Latest News (Page 4)

തിരുവനന്തപുരം: ഈ മാസത്തെ ജീവനക്കാരുടെ കൂട്ടവിരമിക്കൽ ആനുകൂല്യങ്ങൾക്ക് സംസ്ഥാന ധനവകുപ്പ് കണ്ടെത്തേണ്ടത് 9000 കോടി രൂപ. കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെയാണ് സർക്കാരിന് ഇത്രയധികം തുക കണ്ടെത്തേണ്ടത്. പെൻഷൻ പ്രായം കൂട്ടുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നുണ്ടെങ്കിലും സർക്കാർ ഇത് സ്ഥിരീകരിക്കുന്നില്ല.

സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ എടുക്കാവുന്ന വായ്പാ പരിധിയുടെ കണക്ക് നിശ്ചയിക്കാത്തതിൽ കേരളം കേന്ദ്രത്തെ ആശങ്ക അറിയിച്ചു. ഈ മാസം ആദ്യം മുതൽ സംസ്ഥാനം ഓവർ ഡ്രാഫ്റ്റിലാണ്. നടപ്പു സാമ്പത്തിക വർഷം മുതൽ അതാത് മാസത്തെ പെൻഷൻ വിതരണം ചെയ്യുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും നടപടി തുടങ്ങിയിട്ടില്ല. ഇതിനിടെയാണ് കൂട്ട വിരമിക്കൽ നടക്കുന്നത്. 16000 ത്തോളം ജീവനക്കാർ ഈ മാസം സർക്കാർ സർവ്വീസിൽ നിന്ന് പടിയിറങ്ങും.

പെൻഷൻ ആനുകൂല്യങ്ങൾക്കുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാനുള്ള സാവകാശം ലഭിക്കുമെന്നതാണ് ഏക ആശ്വാസം. ഇതിനിടെ ക്ഷേമപെൻഷൻ കൂടി ചേർന്നാൽ പിന്നെയും ആറ് മാസത്തെ കുടിശികയാകും. അതേസമയം പെൻഷൻ പ്രായം ഉയർത്തുന്നത് സംബന്ധിച്ച അഭ്യൂഹങ്ങളും ശക്തമാകുന്നുണ്ട്.

ന്യൂഡൽഹി: ഇന്ത്യയുടെ വളർച്ചയെ ഉയർത്തിക്കാട്ടി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വികസനത്തെ സ്വാധീനിക്കാൻ കഴിയുന്ന തരത്തിൽ ഇന്ത്യ വളർന്നെന്ന് അദ്ദേഹം പറഞ്ഞു. ഗൂഗിളിന്റെ വാർഷിക ഗൂഗിൾ ഐ/ഒ 2024 കോൺഫറൻസിനിടെ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

സാങ്കേതികവിദ്യ ഇന്ത്യയ്ക്കും മറ്റ് വളർന്നുവരുന്ന രാജ്യങ്ങൾക്കും മുമ്പെങ്ങുമില്ലാത്തവിധം അവസരങ്ങൾ നൽകുന്നുണ്ട്. പേഴ്സണൽ കമ്പ്യൂട്ടിംഗ് ലഭ്യതയുടെ കാര്യത്തിൽ ഇന്ത്യ ഒരിക്കലും വികസിത ലോകത്തെ മറികടക്കില്ല. എന്നാൽ മുൻ തലമുറകളെ അപേക്ഷിച്ച് കൂടുതൽ ആളുകൾക്ക് മൊബൈൽ ഫോണുകൾ ലഭ്യമാകുന്നുണ്ട്. നേരത്തെ ഭൂരിഭാഗം ആളുകൾക്കും ലാൻഡ്ഫോണുകൾ ഇല്ലായിരുന്നു, പക്ഷേ ഇന്ന് മിക്ക ആളുകൾക്കും മൊബൈൽ ഫോണുകൾ ഉണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പരിവർത്തനം നടക്കുമ്പോൾ ഇന്ത്യ നല്ല നിലയിലായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഗൂഗിളിന്റെ ഉപയോക്തൃ അടിത്തറയുടെ കാര്യത്തിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. എഐയുടെ വികസനവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ധാരാളം പ്രവർത്തനങ്ങൾ കാണുന്നുണ്ട്. തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമുകൾ ഇപ്പോൾ തന്നെ വളരെയധികം മുകളിലാണ്. ഗൂഗിൾ ജെമിനിയുടെ ഡെവലപ്പർമാരിൽ പലരും ഇന്ത്യയിൽ നിന്നുള്ളവരാണ്. യുട്യൂബിന്റെ ഏറ്റവും വലിയ ഉപയോക്തൃ അടിത്തറ ഇന്ത്യയിലാണ്, പ്രതിമാസം 480 ദശലക്ഷം സജീവ ഉപയോക്താക്കളാണ് യു ട്യൂബിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നമുക്കെല്ലാം അറിയാം ഇരുചക്രവാഹനം ഓടിക്കുമ്പോൾ ഹെൽമെറ്റ് നിർബന്ധമാണ് എന്നാലും അത് എങ്ങനെ ധരിക്കാതിരിക്കാം എന്ന് ചിന്തിക്കുന്നവർ ഒരുപാട് ഉണ്ട്. ഇരുചക്ര വാഹനം നിങ്ങൾ അപകടത്തിൽ പെടുമ്പോൾ ആഘാതം ഏൽക്കുന്നത് കൂടുതലും തലയ്ക്കാണ് അതിലൂടെ തലയോട്ടിക്ക് പൊട്ടല് സംഭവിക്കുകയും അത്തരത്തിൽ തൽക്ഷണത്തിൽ തന്നെ മരണം സംഭവിക്കാനുള്ള സാധ്യത വളരെയധികം കൂടുതലാണ്, തലച്ചോറിന് സംഭവിക്കുന്ന പരിക്കുകൾ പലതും ആശുപത്രികളിൽ എത്തിച്ചാൽ പോലും ജീവൻ രക്ഷിക്കാൻ സാധിക്കാതെയും വരുന്നു. ആയതിനാൽ ഇടിയുടെ ആഘാതം കുറയ്ക്കുന്നതിനു ഹെൽമറ്റ് കൃത്യമായി ധരിക്കുന്നത് വളരെയധികം ആവശ്യകരമാണ്.

നാം പലരും ഹെൽമെറ്റുകൾ കൃത്യമായി തിരഞ്ഞെടുക്കാൻ സാധിക്കാത്തതിന്റെ വീഴ്ചകൾ മൂലം അപകടത്തിൽ പെടുന്നുണ്ട്, ഗുണനിലവാരമുള്ളതും ISI മുദ്രയുള്ളതും Face Shield ഉള്ളതുമായ ഹെൽമെറ്റുകൾ, ശിരസ്സിന് അനുയോജ്യമായ വലിപ്പത്തിലുള്ളതുമായ ഹെൽമെറ്റുകൾ തിരഞ്ഞെടുക്കുവാൻ ആയി ശ്രദ്ധിക്കുക. ഹെൽമറ്റിന്റെ പുറം ചട്ടയ്ക്കു താഴെയുള്ള Shock Absorbing Lining അപകടം നടക്കുമ്പോൾ തലയോട്ടിയിൽ ഏൽക്കുന്ന ശക്തമായ ക്ഷതം കുറയ്ക്കുവാൻ സഹായിക്കുന്നു മാത്രമല്ല ഗുരുതരമായ പരിക്ക് പറ്റാതെയും സംരക്ഷിക്കുന്നു. ആയതിനാൽ അത്തരത്തിൽ സെലക്ട് ചെയ്ത് ഉപയോഗിക്കുന്ന ഹെൽമെറ്റുകൾ ധരിച്ച് കൃത്യമായി ധരിച്ച് ചിൻ ട്രാപ്പുകൾ ഉപയോഗിച്ച് ഹെൽമെറ്റ് ശിരസ്സിൽ മുറുക്കി ഉറപ്പിക്കുവാൻ ശ്രദ്ധിക്കുക, ഇല്ലെങ്കിൽ ഒരു അപകടം നടക്കുന്ന സമയത്ത് ഇടിയുടെ ആഘാതത്തിൽ ആദ്യം ഹെൽമെറ്റ് തെറിച്ചു പോകാനുള്ള സാധ്യത വളരെയധികം ഏറെയാണ്.

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ വനിതാ കോളജിലെ സെൻട്രലൈസ്ഡ് കോമൺ ഇൻസ്ട്രുമെന്റേഷൻ ഫെസിലിറ്റി (CCIF) കേന്ദ്രത്തിൽ ഒരു പ്രോജക്ട് അസിസ്റ്റന്റ് തസ്തിക ഒഴിവുണ്ട്. ഇത് ഒരു വർഷത്തേക്കുള്ള കരാർ തസ്തികയാണ്. പ്രോജക്ട് അസിസ്റ്റന്റ് ഫെലോഷിപ്പായി പ്രതിമാസം 22,000 രൂപ ഏകീകൃത തുകയായി നൽകും. യോഗ്യത: അപേക്ഷകർ കെമിസ്ട്രിയിലോ ഫിസിക്‌സിലോ 60 ശതമാനമോ അതിൽ കൂടുതലോ മാർക്കോടെ ബിരുദാനന്തര ബിരുദം (M.Sc.) നേടിയിരിക്കണം.

അനിലിറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മുൻ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും. എൻ.എം.ആർ സ്പെക്ട്രോ മീറ്റർ, സ്പെക്ട്രോ ഫ്‌ലൂറോ മീറ്റർ, ഐ.ആർ സ്പെക്ട്രോ മീറ്റർ, യു.വി-വിസിബിൾ സ്പെക്ട്രോ മീറ്റർ ആന്റ് ബി.ഇ.റ്റി അനലൈസർ തുടങ്ങിയ അത്യാധുനിക ഉപകരണങ്ങളുടെ പ്രവർത്തനവും പരിപാലനവും ചുമതലകളിൽ ഉൾപ്പെടുന്നു. 2024 ജൂൺ 5ന് രാവിലെ 10.30ന് കോളജിൽ നടക്കുന്ന അഭിമുഖത്തിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷകർ നേരിട്ട് ഹാജരാകേണ്ടതാണ്.

കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൈവിരൽ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച നാലുവയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിലാണ് പ്രതിപക്ഷ നേതാവ് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. പിഞ്ചുകുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ സർക്കാർ കൊട്ടിഘോഷിക്കുന്ന നമ്പർ വൺ കേരളമെന്ന് വി ഡി സതീശൻ ചോദിക്കുന്നു.

എല്ലാ വകുപ്പുകളിലുമെന്ന പോലെ ആരോഗ്യവകുപ്പിലും ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥിതിയാണ്. കാലങ്ങൾ കൊണ്ട് കേരളം ആരോഗ്യ മേഖലകളിൽ ആർജ്ജിച്ചെടുത്ത നേട്ടങ്ങൾ നിരന്തരം ഇല്ലാതാക്കുകയെന്നതാണ് സർക്കാർ ഇപ്പോൾ ചെയ്യുന്നത്. തുടർച്ചയായി സംഭവിക്കുന്ന ചികിത്സാപ്പിഴവുകളിലൂടെ സർക്കാർ ആശുപത്രികളുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും സതീശൻ പറഞ്ഞു.

സർക്കാർ സംവിധാനങ്ങളെ വിശ്വസിച്ച് ചികിത്സയ്ക്ക് എത്തുന്ന പാവങ്ങളുടെ ജീവന് വില കൽപ്പിക്കാത്ത അവസ്ഥ പൂർണമായും ഇല്ലാതാക്കണം. ഏത് സംഭവത്തിലും അടിയന്തര റിപ്പോർട്ട് നൽകാൻ ഉത്തരവിടുന്നതല്ലാതെ റിപ്പോർട്ടിൽ എന്ത് തിരുത്തൽ നടപടിയാണ് ആരോഗ്യവകുപ്പും മന്ത്രിയും ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇത് ആദ്യത്തെ സംഭവമല്ല. ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റിൽ കുടുങ്ങിയ ഹർഷിന ഇപ്പോഴും നീതിക്ക് വേണ്ടി പോരാട്ടം തുടരുകയാണ്. മരുന്നുക്ഷാമം ഉൾപ്പെടെ സർക്കാർ ആശുപത്രികൾക്കെതിരെ ഉയർന്ന എല്ലാ പരാതികളിലും ജനങ്ങളെ പരിഹസിക്കുന്നതാണ് ആരോഗ്യമന്ത്രിയുടെയും സർക്കാരിന്റെയും നിലപാട്. അങ്ങനെയുള്ളവരിൽനിന്നും ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണെന്നും അദ്ദേഹം അറിയിച്ചു.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ നാല് വയസുകാരിയെ ശസ്ത്രക്രിയ ചെയ്തതിൽ പിഴവ് സംഭവിച്ചെന്ന പരാതിയിൽ അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജോൺ ജോൺസണെതിരെ നടപടി. ബിജോൺ ജോൺസനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.

സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിശദമായ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി. ആശുപത്രികൾ പ്രോട്ടോകോളുകൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രി കർശന നിർദേശം നൽകി.

സംഭവത്തിൽ ഡോക്ടർ ബിജോൺ ജോൺസണ് എതിരെ കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഐപിസി 336, ഐപിസി 337 വകുപ്പുകൾ ചുമത്തിയാണ് കേസ്. കൈവിരലിന്റെ ശസ്ത്രക്രിയക്ക് എത്തിയ നാലുവയസ്സുകാരിക്ക് നാക്കിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു.

വിഷയത്തിൽ ആരോഗ്യ – ശിശുസംരക്ഷണ വകുപ്പിന് നേരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു.

തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് വരുത്തിയിരുന്ന റേഷൻ കടകളുടെ പ്രവർത്തന സമയം 2024 മേയ് 17 മുതൽ പുന:സ്ഥാപിച്ചിട്ടുണ്ട്. രാവിലെ 8 മണി മുതൽ 12 മണി വരെയും വൈകുന്നേരം 4 മണി മുതൽ 7 മണി വരെയുമായിരിക്കും റേഷൻകടകൾ പ്രവർത്തിക്കുക.

മറ്റ് പ്രധാന അറിയിപ്പുകൾ

പാഠപുസ്തകങ്ങൾ കൈപ്പറ്റണം

2024-25 അദ്ധ്യയന വർഷത്തെ പാഠപുസ്തകങ്ങളുടെ വിതരണം സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, സി.ബി.എസ്.ഇ മേഖലയിലെ സ്‌കൂളുകൾക്ക് 2024 ഏപ്രിൽ 12 മുതൽ ആരംഭിച്ചിരുന്നു. ആയതിൽ ഇൻഡന്റ് ചെയ്തിട്ടുള്ള എല്ലാ അൺ എയ്ഡഡ്, സി.ബി.എസി.ഇ സ്‌കൂളുകളും പാഠപുസ്തകങ്ങളുടെ തുക ഒടുക്കി റിലീസിംഗ് ഓർഡർ വാങ്ങി അതാത് ജില്ലാ ഹബ്ബുകളിൽ നിന്നും നേരിട്ട് പാഠപുസ്തകങ്ങൾ കൈപ്പറ്റുവാൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും ആയത് കൈപ്പറ്റാതെയുള്ള അൺ എയ്ഡഡ്, സി.ബി.എസ്.ഇ സ്‌കൂളുകൾ അടിയന്തിരമായി തുക ഒടുക്കി റിലീസിംഗ് ഓർഡർ വാങ്ങി ബന്ധപ്പെട്ട ജില്ലാ ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ കൈപ്പറ്റേണ്ടതാണ്.

പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് സൗജന്യ പരിശീലനം

കേന്ദ്ര തൊഴിൽ ഉദ്യോഗസ്ഥ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/ പട്ടികവർഗ്ഗക്കാരായ യുവതീ യുവാക്കളുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിനു വേണ്ടി വിവിധ കമ്പ്യൂട്ടർ കോഴ്‌സുകൾ 2024 ജൂലായ് മാസം 1-ാം തീയതി മുതൽ വിവിധ ജില്ലകളിൽ ആരംഭിക്കും. പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് പ്രതിമാസം 1000 രൂപ സ്‌റ്റൈപ്പന്റും മറ്റു പഠനസാമഗ്രികളും സൗജന്യമായി നൽകും. കോഴ്‌സുകളിൽ ചേരുവാൻ താൽപര്യമുള്ളവർ ജൂൺ 20-ാം തീയതിക്കകം വിശദമായ ബയോഡാറ്റയും എസ്.എസ്.എൽ.സി, പ്ലസ്ടു, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, എംപ്ലോയ്‌മെന്റ് കാർഡ്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക് (ഫ്രണ്ട് പേജ്) എന്നീ രേഖകളുടെ കോപ്പി സഹിതം ”സബ്-റീജിയണൽ എംപ്ലോയ്‌മെന്റ് ഓഫീസർ, നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടി, സംഗീത കോളേജിന് പുറകുവശം, തൈക്കാട്, തിരുവനന്തപുരം – 14” എന്ന വിലാസത്തിലോ placementnscstvm@gmail.com എന്ന ഇ-മെയിലിലോ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2332113, 8304009409.

കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ്

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 2024 മെയ് മാസത്തിൽ കണ്ണൂർ ജില്ലയിലെ കർഷകരുടെ സിറ്റിംഗ് നടത്തുന്നതാണ്. കണ്ണൂർ സർക്കാർ അതിഥി മന്ദിരത്തിൽ വച്ച് മേയ് 20, 21, 22 തീയതികളിലാണ് സിറ്റിംഗ് നടത്തുന്നത്. സിറ്റിംഗിൽ ബഹു. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ.അബ്രഹാം മാത്യു അവർകളും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കുന്നതാണ്. അന്നേ ദിവസം രാവിലെ 09.00 മണിക്ക് സിറ്റിംഗ് ആരംഭിക്കുന്നതാണ്. പ്രസ്തുത തീയതികളിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിംഗ് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകേണ്ടതാണ്.

തിരുവനന്തപുരം: ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കും ലഹരിമാഫിയയ്ക്കുമെതിരെ പോലീസ് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 90 പേർക്കെതിരെയും വാറണ്ട് കേസിൽ പ്രതികളായ 153 പേർക്കെതിരെയും അറസ്റ്റ് ഉൾപ്പെടെ നിയമനടപടികൾ സ്വീകരിച്ചു. 53 പേരെ കരുതൽ തടങ്കലിൽ വയ്ക്കുകയും അഞ്ചു പേർക്കെതിരെ കാപ്പാ നിയമപ്രകാരം നടപടിയെടുക്കുകയും ചെയ്തു.

സ്‌പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ അവലോകനം ചെയ്തു. സമാധാനാന്തരീക്ഷം തകർക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ യോഗത്തിൽ അധ്യക്ഷത വഹിച്ച സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് സോണൽ ഐ.ജിമാർക്കും റെയിഞ്ച് ഡി.ഐ.ജിമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളിൽ അടിയന്തര നിയമനടപടി സ്വീകരിക്കണം. ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് എടുക്കുന്ന കേസുകളിലും സെൻസേഷണൽ കേസുകളിലും ജില്ലാ പോലീസ് മേധാവിമാർ വ്യക്തിപരമായ ശ്രദ്ധ പതിപ്പിക്കണം. ഇത്തരം കേസുകളിൽ പ്രതികളെ പിടികൂടുന്നതിന് കൃത്യമായ ഇടവേളകളിൽ അവലോകന യോഗങ്ങൾ ചേരണം. സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും മയക്കുമരുന്ന് വിൽക്കുന്നവർക്കും അവ ഉപയോഗിക്കുന്നവർക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കും. സംശയകരമായ ഇടപെടൽ നടത്തുന്നവരുടെ സൈബർ ഇടങ്ങൾ പോലീസ് നിരീക്ഷണത്തിൽ ആയിരിക്കും.

രാത്രികാല പട്രോളിങ് സംവിധാനം ശക്തിപ്പെടുത്തും. കൺട്രോൾ റൂം വാഹനങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കും. അവർക്ക് ലഭിക്കുന്ന സന്ദേശങ്ങളിൻമേൽ ഉടൻ നടപടി സ്വീകരിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി.

തിരുവനന്തപുരം: മയക്കുമരുന്ന് വിപത്തിനെതിരെ സമൂഹമൊന്നാകെ രംഗത്തിറങ്ങണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനായി ജനജാഗ്രതാ സമിതികൾ ശക്തമാക്കണം. നേമത്ത് വില്ലേജ്തല ജാഗ്രതാ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർഥികൾ ആണ് ലഹരി മാഫിയയുടെ പ്രധാന ഉന്നം. ഇത് മനസിലാക്കി വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണ സമൂഹം നൽകണം. സമൂഹത്തിന്റെ ജാഗ്രത വിദ്യാലയങ്ങൾക്കുണ്ടാകണം. സംസ്ഥാനത്ത് ജൂൺ 3 ന് സ്‌കൂളുകൾ തുറക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടും അക്കാദമിക വർഷം മുഴുവനായും നിരവധി പദ്ധതികൾ പൊതുവിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ്. ഇതിലേറ്റവും സുപ്രധാനമായ പദ്ധതി ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ളതാണ്. ഈ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ യോഗം മെയ് 4ന് ചേരുകയുണ്ടായി. കഴിഞ്ഞ അദ്ധ്യയന വർഷം നടത്തിയ പ്രവർത്തനങ്ങൾക്ക് ഉപരിയായി അതി ശക്തമായ ക്യാമ്പയിൻ സംഘടിപ്പിക്കാനാണ് യോഗത്തിൽ തീരുമാനമായത്.

ലഹരി വിരുദ്ധ ക്യാംപയിൻ, പ്രത്യേകിച്ച് വിദ്യാർഥികൾക്കിടയിൽ ലഹരി വസ്തുക്കളുടെ ദുരുപയോഗവും ആസക്തിയും തടയാൻ ലക്ഷ്യം വെച്ചിട്ടുള്ള പ്രവർത്തന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ശാക്തീകരണം, അവബോധം, ആരോഗ്യകരമായ ജീവിതശൈലി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പിന്തുണാ സംവിധാനം പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കും. സ്‌കൂൾ വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വേണ്ടി വിവിധങ്ങളായ പ്രവർത്തനങ്ങൾ പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി തലങ്ങളിൽ നടപ്പാക്കിയിട്ടുണ്ട്.

സ്‌കൂൾ തലത്തിൽ നടത്തേണ്ട ജാഗ്രതാ പ്രവർത്തനങ്ങൾ, വിവിധ സമിതികളുടെ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് വിശദമായ മാർഗ്ഗരേഖ എല്ലാ വിദ്യാലയങ്ങൾക്കും നൽകിയിട്ടുണ്ട്. ലഹരി വിരുദ്ധ ബോധവൽക്കരണത്തോടൊപ്പം കുട്ടികളെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നതിന് അധ്യാപകരെ ശാക്തീകരിക്കുന്നതിനും പരിപാടികൾ സംഘടിപ്പിച്ചു വരുന്നു.

ലഹരി വസ്തുക്കൾ സ്‌കൂൾ ക്യാമ്പസിലേക്ക് എത്തുന്നതിനെതിരെ ജാഗ്രത പുലർത്തുന്നതിന് രക്ഷകർത്താക്കളെ ബോധവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷകർത്തൃ ഗ്രൂപ്പുകൾ ചേരുമെന്നും മന്ത്രി അറിയിച്ചു.

പ്രേക്ഷകരുടെ ധൈര്യത്തിലാണ് താൻ നിൽക്കുന്നതെന്ന് തുറന്നു പറഞ്ഞ് നടൻ മമ്മൂട്ടി. ഇവരുടെ ധൈര്യത്തിലാ നമ്മൾ നിൽക്കുന്നതെന്നും 42 കൊല്ലമായി പ്രേക്ഷകർ കൂടെയുണ്ടെന്നും മമ്മൂട്ടി വ്യക്തമാക്കി. പ്രേക്ഷകർ ഇതുവരെ വിട്ടിട്ടില്ല ഇനിയും വിടത്തില്ലെന്നും മമ്മൂട്ടി അറിയിച്ചു. മമ്മൂട്ടിയുടെ പുതിയ ചിത്രം ടർബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നാടൻ ചട്ടമ്പിയല്ല, വഴക്കാളിയല്ല, ഗുണ്ടയല്ല. ജോസൊരു ഡ്രൈവറാണ്. പക്ഷേ ജോസ് നേരിടേണ്ടി വരുന്നത് വൻ അടിയാണ്. അവിടെ ജോസ് പതറിപ്പോകും. ഇടിക്കാൻ വേണ്ടിയുള്ള ഇടിയല്ല. ഇടികൊള്ളാതിരിക്കാനുള്ള ഇടിയാണ് സിനിമയിലുള്ളത്. വേണമെങ്കിൽ ഇതിനെ സർവൈവൽ ത്രില്ലറൊന്നൊക്കെ പറയാമെന്ന് വീഡിയോയിൽ മമ്മൂട്ടി വിശദമാക്കുന്നു..

കഥയുടെ ഒരു സിംഹഭാഗവും തമിഴ്‌നാട്ടിലാണ് സംഭവിക്കുന്നത്. തമിഴ് കഥാപാത്രങ്ങളും ഒരുപാട് വന്നുപോകുന്നുണ്ട്. തെലുങ്ക് താരങ്ങളും ഒരുപാടുണ്ട്. ചില പരിതസ്ഥിതികളിൽ ഒരു ശക്തി എവിടുന്നോ വന്നുചേരും. അതുപോലെയാണ് ജോസിനൊരു ശക്തിയുണ്ടാവുന്നത്. അതിനെ വേണമെങ്കിൽ നമുക്ക് ‘ടർബോ’ എന്ന് വിളിക്കാമെന്ന് ടർബോ ജോസ് എന്ന കഥാപാത്രത്തെ കുറിച്ച് മമ്മൂട്ടി പറയുന്നു.