ഇന്ത്യൻ ഭൂപ്രദേശങ്ങളുടെ ചിത്രം ഉൾപ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാൻ നേപ്പാൾ; നിലപാട് വ്യക്തമാക്കി ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യൻ ഭൂപ്രദേശങ്ങളുടെ ചിത്രം ഉൾപ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാനുള്ള നേപ്പാളിന്റെ നീക്കത്തിൽ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. നേപ്പാളിന്റെ നീക്കം സ്ഥിതിഗതികളിലോ യഥാർഥ വസ്തുതകളിലോ മാറ്റം വരുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ നിലപാട് വളരെ വ്യക്തമാണ്. നേപ്പാളുമായുള്ള അതിർത്തി വിഷയങ്ങളിൽ ഔദ്യോഗികതലത്തിൽ ചർച്ച നടക്കുന്നുണ്ട്. അതിനിടെ അവർ അവരുടെ ഭാഗത്തുനിന്ന് ഏകപക്ഷീയമായി ചില നീക്കങ്ങൾ നടത്തുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ലിപുലേഖ്, ലിമ്പിയാധുര, കാലാപാനി എന്നിവ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം ഉൾപ്പെടുത്തി പുതിയ നൂറുരൂപാ നോട്ട് പുറത്തിറക്കുമെന്ന് നേപ്പാൾ സർക്കാർ പ്രഖ്യാപിച്ചത് വെള്ളിയാഴ്ച്ചയാണ്. പ്രധാനമന്ത്രി പുഷ്പകമൽ ദഹാൽ പ്രചണ്ഡയുടെ നേതൃത്വത്തിൽ മന്ത്രിസഭായോഗം ചേർന്നതിന് ഇതുസംബന്ധിച്ച പ്രഖ്യാപനം നടന്നത്.