Politics (Page 4)

വയനാട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാടിന് പുറമേ യുപിയിലെ റായ്ബറേലിയിലും മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തിനെതിരേ വിമർശനവുമായി വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥിയും സിപിഐ നേതാവുമായ ആനി രാജ. മറ്റൊരു മണ്ഡലത്തിൽ കൂടി മത്സരിക്കുന്നുണ്ടെന്ന് വയനാട്ടിലെ ജനങ്ങളെ അറിയിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടാമായിരുന്നുവെന്ന് ആനി രാജ വ്യക്തമാക്കി.

ഇക്കാര്യം മറച്ചുവെച്ചത് വയനാട്ടിലെ വോട്ടർമാരോട് ചെയ്ത നീതികേടാണെന്നും രാഷ്ട്രീയ ധാർമികതയ്ക്ക് ചേരാത്തതാണെന്നുമാണ് ആനി രാജ അഭിപ്രായപ്പെട്ടത്. പാർലമെന്ററി ജനാധിപത്യത്തിൽ ഒരാൾക്ക് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കാം. അത് എല്ലാ സ്ഥാനാർഥികളുടേയും അവകാശമാണ്. ആ അവകാശം അദ്ദേഹം വിനിയോഗിക്കുന്നു. എന്നാൽ, രണ്ട് മണ്ഡലങ്ങളിൽ വിജയിച്ചാൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്ന് രാജിവെക്കേണ്ടി വരും. ഏത് മണ്ഡലത്തിൽ നിന്ന് രാജിവെച്ചാലും ആ മണ്ഡലത്തിൽ അദ്ദേഹത്തെ വിജയിപ്പിച്ച വോട്ടർമാരോടുള്ള അനീതിയാകുമതെന്ന് ആനി രാജ ചൂണ്ടിക്കാട്ടി.

ഇത് പെട്ടെന്ന് ഒരു ദിവസമെടുത്ത തീരുമാനമായിരിക്കില്ലല്ലോ. ഇത്തരം ചർച്ചകൾ ആ പാർട്ടിക്കുള്ളിൽ ഇതിന് മുന്നേതന്നെ തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാകും. അതുകൊണ്ടുതന്നെ തീരുമാനമെടുത്തില്ലെങ്കിൽ പോലും ഇത്തരമൊന്ന് ചർച്ചയിലുണ്ട്, പാർട്ടിയുടെ പരിഗണനയിൽ ഈ വിഷയമുണ്ട് എന്ന് പറയാനുള്ള ധാർമികമായ ബാധ്യത രാഹുൽ ഗാന്ധിക്കുണ്ട്. അദ്ദേഹം അത് നിർവഹിച്ചില്ലെന്നും ആനി രാജ കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധി എപ്പോഴും പറയുന്നത് വയനാട്ടിനോട് വൈകാരിക ബന്ധമുണ്ടെന്നാണ്. മണ്ഡലത്തിന് വേണ്ടി ഒന്നുംചെയ്തില്ലെങ്കിൽ പോലും വൈകാരികബന്ധമുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം രണ്ടാമതും വയനാട്ടിൽ മത്സരിക്കുന്നത്. അദ്ദേഹത്തിന്റെ വൈകാരികതയെ വെച്ചുകൊണ്ട് പത്ത് വോട്ടിനോ രണ്ട് സീറ്റിനോ വേണ്ടി ഉപയോഗിക്കുന്ന തന്ത്രമാണോ, അതല്ല രാഹുൽ ഗാന്ധിക്ക് അദ്ദേഹത്തിന്റേതായ വൈകാരികതയുണ്ടോ. വേണുഗോപാൽ പറയുന്നതുപോലെ സന്ദർഭത്തിനനുസരിച്ച് മാറിക്കൊണ്ടേയിരിക്കുന്ന വൈകാരികതയാണോ അതെന്ന് കോൺഗ്രസ് പറയണമെന്നും ആനി രാജ ആവശ്യപ്പെട്ടു.

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി മണ്ഡലത്തിൽ കൂടി മത്സരിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം സ്ഥിരീകരിച്ചത്.

ഉത്തർ പ്രദേശിലെ അമേത്തിയിലോ റായ്ബറേലിയിലോ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന സൂചന നേരത്തേ പുറത്തു വന്നിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോൾ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ടാമതൊരു സീറ്റിൽ മത്സരിച്ച് വിജയിച്ചാലും താൻ വയനാട് വിടില്ലെന്നാണ് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രിയങ്ക ഗാന്ധി അമേഠിയിലോ റായ്ബറേലിയിലോ മത്സരിക്കുന്നില്ലെന്നത് കഴിഞ്ഞ ദിവസം തന്നെ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. അമേഠിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി കിശോരിലാൽ ശർമ്മയാണ്.

ന്യൂഡൽഹി: ഡൽഹി കോൺഗ്രസിൽ പ്രതിസന്ധി. മുൻ എംഎൽഎമാരും ലോക്സഭാ തിരഞ്ഞെടുപ്പിൽ നിരീക്ഷക ചുമതലയുള്ള നേതാക്കളുമായ രണ്ടുപേർ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്ന് രാജിവെച്ചു. ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്നു നസീബ് സിങ്ങും മറ്റൊരു നേതാവായ നീരജ് ബസോയയുമാണ് രാജി നൽകിയത്. നോർത്ത് വെസ്റ്റ് ഡൽഹി മണ്ഡലത്തിന്റെ ചുമതല നിർവ്വഹിച്ചിരുന്ന നേതാവാണ് നസീബ് സിംഗ്.

നീരജ് ബസോ ഡൽഹി മണ്ഡലത്തിന്റെ ചുമതലയാണ് നിർവ്വഹിച്ചിരുന്നത്. ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തിൽ ഇരുവർക്കും അതൃപ്തി ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും രാജി സമർപ്പിച്ചത്. തന്റേയും ഡൽഹിയിൽ നിന്നുള്ള മറ്റ് നേതാക്കളുടേയും അഭിപ്രായം മാനിക്കാതെയാണ് ഹൈക്കമാൻഡ് എഎപിയുമായി സഖ്യമുണ്ടാക്കിയതെന്ന് നസീബ് സിങ് പറഞ്ഞു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇത് ഡൽഹിയിൽ പാർട്ടിയെ ഇല്ലാതാക്കും. പാർട്ടിയുടെ ആശയങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത രണ്ട് അപരിചിതരെയാണ് നോർത്ത് വെസ്റ്റ് ഡൽഹിയിലും നോർത്ത് ഈസ്റ്റ് ഡൽഹിയിലും സ്ഥാനാർഥികളാക്കിയത്. നോർത്ത് വെസ്റ്റ് ഡൽഹിയിലെ സ്ഥാനാർഥി, കോൺഗ്രസ് ടിക്കറ്റിലെ എഎപിക്കാരനാണെന്നും അദ്ദേഹം കത്തിൽ അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം: സിപിഎമ്മിനെതിരെ ആരോപണവുമായി യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ. തൃശ്ശൂരിൽ സിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന് അദ്ദേഹം പറഞ്ഞു. ദല്ലാൾ പറഞ്ഞതുപോലെ നടന്ന ചർച്ചയുടെ പ്രതിഫലനം തൃശ്ശൂരിൽ ഉണ്ടായി. സിപിഎമ്മിന്റ ശക്തി കേന്ദ്രങ്ങളായ നാട്ടികയിലും ഗുരുവായൂരിലും വോട്ടുകൾ ബിജെപിക്ക് പോയി. വോട്ടുകച്ചവടം നടന്നു. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് അദ്ദേഹം ആരോപിച്ചു.

തൃശ്ശൂരിൽ തനിക്ക് നല്ല പ്രതീക്ഷയുണ്ട്. യുഡിഎഫ് വിജയിക്കും. ബിജെപിയ്ക്ക് കഴിഞ്ഞ വർഷം കിട്ടിയ വോട്ട് അതേപടി ഇത്തവണയും കിട്ടിയിട്ടുണ്ട്. ഇതൊന്നും യുഡിഎഫിനെ ബാധിക്കില്ല. 30000 മുതൽ 50000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിക്കും. സിപിഎം വോട്ട് മറിച്ചത് ചിലപ്പോൾ രണ്ടാം സ്ഥാനത്ത് എത്താൻ ബിജെപിയെ സഹായിക്കും. വോട്ട് മറിഞ്ഞു എന്നത് യാഥാർത്ഥ്യമാണ്. ബിജെപിയോടുള്ള സിപിഎം സമീപനം എന്നും മൃദുവാണ്. പണ്ട് കേന്ദ്രത്തിൽ ആണെങ്കിൽ ഇന്നും കേരളത്തിൽ അത് തുടരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

ഇ പി ജയരാജൻ ചർച്ച നടത്തിയത് അദ്ദേഹത്തിന് ബിജെപിയിൽ പോകാനല്ല. സിപിഎമ്മിന്റെ പ്രതിനിധി ആയി മുഖ്യമന്ത്രിയുടെ അറിവോടെയാണ് ചർച്ച നടന്നത്. അതുകൊണ്ടാണ് നടപടി എടുക്കാത്തത്. തൃശ്ശൂർ ആയിരുന്നു മെയിൻ ഡീലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

കോഴിക്കോട്: യുഡിഎഫിനെതിരെ ആരോപണവുമായി സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇടതുപക്ഷവുമായി അടുക്കുന്ന മുസ്ലീം സമുദായ ധാരകളിൽ സാമുദായികമായ ധ്രുവീകരണമുണ്ടാക്കാൻ യുഡിഎഫ് കേന്ദ്രങ്ങൾ ശ്രമിച്ചുവെന്നാണ് ആരോപണം. തിരഞ്ഞെടുപ്പിൽ കേന്ദ്ര-സർക്കാരിന്റെ വർഗീയ സാമ്പത്തിക നയങ്ങളെ വിമർശിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്യാതെ ശൈലജ ടീച്ചറെ മുസ്ലീം വിരുദ്ധയായി ചിത്രീകരിക്കാനും അശ്ലീല പ്രചാരണങ്ങൾ നടത്തി അപകീർത്തിപ്പെടുത്താനും യുഡിഎഫ് കേന്ദ്രങ്ങൾ തുടർച്ചയായി ശ്രമിച്ചുവെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു. വാർത്താക്കുറിപ്പിലൂടെയാണ് സിപിഎം ഇക്കാര്യം അറിയിച്ചത്.

വടകര ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി സാമൂഹ്യ മാധ്യമങ്ങളിലൂടെ ശൈലജ ടീച്ചർക്കെതിരായി നടത്തിയ കടുത്ത വർഗീയ വിദ്വേഷ പ്രചാരണവും ലൈംഗികാധിക്ഷേപങ്ങളും തിരഞ്ഞെടുപ്പിന് ശേഷവും തുടർന്നു കൊണ്ടുപോകാനുള്ള നീക്കം നടത്തുന്നുണ്ട്. യാതൊരുവിധ സാമൂഹ്യ ഉത്തരവാദിത്വവുമില്ലാത്ത യൂത്ത് കോൺഗ്രസ് നേതാക്കളും യുഡിഎഫ് സ്ഥാനാർഥിയുടെ ആശ്രിതരുമാണ് ഇത്തരം പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്.

ഇത്തരം നെറികെട്ട പ്രചാരണങ്ങളെയും കുടിലതകളെയും അതിജീവിച്ച് എൽ.ഡി.എഫ് വടകരയിൽ തിളക്കമാർന്ന നിലയിൽ വിജയിക്കുമെന്ന കാര്യം ഉറപ്പാണെന്നും വാർത്താക്കുറിപ്പിൽ വിശദമാക്കുന്നുണ്ട്. വടകരയിൽ തോൽവി ഉറപ്പിച്ചത് യുഡിഎഫ് കേന്ദ്രങ്ങളെ കൂടുതൽ അസ്വസ്ഥരാക്കുന്നു എന്നത് സ്വാഭാവികമാണ്. വർഗീയ വിഷംചീറ്റി നടക്കുന്ന സംഘപരിവാറുകാരിയുമായി കെ കെ ശൈലജ ടീച്ചറെ പോലുള്ള സാമൂഹ്യ അംഗീകാരമുള്ള ഒരു മതനിരപേക്ഷ വ്യക്തിത്വത്തെ താരതമ്യപ്പെടുത്തിയുള്ള അധിക്ഷേപ പോസ്റ്റ് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് തന്നെ ഇട്ടിരിക്കുന്നു എന്നത് ഇതിന്റെ ഭാഗമായിട്ടേ കാണാനാകൂവെന്നും സിപിഎം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെഎസ്ആർടിസി ഡ്രൈവറും തിരുവനന്തപുരം മേയറുമായുള്ള തർക്കത്തിൽ ആര്യ രാജേന്ദ്രന്റെ പ്രവൃത്തി പൊതുപ്രവർത്തകർക്ക് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. പാവപ്പെട്ട ഡ്രൈവറെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വടകരയിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചത് സിപിഎമ്മാണ്. ഇത് വ്യക്തമാകാൻ പി ജയരാജന്റെ പ്രസ്താവന മാത്രം നോക്കിയാൽ മതി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ ഷാഫി പറമ്പിൽ വൻ വിജയം നേടുമെന്ന് ഉറപ്പാണ്. അതുകൊണ്ടാണ് ഷാഫി പറമ്പിലിനെതിരെ ആരോപണങ്ങൾ ഉയരുന്നത്. ഇ പി ജയരാജൻ ബിജെപി നേതാക്കളുമായി ചർച്ച നടത്തിയത് പൊളിറ്റിക്കൽ ഡീലിന്റെ ഭാഗമാണ്. അത് മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞുകൊണ്ട് നടന്നതാണെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഇത് തുടങ്ങിയത്. ഇപി ജയരാജനെതിരെ ഒരു നടപടിയും സിപിഎം സ്വീകരിക്കില്ല. പിണറായി വിജയന് ഇപി ജയരാജനെ ഭയമാണ്. അങ്കം ജയിച്ച ചേകവരെ പോലെയാണ് ജയരാജൻ ഇന്നലെ എകെജി സെന്ററിലെ യോഗം കഴിഞ്ഞ് ഇറങ്ങി വന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ആലപ്പുഴ: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന വെളിപ്പെടുത്തൽ ആവർത്തിച്ച് മുൻ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. ഇ പി ജയരാജനുമായി 3 തവണ കൂടിക്കാഴ്ച നടത്തിയെന്ന മുൻ വെളിപ്പെടുത്തലുകളാണ് ശോഭ ആവർത്തിച്ചത്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഫ്രോഡ് എന്നു വിളിച്ച ദല്ലാൾ നന്ദകുമാറിനെ ഇ പി തള്ളിപ്പറയാത്തത് എന്താണെന്ന് ശോഭാ സുരേന്ദ്രൻ ചോദിച്ചു.

താൻ സിപിഎമ്മിൽ ചേരാൻ ശ്രമിച്ചെന്ന ആരോപണം ശോഭാ സുരേന്ദ്രൻ നിഷേധിച്ചു. 2016 ൽ താൻ സിപിഎമ്മിൽ ചേരാൻ ശ്രമിച്ചു എന്ന ആരോപണം തള്ളുന്നു. അന്നു താൻ പാലക്കാട്ട് ജയസാധ്യതയുള്ള സ്ഥാനാർഥിയായിരുന്നു. ബിജെപിയിലും ഉയർന്ന സ്ഥാനത്തായിരുന്നു. ഇപിയുമായി കൂടിക്കാഴ്ച നടത്തുമ്പോൾ തൃശൂർ രാമനിലയത്തിൽ മന്ത്രി കെ രാധാകൃഷ്ണനും ഉണ്ടായിരുന്നു. ഇ പി ആവശ്യപ്പെട്ട പ്രകാരമാണ് താൻ അവിടെ എത്തിയത്. രാമനിലയത്തിൽ മുറിയെടുത്തതിന് അവിടത്തെ രേഖകൾ പരിശോധിച്ചാൽ മതി. മുഖ്യമന്ത്രിയുടെ ഇടപെടൽ വന്നതോടെയാണ് ഇ പി പാർട്ടി വിടാനുള്ള തീരുമാനം മാറ്റിയത്. ടി പി ചന്ദ്രശേഖരന്റെ കാര്യങ്ങളൊക്കെ ഓർത്തിട്ടുണ്ടാകുമെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.

തനിക്കെതിരെ നിയമ നടപടിയെടുക്കുമെന്നു പറഞ്ഞ ഇ പി ജയരാജൻ നന്ദകുമാറിനെതിരെ കേസ് കൊടുക്കാത്തതെന്തുകൊണ്ടാണെന്നും ശോഭ ചോദിക്കുന്നു.

തിരുവനന്തപുരം: കെപിസിസി നേതൃയോഗം മെയ് 4ന് ചേരും. ലോക്‌സഭാ തെരഞ്ഞെടുപ്പ് വിലയിരുത്താൻ വേണ്ടിയാണ് യോഗം ചേരുക. മെയ് നാലിന് രാവിലെ 10.30 ന് ഇന്ദിരാഭാവനിൽ യോഗം ചേരുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ജി എസ് ബാബു അറിയിച്ചു. ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ യോഗത്തിന് അധ്യക്ഷത വഹിക്കും.

സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ലോക്‌സഭയിലേക്കു മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥികൾ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, രാഷ്ട്രീയകാര്യ സമിതിയംഗങ്ങൾ, ഡിസിസി പ്രസിഡന്റുമാർ തുടങ്ങിയവർ ഈ യോഗത്തിൽ പങ്കുചേരുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം. ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് സിപിഎം കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. നിലവിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച ഒരു സീറ്റൊഴികെ ബാക്കി 16-സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർഥികളെ സിപിഎം പിന്തുണയ്ക്കുമെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം, സിപിഎം മത്സരിക്കുന്ന ഭോംഗിർ മണ്ഡലത്തിനെ സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. തെലങ്കാന മുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ രേവന്ത് റെഡ്ഡിയുമായി സിപിഎം നേതാക്കൾ ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനം സ്വീകരിച്ചത്. സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രത്തിന്റെ നേതൃത്വത്തിലുള്ള സിപിഎം നേതാക്കളുടെ സംഘമാണ് രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.

എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസിനെ പിന്തുണയ്ക്കണമെന്ന് രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടതായാണ് തമ്മിനേനി അറിയിച്ചിരിക്കുന്നത്. സിപിഎം സ്ഥാനാർഥിയെ പ്രഖ്യാപിച്ച ഭോംഗിർ മണ്ഡലത്തിൽ മത്സരത്തിൽ നിന്ന് പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി തമ്മിനേനി വീരഭദ്രം കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രതികരിച്ചു. സിപിഎം ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: ശോഭാ സുരേന്ദ്രനുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രനെ ഇന്നുവരെ നേരിട്ട് കണ്ട് സംസാരിച്ചിട്ടില്ലെന്ന് ഇ പി പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മരിച്ചപ്പോഴാണ് അവരെ നേരിട്ട് കണ്ടത്. തന്നെപ്പോലെയുള്ളൊരാൾക്ക് ശോഭാ സുരേന്ദ്രനെ പോയികണ്ടു സംസാരിക്കേണ്ടകാര്യമെന്താണെന്ന് ഇ പി ചോദിക്കുന്നു.

രണ്ടുവർഷമായി ഡൽഹിയിൽ പോയിട്ട്. ലളിത് ഹോട്ടലിൽ ഇതുവരെ പോയിട്ടില്ല. ‘കേരളത്തിൽ എന്റെ പൊസിഷൻ നോക്കൂ, ഒരല്പം ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയിൽ പോയി ചേരുന്നതിനെക്കുറിച്ച് ചിന്തിക്കുമോ. ഇവരെപ്പോലെ അല്പബുദ്ധികൾ ചിന്തിക്കുക എന്നല്ലാതെ. താനീ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു പൊതുപ്രവർത്തകനല്ലേ. താൻ പോയി ബിജെപിയിൽ ചേരുമോയെന്ന് അദ്ദേഹം ചോദിച്ചു.

തനിക്ക് ആ സ്ത്രീയെ ഇഷ്ടമല്ല, പണ്ടേതന്നെ. അവരുടെ പ്രസംഗങ്ങളൊക്കെ കുഴപ്പം പിടിച്ചതാണ്. ഫോണിൽ പോലും ആ സ്ത്രീയോട് ഞാൻ സംസാരിച്ചിട്ടില്ല. തന്നെ ലക്ഷ്യമിടുന്നതിന് പിന്നിൽ ആസൂത്രിതമായ പദ്ധതിയുണ്ട്. ആ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ തയ്യാറായിക്കൊണ്ടിരിക്കുന്നത്. ദല്ലാൾ എന്തിനാണ് ജാവഡേക്കറേയും കൂട്ടി തന്റെയടുത്തേക്ക് വന്നത് എന്നാണ് ചോദിക്കേണ്ട ചോദ്യം. ദല്ലാളും കേന്ദ്രമന്ത്രിയായിരുന്ന ബിജെപി നേതാവുമായുള്ള ബന്ധമല്ലേ അന്വേഷിക്കേണ്ടതെന്നും താൻ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും ഇ പി ജയരാജൻ പ്രതികരിച്ചു. സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായാണ് ഇപി വിഷയത്തിൽ പ്രതികരിച്ചത്.