Politics (Page 577)

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെ സുധാകരന്‍ എം.പി.ദേവഗണങ്ങള്‍ അസുര വിഭാഗത്തോടൊപ്പം എവിടെയും നിന്നിട്ടില്ലെന്ന് സുധാകരന്‍ പറഞ്ഞു. അയ്യപ്പനും മറ്റ് ദേവഗണങ്ങളും ഈ സര്‍ക്കാരിനൊപ്പമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കണ്ണൂരില്‍ പ്രതികരിച്ചത്.ഭക്തരുടെ വികാരത്തെ ചൂഷണം ചെയ്യുകയാണ് പിണറായിയെന്നും വോട്ടര്‍മാര്‍ ബുദ്ധിയുള്ളവരാണെന്നും വിശ്വാസികളെയും ഇത്രയും അധികം അപമാനിച്ചത് പിണറായി വിജയന്‍ മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു.
ഈ നിലപാടായിരുന്നു നേരത്തെ എങ്കില്‍ ശബരിമല സംബന്ധിച്ച സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് പറഞ്ഞവരെ എതിര്‍ക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ഭാര്യ മറിയാമ്മ, മകന്‍ ചാണ്ടി ഉമ്മന്‍, മകള്‍ മറിയം എന്നിവര്‍ക്കൊപ്പം പുതുപ്പള്ളിയിലാണ് ഉമ്മന്‍ ചാണ്ടി വോട്ടു ചെയ്തത്. പിണറായി വിജയനും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ചേര്‍ന്നാണ് ശബരിമലയെ തകര്‍ത്തതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചു. ആയിരം തെരഞ്ഞെടുപ്പില്‍ തോറ്റാലും നിലപാട് മാറ്റില്ലെന്നൊക്കെ പറഞ്ഞ മുഖ്യമന്ത്രി വളരെ ദുര്‍ബലനായ രാഷ്ട്രീയക്കാരനാണെന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഇന്നത്തെ പ്രസ്താവനയെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ഭരണ മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പരാമര്‍ശത്തിന് മുഖ്യമന്ത്രിയുടെ മറുപടി നല്‍കി. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്ന് സുകുമാരന്‍ നായര്‍ പറയുമെന്ന് കരുതുന്നില്ല. എല്ലാ വിശ്വാസികളും സര്‍ക്കാരിന് ഒപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊല്‍ക്കത്ത: വോട്ടിങ് മെഷീനുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ പോയി കിടുന്നുറങ്ങിയെന്ന ആരോപണത്തില്‍ പോളിങ് ഓഫീസറെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തു. തന്റെ ബന്ധു കൂടിയായ തൃണമൂല്‍ നേതാവിന്റെ വീട്ടിലാണ് ഉദ്യോഗസ്ഥന്‍ പോയി കിടന്നത്.

ഇയാള്‍ കൊണ്ടുപോയ ഇലക്ട്രോണിക് വോട്ടിങ് മെഷീനും വിവിപാറ്റും തിരഞ്ഞെടുപ്പിന് ഉപയോഗിക്കില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഹൗറ സെക്ടറിലെ ഒരു ബൂത്തിലുള്ള ഡെപ്യൂട്ടി ഓഫീസര്‍ തപന്‍ സര്‍ക്കാരിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തത്. രാത്രി ഉറങ്ങാനായി ബന്ധുവായ തൃണമൂല്‍ നേതാവിന്റെ വീട്ടിലേക്ക് പോയപ്പോള്‍ ഇയാള്‍ വോട്ടിങ് മെഷീനും കൊണ്ടുപോയെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ഇയാള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അവിടെ സുരക്ഷാ ചുമതലുയള്ള പോലീസ് ഉദ്യോഗസ്ഥരും നടപടി നേരിടേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തൃണമൂല്‍ നേതാവിന്റെ വീട്ടിലേക്ക് കൊണ്ടുപോയ വോട്ടിങ് മെഷീന്‍ നിലവില്‍ പരിശോധിച്ച് വരികയാണ്. ഒരു പ്രത്യേക മുറിയില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകന്റെ കസ്റ്റഡിയിലാണ് ഈ ഇവിഎം എന്നും കമ്മീഷന്‍ പ്രസ്താവനയില്‍ കുറിച്ചു.
സംഭവം പ്രതിപക്ഷ പാര്‍ട്ടികള്‍ പശ്ചിമബംഗാളില്‍ വലിയ വിവാദ വിഷയമാക്കി ഉയര്‍ത്തിയിട്ടുണ്ട്. അസമില്‍ ബിജെപി നേതാവിന്റെ വാഹനത്തില്‍ വോട്ടിങ് മെഷീന്‍ കൊണ്ടുപോയതിന് പിന്നാലെയാണ് പശ്ചിമബംഗാളിലെ പുതിയ സംഭവം.

കോട്ടയം: കേരളത്തിൽ ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തുമെന്ന് കാനം രാജേന്ദ്രൻ. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം ഉണ്ടാവും. പ്രതിപക്ഷത്തിനും ബിജെപിക്കും മറ്റൊരു വിഷയവും സർക്കാരിനെതിരെ പറയാനില്ലാത്തതിനാലാണ് ശബരിമലയെക്കുറിച്ചുള്ള വിഷയങ്ങൾ ആവർത്തിക്കുന്നതെന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു.

എല്ലാ വിശ്വാസങ്ങളും സംരക്ഷിക്കുമെന്നാണ് ഇടതുമുന്നണി പ്രകടന പത്രികയിൽ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ആരും എൽഡിഎഫിന് എതിരാവേണ്ട സാഹചര്യമില്ല. സുകുമാരൻ നായർക്ക് രാഷ്ട്രീയമുണ്ടെന്നതിന്റെ സൂചനയാണ് ഇന്ന് രാവിലെ അദ്ദേഹം നടത്തിയ പ്രസ്താവന. തിരഞ്ഞെടുപ്പ് ദിവസം മറ്റൊരു സാമുദായിക സംഘടനയും ഇത്തരം പ്രസ്താവന നടത്തിയില്ലെന്നും കാനം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നെന്നാണ് തന്റെ വിശ്വാസമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞത്. സാമൂഹ്യ നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകണം. കുറച്ചുകാലമായി വിശ്വാസികളുടെ പ്രതിഷേധം ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാവിലെ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് സമദൂരം എന്ന മുൻ നിലപാട് തിരുത്തിക്കൊണ്ട് സുകുമാരൻ നായർ പ്രസ്താവന നടത്തിയത്.

omman chandy

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ തെരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാട് അത്ഭുതപ്പെടുത്തിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.ഈ വിഷയത്തിലുള്ള സർക്കാരിന്റെ യു ടേൺ തെരഞ്ഞെടുപ്പിനെ ഭയന്നാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.യുഡിഎഫ് അധികാരത്തിൽ വന്നാൽ സാധ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും കേരളത്തിലെ ഒരു വിശ്വാസിയും മുഖ്യമന്ത്രിയെ വിശ്വസിക്കില്ലെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു.

ജാതിമത ചിന്തകൾക്ക് അതീതമാണ് ശബരിമല. സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് ശക്തമായ നിലപാട് കോടതിയിൽ എടുത്തു. വിധിയെ സ്വാഗതം ചെയ്തു. സുപ്രീം കോടതി വിധി നടപ്പാക്കാൻ ബാദ്ധ്യത സർക്കാരിന് ഉണ്ടെന്ന് പറഞ്ഞു. വീടുകളിൽ ചെന്ന് സ്ത്രീകളെ കൂട്ടിക്കൊണ്ട് ശബരിമലയിൽ കയറ്റി.

നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് വനിതാ മതിൽ കെട്ടി അതിനുള്ള ശ്രങ്ങൾ നടത്തിയിട്ട് തെരഞ്ഞെടുപ്പ് ദിവസം ഇത്തരമൊരു നിലപാട് സ്വീകരിച്ചത് അത്ഭുതപ്പെടുത്തിരിക്കുകയാണെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചെന്നൈ: തമിഴ്നാട്ടിലും പശ്ചിമബംഗാളിലും കനത്ത പോളിംഗ് . തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന വിവരം അനുസരിച്ച് 10.25 ശതമാനം വോട്ടാണ് തമിഴ്നാട്ടിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. ഡിഎംകെ- കോൺഗ്രസ് സംഖ്യവും എഐഡിഎംകെ- ബിജെപി സംഖ്യവും തമ്മിലാണ് തമിഴ്നാട്ടിൽ പ്രധനമായും വോട്ടങ്കം നടക്കുന്നത്.അസാമിൽ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്; 10.51 ശതമാനം വോട്ട്. പശ്ചിമബംഗളിൽ 10.25 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ പുതുച്ചേരി ഏറെ പിന്നിലാണ്. ഏറ്റവുമൊടുവിലായി ലഭിക്കുന്ന വിവരം അനുസരിച്ച് 5.36 ശതമാനമാണ് ഇവിടെ പോളിംഗ്.

തമിഴ്നാട്ടിൽ രജനികാന്തും അജിത്തും അടക്കമുള്ള സൂപ്പർതാരങ്ങൾ സമ്മതിദാന അവകാശം രേഖപ്പെടുത്തി. ഭാര്യ ശാലിനിക്കൊപ്പമാണ് അജിത്ത് വോട്ട് ചെയ്യാൻ എത്തിയത്. മക്കൾ നീതി മയ്യം നേതാവും കോയമ്പത്തൂർ സൗത്ത് മണ്ഡലം സ്ഥാനാർത്ഥിയുമായ കമലഹാസൻ മക്കളായ ശ്രുതിയ‌്ക്കും അക്ഷരയ‌ക്കുമൊപ്പമാണ് എത്തിയത്.ചെന്നൈ മറീന ബീച്ചിലെ കരുണാനിധിയുടെ സ്മ‌ൃതി മന്ദിരം സന്ദർശിച്ച ശേഷമാണ് സ്‌റ്റാലിനും കുടുംബവും വോട്ട് രേഖപ്പെടുത്തിയത്. പി ചിദംബരം അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും രാവിലെ തന്നെ വോട്ട് ചെയ്യാൻ എത്തിയിരുന്നു.

ബംഗാളില്‍ മമതയെ കാര്യമായി പിന്തുണച്ച് രംഗത്ത് സജീവമാവുകയാണ് ഉത്തര്‍ പ്രദേശില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി എംപി ജയ ബച്ചന്‍. ബംഗാളില്‍ ജനാധിപത്യ മൂല്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി മമത ഒറ്റയാള്‍ പോരാട്ടമാണ് നടത്തുന്നതെന്ന് ജയ ബച്ചന്‍ പറഞ്ഞു. ബിജെപിക്കെതിരെ ശക്തമായ മുന്നേറ്റത്തിനാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായി മമത ബാനര്‍ജി ഒരുങ്ങുന്നത്. പല മേഖലകളിലും വിജയത്തിനായി കോണ്‍ഗ്രസിന്റെ പിന്തുണ നേരത്തെ മമത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ ധാരണകള്‍ എന്തെല്ലാമാണെന്ന് ഇനിയും സൂചനയായിട്ടില്ല.

ഇതിനിടെയാണ് മമതയെ ‘പോരാളി’യായി പ്രകീര്‍ത്തിച്ചുകൊണ്ട് ജയ ബച്ചന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. ബംഗാളില്‍ മമതയെ പിന്തുണയ്ക്കാന്‍ സമാജ്വാദി പാര്‍ട്ടി തീരുമാനിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ നിര്‍ദേശപ്രകാരം ജയ പ്രചാരണത്തിനെത്തിയത്. ‘ഓരോ ബംഗാളിയുടെയും ജനാധിപത്യപരമായ അവകാശങ്ങളെ സംരക്ഷിക്കുന്നതിനായാണ് മമതയെന്ന വനിതാനേതാവ് ഒറ്റയ്ക്ക് നിന്ന് പോരാടുന്നത്. അതുകൊണ്ട് തന്നെ മമതയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. അവരുടെ കാലിന് പരിക്ക് പറ്റിയിട്ടുണ്ട്. പക്ഷേ അതൊന്നും അവരെ പിടിച്ചുനിര്‍ത്തുന്നതേയില്ല…’- ജയ ബച്ചന്‍ പറഞ്ഞു.

നന്ദിഗ്രാമില്‍ വോട്ടെടുപ്പിനിടെ നടന്ന സംഘര്‍ഷത്തില്‍ തനിക്ക് കാലിന് പരിക്കേറ്റതായി മമത അറിയിച്ചിരുന്നു. ഇതിന് ശേഷം ഒരു കാല്‍ കൊണ്ട് താന്‍ ബംഗാളും ഇരുകാലുകളും കൊണ്ട് പിന്നീട് ദില്ലിയും ജയിക്കുമെന്ന മമതയുടെ പ്രസ്താവന വലിയ തോതില്‍ പ്രചരിക്കപ്പെട്ടിരുന്നു. ഇതേ സംഭവത്തെ കുറിച്ചാണ് ജയ ബച്ചനും സൂചിപ്പിച്ചത്.

മമതയെ ‘ആന്റി-ഹിന്ദു’വായി ചിത്രീകരിക്കുന്ന ബിജെപിയുടെ തന്ത്രത്തിനെതിരെയും ജയ ബച്ചന്‍ വിമര്‍ശനമുയര്‍ത്തി. ‘എന്നില്‍ നിന്ന് എന്റെ മതത്തേയും എന്റെ അവകാശങ്ങളെയും പിടിച്ചെടുക്കാന്‍ ശ്രമിക്കരുത്. ഇവിടെ ഞാന്‍ എന്നെ പറയുന്നത്, ജനങ്ങളുടെ പ്രതിനിധി ആയിട്ടാണ്. എന്നുവച്ചാല്‍ അവരില്‍ നിന്നും അവരുടെ മതത്തെയോ അവകാശങ്ങളെയോ പിടിച്ചെടുക്കാന്‍ നോക്കരുതെന്ന്…’- ജയ ബച്ചന്‍ പറഞ്ഞു.

ആലപ്പുഴ: കേരളത്തിലെ ജനങ്ങള്‍ ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നും യുഡിഎഫ് ഒരു ഐതിഹാസികമായ വിജയം നേടാന്‍ പോകുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടത് സര്‍ക്കാരിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി വിധിയെഴുതുമെന്നും ഈ അഴിമതി ഭരണം അവസാനിക്കണമെന്ന് ജനങ്ങള് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിരീശ്വരവാദിയായ പിണറായി വിജയന് അയ്യപ്പന്റെ കാലുപിടിക്കുന്നുവെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ശിഥിലമാകുന്നത് സിപിഎമ്മമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള് യുഡിഎഫ് ശിഥിലമാകുമെന്ന ഇ.പി.ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂര്‍: എല്‍ഡിഎഫ് തുടര്‍ ഭരണം നേടുമെന്നും വികസന തുടര്‍ച്ചയ്ക്ക് ജനങ്ങള്‍ പിന്തുണ നല്‍കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ.വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നൂറിനടുത്ത് തന്നെ സീറ്റ് നേടാന്‍് എല്‍ഡിഎഫിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്ന തോതിലുള്ള വര്‍ധന കേരളത്തില്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.

ന്യൂഡൽഹി: മുതിർന്ന നേതാവും എൻ.സി.പി അധ്യക്ഷൻ ശരദ്​ പവാറിന്‍റെ വിശ്വസ്​ഥനുമായ ദിലീപ്​ വൽസേ പാട്ടീൽ മഹാരാഷ്​ട്ര ആഭ്യന്തര മന്ത്രിയാകും. ആഭ്യന്തരമന്ത്രിയായിരുന്ന അനിൽ ദേശ്മുഖിനെതിരായ അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ​ ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടർന്ന് അദ്ദേഹം തിങ്കളാഴ്ച രാജി​െവച്ചിരു​ന്നു. നിലവിൽ ഉദ്ദവ്​ താക്കറെ സർക്കാറിൽ തൊഴിൽ-എക്​സൈസ്​ വകുപ്പുകൾ കൈകാര്യം ചെയ്യുകയായിരുന്നു പാട്ടീൽ.

ശരദ്​ പവാറിന്‍റെ പി.എ ആയിട്ടായിരുന്നു ദിലീപ്​ വൽസേ പാട്ടീലിന്‍റെ രാഷ്​ട്രീയ ജീവിതത്തിന്‍റെ തുടക്കം. 1990ൽ കോൺഗ്രസ്​ ടിക്കറ്റിൽ എം.എൽ.എ ആയ പാട്ടീൽ 1999ൽ പവാർ എൻ.സി.പി രൂപികരിച്ച വേളയിൽ പാർട്ടി വിടുകയായിരുന്നു. ഏഴ്​ തവണ എം.എൽ.എ ആയിട്ടുണ്ട്​. നിലവിൽ ആംബിഗോൺ മണ്ഡലത്തെയാണ്​ പ്രതിനിധീകരിക്കുന്നത്​.കോൺഗ്രസ് എംഎൽഎ ആയിരുന്ന അദ്ദേഹം എൻസിപി രൂപവത്‌കരിച്ചതിന് പിന്നാലെ പവാറിനൊപ്പം നിലകൊള്ളുകയായിരുന്നു.

മുൻ മുംബൈ പോലീസ് കമ്മീഷണർ പരം ബിർ സിങ്ങിൻ്റെ ഹര്‍ജിയിലാണ് ദേശ്‌മുഖിനെതിരെ ഹൈക്കോടതി ഉത്തരവിട്ടത്. 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്താൻ ബോംബെ ഹൈക്കോടതി സിബിഐക്ക് നിർദേശം നൽകിയിരിക്കുന്നത്. അടുത്തിടെ മുംബൈ പോലീസ് മേധാവി സ്ഥാനത്തു നിന്നും മാറ്റിയ പരം ബിർ സിങ്ങ്. അനിൽ ദേശ്മുഖിനെക്കുറിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് പരാതി നൽകിയത് വിവാദമായിരുന്നു.

കുണ്ടറ : ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. എന്നാല്‍ പൊലീസ് ഇക്കാര്യം തള്ളി. തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ഇടത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ ആഴക്കടല്‍ വിഷയത്തില്‍ സര്‍ക്കാര്‍ കരാര്‍ നേടാന്‍ ശ്രമിച്ച ഇഎംസിസി ഡയറക്ടര്‍ കുണ്ടറയില്‍ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നുണ്ട്.കുണ്ടറയില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഷിജു വര്‍ഗീസ് ശ്രമിച്ചുവെന്നാരോപിച്ചാണ് കസ്റ്റഡിയിലെടുത്തതെന്നാണ് മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചത്. ആക്രമിക്കപ്പെട്ടുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ഷിജു വര്‍ഗീസ് രാവിലെ നടത്തിയെന്നും പൊലീസ് ഇടപെട്ടാണ് ഇത് തടഞ്ഞതെന്നും മേഴ്‌സിക്കുട്ടിയമ്മ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.ഇന്ന് രാവിലെ അഞ്ചരയോടെ താന്‍ സഞ്ചരിച്ച വാഹനത്തിന് നേരെ പെട്രോള്‍ ബോംബ് ആക്രമണമുണ്ടായെന്ന പരാതിയുമായാണ് ഷിജു പൊലീസിനെ സമീപിച്ചതെന്നും ഇയാള്‍ പ്രതിയല്ലെന്നുമാണ് പൊലീസ് ഭാഷ്യം. കാറില്‍ നിന്നും പെട്രോള്‍ നിറച്ച കുപ്പി കണ്ടെത്തിയെന്ന മന്ത്രിയുടെ വാദവും പൊലീസ് തള്ളി.