ലൈംഗികാതിക്രമക്കേസ്; പ്രജ്വൽ രേവണ്ണ പോലീസിൽ കീഴടങ്ങിയേക്കും

ഹൈദരാബാദ്: ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായ പ്രജ്വൽ രേവണ്ണ പോലീസിൽ കീഴടങ്ങിയേക്കും. ഹാസനിലെ എൻഡിഎ സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമാണ് അദ്ദേഹം. മറ്റന്നാൾ വോട്ടെടുപ്പിന് ശേഷമായിരിക്കും അദ്ദേഹം കീഴടങ്ങുകയെന്നാണ് പുറത്തു വരുന്ന വിവരം. പ്രജ്വൽ ഇപ്പോൾ മസ്‌കറ്റിലാണുള്ളതെന്നാണ് പുറത്തു വരുന്ന വിവരം.

കേസ് രജിസ്റ്റർ ചെയ്യണമെന്നുള്ള സൂചനകൾ ലഭിച്ചതിന് പിന്നാലെ പ്രജ്വൽ രാജ്യം വിട്ടിരുന്നു. പ്രജ്വൽ രേവണ്ണക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്നായിരുന്നു പ്രത്യേകാന്വേഷണസംഘം സിബിഐയോട് ആവശ്യപ്പെട്ടിരുന്നത്. സിബിഐ ഇക്കാര്യത്തിൽ കർണാടക പൊലീസിന് ഒരു മറുപടിയും ഇത് വരെ നൽകിയിട്ടില്ല. നടപടിയും എടുത്തിട്ടില്ല.

അതേസമയം, പ്രജ്വലിന്റെ ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് റദ്ദാക്കണമെങ്കിൽ കോടതി ഉത്തരവ് വേണമെന്നാണ് വിദേശകാര്യമന്ത്രാലയം വിശദമാക്കിയിരിക്കുന്നത്. അച്ഛൻ രേവണ്ണ അറസ്റ്റിലായതോടെയാണ് മ്യൂണിക്കിൽ നിന്ന് പ്രജ്വൽ മസ്‌കത്തിലെത്തിയത്. ബലാത്സംഗപ്പരാതിക്ക് പുറമേ തട്ടിക്കൊണ്ട് പോകൽ കേസിലും രേവണ്ണയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും.