ഇസ്രായേലിൽ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മരണത്തിൽ അനുശോചിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് ബേബിയുടെ പ്രതികരണം.

പലസ്തീനെ കയ്യേറി വച്ചിരിക്കുന്ന സയണിസ്റ്റുകളാണ് ഈ മേഖലയിലെ സംഘർഷത്തിന് കാരണം. നമ്മുടെ നാട്ടിലെ ആർഎസ്എസുകാരെപ്പോലെ മതതീവ്രവാദം രാഷ്ട്രീയത്തിൽ പ്രയോഗിക്കുന്ന ഒരു കൂട്ടം ഭീകരരാണിവർ. സയണിസ്റ്റുകളുടെ എല്ലാ ആക്രമണങ്ങളെയും എല്ലാ ജനാധിപത്യ വാദികളും തള്ളിക്കളയണമെന്നും കുറിപ്പിൽ ബേബി ആവശ്യപ്പെട്ടു.

ഇടുക്കി: ഇസ്രയേലില്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ ആവശ്യമായ ഇടപെടല്‍ സംസ്ഥാനസര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്ന് മന്ത്രി എം.എം. മണി. മാത്രമല്ല, സൗമ്യയുടെ കുടുംബത്തിനുള്ള നഷ്ട പരിഹാരം ഇസ്രയേല്‍ കൊടുത്തില്ലെങ്കില്‍ അതിന് വേണ്ട കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു. ജില്ലാ കളക്ടര്‍ക്ക് ഒപ്പം സൗമ്യയുടെ ഇടുക്കി കീരിത്തോട്ടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മൃതദേഹം നിലവില്‍ ടെല്‍ അവിവിലെ ഫോറന്‍സിക് ലാബ് ഇന്റ്റിയൂട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കോഴിക്കോട്: കോണ്‍ഗ്രസിനെ ബൂത്ത് തലം മുതല്‍ സംഘടനാതിരഞ്ഞെടുപ്പ് നടത്തി ശക്തിപ്പെടുത്തണമെന്ന സാമൂഹിക ക്യാമ്പയിനുമായി പ്രവര്‍ത്തകര്‍. അടിത്തട്ട് ദുര്‍ബലമായതാണ് തിരഞ്ഞെടുപ്പിലേറ്റ ശക്തമായ തിരിച്ചടിക്കുകാരണമെന്നും നേതാക്കള്‍ ബൂത്തുകളിലൂടെ വരട്ടേ എന്ന നിര്‍ദ്ദേശവുമായി മുന്‍ കെ.പി.സി.സി. അംഗവും കോഴിക്കോട് ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന പൊന്നാറത്ത് ബാലകൃഷ്ണന്റെ മകന്‍ അംശുലാല്‍് പൊന്നാറത്ത് സാമൂഹികമാധ്യമങ്ങളിലൂടെ തുടക്കമിട്ട കാമ്പയിന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുകയാണ്.കെ.പി.സി.സി. അംഗങ്ങളുള്‍പ്പെടെ ഒട്ടേറെപ്പേര്‍് പിന്തുണയുമായി എത്തി. പരാതി നല്‍കാനുള്ള സംവിധാനവും ക്യാമ്പയിനിലുണ്ട്. ആയിരത്തോളം പേരാണ് ഇതിനോടകം പരാതി നല്‍കിയത്. കാമ്പയിനിനെ പിന്തുണയ്ക്കുന്നവര്‍ക്കായുള്ള മിഷന്‍ പരിവര്‍ത്തന്‍ എന്ന ഫെയ്‌സ്ബുക്ക് പേജിന് ഇതിനോടകം എണ്ണായിരത്തോളം ഫോളോവേഴ്‌സാണുള്ളത്.
ഗ്രൂപ്പ് കളി മാറ്റിയാലേ കോണ്‍ഗ്രസ് രക്ഷപ്പെടുവെന്നും, ഗ്രൂപ്പ് മാനേജര്‍മാരാണ് കോണ്‍ഗ്രസിനെ തോല്‍പ്പിക്കുന്നതെന്നും തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

തിരുവനന്തപുരം: ജോത്സ്യനില്‍ വിശ്വസിക്കുന്ന ആളായി ഞാന്‍ മാറിയല്ലേ. രണ്ടും നിങ്ങളുടെ ആള്‍ക്കാര്‍ത്തന്നെ പറയും. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വൈകുന്നത് ജോത്സ്യന്റെ നിര്‍ദ്ദേശപ്രകാരം ആണോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ജ്യോത്സ്യന്റെ നിര്‍ദ്ദേശപ്രകാരം സത്യപ്രതിജ്ഞ മാറ്റിവെച്ചുവെന്നായിരുന്നു മാധ്യമവാര്‍ത്തകള്‍. മാത്രമല്ല, ജോത്സ്യന്‍ പറഞ്ഞിട്ടാണ് സത്യപ്രതിജ്ഞ വൈകുന്നതെന്ന ജന്മഭൂമി വാര്‍ത്ത പങ്കുവെച്ച് മുസ്ലിം ലീഗ് നേതാവ് അബ്ദു റബ്ബും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ച ജ്യോത്സ്യന്‍ ആണ് അധികാരമേല്‍ക്കാനുള്ള സമയവും തിയ്യതിയും കുറിച്ചു നല്‍കിയതെന്നും ജന്മഭൂമി വാര്‍ത്തയില്‍ പറയുന്നു.
അതേസമയം, സത്യപ്രതിജ്ഞ 20 നടത്താമെന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കണ്ണൂര്‍: വീഴ്ചയില്‍ നിന്ന് കരകയറാന്‍ ആരോഗ്യപരമായ വിമര്‍ശനങ്ങളാണ് വേണ്ടതെന്നും അസംബ്ലി തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിരാശരെങ്കിലും നേതാക്കള്‍ക്കെതിരായ പ്രതികരണങ്ങള്‍ അതിരുവിടരുതെന്നും കെ സുധാകരന്‍. ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

കെ സുധാകരന്റെ വാക്കുകള്‍…

പ്രിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഉള്ളില്‍ തട്ടി രണ്ട് വാക്ക്! കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പരാജയപ്പെട്ടിരിക്കുന്നു. ഈ പരാജയത്തില്‍ നിങ്ങള്‍ വളരെയേറെ തളര്‍ന്ന് പോയിട്ടുണ്ടെന്ന് എനിക്കറിയാം. നിങ്ങള്‍ പ്രകടിപ്പിക്കുന്ന അതിരുകടന്ന ചില വികാരങ്ങള്‍ ഒരു പക്ഷെ ഈ തളര്‍ച്ചയുടെ പ്രതീകമാകാം. ഇതില്‍ നിന്ന് നമ്മുക്കൊരു മോചനം വേണ്ടെ…
പ്രസ്ഥാനത്തെ പഴയ കരുത്തിലേക്ക് തിരിച്ച് കൊണ്ട് വരാന്‍ ദുര്‍ബലമായ മനസ്സ് സഹായകരമാവില്ലെന്ന് നമ്മുക്കറിയാം. ഒരു കാര്യം ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കാം. ഏത് പരാജയത്തിനും ഒരു തിരിച്ച് വരവിന്റെ പോരാട്ടമുണ്ട്. അതിന് ആദ്യം സംഭരിക്കേണ്ടത് മനക്കരുത്തും അതോടൊപ്പം ആത്മവിശ്വാസവുമാണ്. അതിനൊരു നിശ്ചയദാര്‍ഢ്യം അനിവാര്യമാണ്.
കേരളത്തിന്റെ കഴിഞ്ഞകാല രാഷ്ട്രീയ ചരിത്രം നിങ്ങള്‍ വിസ്മരിക്കരുത്. കേരള നിയമസഭയിലെ 9 അംഗങ്ങളില്‍ നിന്ന് ആരംഭിച്ചതാണ് കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. ലീഡര്‍ ശ്രീ. കെ.കരുണാകരന്റെ നേതൃത്വത്തില്‍ കേരള രാഷ്ട്രീയത്തില്‍ പലരും തമാശയായി നോക്കിക്കണ്ട ആ തുടക്കം. 111 ല്‍ പരം സീറ്റുകളില്‍ എത്തിച്ച കെ.കരുണാകരന്റെ മാന്ത്രിക സ്പര്‍ശം ! അല്‍ഭുതതോടെ നോക്കി നിന്ന ഈ ഒരു ചരിത്രം നമുക്ക് ഉണ്ട്. എങ്ങനെ നേടി ഈ നേട്ടം? ഉറച്ച മനസ്സുകളുടെ പ്രതിബദ്ധതയുടെ പ്രവര്‍ത്തനത്തിന്റെ ഫലമാണ്.
ഇടതുപക്ഷത്തിനെതിരെ കോണ്‍ഗ്രസ് നടത്തിയ പോരാട്ടം- ആ പോരാട്ടത്തില്‍ ഒന്നിച്ച് നിന്ന് കേരളത്തിലെ ജനാധിപത്യ മതേത്വര ശക്തികള്‍. അവര്‍ എല്ലാവരും ഇന്നും നമ്മോടൊപ്പം ഉണ്ടെന്ന് ഓര്‍ക്കുക. അവരില്‍ ആത്മവിശ്വാസം ഉണ്ടാക്കാന്‍ നമ്മുക്ക് സാധിച്ചാല്‍ ചരിത്രം ഇനിയും നമുക്ക് ആവര്‍ത്തിക്കാം.ഈ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ലഭിച്ച വോട്ട് ശതമാനം 25. 38% വും, കോണ്‍ഗ്രസ്സിന് ലഭിച്ച വോട്ട് ശതമാനം 25.12 % വും മാണ്. സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മിലുള്ള വ്യത്യാസം 0.26% വോട്ടിന്റെ ഭൂരിപക്ഷമാണ്. തികച്ചും ഒരു ശതമാനം പോലും ഇല്ലെന്ന് ഓര്‍ക്കണം. എന്തിന് നിങ്ങള്‍ വികാരഭരിതാരാവണം?
എന്തിന് നിങ്ങള്‍ നിരാശരാവണം? നമ്മുക്ക് കൈ മുതലാവേണ്ടത് ആത്മവിശ്വാസമാണ്. ഒറ്റക്കെട്ടായി എല്ലാം ഭിന്നതകളും മറന്ന് ഒന്നാകാന്‍ നമ്മുക്ക് സാധിച്ചാല്‍ കൈ എത്താവുന്ന ദൂരത്ത്, കൈപ്പിടിയില്‍ ഒതുക്കുവാന്‍ ലക്ഷ്യം നമ്മെ കാത്തിരിക്കുന്നു .ഈ ഒറ്റ ചിന്തയില്‍ എല്ലാം മനസ്സുകളും ഒന്നിക്കട്ടെ. ഈ ഒറ്റ ചിന്തയില്‍ ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കാത്ത ഒരു വന്‍മതില്‍ നമ്മുക്ക് കെട്ടിപ്പൊക്കാം. ഇതിന് ആവശ്യം ഐക്യമാണ്…
ഒരു ഇതളും കൊഴിഞ്ഞ് പോവാത്ത ഐക്യം! പരസ്പര വിശ്വാസവും, സ്‌നേഹവും കൊണ്ട് മാത്രമേ ഒരു സംഘടനയ്ക്ക് അകത്ത് ഐക്യം ഉണ്ടാക്കാന്‍ സാധിക്കു, ഐക്യം കൊണ്ടേ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കു, മുന്നേറ്റം കൊണ്ടേ ശത്രുവിനെ തോല്‍പിക്കാന്‍ സാധിക്കു. ഇവിടെ പതറുകയല്ല നമ്മുക്ക് വേണ്ടത്, ഐക്യപ്പെട്ട സ്‌നേഹം പങ്കുവെച്ച് ശക്തി നേടാനുള്ള പോരാട്ടമാണ് നമ്മുക്ക് അനിവാര്യം. വിദ്വേഷത്തോട് വിട പറയാന്‍ നമുക്ക് സാധിക്കണം! വിമര്‍ശനത്തിനോട് വിട പറയാന്‍ നമുക്ക് സാധിക്കണം, വെറുപ്പിനോട് വിട പറയാന്‍ നമുക്ക് സാധിക്കണം.
ഇത് ഉള്ളില്‍ തട്ടി പറയുന്ന ഒരു അപേക്ഷയാണ്. സ്‌നേഹപൂര്‍വ്വമുള്ള എന്റെ അപേക്ഷ. പരാജയത്തിനോടനുബന്ധിച്ച് ഒരു പാട് വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത് ഞാന്‍ ശ്രദ്ധിച്ചു. സാമൂഹ്യബന്ധങ്ങളുടെ എല്ലാം അതിര്‍ വരമ്പുകളും ലംഘിച്ച് ചില നേതാക്കന്‍മാര്‍ക്കെതിരെ നിങ്ങള്‍ നടത്തിയ വിമര്‍ശനങ്ങള്‍. വിമര്‍ശനങ്ങള്‍ നല്ലതാണ്. അത് ആരോഗ്യകരമാവണം ! തോറ്റ് നില്‍ക്കുന്ന ഒരു പാര്‍ട്ടിക്ക് ഗുണം ചെയ്യാത്ത ഒരു പാട് വിമര്‍ശനങ്ങള്‍ എന്നെ ഒരു പാട് നൊമ്പരപ്പെടുത്തി. അതിനെ വിമര്‍ശനമാണന്നോ അല്ല തെറി അഭിഷേകമാണന്നോ പറയേണ്ടത് എന്ന് എനിക്കറിയില്ല. ഏതായാലും വളരെ മോശമായിപ്പോയി. ഒരിക്കലും ഒരു പാര്‍ട്ടിക്കും ഗുണം ചെയ്യാത്ത വാക്കുകള്‍ ! സഭ്യതയുടെ എല്ലാം അതിര്‍വരമ്പുകളും തകര്‍ത്തെറിഞ്ഞ പ്രയോഗങ്ങള്‍ ! ഒരിക്കലും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ആശയങ്ങള്‍ ! ക്രൂരമായിരുന്നു പലരുടെയും അത്തരം പ്രതികരണങ്ങള്‍.
ഒരു കാര്യം നിങ്ങള്‍ മറക്കരുത്, വിമര്‍ശിക്കപ്പെടുന്ന നേതാക്കന്‍ മാര്‍ക്കും അവരുടെതായ വ്യക്തിത്വമുണ്ട്. അവരുടെതായ അഭിമാനബോധം ഉണ്ടാകും. തെറ്റുകള്‍ ചൂണ്ടി കാണിക്കാം, അത് ആരുടെയും ആത്മാഭിമാനത്തെ മുറിപ്പെടുതാതെയാവണം. അവര്‍ക്കും കുടുംബങ്ങള്‍ ഇല്ലെ? അവരെ സ്‌നേഹിക്കാനും കുറെ ആളുകള്‍ ഇല്ലെ ? അവരുടെയൊക്കെ മനസ്സിനെ കീറി മുറിച്ച് നിങ്ങള്‍ നടത്തുന്ന തെറി അഭിഷേകം കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനോ? അതോ ദുര്‍ബലമാക്കുവാനോ? ഇതൊക്കെ പാര്‍ട്ടിയെ അശക്തമാക്കാനേ ഉപകരിക്കുകയുള്ളു എന്ന സത്യം നിങ്ങള്‍ ഉള്‍ക്കൊള്ളണം. നിന്നിടം കുഴിക്കുന്ന ഈ പ്രവൃത്തി അവസാനിപ്പിക്കണം. സ്വയം കുഴിത്തോണ്ടുന്ന ഈ ശൈലി നമ്മുക്ക് വേണ്ടാ… ഇത് ഇവിടെ നിര്‍ത്തണം. സ്വയം തകരുന്ന, സ്വയം തകര്‍ക്കുന്ന ഈ ശൈലി ഇവിടെ അവസാനിപ്പിക്കണം.
മുന്നോട്ടുള്ള പ്രയാണത്തിലും, ശക്തമായ തിരിച്ചുവരവിനും വേണ്ട എല്ലാം ഊര്‍ജ്ജവും നമ്മുക്ക് ഉള്‍ക്കൊള്ളാന്‍ ഒരു വലിയ മനസ്സിന്റെ ഉടമകളായി എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ മാറണം.
നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെന്ന് എനിക്കറിയാം. നിങ്ങളുടെ സുഖത്തിലും, ദു:ഖത്തിലും നിങ്ങളോടൊപ്പം ഞാനുണ്ടെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ട് ! ആര്‍ക്കും അലിയിച്ച് കളയാന്‍ സാധിക്കാത്ത നമ്മുടെ ബന്ധത്തിന്റെ ബലത്തില്‍ ഞാനൊന്ന് ഉപദേശിച്ചോട്ടെ ? എന്നെ സ്‌നേഹിച്ചോളു.. പക്ഷെ ആരെയും വെറുക്കരുത്. മറ്റുള്ളവരെ വെറുക്കുന്ന മനസ്സിന്റെ സ്‌നേഹം ഉള്‍ക്കൊള്ളാന്‍ എനിക്കാവില്ല.
സമൂഹമാധ്യമങ്ങളില്‍ ആരെയും വേദനിപ്പിക്കുന്ന ഒരു പ്രയോഗവും ഇനി അങ്ങോട്ട് എന്നെ സ്‌നേഹിക്കുന്ന ഒരാളില്‍ നിന്നും ഉണ്ടാവരുത്. ബന്ധങ്ങളുടെ ബലക്ഷയം നമ്മെ അശ്കതരാക്കും എന്ന് കാര്യം നമ്മള്‍ മറക്കരുത്. ആരുടെയും മനസ്സ് വേദനിപ്പിക്കാനല്ല ഇത് എഴുതിയത്. നമ്മുക്ക് തിരിച്ച് വരണം. ആ ലക്ഷ്യം സാര്‍ത്ഥകമാകണമെങ്കില്‍ എല്ലാവരും ഒരു കരുത്തില്‍ ഒന്നിക്കണം. കോവിഡ് മഹാമാരിയുടെ നിഴലില്‍ ഭയാശങ്കകളോടെ കഴിയുന്ന ഈ കാലഘട്ടത്തില്‍ കരുതലോടെ ജീവിക്കാന്‍ എല്ലാവരും ശ്രമിക്കണം. എല്ലാര്‍ക്കും ഭാവുവങ്ങള്‍… എല്ലാവര്‍ക്കും ആശംസകള്‍…

തിരുവനന്തപുരം: മുൻകാലങ്ങളിലെ സർക്കാരുകൾ സ്വീകരിച്ചുപോരുന്ന പലസ്തീൻ അനുകൂല നയങ്ങളിൽ നിന്നും ഇന്ത്യ പിന്നോക്കം പോകുന്നതായി മുസ്ലീം ലീ​ഗ്. അക്രമവും ഭീതിയും സൃഷ്ടിച്ച് കിഴക്കന്‍ ജറുസലേം പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അക്രമങ്ങൾ. മസ്ജിദുല്‍ അഖ്‌സ പൊളിക്കുക എന്നത് ഇസ്രയേലിന്റെ അജണ്ടയിലുള്ളതാണ്. പലസ്തീനികളുടെ ഭൂമി അവര്‍ക്ക് വിട്ടുകൊടുത്താല്‍ മാത്രമേ പലസ്തീനില്‍ ശ്വാശ്വത സമാധാനമുണ്ടാവുകയുള്ളൂ. ലോകജനത ഇസ്രയേലിന്റെ ക്രൂരതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തണമെന്നും ലീ​ഗ് ആവശ്യപ്പെടുന്നു.

ഓണ്‍ലൈനായി ചേര്‍ന്ന രാഷ്ട്രീയകാര്യ ഉപദേശക സമിതി യോഗം അംഗീകരിച്ച പ്രമേയത്തിലാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.പുണ്യമാസത്തില്‍ ആരാധനയിലേര്‍പ്പെട്ടിരുന്ന പലസ്തീനികള്‍ക്ക് നേരെ ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സയിലുണ്ടായ വെടിവെപ്പും തുടര്‍ന്നരങ്ങേറിയ ഇസ്രയേല്‍ ക്രൂരതകളും ലോകമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്.

പലസ്തീനികള്‍ക്കെതിരെയുള്ള സയണിസ്റ്റ് അതിക്രമത്തിനെതിരെ നാളെ രാജ്യവ്യാപകമായി രാവിലെ പത്ത് മണിക്ക് സ്വന്തം വീടുകളില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ മുസ്ലിംലീഗ് ദേശീയ നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്.രാഷ്ട്രീയകാര്യ ഉപദേശക സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ദേശീയ അദ്ധ്യക്ഷന്‍ പ്രൊഫ. ഖാദര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ യോ​ഗത്തിൽ സംബന്ധിച്ചു.ഇത് വംശവെറിക്കെതിരായുളള രാജ്യത്തിന്റെ പരമ്പരാ​ഗത നിലപാടിനെതിരാണ്. ഇത്തരം തെറ്റായ നിലപാടുകൾ കേന്ദ്രസർക്കാർ തിരുത്തണമെന്നും ലീ​ഗ് ആവശ്യപ്പെട്ടു.

സൗമ്യയുടെ മരണം രാഷ്ട്രീവല്‍ക്കരിക്കാന്‍ ശ്രമിക്കരുതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഇസ്രയേലിലെ സംഭവം ഇവിടെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. രാജ്യാന്തരമാനങ്ങളുള്ള വിഷയമാണെന്നും പ്രതികരിക്കാന്‍ പരിമിതിയുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ഇസ്രയേൽ സർക്കാരിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ കുടുംബത്തെ അറിയിച്ചു.

ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇസ്രയേലിലെ ഇന്ത്യൻ എമ്പസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ കുടുംബത്തെ അറിയിച്ചു. ഇസ്രയേൽ പലസ്തീൻ സംഘർഷത്തിൽ കൊല്ലപ്പെട്ടതിനാൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകുന്നതിന് നിയമപരമായ നടപടികൾ പൂർത്തിയാക്കണം. അത് പൂർത്തിയാകുന്ന മുറയ്ക്ക് മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങും. ഇസ്രയേലിലെ ഇന്ത്യൻ അംബാസിഡറും കുടുംബത്തിന് സഹായം വാഗ്ദാനം നൽകി ബന്ധപ്പെട്ടു. ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് വിദേശകാര്യ മന്ത്രാലയത്തിനും, എംബസിക്കും കത്തയച്ചിട്ടുണ്ട്. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

അഷ്‌കലോണിൽ കെയർ ടെയ്ക്കറായി ജോലി ചെയ്തിരുന്ന സൗമ്യ, ഇന്നലെ വൈകിട്ട് ഭർത്താവ് സന്തോഷുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ സൗമ്യ പരിചരിച്ചിരുന്ന ഇസ്രയേൽ വനിതയും മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ മെമ്പർമാരായ സതീശന്റെയും സാവിത്രിയുടെയും മകളാണ് കൊല്ലപ്പെട്ട സൗമ്യ. എട്ടുവയസുകാരനായ മകനുണ്ട്. കഴിഞ്ഞ 7 വർഷമായി ഇസ്രയേലിൽ ജോലി ചെയ്യുന്ന സൗമ്യ 2 വർഷം മുൻപാണ് ഏറ്റവുമൊടുവിൽ നാട്ടിൽ വന്ന് മടങ്ങിയത്.

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് മുന്‍ എം എല്‍ എ പിസി ജോര്‍ജ്. ഇസ്രയേലില്‍ നടന്ന ഷെല്‍ ആക്രമണത്തില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ടാണ് അനുശോചനം രേഖപ്പെടുത്താത്തതെന്ന് ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പില്‍ അദ്ദേഹം ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്ന് ഭൂമിയിലെ മാലാഖമാരുടെ ദിവസം . കേരളത്തെ സംബന്ധിച്ചു നിങ്ങള്‍ ചെയ്ത സേവനം നിങ്ങളുടെ കര്‍മ്മ മേഖലയില്‍ മാത്രം ഒതുങ്ങുന്നതല്ല . കേരളത്തിന്റെ വികസനത്തിന നിങ്ങള്‍ ഓരോരുത്തരും വഹിച്ച പങ്കു വിസ്മരിക്കുവാനാവില്ല , പ്രത്യേകിച്ച് മധ്യ കേരളത്തിലെ താരതമ്യേന ഉയര്‍ന്ന ജീവിത സാഹചര്യത്തിന് വരെ നിങ്ങള്‍ ഓരോരുത്തരുമാണ് ആണ് കാരണക്കാര്‍ . മാലാഖമാരുടെ ദിവസം ആഘോഷിക്കുന്ന ഇന്ന് നമ്മള്‍ ഓരോരുത്തരെയും സംബന്ധിച്ച് ഒരു ദുഃഖത്തിന്റെ ദിനം കൂടിയാണ്.
ഇസ്രായേലില്‍ , പലസ്ഥീന്‍ തീവ്രവാദി ഗ്രൂപ്പായ ഹമാസ് നടത്തിയ ആക്രമണത്തില്‍ ഹോം നഴ്‌സായിരുന്ന നമ്മുടെ കേരളത്തിന്റെ ഒരു മാലാഖകുട്ടിയെ നഷ്ടപ്പെട്ടു . ഇസ്രയേലും പലസ്തീനും തമ്മിലുള്ള പ്രശ്‌നം എന്തുമാവട്ടെ നഷ്ടം വന്നത് മലയാളിക്കാണ് പല പ്രമുഖരുടെയും അനുശോചനവും , അതിന്റെ താഴെയുള്ള ഹമാസ് ആക്രമണവും കണ്ടു . ഒരു പ്രമുഖന്റെ മാത്രം അനുശോചനം കണ്ടില്ല . ഒരു മലയാളി പെണ്‍കുട്ടി അന്യദേശത്തു തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടും അറിഞ്ഞതായി പോലും ഭാവിക്കാത്ത ഇരട്ട ചങ്കന്‍ മുഖ്യമന്ത്രി .
നിങ്ങള്‍ ഒരു കപടനാണ് മിസ്റ്റര്‍ പിണറായി വിജയന്‍ . നാല് വോട്ടിനു വേണ്ടി പ്രീണനം നടത്തുന്നതിന്റെ ഒരു വലിയ ഉദാഹരണമാണിത് . നിങ്ങള്‍ ആരെയാണ് ഭയക്കുന്നത് ? പലസ്തീനിലെ ഹമാസിനെയോ ? അതോ കേരളത്തിലെ ഹമാസിനെയോ ? കുട്ടി സഖാക്കള്‍ക്ക് നിങ്ങള്‍ ഇരട്ട ചങ്കന്‍ ഒക്കെ ആയിരിക്കാം , പക്ഷെ ആ ചങ്കു രണ്ടും വല്ലവന്റെയും കക്ഷത്തിലാണെന്നു മാത്രം .
എ.കെ.ജി സെന്ററില്‍ നിന്ന് ലഭിക്കുന്ന ഉത്തരവനുസരിച്ചു മാത്രം ഓരിയിടുന്ന സാംസ്‌കാരിക നായകരും ഉറക്കത്തിലാണ്. കേരളം ഇങ്ങനെ എങ്കിലും മുന്നോട്ടു പോവുന്നത് നമ്മുടെ കുട്ടികള്‍ അന്യദേശത്തു പോയി തൊഴിലെടുത്തു അയക്കുന്ന പണത്തിന്റെ ബലത്തിലാണ്. അതിന്റെ നന്ദി എങ്കിലും ഒന്ന് കാണിക്കൂ.