തിരുവനന്തപുരം : തന്റെ കുടുംബം തകരുകയോ താന്‍ ആത്മഹത്യ ചെയ്യേണ്ടതായ കാര്യമോയില്ലെന്ന് വെളിപ്പെടുത്തി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ആത്മഹത്യയുടെ വക്കിലാണെന്ന് വ്യാജപ്രചരണം നടന്നതിന്റെ അടിസ്ഥാനത്തിലാണ് ഫേസ്ബുക്കി് ലൈവില്‍ അദ്ദേഹം വന്നത്. ഡോളര്‍കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, അസുഖമുള്ളതിനാല്‍ ഹാജരാകില്ലെന്നായിരുന്നു കസ്റ്റംസിന് സ്പീക്കര്‍ നല്‍കിയ വിശദീകരണം. ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സ്പീക്കര്‍്ക്ക് നോട്ടിസ് നല്കിയത്. സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങള്‍ അടങ്ങിയ സ്വപ്നയുടെ മൊഴി നേരത്തെ പുറത്തുവന്നിരുന്നു. സ്പീക്കര്‍ ദുരുദ്ദേശത്തോടെ തന്നെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവെന്നാണ് സ്വപ്ന വെളിപ്പെടുത്തിയത്. സിഎം ഓഫിസില്‍ ശിവശങ്കരിന്റെ ടീം ഉണ്ടായിരുന്നുവെന്ന് സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. സി എം രവീന്ദ്രന്‍, ദിനേശന്‍ പുത്തലത്തു അടക്കമുള്ള സംഘം ആയിരുന്നു ഇവര്‍. സര്‍ക്കാരിന്റെ പല പദ്ധതികളും ഇവര്‍ ബിനാമി പേരുകളില്‍ എടുത്തിരുന്നുവെന്നും സ്വപ്ന ആരോപിക്കുന്നു. ഹൈക്കോടതിയില്‍ നല്‍കിയ രണ്ടാം റിപ്പോര്‍ട്ടില്‍ ആണ് സ്വപ്നയുടെ മൊഴി ഉള്‍പെടുത്തിയത്. യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് രാജിവെക്കുന്ന കാര്യം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചിരുന്നുവെന്നും സ്വപ്ന പറയുന്നു.
സ്പീക്കര്‍ ഫേസ്ബുക് വീഡിയോയില്‍ പറഞ്ഞ കാര്യങ്ങള്‍ ചുവടെ:
ആത്മഹത്യയുടെ മുന്നില്‍ അഭയം പ്രാപിക്കുന്ന വ്യക്തിയല്ല ഞാന്‍. അത്ര ഭീരുവുമല്ല. ഏത് അന്വേഷണ ഏജന്‍സിയുടെ മുന്‍പിലും എപ്പോള്‍ വേണമെങ്കിലും ആവശ്യമുള്ള വിവരങ്ങള്‍ നല്‍കാവുന്നതാണ്. അവര്‍ ആവശ്യപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ അതിന്റെ ചിട്ടവട്ടങ്ങള്‍ കീഴ്വഴക്കങ്ങളും പാലിച്ചുകൊണ്ട് അത് യാഥാര്‍ഥ്യമാക്കുന്നതില്‍ ഒരു തടസ്സവുമില്ല. എന്നാല്‍ രക്തം കുടിക്കുന്ന ഡ്രാക്കുളയുടെ മനോഭാവത്തോടെ എന്റെ മരണം പ്രതീക്ഷിക്കുന്ന, മരണം ആഗ്രഹിക്കുന്ന തരത്തിലെ പ്രചാരണം നടക്കുന്നു. എനിക്കെതിരെയുള്ള വ്യക്തിപരമായ, ആക്രമണമായി ഞാന്‍ അതിനെ കരുതുന്നില്ല. ആ സുഹൃത്തിനോട് ഞാന്‍ പറയുന്നു, നിങ്ങള്‍ അതില്‍ പരാജയപ്പെടും, എന്റെ പ്രസ്ഥാനത്തിന്റെ കരുത്തിലും വേരിലുമാണ് ഞാന്‍ നില്‍ക്കുന്നത്..