ഇ പി ജയരാജനുമായി 3 തവണ കൂടിക്കാഴ്ച്ച നടത്തി; വെളിപ്പെടുത്തൽ ആവർത്തിച്ച് ശോഭ സുരേന്ദ്രൻ

ആലപ്പുഴ: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന വെളിപ്പെടുത്തൽ ആവർത്തിച്ച് മുൻ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. ഇ പി ജയരാജനുമായി 3 തവണ കൂടിക്കാഴ്ച നടത്തിയെന്ന മുൻ വെളിപ്പെടുത്തലുകളാണ് ശോഭ ആവർത്തിച്ചത്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഫ്രോഡ് എന്നു വിളിച്ച ദല്ലാൾ നന്ദകുമാറിനെ ഇ പി തള്ളിപ്പറയാത്തത് എന്താണെന്ന് ശോഭാ സുരേന്ദ്രൻ ചോദിച്ചു.

താൻ സിപിഎമ്മിൽ ചേരാൻ ശ്രമിച്ചെന്ന ആരോപണം ശോഭാ സുരേന്ദ്രൻ നിഷേധിച്ചു. 2016 ൽ താൻ സിപിഎമ്മിൽ ചേരാൻ ശ്രമിച്ചു എന്ന ആരോപണം തള്ളുന്നു. അന്നു താൻ പാലക്കാട്ട് ജയസാധ്യതയുള്ള സ്ഥാനാർഥിയായിരുന്നു. ബിജെപിയിലും ഉയർന്ന സ്ഥാനത്തായിരുന്നു. ഇപിയുമായി കൂടിക്കാഴ്ച നടത്തുമ്പോൾ തൃശൂർ രാമനിലയത്തിൽ മന്ത്രി കെ രാധാകൃഷ്ണനും ഉണ്ടായിരുന്നു. ഇ പി ആവശ്യപ്പെട്ട പ്രകാരമാണ് താൻ അവിടെ എത്തിയത്. രാമനിലയത്തിൽ മുറിയെടുത്തതിന് അവിടത്തെ രേഖകൾ പരിശോധിച്ചാൽ മതി. മുഖ്യമന്ത്രിയുടെ ഇടപെടൽ വന്നതോടെയാണ് ഇ പി പാർട്ടി വിടാനുള്ള തീരുമാനം മാറ്റിയത്. ടി പി ചന്ദ്രശേഖരന്റെ കാര്യങ്ങളൊക്കെ ഓർത്തിട്ടുണ്ടാകുമെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.

തനിക്കെതിരെ നിയമ നടപടിയെടുക്കുമെന്നു പറഞ്ഞ ഇ പി ജയരാജൻ നന്ദകുമാറിനെതിരെ കേസ് കൊടുക്കാത്തതെന്തുകൊണ്ടാണെന്നും ശോഭ ചോദിക്കുന്നു.