തിരുവനന്തപുരം: കോഴിക്കോട് പന്തീരങ്കാവിൽ നവവധുവിന് ക്രൂര മർദനമേറ്റ സംഭവത്തിൽ യുവതിക്ക് പിന്തുണ നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വനിത ശിശുവികസന വകുപ്പ് യുവതിയ്ക്ക് നിയമ സഹായമുൾപ്പെടെ നൽകി പിന്തുണയ്ക്കുമെന്നാണ് വീണാ ജോർജ് അറിയിച്ചിരിക്കുന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷണം നടത്താൻ വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. ജില്ലാ വനിത പ്രൊട്ടക്ഷൻ ഓഫീസർ യുവതിയുടെ ബന്ധുക്കളുമായി ആശയ വിനിമയം നടത്തി. മാനസിക പിന്തുണ ഉറപ്പാക്കാൻ ആവശ്യമെങ്കിൽ കൗൺസിലിങ് നൽകുമെന്ന് മന്ത്രി അറിയിച്ചു.
ഈ സംഭവം അത്യന്തം ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നിയമ നടപടിയുണ്ടാകും. ഈ സാമൂഹിക വിപത്തിനെതിരെ സമൂഹം ഒന്നിക്കണമെന്നും വീണാ ജോർജ് ആവശ്യപ്പെട്ടു.

