Latest News (Page 3)

തമിഴ് സിനിമാ ലോകത്ത് മാത്രമല്ല ലോകമൊമ്പാടും ഏറെ ആരാധകരുള്ള സൂപ്പർ സ്റ്റാറാണ് രജനികാന്ത്. രജനികാന്തിന്റെ ജീവിതം സിനിമയാകുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പ്രമുഖ ബോളിവുഡ് നിർമ്മാതാവ് സാജിത് നഡ്വാല രജനികാന്തിന്റെ ജീവിത കഥ സിനിമയാക്കാനുള്ള അവകാശം കരസ്ഥമാക്കിയെന്നാണ് ഹംഗാമ.കോം പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ബസ് കണ്ടക്ടറിൽ നിന്ന് സിനിമാ ലോകത്തെ സൂപ്പർതാരമായി ശിവാജി റാവു ഗെയ്ക്‌വാദ് എന്ന രജനികാന്ത് വളർന്നത് സിനിമയെ വെല്ലുന്ന കഥ തന്നെയാണ്. ഈ ജീവിത കഥ പലർക്കും ഒരു പ്രചോദനം തന്നെയാണ്.

എആർ മുരുകദോസ് ചിത്രം സിക്കന്തറിന്റെ നിർമ്മാണഘട്ടത്തിലാണ് ഇപ്പോൾ സാജിത് നഡ്വാല. അതിന് ശേഷമായിരിക്കും രജനി ചിത്രത്തിലേക്ക് കടക്കുക. ഇന്ത്യൻ സിനിമയിൽ ഇതുവരെ ഒരു ബയോപികിന്റെ അവകാശം നേടാൻ ചെലവാക്കിയ ഏറ്റവും കൂടിയ തുക രജനികാന്തിന് വാഗ്ദാനം ചെയ്തുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയുമായുള്ള തർക്കമുണ്ടായ സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർ എച്ച് എൽ യദു കോടതിയിൽ സമീപിച്ചു. ബസ് തടഞ്ഞതിലും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിലും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യദു കോടതിയിൽ ഹർജി സമർപ്പിച്ചു.

തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. യദുവിന്റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. തിങ്കളാഴ്ച ഹർജി കോടതി പരിഗണിക്കും. മേയർക്കെതിരായ യദുവിന്റെ പരാതിയിൽ ഇതുവരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. തുടർന്നാണ് ഹൈക്കോടതിയിൽ ഹർജി നൽകാൻ യദു തീരുമാനിച്ചത്.

തർക്കമുണ്ടായ ദിവസം ബസിലെ കണ്ടക്ടറായിരുന്ന സുബിൻ ഡിവൈഎഫ്‌ഐ പ്രവർത്തകനാണെന്നാണ് യദു പറയുന്നത്. സച്ചിൻദേവ് എംഎൽഎ ബസിൽ കയറിയത് കണ്ടില്ലെന്നത് ഉൾപ്പെടെ കണ്ടക്ടർ പൊലീസിനു നൽകിയ മൊഴി നുണയാണെന്നും യദു വ്യക്തമാക്കി. പിൻസീറ്റിലാണ് ഇരുന്നതെന്നു പൊലീസിനോടു പറഞ്ഞതും പച്ചക്കള്ളമാണെന്നും കണ്ടക്ടർ മുൻ സീറ്റിലാണ് ഇരുന്നതെന്നും യദു കൂട്ടിച്ചേർത്തു.

കൊൽക്കത്ത: പശ്ചിമബംഗാളിലെ രാജ്ഭവനിലെ 4 ജീവനക്കാർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. ബംഗാൾ ഗവർണർ സിവി ആനന്ദബോസിനെതിരായ ലൈംഗിക പീഡന പരാതിയിലാണ് നടപടി. ആനനന്ദബോസിനെതിരായ പരാതി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് നാലു ജീവനക്കാർക്ക് നോട്ടീസ് നൽകിയത്. ഇന്ന് വൈകുന്നേരം തന്നെ ഹരേ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്താനാണ് ജീവനക്കാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

രാജ്ഭവനിൽ ഒരു സ്ത്രീയോട് സിവി ആനന്ദബോസ് അപമര്യാദയായി പെരുമാറിയെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. സംസ്ഥാന ധനമന്ത്രി അടക്കമുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഈ ആരോപണം ഉന്നയിക്കുന്നുണ്ട്. എന്നാൽ ഈ ലൈംഗിക ആരോപണം നിഷേധിച്ച് ഗവർണർ സി വി ആനന്ദ ബോസ് രംഗത്തെത്തിയിട്ടുണ്ട്. ആരോപണം അടിസ്ഥാനരഹിതമാണെന്നും സത്യം വിജയിക്കുമെന്നമാണ് സിവി ആനന്ദബോസ് പറയുന്നത്.

തന്നെ അപകിർത്തിപ്പെടുത്തി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നവരെ ദൈവം രക്ഷിക്കട്ടെയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

തൃശ്ശൂർ: തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ. കെപിസിസി യോഗത്തിലായിരുന്നു അദ്ദേഹം തൃശൂരിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശനം ഉന്നയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ തൃശ്ശൂരിൽ വീഴ്ചയുണ്ടായെന്നാണ് വിമർശനം. തൃശ്ശൂരിലെ മുതിർന്ന നേതാക്കളായ മുൻ എംപി ടി എൻ പ്രതാപനെയും ഡിസിസി അധ്യക്ഷൻ ജോസ് വെള്ളൂരിനെയും പേരെടുത്ത് പറഞ്ഞാണ് മുരളീധരൻ വിമർശനം ഉന്നയിച്ചത്.

ഇരുവരുടേയും സാന്നിധ്യത്തിലായിരുന്നു മുരളീധരന്റെ വാക്കുകൾ. തെരഞ്ഞെടുപ്പ് ചെലവ് ഇരട്ടിയായി. ചില നേതാക്കൾക്ക് പണത്തോട് ആർത്തിയാണെന്നും മുരളീധരൻ വ്യക്തമാക്കി. സംഘടനാ ചുമതലയുളള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുളള ദീപാദാസ് മുൻഷി, കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ തുടങ്ങിയവരും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു.

തിരുവനന്തപുരം: സർചാർജിൽ വർദ്ധനവ് വരുത്തി കെഎസ്ഇബി. നിലവിലുള്ള ഒമ്പതുപൈസ സർചാർജിന് പുറമേ ഈ മാസം യൂണിറ്റിന് 10 പൈസ അധികം ഈടാക്കാനാണ് കെഎസ്ഇബി തീരുമാനിച്ചിരിക്കുന്നത്. മാർച്ച് മാസത്തിലെ ഇന്ധന സർചാർജായാണ് തുക ഈടാക്കുക. മേയിലെ ബില്ലിൽ സർചാർജ് ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ സർചാർജ് ആകെ 19 പൈസയായി ഉയരും.

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനവ്യാപകമായി ലോഡ്ഷെഡിങ് നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചെങ്കിലും പ്രാദേശികതലത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് കെഎസ്ഇബി സർചാർജ് വർധനയും നടപ്പിലാക്കുന്നത്. നിയന്ത്രണത്തിന്റെ ഭാഗമായി രാത്രിയിൽ ചില പ്രദേശങ്ങളിൽ ഇടയ്ക്കിടെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നുണ്ട്.

രാത്രി പത്ത് മണി മുതൽ പുലർച്ചെ രണ്ട് മണി വരെയുള്ള സമയത്ത് വൻകിട വ്യവസായ സ്ഥാപനങ്ങളുടെ ഉപയോഗം പുന:ക്രമീകരിക്കാൻ ആവശ്യപ്പെടുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. ജലവിതരണത്തെ ബാധിക്കാതെ വാട്ടർ അതോറിറ്റിയുടെ പമ്പിംങ് ക്രമീകരിക്കാനും ലിഫ്റ്റ് ഇറിഗേഷനായുള്ള പമ്പുകളും പീക്ക് സമയത്ത് പ്രവർത്തിപ്പിക്കാതിരിക്കാനും ആവശ്യപ്പെടും.

വൈകുന്നേരം 9 മണി കഴിഞ്ഞ് വാണിജ്യ സ്ഥാപനങ്ങളിൽ അലങ്കാര ദീപങ്ങളും പരസ്യ ബോർഡുകളിലെ വിളക്കുകളും പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കണം. ഗാർഹിക ഉപഭോക്താക്കൾ എയർ കണ്ടീഷണറുകൾ ഊഷ്മാവ് 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുന്നതാണ് ഉത്തമം. ഈ സമയത്ത് അനാവശ്യ വിളക്കുകളും മറ്റ് ഉപകരണങ്ങളും ഓഫാക്കാനും ശ്രദ്ധിക്കുക. ഇത്തരത്തിൽ ഉപഭോക്താക്കളുടെ സഹകരണത്തോടുകൂടി സ്വയം നിയന്ത്രണങ്ങളിലൂടെ സഹകരിച്ച് മുന്നോട്ട് പോകാനാകും. ഫീൽഡ് തലത്തിൽ ക്രമീകരണങ്ങൾ നടത്താൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർമാരെ ചുമതലപ്പെടുത്തി. രണ്ട് ദിവസത്തെ സ്ഥിതി വിലയിരുത്തിയശേഷം കെ.എസ്.ഇ.ബി. വീണ്ടും സർക്കാരിന് റിപ്പോർട്ട് നൽകുന്നതായിരിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ജൂൺ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അദ്ധ്യയന വർഷം ആരംഭിക്കും. അതിന് മുന്നോടിയായി സ്‌കൂളിന്റെ സുരക്ഷ ഉറപ്പാക്കണം. അറ്റകുറ്റ പണികൾ നടത്തണം. അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് എല്ലാ സ്‌കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സ്‌കൂളും പരിസരവും വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. സ്‌കൂളുകളിൽ നിർത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യണം. ഉപയോഗശൂന്യമായ ഫർണിച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേക മുറിയിൽ സൂക്ഷിക്കുകയോ വേണം. സ്‌കൂൾ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ, ഹോർഡിംഗ്സ് എന്നിവ മാറ്റണം. സ്‌കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയിൽ നിൽക്കുന്ന വൈദ്യുത പോസ്റ്റുകൾ, വൈദ്യുത കമ്പികൾ എന്നിവ ഒഴിവാക്കണം. സ്‌കൂൾ ബസ്സുകൾ, സ്‌കൂളിൽ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്നസ് പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം.

ഗോത്ര വിദ്യാർത്ഥികൾക്ക് ഗോത്ര ഭാഷയിൽ വിദ്യാഭ്യാസം ചെയ്യാൻ അവസരം നൽകുന്നതിനും പിന്തുണ ഉറപ്പാക്കുന്നതിനും നിയമിച്ച മെന്റർ ടീച്ചർമാർ സ്‌കൂൾ തുറക്കുന്ന ദിവസം തന്നെ എത്തുമെന്ന് ഉറപ്പാക്കണം. എല്ലാ കുട്ടികളും സ്‌കൂളുകളിൽ എത്തുന്നുവെന്ന് ട്രൈബൽ പ്രൊമോട്ടർമാർ ഉറപ്പാക്കണം. ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ക്യാംപെയ്ൻ നടത്തണം. വസ്ത്രം, പുസ്തകം, ഉച്ചഭക്ഷണം ഉറപ്പാക്കണം.സ്‌കൂൾ പരിസരത്ത് ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും വിൽപ്പനയും നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. എക്സൈസ് വകുപ്പും പോലീസും നിശ്ചിത ഇടവേളകളിൽ കടകളും മറ്റും പരിശോധന നടത്തണം. ജില്ലാതല ജനജാഗ്രത സമിതി നിശ്ചിത ഇടവേളകളിൽ യോഗം ചേർന്ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വിലയിരുത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.ബോധവൽക്കണ, എൻഫോഴ്‌സ്‌മെൻറ് നടപടികൾ ശക്തമാക്കും. പരിഷ്‌കരിച്ച പാഠപുസ്തകങ്ങളിൽ ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകൾ പ്രതിപാദിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരി മുക്തമാക്കാൻ കുട്ടികൾ, രക്ഷകർത്താക്കൾ, അദ്ധ്യാപകർ എന്നിവരുടെ സഹകരണം ഉറപ്പാക്കണം. രക്ഷകർത്താക്കളെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ ബോധവൽക്കണ ക്ലാസ് സംഘടിപ്പിക്കും.

ജൂൺ 26ന് ആൻറിനാർക്കോട്ടിക് ദിനത്തിൽ കുട്ടികളുടെ പാർലമെൻറ് നടത്തണം. ഒക്ടോബർ 2ന് കുട്ടികളുടെ താമസസ്ഥലങ്ങളിൽ ജനങ്ങളെ കൂടി പങ്കെടുപ്പിച്ച് സംവാദ സദസ് നടത്തും. നവംബർ 1ന് മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം വീടുകളിൽ എത്തിക്കും. നവംബർ 14ന് പ്രത്യേക ശിശുദിന അസംബ്ലി ചേരും. ഡിസംബർ 10ന് ലഹരി വിരുദ്ധ സെമിനാർ നടത്തും. 2025 ജനുവരി 30ന് ക്ലാസ് സഭകൾ ചേർന്ന് ഈ വർഷത്തെ പ്രവർത്തനങ്ങളുടെ അവലോകനവും നടത്തും. തെളിവാനം വരയ്ക്കുന്നവർ എന്ന കൈപുസ്തകത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം. എല്ലാ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലും കാലതാമസമില്ലാതെ ലഹരി വിരുദ്ധ പോസ്റ്റർ പതിക്കണം. ലഹരി ഉപയോഗം സാമൂഹ്യ വിപത്തായി കണ്ട് ഒറ്റക്കെട്ടായി നേരിടണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.യോഗത്തിൽ മന്ത്രിമാരായ വി ശിവൻകുട്ടി, ആർ ബിന്ദു, എം ബി രാജേഷ്, കെ രാജൻ, പി രാജീവ് എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.

നടൻ കമൽ ഹാസനെതിരെ ആരോപണവുമായി ‘ഉത്തമ വില്ലൻ’ സിനിമയുടെ നിർമാതാക്കളായ സംവിധായകൻ ലിംഗുസാമിയും സഹോദരൻ സുബാഷ് ചന്ദ്രബോസും. കമൽ ഹാസൻ കരാർ ലംഘനം നടത്തിയെന്നും ഡേറ്റ് തരാതെ മാറി നടന്നെന്നുമാണ് ഇവരുടെ ആരോപണം. നടൻ കമൽഹാസനെതിരേ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇവർ.

ഉത്തമവില്ലൻ എന്ന ചിത്രം പരാജയമായപ്പോൾ കടം തങ്ങളുടെ മാത്രം ബാധ്യതയാക്കി കമൽ ഹസ്സൻ കരാർ ലംഘനം നടത്തി. തിരുപ്പതി ബ്രദേഴ്‌സ് എന്ന നിർമാണ കമ്പനിയുടെ സാരഥികളാണ് ലിംഗുസാമിയും സഹോദരനും. പ്രൊഡ്യൂസേഴ്‌സ് കൗൺസിലിന് ഇവർ കമൽ ഹാസനെതിരെ പരാതി നൽകിയിട്ടുണ്ട്.

ഉത്തമവില്ലൻ റിലീസ് ചെയ്തത് 2015 ലാണ്. കമൽഹാസന്റെ രചനയിൽ രമേഷ് അരവിന്ദ് സംവിധാനം ചെയ്ത ചിത്രമാണിത്. സിനിമയുടെ പരാജയത്തിന് ശേഷം ഈ നിർമാണക്കമ്പനിയുമായി ചേർന്ന് 30 കോടി ബജറ്റിൽ മറ്റൊരു സിനിമയിൽ പ്രവർത്തിക്കുമെന്ന് കമൽ വാഗ്ദാനം ചെയ്‌തെങ്കിലും ഇത് പാലിക്കപ്പെട്ടില്ലെന്നാണ് നിർമ്മാതാക്കളുടെ ആരോപണം. തങ്ങളെ വലിയ കടക്കെണിയിൽപ്പെടുത്തി. ഒമ്പതുവർഷമായി കമൽ വാക്കുപാലിക്കാതെ മാറിനടക്കുകയാണെന്ന് ലിംഗസ്വാമി പറയുന്നു.

ഇനി വരുന്ന 28 ദിവസങ്ങൾ

സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. ചൂടിനെ പ്രതിരോധിക്കാൻ ചെയ്യേണ്ട പത്ത് നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചിരിക്കുകയാണ് ദുരന്ത നിവാരണ വിദഗ്ധനും യു എൻ ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുരളി തുമ്മാരുകുടി ഇക്കാര്യം അറിയിച്ചത്.

ഈ നിർദ്ദേശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:

  1. എല്ലാ ദിവസവും കാലാവസ്ഥ മുന്നറിയിപ്പുകൾ പരിശോധിക്കുന്നത് ശീലമാക്കുക. നമ്മുടെ ദൈനംദിന പരിപാടികൾ സാധിക്കുന്നതും അതനുസരിച്ച് പ്ലാൻ ചെയ്യുക. ഉദാഹരണത്തിന് നമ്മൾ എപ്പോൾ നടക്കാൻ പോകുന്നു, വ്യായാമം ചെയ്യാൻ പോകുന്നു (നടക്കാൻ പോകണോ/വ്യായാമം ചെയ്യണോ), ഷോപ്പിങ്ങിനും മറ്റു പ്ലാൻ ചെയ്യാവുന്ന പരിപാടികൾക്കും പോകുന്നു എന്നതൊക്കെ ദിനാന്തരീക്ഷ സ്ഥിതിയുമായി ബന്ധിപ്പിക്കുക. നമ്മുടെ ഫോണിൽ തന്നെ ദിവസത്തിൽ എങ്ങനെ ചൂട് മാറുന്നു എന്നുള്ള വിവരം ലഭ്യമാണല്ലോ.
  2. വീടിന് പുറത്ത് തൊഴിൽ സംബന്ധമായോ മറ്റു കാര്യങ്ങൾക്കായോ നിർബന്ധമായും പുറത്ത് ഇറങ്ങേണ്ടി വരുന്നവർ ചൂടിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ കയ്യിൽ കരുതുക. ചൂടുകൊണ്ടുണ്ടാകുന്ന ക്ഷീണം, സൂര്യതാപം, ഇവയുടെ ലക്ഷണം മനസ്സിലാക്കി അപകടസ്ഥിതിയിലേക്ക് പോകുന്നതിന് മുൻപ് തന്നെ കത്തുന്ന ചൂടിൽ നിന്നും മാറുക. ജോലി സമയം ചൂടു കുറവുള്ള സമയം നോക്കി ക്രമീകരിക്കുന്നതും തുടർച്ചയായി ചൂടിൽ നിൽക്കുന്നത് ഒഴിവാക്കുന്നതും നല്ലതാണ്. സർക്കാരിനും തൊഴിൽ ഉടമകൾക്കും ഇക്കാര്യത്തിൽ പലതും ചെയ്യാനുണ്ട്.
  3. നമ്മുടെ വസ്ത്രങ്ങൾ കാലാവസ്ഥക്കനുസരിച്ച് ക്രമീകരിക്കുക. ഇറുകിയ വസ്ത്രങ്ങൾ, കട്ടിയുള്ള വസ്ത്രങ്ങൾ, പല ലെയറുകളുള്ള വസ്ത്രങ്ങൾ, കടും നിറങ്ങൾ, വായു സഞ്ചാരം കുറക്കുന്ന വസ്ത്രങ്ങൾ ഇവ ഒഴിവാക്കുക. ഇളം നിറങ്ങളുള്ള കോട്ടൺ വസ്ത്രങ്ങളാണ് ഉത്തമം.
  4. വീട്ടിൽ നിന്നും ഇറങ്ങുന്‌പോൾ കയ്യിൽ/ബാഗിൽ ഒരു ബോട്ടിൽ വെള്ളം ഉറപ്പായും കരുതുക. ഇടക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കുക. ഒപ്പം കുടിക്കുന്ന വെള്ളം/പാനീയങ്ങൾ ശുദ്ധമാണെന്ന് ഉറപ്പാക്കേണ്ടതും പ്രാധാനമാണ്. റോഡ് സൈഡിൽ കിട്ടുന്ന ജ്യൂസുകളും മറ്റും കുടിക്കുന്‌പോൾ ഐസ് ഒഴിവാക്കുക എന്നത് ഞാൻ നാല്പത് വർഷം മുൻപ് കാൺപൂരിൽ നിന്നേ ശീലിച്ചതാണ്. കാരണം അതിന്റെ ശുദ്ധത ഉറപ്പിക്കാൻ പറ്റില്ല എന്നത് തന്നെ.
  5. പുറത്തിറങ്ങുന്‌പോൾ നേരിട്ട് ചൂടേൽക്കുന്നത് കുറക്കാൻ കുടയോ തൊപ്പിയോ എപ്പോഴും കൈയിൽ കരുതണം. പ്രത്യേകിച്ചും പുറത്ത് ജോലി ചെയ്യുന്നവർ സൺ ഹാറ്റ് വക്കുന്നത് ശീലമാക്കണം.
  6. സൺ ഹാറ്റ്, കൂളിംഗ് ഗ്ലാസ്, സൺ സ്‌ക്രീൻ ലോഷനുകൾ ഒന്നുംതന്നെ മലയാളികളുടെ ശീലമല്ല. ടൂറിസ്റ്റുകൾ ചെയ്യുന്നതോ, ഗൾഫിൽ നിന്നും അമേരിക്കയിൽ നിന്നും വരുന്ന പൊങ്ങച്ചക്കാർ ചെയ്യുന്നതോ ഒക്കെയായി ഇതിനെ ഇപ്പോഴും കാണുന്നവരുണ്ട്. എന്നാൽ അതാത് നാട്ടിലെ കാലാവസ്ഥക്കനുസരിച്ച് അവർ പരിശീലിച്ച ആരോഗ്യകരമായ ശീലങ്ങളാണ് ഇതൊക്കെ. പുറത്തിറങ്ങുന്‌പോൾ സൺ സ്‌ക്രീൻ ലോഷനുകൾ പുരട്ടുന്നതും കൂളിംഗ് ഗ്ലാസ് വെക്കുന്നതും ശീലമാക്കുക.
  7. ചൂട് കൂടിയതിനാൽ അംഗൻവാടികൾ ഒരാഴ്ചത്തേക്ക് അടച്ചു എന്ന് വായിച്ചു. ഈ നിയന്ത്രണം സ്‌കൂളുകളിലേക്കും എൻട്രൻസ് കോച്ചിങ്ങിലേക്കും വ്യാപിപ്പിക്കുന്നതും നല്ല കാര്യമാണ്. വീട്ടിലും അധികം ചൂടുള്ള സമയത്ത് കുട്ടികൾ പുറത്തിറങ്ങി കളിക്കുന്നത് നിയന്ത്രിക്കുക. സമയാസമയം ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ട് എന്ന് മുതിർന്നവർ ഉറപ്പാക്കുക. ചൂടിനെ പ്രതിരോധിക്കുന്ന മുൻപറഞ്ഞ കാര്യങ്ങൾ കുട്ടികളെ പറഞ്ഞു പഠിപ്പിക്കുക, അവർക്ക് ഇനിയങ്ങോട്ട് ഇതൊക്കെ ശീലമായേ പറ്റൂ.
  8. വീട്ടിലുള്ള പ്രായമായവരെ പ്രത്യേകം ശ്രദ്ധിക്കുക. പുറത്തിറങ്ങി ചൂടുകൂടി സൂര്യാഘാതം കൊണ്ട് സംഭവിക്കുന്ന മരണങ്ങളെക്കാൾ കൂടുതൽ സംഭവിക്കുന്നത് വീടിനുള്ളിൽ പ്രായമായവർക്ക് ചൂടുള്ള സമയത്ത് വേണ്ടത്ര സംരക്ഷണം ലഭിക്കാത്തത് കൊണ്ടാണ്. 2003 ൽ ആഗസ്റ്റിൽ യൂറോപ്പിലുണ്ടായ ഉഷ്ണതരംഗം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് ആ വർഷം സാധാരണ വർഷങ്ങളേക്കാൾ ഇരുപതിനായിരം മരണങ്ങൾ കൂടുതലായുണ്ടായി എന്ന് ആരോഗ്യവിദഗ്ദ്ധരും സർക്കാരും മനസ്സിലാക്കിയത്. വേനൽക്കാലത്ത് പ്രായമായവരെ സംരക്ഷിക്കാൻ യൂറോപ്പിൽ ഇപ്പോൾ പ്രത്യേക സംവിധാനങ്ങളുണ്ട്. വീട്ടിൽ ഏറ്റവും ചൂട് കുറഞ്ഞ മുറി പ്രായമായവർക്ക് നൽകുക, അവർ ആവശ്യത്തിന് വെള്ളം കുടിക്കുന്നു എന്നും ഉഷ്ണപാനീയങ്ങളോ മദ്യമോ കുടിക്കുന്നില്ല എന്നും ഉറപ്പു വരുത്തുക. മുറിയിൽ ചൂട് കുറക്കാനായി സാധ്യമായതെല്ലാം ചെയ്യുക. ചൂടിനോട് അനുബന്ധമായതല്ലാത്ത മറ്റു രോഗമോ ക്ഷീണമോ കണ്ടാലും ഉടൻ ഡോക്ടറുടെ ഉപദേശം തേടുക.
  9. നമ്മുടെ ഭക്ഷണ ശീലങ്ങളിൽ കാലാവസ്ഥക്കനുസരിച്ച് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. മലയാളികളുടെ സമകാലീന ശീലങ്ങളിൽ ഒഴിവാക്കാൻ പറ്റാത്തവയാണ് ചായയും കാപ്പിയും. ഈ ചൂടുകാലം അവസാനിക്കുന്നത് വരെ ചായയും കാപ്പിയും ചൂടുള്ള മറ്റു പാനീയങ്ങളും ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇനിയും മഴക്കാലം വരുമല്ലോ, അപ്പോൾ ക്ലാരയോടൊത്ത് ചൂടൻ കട്ടൻകാപ്പി കുടിക്കണമെങ്കിൽ ഇപ്പോൾ അവ ഒഴിവാക്കുന്നതാണ് ബുദ്ധി. ചൂട് കൂടുന്നതിനാൽ ബിവറേജസിലോ ബാറിലോ പോയി അല്പം മദ്യപിച്ചേക്കാം എന്ന് കരുതുന്നതും റിസ്‌ക് ആണ്. മലയാളികൾ ശീലമാക്കിയിരിക്കുന്ന തരം മദ്യങ്ങൾ ചൂടുകാലത്ത് റിസ്‌ക് കൂട്ടുന്നവയാണ്. (ഈ ചൂടുകാലത്തും ബിവറേജസിൽ ആളുകൾ ക്യൂ നിൽക്കേണ്ടി വരുന്നു എന്നത് എന്നത്തേയും പോലെ കഷ്ടവുമാണ്).
  10. ഇപ്പോൾ കേരളത്തിലെ മിക്ക വീടുകളും തന്നെ വിശാലമായ വാതിലുകളും ജനലുകളും ഉള്ളവയാണ്. ജനലുകൾ മിക്കതും ഗ്ലാസ്സ് ഇട്ടവയും. പുതിയ കെട്ടിടങ്ങൾക്ക് കൂളിഗ്ഗ് ഗ്ലാസ്സുകൾ ഉണ്ടെങ്കിലും പൊതുവിൽ മുഴുവൻ വെളിച്ചവും (ചൂടും) അകത്തേക്ക് കടത്തിവിടുന്ന രീതിയിലാണ് നമ്മുടെ ജനാലകൾ. നമ്മുടെ കർട്ടനുകളും വീടിനകത്താണ്. ഇത്തരത്തിലുള്ള സംവിധാനം പുറത്തുള്ള ചൂടിനെ അകത്തു കയറ്റിയതിന് ശേഷം വെളിച്ചത്തെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. വീട്ടിൽ എ.സി.യും ഫാനും ഉണ്ടെങ്കിൽ പോലും അത് ചൂടിന്റെ നിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കുന്നു. ജനാലകൾക്ക് പുറത്തു തന്നെ ചൂടിനേയും വെയിലിനേയും പ്രതിരോധിക്കുന്ന തരത്തിൽ ഔട്ട് ഡോർ കർട്ടനോ ചുരുങ്ങിയത് ഒരു തുണിയോ കെട്ടിയിടുന്നത് ചൂട് കുറക്കാനും എ.സി.യെ കൂടുതൽ ഫലപ്രദമാക്കാനും സഹായിക്കും.

തിരുവനന്തപുരം: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ സെക്യൂരിറ്റി/ നൈറ്റ് ഗാർഡ് തസ്തികയിൽ ഓപ്പൺ, ഇ/റ്റി/ബി വിഭാഗങ്ങളിലായി രണ്ട് താത്കാലിക ഒഴിവുകളുണ്ട്. വനിതകൾക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുന്നത്. ഏഴാം ക്ലാസ് വിജയവും രണ്ട് വർഷത്തെ തൊഴിൽ പരിചയവുമാണ് യോഗ്യത.

പ്രായപരിധി 2024 ജനുവരി ഒന്നിന് 18നും 41നും ഇടയിൽ. പ്രതിമാസ ശമ്പളം 12,000 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചുകളിൽ മെയ് 13ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ സംവരണ ഇതര വിഭാഗക്കാരെയും പരിഗണിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് പരിഷ്‌കരണത്തിൽ നേരത്തെയിറക്കിയ ഉത്തരവിൽ ഇളവ്. പുതിയ സർക്കുലറും ഗതാഗത വകുപ്പ് പുറത്തിറക്കി. ഡ്രൈവിങ് സ്‌കൂളുകളുടെ സമരത്തെ തുടർന്നാണ് ഗതാഗത വകുപ്പ് മന്ത്രി ഇളവുകൾക്ക് നിർദേശം നൽകിയത്. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് യൂണിയൻ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് ഇളവുകൾ വരുത്തി പുതിയ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. ഡ്രൈവിങ് സ്‌കൂളുകളുടെ ആവശ്യപ്രകാരമുള്ള ഇളവുകൾ വരുത്തിയാണ് പുതിയ ഉത്തരവ്.

പുതിയ സർക്കുലർ പ്രകാരം പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 30ൽ നിന്ന് 40 ആക്കി ഉയർത്തി. 15 വർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ള വാഹനങ്ങളിൽ ഡ്രൈവിങ് ടെസ്റ്റ് നടത്താൻ അനുവദിക്കില്ലെന്ന മുൻ ഉത്തരവ് നിബന്ധനയ്ക്ക് വിധേയമായി ഇളവ് വരുത്തി. ആറു മാസം കൂടി 15വർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ള വാഹനം ഉപയോഗിക്കുന്നതിനാണ് പുതിയ സർക്കുലറിൽ അനുമതി നൽകിയിരിക്കുന്നത്.

പുതിയ രീതിയിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനുള്ള ഗ്രൗണ്ടും ട്രാക്കും സജ്ജമാകുന്നത് വരെ നിലവിലെ രീതിയിൽ തന്നെ ഡ്രൈവിങ് ടെസ്റ്റ് നടത്താമെന്നും പുതിയ സർക്കുലറിൽ വിശദമാക്കിയിട്ടുണ്ട്.

പുതിയ സർക്കുലറിൽ നൽകിയിരിക്കുന്ന ഇളവുകൾ എന്തൊക്കെയാണെന്ന് നോക്കാം:

  1. പ്രതിദിനം 30 ടെസ്റ്റുകൾ എന്നത് 40 ആക്കി ഉയർത്തി നിശ്ചയിച്ചു. ഇതിൽ 25 പേർ പുതിയ അപേക്ഷകരും പത്ത് പേർ റീ ടെസ്റ്റ് അർഹത നേടിയവരുമായിരിക്കും. ബാക്കി അഞ്ച് പേർ വിദേശ ജോലി/പഠനം എന്നീ ആവശ്യാർത്ഥം പോകേണ്ടവർ, വിദേശത്ത് നിന്ന് അവധി എടുത്ത് അടിയന്തരമായി മടങ്ങി പോകേണ്ട പ്രവാസികൾ എന്നീ വിഭാഗങ്ങൾക്കായി മാറ്റി വെയ്ക്കണം. ഇവരുടെ അഭാവത്തിൽ ലേണേഴ്‌സ് ലൈസൻസ് കാലാവധി ഉടൻ അവസാനിക്കുന്നവരെ മുൻഗണനാ ക്രമത്തിൽ പരിഗണിക്കണം (അതാത് ദിവസം രാവിലെ 11ന് മുൻപായി ഓഫീസ് മേധാവിക്ക് മുൻപാകെ ലഭിക്കുന്ന അപേക്ഷകൾ പരിഗണിച്ച് അർഹത തീരുമാനിക്കണം).
  2. ഡ്രൈവിങ് ടെസ്റ്റിനുള്ള അപേക്ഷകളുടെ പരിശോധന പൂർത്തിയാക്കി DL test candidate list ഒപ്പിട്ടതിനുശേഷം ആദ്യ പടിയായി കേന്ദ്ര മോട്ടോർ വാഹന ചട്ടം 15 (3) അനുശാസിക്കുന്ന പ്രകാരം എവിഐ റോഡ് ടെസ്റ്റ് നടത്തണം. വിജയിക്കുന്നവർക്ക് എഎംവിഐ ഗ്രൗണ്ട് ടെസ്റ്റ് നടത്തണം. രണ്ടും പാസാകുന്നവർക്ക് ലൈസൻസ് അനുവദിക്കണം.
  3. Dual clutch and break (dual control system) ഘടിപ്പിച്ച വാഹനങ്ങളിൽ ഡ്രൈവിങ് ടെസ്റ്റ് അനുവദിക്കുന്നതല്ലെന്ന മുൻ നിർദേശത്തിൽ ഇളവ്. ഈ നിർദേശം പ്രാബല്യത്തിൽ വരുത്തുന്നതിന് ഉത്തരവ് തീയതി മുതൽ മൂന്നു മാസം വരെ സാവകാശം അനുവദിച്ചു.
  4. മുൻ സർക്കുലറിലെ ഡാഷ് ബോർഡ് ക്യാമറ, വിഎൽഡിസി എന്നിവ ഘടിപ്പിക്കാൻ ഉത്തരവ് തീയതി മുതൽ മൂന്ന് മാസം കൂടി ഇളവ് അനുവദിച്ചു
  5. 15 വർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ള വാഹനങ്ങളിൽ ഡ്രൈവിങ് ടെസ്റ്റ് നടത്താൻ അനുവദിക്കില്ലെന്ന നിബന്ധനയ്ക്ക് ഉത്തരവ് തീയതി മുതൽ ആറു മാസം കൂടി ഇളവ് അനുവദിച്ചു.
  6. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥർ അതേ ദിവസം തന്നെ വാഹനങ്ങളുടെ ഫിറ്റ്‌നെസ്സ് ടെസ്റ്റ് നടത്താൻ പാടില്ല
  7. മുൻ സർക്കുലറിൽ നിർദേശിച്ച പ്രകാരമുള്ള പുതിയ ടെസ്റ്റ് ട്രാക്ക് സജ്ജമാക്കാൻ സാധിക്കാത്ത സ്ഥലങ്ങളിൽ ആയത് സജ്ജമാകുന്നത് വരെ നിലവിലുള്ള രീതിയിൽ തന്നെ ഡ്രൈവിങ് ടെസ്റ്റ് പാർട്ട് 1 (H) നടത്താം. നിർദിഷ്ട ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് എത്രയും വേഗം സജ്ജമാക്കണം.
    8.സർക്കാർ നിയന്ത്രണത്തിൽ വരുന്ന സ്ഥലങ്ങളിൽ പരമാവധി ടെസ്റ്റ് കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നതിന് ഗതാഗത കമ്മീഷണർ ബന്ധപ്പെട്ട് ആർടിഒമാർക്ക് നിർദേശം നൽകണം.