Politics (Page 589)

തൃശൂർ : കൊടകരയിൽ വച്ച് ഗുണ്ടാസംഘങ്ങൾ കോടിക്കണക്കിന് രൂപ കവർന്ന സംഭവത്തിൽ സി പി എം ആരോപണത്തിന് മറുപടിയുമായി ബി ജെ പി.ബി ജെ പി സ്ഥാനാർത്ഥികൾക്കുവേണ്ടി കൊണ്ടുവന്ന പണമാണ് കവർച്ചയ്ക്ക് ഇരയായതെന്ന് സി പി എം ആരോപിച്ചിരുന്നു. ഈ ആരോപണത്തെ പരസ്യമായി നിഷേധിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് തൃശൂർ ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ കെ അനീഷ് കുമാർ.കൊടകര സംഭവത്തിൽ ബി ജെ പിയെ വലിച്ചിഴയ്ക്കാൻ സി പി എം ഗൂഢാലോചന നടത്തുന്നുവെന്ന് ബി ജെ പി ആരോപിക്കുന്നു. ദുഷ്പ്രചാരണം നടത്തുന്ന സിപിഎമ്മിനെതിരെ നിയമനടപടി സ്വീകരിക്കും. അക്കൗണ്ട് വഴിമാത്രമാണ് ബി ജെ പി തിരഞ്ഞെടുപ്പ് ഫണ്ട് കൈമാറിയിട്ടുള്ളത്.

ഈ ഫണ്ട് കൂടാതെ പ്രചരണത്തിനാവശ്യമുള്ള തുക ജനങ്ങളിൽ നിന്നും പിരിവിലൂടെയാണ് കണ്ടെത്തുന്നത്. ഇതു സംബന്ധിച്ച് കൃത്യമായ കണക്കും തങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകാറുണ്ടെന്നും അനീഷ്‌കുമാർ അറിയിച്ചു.അറസ്റ്റിലായവർ സ്ഥിരം കുഴൽപ്പണം തട്ടുന്ന സംഘത്തിലുള്ളവരാണെന്ന് പൊലീസ് പറയുന്നു. പ്രതികളെ ഉപയോഗിച്ച് തെളിവെടുപ്പ് നടത്തി. കേസിലെ രാഷ്ട്രീയബന്ധം ഇവരെ ചോദ്യം ചെയ്യുന്നതിലൂടെയേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. ഒളിവിലായിരുന്ന പ്രതികളെ തിങ്കളാഴ്ച പുലർച്ചെ എറണാകുളം കാക്കനാട് നിന്നാണ് പിടികൂടിയത്.

അഞ്ച് പേർ കൂടി പിടിയിലാകാനുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഏഴു പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും രണ്ടു പേർ സഹായികളുമാണ്. പിടികൂടാനുള്ള മൂന്ന് പേരാണ് അപകടവും കവർച്ചയും ആസൂത്രണം ചെയ്തത്. രണ്ട് പേർ തലശേരി, കണ്ണൂർ സ്വദേശികളാണ്. തലശേരി സ്വദേശി ഇരിങ്ങാലക്കുടയിൽ വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയാണ്. തൃശൂർ കോടാലി സ്വദേശിയെ സംഘം കൂടെക്കൂട്ടിയതാണ്. പദ്ധതി വിജയിച്ചതോടെ ഇയാൾക്ക് 10 ലക്ഷം നൽകിയെന്ന് പൊലീസ് പറഞ്ഞു.ബാക്കി തുക കോഴിക്കോട്ട് വച്ച് വീതംവച്ചു.

രാഷ്ട്രീയപാർട്ടി ഏതാണെന്ന് പൊലീസിന്റെ പ്രഥമവിവര റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. തൃശൂർ എറണാകുളം ദേശീയപാതയിൽ പാലിയേക്കര ടോൾപ്ലാസയിൽ എത്തിയപ്പോൾ പണവുമായി പോയ കാർ നിറുത്തിയെങ്കിലും തൊട്ടു പിന്നിലുണ്ടായിരുന്ന ഗുണ്ടകൾ സഞ്ചരിച്ചിരുന്ന കാർ, ടോൾപ്ലാസയിലെ ബാരിയറിൽ തട്ടി പാഞ്ഞുപോയി. ഈ സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് ഗുണ്ടാസംഘം വാഹനത്തെ പിന്തുടർന്നുവെന്ന് പൊലീസ് ഉറപ്പാക്കിയത്.

തട്ടിക്കൊണ്ടുപോയ കാറും ഗുണ്ടകൾ വന്ന മൂന്നു കാറുകളിൽ ഒരു കാറും കണ്ടെത്തി.കൊടകര ദേശീയപാതയിൽ കഴിഞ്ഞ ഏപ്രിൽ മൂന്നിന് പുലർച്ചെ നാലരയ്ക്കായിരുന്നു സംഭവം. മൂന്നരക്കോടി രൂപ കാറിൽ നിന്ന് നഷ്ടപ്പെട്ടതായാണ് വിവരം. പക്ഷേ, ഭൂമി ഇടപാടിനായി കൊണ്ടുവന്ന 25 ലക്ഷം തട്ടിയെടുത്തെന്നാണ് കോഴിക്കോട് സ്വദേശിയുടെ പരാതി. വിശദമായ അന്വേഷണത്തിലാണ് ദേശീയപാർട്ടി തിരഞ്ഞെടുപ്പിന് എത്തിച്ച കണക്കിൽപ്പെടാത്ത പണമാണെന്നും മൂന്നരക്കോടിയുണ്ടെന്നും വ്യക്തമായത്.

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളത്തില്‍ കൊവിഡിന്റെ മാരകമായ വകഭേദത്തെ കണ്ടെത്തിയ വിവരം അറിഞ്ഞ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഈ മാസമാദ്യം ഈ വിവരങ്ങളെല്ലാമറിഞ്ഞിട്ടും ആരോഗ്യവകുപ്പ് ഉറങ്ങുകയായിരുന്നോ? വടക്കോട്ടു നോക്കി ഇന്ത്യാവിരുദ്ധപ്രസംഗം നടത്തുന്നവരൊന്നും ഇത് കണ്ടിരുന്നില്ലേ? വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വയോധികരേയും രോഗികളേയും പേടിപ്പെടുത്തി വെയിലുകൊള്ളിക്കുന്നവര്‍ എന്തു നടപടിയാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്നു വ്യക്തമാക്കണം. കോവിഡ് ടെസ്റ്റ് നടത്താന്‍ ലോകത്തെവിടെയുമില്ലാത്ത ചാര്‍ജ്ജ് ഈടാക്കുന്നവര്‍, ബജറ്റില്‍ ഒരു നയാ പൈസപോലും വാക്‌സിന്‍ വാങ്ങാന്‍ നീക്കിവെക്കാത്തവര്‍,സ്വകാര്യ ആശുപത്രികള്‍ക്ക് കൊള്ള നടത്താന്‍ അവസരം നല്‍കുന്നവര്‍, ഒരു ചില്ലിക്കാശുപോലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കോവിഡ് പ്രതിരോധത്തിന് നല്‍കാത്തവര്‍, ഓക്‌സിജന് പ്‌ളാന്റിന് കേന്ദ്രം നല്‍കിയ പണം ചെലവാക്കാന്‍ പോലും തയ്യാറാവാത്തവര്‍ അവരാണിപ്പോള്‍ കേന്ദ്രവിരുദ്ധസമരത്തിനിറങ്ങുന്നത്. കേരളത്തെ കൊലയ്ക്കു കൊടുക്കുന്ന ഈ നയം തിരുത്താന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവണം…

തിരുവനന്തപുരം: വാക്സീന്‍ സൗജന്യമെങ്കില്‍ തുക വകയിരുത്തേണ്ടതായിരുന്നു, ബജറ്റില്‍ കോവിഡ് വാക്സീന് ടോക്കണ്‍ എങ്കിലും വയ്ക്കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പണമുണ്ടെന്നാണ് തോമസ് ഐസക്കിന്റെ നിലപാടെങ്കില്‍ വാക്സീന്‍ വാങ്ങണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അതീവ ഗുരുതരമായ ഒരു സാഹചര്യമാണു കേരളത്തിലുണ്ടായിരിക്കുന്നതെന്നും പിന്നീട് പത്രക്കുറിപ്പിൽ ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി തന്നെ പറഞ്ഞത്, സംസ്ഥാനം ഒരു അഗ്‌നിപര്‍വത സമാനമായ സാഹചര്യത്തെ നേരിടുന്നു എന്നാണ്. എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രയത്‌നം ഉണ്ടെങ്കില്‍ മാത്രമേ, നമുക്ക് ഈ മഹാമാരിയെ നിയന്ത്രിക്കാന്‍ കഴിയുകയുള്ളൂ.

സര്‍ക്കാരും പ്രതിപക്ഷവും ഏകമനസ്സോടെ പ്രവര്‍ത്തിക്കണ്ട സമയമാണിത്. കോവിഡ് വ്യാപനത്തിന്റെ ഒന്നാം ഘട്ടത്തില്‍ അതിനെ നേരിടാനുള്ള സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിപക്ഷം പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. രണ്ടാം തരംഗത്തിന്റെ ഈ നിര്‍ണ്ണായകഘട്ടത്തിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും യുഡിഎഫ് പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സര്‍വകക്ഷി യോഗത്തിന് ശേഷമാണ് പ്രതികരണം. കന്റോണ്‍മെന്റ് ഹൗസില്‍ ഓണ്‍ലൈനിലൂടെയാണ് ചെന്നിത്തല സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തത്.

നമ്മുടെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെയും വെന്റിലേറ്റർ – ഐസിയു കിടക്കകൾ ഒരു കോമൺ പൂളിലേക്കു മാറ്റണം എന്നു മുന്‍പേ ആവശ്യപ്പെട്ടതാണ്. ഇതിന്റെ അലോക്കേഷന്‍ ജില്ലാ തല മെഡിക്കല്‍ ബോര്‍ഡനെ ഏല്പിക്കാം. ഇതിനായി ഒരു കേന്ദ്രീകൃത ഹെൽത് കെയർ നമ്പർ നല്‍കാവുന്നതുമാണ്. ഇതിലുപരി, എല്ലാ ജില്ലയിലും ടെർഷ്യറി കെയർ മാത്രം നല്‍കുന്ന ഒരു സംവിധാനത്തെ പറ്റി ആലോചിക്കാവുന്നതാണ്. ഓക്‌സിജന്‍ ലഭ്യത ഇല്ലാതെയും വെന്റിലേറ്റര്‍ ഇല്ലാതെയും ഒരു മരണം പോലും കേരളത്തില്‍ സംഭവിക്കില്ല എന്ന് ഉറപ്പ് വരുത്താന്‍ നമുക്ക് സാധിക്കണം. അതിന് ഇത്തരം കേന്ദ്രങ്ങൾ സഹായിക്കും എന്ന് കരുതുകയാണ്.

Test, Trace, Treat എന്ന രോഗ വ്യാപനം തടയാനുള്ളതും അതു നിയന്ത്രിക്കാനും ഉള്ള തന്ത്രങ്ങൾ തുടരുക തന്നെ വേണം. പരമാവധി ടെസ്റ്റുകള്‍ നടത്താനും റിസള്‍ട്ട് 24 മണിക്കൂറിനുള്ളില്‍ വെബ്‌സൈറ്റില്‍ ഇടാനുള്ളതുമായ സംവിധാനം വേണം. ഇതോടൊപ്പം വീടുകളില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്കായി ഐസലേഷൻ കേന്ദ്രങ്ങളും, പ്രാഥമിക ചികിത്സക്കായി എഫ്എൽടിസികളും കൂടുതല്‍ സജ്ജീകരിക്കണം.

കോവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികള്‍ അമിതമായ നിരക്കാണ് ഈടാക്കുന്നത്. ഇതിന് നിയന്ത്രണം ആവശ്യമാണ്. ദാരിദ്ര്യരേഖയില്‍ താഴെ ഉള്ളവര്‍ക്ക് സ്വകാര്യ മേഖലയിലും സൗജന്യമായി ചികിത്സ നല്‍കാനുള്ള നടപടി ഉണ്ടാവണം. മറ്റുള്ളര്‍ക്കുള്ള ചികിത്സയുടെ നിരക്ക് സര്‍ക്കാര്‍ നിശ്ചയിക്കണം. ഇത് നടപ്പിലാക്കുന്നു എന്ന് ഉറപ്പ് വരുത്തുകയും വേണം. ഇതു മുൻപ് ആവശ്യപ്പെട്ട കാര്യമാണ്.

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇനി പ്രായോഗികമല്ല. ഒന്നാം ലോക്ക്ഡൗണിനുശേഷം തകര്‍ന്ന സാമ്പത്തിക രംഗം ഒന്ന് കരകയറി വരുന്നതേ ഉള്ളൂ. മറ്റൊരു ലോക്ക്ഡൗണ്‍ കൂടി താങ്ങാന്‍ ജനങ്ങള്‍ക്കു കഴിയില്ല. സംസ്ഥാന വ്യാപകമായ ലോക്ഡൗണിനോട് യോജിക്കാന്‍ കഴിയില്ല. കഴിഞ്ഞ ദിവസത്തെപ്പോലുള്ള വാരാന്ത്യ നിയന്ത്രണങ്ങളില്‍ യോജിപ്പാണ്. കടകള്‍ തുറക്കുന്നതും, അടയ്ക്കുന്നതിനും ഉള്ള സമയക്രമത്തില്‍ വ്യാപകമായ പരാതി ഉണ്ട്. രാത്രി 9 മണി വരെ കടകള്‍ തുറന്നിരിക്കുന്നത് നല്ലതാണ്. അത് വൈകിട്ടത്തെ തിരക്ക് കുറയ്ക്കുന്നതിന് സഹായിക്കും.

കോളജുകളിലെ ക്ലാസ്സുകള്‍ സംബന്ധിച്ച് വ്യക്തത കുറവ് ഉണ്ട്. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടത്തണം എന്ന് സര്‍ക്കാര്‍ ഉത്തരവ് ഉള്ളപ്പോള്‍, പല സ്വകാര്യ മെഡിക്കല്‍ കോളജുകളും ഇപ്പോഴും ഓഫ് ലൈന്‍ ക്ലാസ്സുകള്‍ നടത്തുന്നു. വിദ്യാര്‍ഥികളെ കൂട്ടത്തോടെ ഹോസ്റ്റലില്‍ താമസിപ്പിക്കുന്നു. ആരോഗ്യ സര്‍വകലാശാലയാകട്ടെ വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ പഠനം അവസാനിപ്പിച്ചു കോളജുകളിലേക്കു തിരിച്ചു വിളിക്കുകയാണ്. ഇതു സംബന്ധിച്ച് രക്ഷിതാക്കള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. എല്ലാ വിദ്യാര്‍ഥികള്‍ക്കും രണ്ട് ഡോസ് വാക്‌സീന്‍ നല്‍കിയെന്നാണ് പറയുന്നതെങ്കിലും എല്ലാവര്‍ക്കും അത് കിട്ടിയിട്ടില്ലെന്നു രക്ഷിതാക്കള്‍ പറയുന്നു.

ഇതിലെല്ലാം വ്യക്തത വരുത്തേണ്ടതുണ്ട്. അതേപോലെ, മാറ്റിവയ്ക്കാന്‍ സാധിക്കുന്ന, അല്ലെങ്കില്‍ റദ്ദാക്കാവുന്ന പരീക്ഷകള്‍ ഇപ്പോഴും നടത്തുകയാണ്.വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്‌ളാദ പ്രകടനങ്ങള്‍ കഴിയന്നത്ര പരിമിതപ്പെടുത്തണം. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോക്കാള്‍ കര്‍ശനമായി പാലിക്കണം. ഇലക്ഷന്‍ കൗണ്ടിങ് ഏജന്റുമാര്‍ക്ക് ആര്‍ടിപിസിആർ പരിശോധന നടത്തി ഫലം സമയബന്ധിതമായി ലഭ്യമാക്കണം.

കൊച്ചി: കളളപ്പണം വെളുപ്പിക്കല്‍ നിയമ പ്രകാരമുള്ള അന്വേഷണത്തിന്റെ ഭാഗമായി എസ്എന്‍സി ലാവലിന്‍ കമ്പനിയുടെ ആസ്തിവകകളുടെ വിശദാംശങ്ങള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ്. കൊച്ചിയിലെ ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ വികാസ് മേത്ത നല്‍കിയ നോട്ടീസില്‍ ഏഴ് സുപ്രധാന വിവരങ്ങാണ് ഇഡി ആവശ്യപ്പെട്ടിട്ടുള്ളത്.കമ്പനി ഇന്ത്യയിലും വിദേശത്തും വാങ്ങിയ സ്വത്തുക്കള്‍, രാജ്യത്തിനകത്തും പുറത്തുമുള്ള ഓഫീസുകളുടെയും ജീവനക്കാരുടെയും വിശദാംശങ്ങള്‍, ധനകാര്യ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറുടെ രണ്ട് പാസ്‌പോര്‍ട്ട് ഫോട്ടോ അടക്കമുള്ള രേഖകള്‍ ആണ് ഹാജരാക്കാന്‍ നിര്‍ദ്ദശിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമുള്ള അന്വേഷണത്തിന്റെ ഭാഗമാണ് രേഖകള്‍ സഹിതം പ്രതിനിധികളോട് ഹജരാകാന്‍ ആവശ്യപ്പെടുന്നതെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരിയില്‍ ഗുഡ്ഗാവിലെ ഓഫീസ് വിലാസത്തില്‍ കത്തയച്ചിരുന്നുവെങ്കില്‍ കമ്പനിക്ക് അത്തരം കള്ളപ്പണ കേസില്‍ പങ്കില്ലെന്ന മറുപടിയാണ് നല്‍കിയത്. തുടര്‍ന്ന് മുംബൈയിലെ ഫിനാന്‍സ് ഡയറക്ടര്‍ക്ക് ഏപ്രില്‍ 8ന് വീണ്ടും കത്ത് നല്‍കി. കള്ളപ്പണം വെളുപ്പിക്കല്‍ നിയമം നിലവില്‍ വന്നത് 2003ലാണെന്നും സംസ്ഥാന സര്‍ക്കാരുമായി 1995ല്‍ നടന്ന കരാര്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നുമാണ് പ്രധാന വാദം.

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ കൊവിഡ് പ്രതിരോധത്തെ വിമർശിച്ച അമ്പത്തിരണ്ടോളം ട്വീറ്റുകൾ ട്വിറ്റർ ഐ.ടി. വകുപ്പിന്‍റെ നിർദേശ പ്രകാരം നീക്കം ചെയ്തതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോ‌ർട്ട് ചെയ്തു. ട്വിറ്റർ, ലുമെൻ ഡാറ്റ ബേസ് എന്ന സ്ഥാപനത്തിന് നൽകിയ വിവരങ്ങൾ ഉദ്ധരിച്ചാണ് റിപ്പോർട്ട്.കോൺ​ഗ്രസ് എം.പി രേവന്ത് റെഡി, പശ്ചിമ ബംഗാള്‍ മന്ത്രി മൊളോയ് ഘട്ടക്, നടന്‍ വിനീത് കുമാര്‍ സിംഗ്, ചലച്ചിത്ര നിര്‍മ്മാതാക്കളായ വിനോദ് കപ്രി, അവിനാശ് ദാസ് തുടങ്ങിയ പ്രമുഖരുടേതടക്കമുള്ള ട്വീറ്റുകള്‍ നീക്കം ചെയ്തതില്‍ ഉള്‍പ്പെടുന്നു.

എന്നാൽ കേന്ദ്ര സര്‍ക്കാർ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. ബ്ലോക്ക് ചെയ്ത ട്വീറ്റുകളില്‍ ഭൂരിപക്ഷവും രാജ്യത്തെ ഓക്‌സിജന്‍ ലഭ്യതകുറവും കൊവിഡ് മരുന്നുകളുടെ ദൗര്‍ലഭ്യവും സംബന്ധിച്ച വിമര്‍ശനങ്ങളാണ്. നേരത്തെ സമരവുമായി ബന്ധപ്പെട്ട ട്വീറ്റുകൾ നീക്കം ചെയ്യാൻ കേന്ദ്ര സ‌ർക്കാൻ ട്വിറ്ററിനോട് ആവശ്യപ്പെട്ടത് ഏറെ വിവാദമായിരുന്നു.

ഇതിനു പിന്നാലെയാണ് കേന്ദ്ര സർക്കാരിന്‍റെ കൊവിഡ് പ്രതിരോധത്തെ വിമർശിച്ച ട്വീറ്റുകള്‍ ഇന്ത്യയുടെ ഐ.ടി. നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിന് നോട്ടീസയച്ചതിനു പിന്നാലെ പാര്‍ലമെന്റ് അംഗങ്ങള്‍, സംസ്ഥാന മന്ത്രിമാര്‍, സിനിമാ പ്രവർത്തകർ, മാദ്ധ്യമ പ്രവ‌ർത്തകർ എന്നിവരുടേതടക്കമുളള ട്വീറ്റുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. അതേ സമയം അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തയ്യാറായിട്ടില്ല. ട്വീറ്റുകള്‍ ബ്ലോക്ക് ചെയ്തത് സംബന്ധിച്ച് ട്വിറ്റര്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ ട്വീറ്റ് ചെയ്ത ഉപയോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.ഇന്ത്യന്‍ ഐ.ടി. ആക്ട് 2000 പ്രകാരമാണ് ട്വിറ്ററിന് നോട്ടീസ് നല്‍കിയിട്ടുളളത്.

തിരവനന്തപുരം; കൊവിഡ് പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിവസം വലിയ തോതിലുള്ള ആഹ്‌ളാദ പ്രകടനങ്ങള്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ ആഹ്‌ളാദ പ്രകടനങ്ങളുടെ ആവശ്യമില്ല. ലോക് ഡൗണ്‍ പാടില്ല, എന്നാല്‍ നിയന്ത്രണങ്ങള്‍ പാലിക്കണം എന്നാണ് നിലപാടെന്നും അദ്ദേഹം അറിയിച്ചു.കെ.പി.സി.സി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം അറിയിച്ചത്.

കൊവിഡിന്റെ രണ്ടാം തരംഗം വളരെ ശക്തി പ്രാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ 28,447 ആണ്. വളരെ നിര്‍ണ്ണായകമായ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രയത്നം ഉണ്ടെങ്കില്‍ നമുക്ക് ഈ മഹാമാരിയെ നിയന്ത്രിക്കാനാവുന്നതേയുള്ളുവെന്നും അതിനാല്‍ ജാഗ്രതയോടെ എന്നാല്‍, പരിഭ്രാന്തിതെല്ലും ഇല്ലാതെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിപ്പോളെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷത്തെ അനുഭവ പാഠം നമ്മുടെ മുന്നിലുണ്ട്. ഈ വൈറസ്സിന്റെ പ്രത്യേകതകള്‍ എന്തൊക്കെ, അത് പടരുന്നതെങ്ങനെ, വൈറസ് ബാധയുണ്ടായാല്‍ എന്തുചെയ്യണം. ചികിത്സ എങ്ങനെ വേണം, വൈറസിനെ പ്രതിരോധിക്കേണ്ടതെങ്ങനെ തുടങ്ങിയ വിലപ്പെട്ട വിവരങ്ങളെല്ലാം ഇപ്പോള്‍ നമുക്കുണ്ട്.

സര്‍ക്കാരും അവസരത്തിനൊത്ത് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. വെറുതേ ബഡായി അടിക്കുന്നതിതില്‍ മാത്രമായി കൊവിഡ് പ്രതിരോധം ഒതുക്കിക്കളയരുത്. പ്രതിപക്ഷത്തെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെയും വിശ്വാസത്തിലെടുത്ത്, അവരെയും ഈ പോരാട്ടത്തില്‍ പങ്കാളികളാക്കി മുന്നോട്ടുപോകണം. തിങ്കളാഴ്ച സര്‍ക്കാര്‍ വിളിച്ച സര്‍വ്വ കക്ഷി യോഗത്തില്‍ സഹകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.

prathapan

തൃശൂർ: തന്റെ സ്വപ്‌നം യാഥാർത്ഥ്യമാക്കിയതിന് പിന്നിൽ പ്രവർത്തിച്ചവരോട് ഹൃദയത്തിൽ നിന്ന് നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്ന് തൃശൂർ എം പി ടി എൻ പ്രതാപൻ.മകൾ ഡോക്‌ടറായതിന്റെ സന്തോഷമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത്.മകളെ പഠിപ്പിക്കാൻ എൻ ആർ ഐ അക്കൗണ്ടിൽ നിന്ന് കോളേജിലെ അക്കൗണ്ടിലേക്ക് ഫീസ് അയച്ചുകൊണ്ടിരുന്ന യൂസഫലിയെപ്പറ്റിയും പ്രതാപൻ ഓർക്കുന്നു. അമൃതാനന്ദമയി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി ഡി സതീശൻ തുടങ്ങിയവരോടും തന്റെ ഹൃദയസ്‌പർശിയായ കുറിപ്പിൽ പ്രതാപൻ നന്ദി പറയുന്നുണ്ട്.

‘ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ജീവിത മാർഗം നൽകിയ ഒരു മഹാമനീഷി എന്റെ മകളെ പഠിപ്പിച്ചു എന്നത് ഒരിക്കലും മങ്ങാത്ത അഭിമാന മുദ്ര‌യാണ്. ജാതി-മത-വർഗ വ്യത്യാസങ്ങളുടെ വേലികളുയരാത്ത, സ്‌നേഹം മാത്രം നിറഞ്ഞ ഒരു മനുഷ്യ മനസ്! അങ്ങനെ വേണം യൂസഫലിക്കയെ നിർവചിക്കാൻ. പടച്ചവൻ ആയുരാരോഗ്യങ്ങളോടെ ദീർഘായുസ് നൽകി അദ്ദേഹത്തെ വാഴിക്കട്ടെ.

ഈ പരിശുദ്ധ റമദാനിൽ അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രാർത്ഥനകൾ തന്നെ മതി ഒരു പുരുഷായുസ് സഫലമാകാൻ’ എന്നാണ് പ്രതാപൻ യൂസഫലിയെപ്പറ്റി പറയുന്നത്.മകൾ വെറുതെ ഒരു ഡോക്‌ടർ ആവില്ല. പാവങ്ങൾക്കും അശരണർക്കും സാന്ത്വനം നൽകുന്ന ഒരാളായി അവൾ മാറും. അത് അവളെ പഠിപ്പിച്ചവരുടെ സുകൃതഫലം കൂടിയാണ് എന്ന് താൻ വിശ്വസിക്കുന്നുവെന്നും പ്രതാപൻ പറയുന്നു.

മലപ്പുറം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പൊതുഫണ്ട് ആണെന്നും അതിലേക്ക് സംഭാവന
നൽകുന്നത് നല്ല കാര്യമാണെന്നും പികെ കുഞ്ഞാലിക്കുട്ടി. കോവിഡ് പ്രതിസന്ധിയെ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ സർക്കാരിന് എല്ലാ പിന്തുണയും പ്രതിപക്ഷം നൽകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.കോവിഡിനെ പ്രതിരോധിക്കാൻ എല്ലാവരും ഒത്തൊരുമിക്കണം എന്നുതന്നെയാണ് യുഡിഎഫിന്റെയും ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെയും പൊതു നയം.

കേന്ദ്ര സർക്കാർ രാഷ്​ട്രീയ പേരെടുക്കലിനാണ് ആദ്യഘട്ടത്തിൽ ശ്രമിച്ചത്​.ലോക രാജ്യങ്ങൾ അവരുടെ പൗരന്മാരെ സംരക്ഷിക്കാൻ ശ്രമിച്ചപ്പോൾ കേന്ദ്ര സർക്കാർ ‘പൊളിറ്റിക്കൽ മൈലേജി’ൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്​. അക്കാര്യത്തിൽ വലിയ വീഴ്ച അവരുടെ ഭാഗത്തുനിന്നും ഉണ്ടായി. അതിന്‍റെ പരിണിത ഫലം ആണ് ഇന്ന് അനുഭവിക്കുന്നത്” കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രതിദിന ടെസ്​റ്റ്​ പോസിറ്റിവ് നിരക്ക് ക്രമാതീതമായി ഉയരുന്ന ഈ സമയത്ത് സന്ദർഭത്തിനനുസരിച്ച്​ ഉണർന്ന് പ്രവർത്തിക്കണം. ഈ പ്രതിസന്ധിയെ കുറ്റമറ്റ രീതിയിൽ കൈകാര്യം ചെയ്യണം. അതിന് പ്രതിപക്ഷത്തി​െൻറ പൂർണ പിന്തുണയുണ്ടാവും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പൊതുഫണ്ട് ആണെന്നും അതിലേക്ക് സംഭാവനകൾ നൽകുന്നത് നല്ലകാര്യമാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

shibu

കൊച്ചി :സര്‍ക്കാരിനും പൊലീസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഷിബു ബേബി ജോണ്‍. ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഭയാശങ്കകള്‍ ഉയര്‍ത്തിക്കൊണ്ടുതന്നെ കൊവിഡ് അതിവേഗത്തില്‍ വ്യാപിക്കുമ്പോള്‍് ഇവിടെ പരിഭ്രാന്തി പരത്തുകയല്ല വേണ്ടത്, മറിച്ച് സമചിത്തതയോടെ ജനങ്ങളതിനെ എങ്ങനെ നേരിടണമെന്ന കൃത്യമായ ബോധവല്ക്കരണമാണ് ആവശ്യം.
എന്നാല് ജനങ്ങള്ക്കിടയില് ജാഗ്രത സൃഷ്ടിക്കേണ്ട ഇവിടത്തെ പൊലീസ് സംവിധാനം കൊവിഡിന്റെ മറവില്‍ ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തി അവരെ പോക്കറ്റടിക്കാനാണ് ശ്രമിക്കുന്നത്. ഓരോ പൊലീസ് സ്റ്റേഷനും ക്വാട്ട കൊടുത്തുകൊണ്ട് കൊവിഡിന്റെ പേരില്‍ ഭീമമായ പിരിവ് നടത്തുകയാണ് സര്ക്കാര്. ഈ ദുരിതകാലത്ത് ബുദ്ധിമുട്ടില് കഴിയുന്ന ജനങ്ങളെ മനപൂര്വം ഒരു ഗവണ്മെന്റ് പിഴിയുകയാണ്. ഭാര്യയും ഭര്‍ത്താവും കുഞ്ഞുമായി പോകുന്ന വാഹനങ്ങളെ പോലും തടഞ്ഞുനിര്ത്തി ഫൈനടിക്കുന്ന ഒരു സംവിധാനമാണ് ഇന്നുള്ളത്. ഇതിനല്ലല്ലോ ഒരു ഗവണ്മെന്റ് ശ്രമിക്കേണ്ടത്. ജനങ്ങളെ കറവപ്പശുക്കളായി കാണുന്ന പ്രവണത ഇനിയെങ്കിലും ആഭ്യന്തര വകുപ്പ് ഉപേക്ഷിക്കണം.
കേരളത്തിലെ പ്രതിരോധ പ്രവര്ത്തനങ്ങളും പാടെ താളംതെറ്റിയ അവസ്ഥയിലാണെന്നതാണ് ഏറ്റവും ദുഃഖകരമായ കാര്യം. കൊവിഡ് ടെസ്റ്റ് നടത്തിയാല് നാലും അഞ്ചും ദിവസങ്ങള്‍് കഴിഞ്ഞാണ് റിസള്‍ട്ട് വരുന്നത്. റിസള്‍ട്ട് പോസിറ്റീവ് ആണെങ്കില്‍ അയാളില്‍ നിന്നും അതിനുള്ളില്‍ എത്രപേര്‍ക്ക് രോഗം പരന്നിട്ടുണ്ടാകും?
എന്റെ മകന്‍ കഴിഞ്ഞ തിങ്കളാഴ്ച്ച കൊവിഡ് പരിശോധനയ്ക്ക് വിധേയനായതാണ്. റിസള്‍്ട്ട് വന്നത് വെള്ളിയാഴ്ച്ചയാണ്. ഒന്നുകൂടി ശ്രവം നല്കണമെന്നാണ് അവര്‍ പറയുന്നത്.
നിലവിലെ പ്രതിരോധശ്രമങ്ങള്‍ പ്രായോഗികമല്ല എന്ന ആരോഗ്യവിദഗ്ധരുടെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കാന് സര്‍ക്കാര്‍ തയ്യാറാകണം.

നിര്‍ദ്ദേശങ്ങള്‍ വയ്ക്കുമ്പോള്‍ അവരുടെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല. നാലും അഞ്ചും ദിവസം കഴിഞ്ഞ് ടെസ്റ്റ് റിസള്‍ട്ട് വന്നാല്‍ എന്ത് പ്രയോജനമാണ് ഉള്ളത്? ആ ദിവസങ്ങള്‍ക്കുള്ളില്‍ രോഗബാധ ഉണ്ടാകില്ലെന്ന് ആര് കണ്ടു. ചുരുക്കത്തില് ലക്ഷ്യ ബോധമില്ലാത്ത നേതൃത്വം കേരളത്തിലെ ആരോഗ്യരംഗത്തേയും ശിരീിരഹൗശെ്‌ല ആക്കിയിരിക്കുകയാണ്.
വെറും ഒരാഴ്ച്ച കൂടി മാത്രമെ ഈ സര്ക്കാരിന് അവശേഷിക്കുന്നുള്ളു. ഇനിയെങ്കിലും തള്ളുകള് മതിയാക്കി എന്തെങ്കിലും ക്രീയാത്മകമായി ചെയ്യാന് പിണറായി വിജയനും കൂട്ടരും തയ്യാറാകണം.
ഭയാശങ്കകള്‍ ഉയര്‍ത്തിക്കൊണ്ടുതന്നെ കോവിഡ് അതിവേഗത്തില്‍ വ്യാപിക്കുമ്പോള്‍ ഇവിടെ പരിഭ്രാന്തി പരത്തുകയല്ല വേണ്ടത്, മറിച്ച്…

കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സീറ്റുകളുടെ എണ്ണത്തില്‍ രണ്ടക്കം കടക്കുമെന്നും , പാര്‍ട്ടി നിര്‍ണായക ശക്തിയാകുമെന്നും കെ സുരേന്ദ്രന്‍. എറണാകുളത്ത് ചേര്‍ന്ന ബിജെപി കോര്‍ കമ്മറ്റി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.തലശ്ശേരി, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ പത്രിക തള്ളിയത് പാര്‍ട്ടിയുടെ വീഴ്ചയായി കണക്കാക്കിയിട്ടില്ലെന്നും അത് സാങ്കേതിക പിഴവ് മാത്രമെന്നാണ് പാര്‍ട്ടി വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. കോന്നിയിലും മഞ്ചേശ്വരത്തും വിജയപ്രതീക്ഷയാണുള്ളത്. തൃശൂര്‍, പാലക്കാട് സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നും കോര്‍കമ്മിറ്റി യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു.സംസ്ഥാനത്ത് കൊറോണ പ്രതിരോധ ഏകോപനം താളം തെറ്റിയെന്നും രാജ്യത്ത് ഫ്രീയായി ആര്‍ക്കും വാക്‌സിന്‍ ലഭിക്കുന്നില്ലെന്നും മറ്റു സംസ്ഥാനങ്ങള്‍ വാക്‌സിന്‍് വാങ്ങിയിട്ടും കേരളം വാങ്ങാന്‍ തയ്യാറാകുന്നില്ലെന്നും തിങ്കളാഴ്ചത്തെ സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചൂണ്ടികാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.