ഡെപ്യൂട്ടേഷനിൽ ബന്ധു പറ്റില്ലെന്ന് നിയമത്തിൽ എവിടെയും പറയുന്നില്ല:എ.കെ. ബാലൻ

പാലക്കാട്: ഏതെങ്കിലുമൊരു കീഴ്കോടതിയിൽ നിന്ന് പ്രതികൂല വിധിയുണ്ടായാൽ അപ്പോൾ തന്നെ രാജിവെക്കുന്ന കീഴ്വഴക്കമില്ലെന്ന് മന്ത്രി എ.കെ. ബാലൻ. ബന്ധു നിയമനത്തിൽ മന്ത്രി കെ.ടി. ജലീലിനെതിരായ ലോകായുക്ത വിധിയുമായി ബന്ധപ്പെട്ട് ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജലീലിന്‍റെ ബന്ധു അദീബിനെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമിച്ചത്. ബന്ധു നിയമപരമായി അർഹനാണോ എന്നുള്ളതേ പരിശോധിക്കേണ്ടതുള്ളൂ. ഡെപ്യൂട്ടേഷനിൽ ബന്ധു പറ്റില്ലെന്ന് നിയമത്തിൽ എവിടെയും പറയുന്നില്ലെന്നും മന്ത്രി ബാലൻ പറഞ്ഞു

കെ.എം. മാണി ഉൾപ്പെടെ നിരവധി പേർ ഡെപ്യൂട്ടേഷനിൽ അർഹരായ ബന്ധുക്കളെ നിയമിച്ചിട്ടുണ്ട്. അദീബ് യോഗ്യനാണോയെന്നത് സംബന്ധിച്ച് ഗവർണറെയും ഹൈകോടതിയെയും ജലീൽ നേരത്തെ തന്നെ ബോധ്യപ്പെടുത്തിയതാണ്. ലോകായുക്തയുടെ വിധിയുമായി ബന്ധപ്പെട്ട് ആവശ്യമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ജലീൽ തന്നെ വ്യക്തമാക്കിയതാണ്. കോടതി വിധി വന്നയുടൻ രാജിവെക്കുന്ന സ്ഥിതി എവിടെയുമുണ്ടായിട്ടില്ല.