Latest News (Page 3,175)

ന്യൂഡല്‍ഹി: പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ ഉടന്‍ വിതരണം ചെയ്യാനുള്ള അനുമതിക്കായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാവുന്ന സാഹചര്യത്തിലാണ് പ്രതിരോധകുത്തിവയ്പ് ഊര്‍ജ്ജിതമാക്കേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിച്ചിരിക്കുന്നത്. വാക്‌സിന് വിതരണത്തിനായി കൂടുതല്‍ സ്വകാര്യ ക്ലിനിക്കുകളേയും സ്വകാര്യ ആശുപത്രികളേയും ഉള്‍പ്പെടുത്തണണെന്നും ഇത് വാക്‌സിന് യജ്ഞത്തിന് കരുത്ത് പകരമെന്നും കത്തില്‍ പറയുന്നുണ്ട്. പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്ന എല്ലാവര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം, സിനിമ തീയറ്റര്‍്, സാംസ്‌കാരിക-മതപരമായ ചടങ്ങുകള്‍, കായിക പരിപാടികള്‍് എന്നിവ നടത്തുന്ന സ്ഥലങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും കത്തിലുണ്ട്.

ചേര്‍ത്തല : കേരളത്തില്‍ മുമ്പത്തേക്കാള്‍ വലിയ ത്രികോണ മത്സരം നടക്കുന്നുവെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അതാണ് കനത്ത പോളിംഗ് ഉണ്ടാവാന്‍ കാരണമെന്നും റിസള്‍ട്ട് സര്‍ക്കാരിന് അനുകൂലമോ പ്രതികൂലമോ എന്ന് പറയണമെങ്കില്‍ ഫലപ്രഖ്യാപനം വരെ കാത്തിരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.ഭരണമാറ്റമുണ്ടാകണമെന്ന സന്ദേശം നല്‍കിയ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടേത് അസമയത്തെ പ്രതികരണമായിപ്പോയെന്നാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. ഈ സമയത്ത് പറയുന്നതിനേക്കാള്‍ വോട്ടെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പേ പറയാമായിരുന്നു. എങ്കില്‍ അതിന് വേണ്ട ഫലം ലഭിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെ സുധാകരന്‍ എം.പി.ദേവഗണങ്ങള്‍ അസുര വിഭാഗത്തോടൊപ്പം എവിടെയും നിന്നിട്ടില്ലെന്ന് സുധാകരന്‍ പറഞ്ഞു. അയ്യപ്പനും മറ്റ് ദേവഗണങ്ങളും ഈ സര്‍ക്കാരിനൊപ്പമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കണ്ണൂരില്‍ പ്രതികരിച്ചത്.ഭക്തരുടെ വികാരത്തെ ചൂഷണം ചെയ്യുകയാണ് പിണറായിയെന്നും വോട്ടര്‍മാര്‍ ബുദ്ധിയുള്ളവരാണെന്നും വിശ്വാസികളെയും ഇത്രയും അധികം അപമാനിച്ചത് പിണറായി വിജയന്‍ മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു.
ഈ നിലപാടായിരുന്നു നേരത്തെ എങ്കില്‍ ശബരിമല സംബന്ധിച്ച സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് പറഞ്ഞവരെ എതിര്‍ക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ഭാര്യ മറിയാമ്മ, മകന്‍ ചാണ്ടി ഉമ്മന്‍, മകള്‍ മറിയം എന്നിവര്‍ക്കൊപ്പം പുതുപ്പള്ളിയിലാണ് ഉമ്മന്‍ ചാണ്ടി വോട്ടു ചെയ്തത്. പിണറായി വിജയനും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ചേര്‍ന്നാണ് ശബരിമലയെ തകര്‍ത്തതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചു. ആയിരം തെരഞ്ഞെടുപ്പില്‍ തോറ്റാലും നിലപാട് മാറ്റില്ലെന്നൊക്കെ പറഞ്ഞ മുഖ്യമന്ത്രി വളരെ ദുര്‍ബലനായ രാഷ്ട്രീയക്കാരനാണെന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഇന്നത്തെ പ്രസ്താവനയെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ഭരണ മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പരാമര്‍ശത്തിന് മുഖ്യമന്ത്രിയുടെ മറുപടി നല്‍കി. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്ന് സുകുമാരന്‍ നായര്‍ പറയുമെന്ന് കരുതുന്നില്ല. എല്ലാ വിശ്വാസികളും സര്‍ക്കാരിന് ഒപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊല്‍ക്കത്ത: വോട്ടിങ് മെഷീനുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ പോയി കിടുന്നുറങ്ങിയെന്ന ആരോപണത്തില്‍ പോളിങ് ഓഫീസറെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തു. തന്റെ ബന്ധു കൂടിയായ തൃണമൂല്‍ നേതാവിന്റെ വീട്ടിലാണ് ഉദ്യോഗസ്ഥന്‍ പോയി കിടന്നത്.

ഇയാള്‍ കൊണ്ടുപോയ ഇലക്ട്രോണിക് വോട്ടിങ് മെഷീനും വിവിപാറ്റും തിരഞ്ഞെടുപ്പിന് ഉപയോഗിക്കില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഹൗറ സെക്ടറിലെ ഒരു ബൂത്തിലുള്ള ഡെപ്യൂട്ടി ഓഫീസര്‍ തപന്‍ സര്‍ക്കാരിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തത്. രാത്രി ഉറങ്ങാനായി ബന്ധുവായ തൃണമൂല്‍ നേതാവിന്റെ വീട്ടിലേക്ക് പോയപ്പോള്‍ ഇയാള്‍ വോട്ടിങ് മെഷീനും കൊണ്ടുപോയെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ഇയാള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അവിടെ സുരക്ഷാ ചുമതലുയള്ള പോലീസ് ഉദ്യോഗസ്ഥരും നടപടി നേരിടേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തൃണമൂല്‍ നേതാവിന്റെ വീട്ടിലേക്ക് കൊണ്ടുപോയ വോട്ടിങ് മെഷീന്‍ നിലവില്‍ പരിശോധിച്ച് വരികയാണ്. ഒരു പ്രത്യേക മുറിയില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകന്റെ കസ്റ്റഡിയിലാണ് ഈ ഇവിഎം എന്നും കമ്മീഷന്‍ പ്രസ്താവനയില്‍ കുറിച്ചു.
സംഭവം പ്രതിപക്ഷ പാര്‍ട്ടികള്‍ പശ്ചിമബംഗാളില്‍ വലിയ വിവാദ വിഷയമാക്കി ഉയര്‍ത്തിയിട്ടുണ്ട്. അസമില്‍ ബിജെപി നേതാവിന്റെ വാഹനത്തില്‍ വോട്ടിങ് മെഷീന്‍ കൊണ്ടുപോയതിന് പിന്നാലെയാണ് പശ്ചിമബംഗാളിലെ പുതിയ സംഭവം.

കോട്ടയം: കേരളത്തിൽ ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തുമെന്ന് കാനം രാജേന്ദ്രൻ. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം ഉണ്ടാവും. പ്രതിപക്ഷത്തിനും ബിജെപിക്കും മറ്റൊരു വിഷയവും സർക്കാരിനെതിരെ പറയാനില്ലാത്തതിനാലാണ് ശബരിമലയെക്കുറിച്ചുള്ള വിഷയങ്ങൾ ആവർത്തിക്കുന്നതെന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു.

എല്ലാ വിശ്വാസങ്ങളും സംരക്ഷിക്കുമെന്നാണ് ഇടതുമുന്നണി പ്രകടന പത്രികയിൽ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ആരും എൽഡിഎഫിന് എതിരാവേണ്ട സാഹചര്യമില്ല. സുകുമാരൻ നായർക്ക് രാഷ്ട്രീയമുണ്ടെന്നതിന്റെ സൂചനയാണ് ഇന്ന് രാവിലെ അദ്ദേഹം നടത്തിയ പ്രസ്താവന. തിരഞ്ഞെടുപ്പ് ദിവസം മറ്റൊരു സാമുദായിക സംഘടനയും ഇത്തരം പ്രസ്താവന നടത്തിയില്ലെന്നും കാനം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നെന്നാണ് തന്റെ വിശ്വാസമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞത്. സാമൂഹ്യ നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകണം. കുറച്ചുകാലമായി വിശ്വാസികളുടെ പ്രതിഷേധം ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാവിലെ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് സമദൂരം എന്ന മുൻ നിലപാട് തിരുത്തിക്കൊണ്ട് സുകുമാരൻ നായർ പ്രസ്താവന നടത്തിയത്.

omman chandy

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ തെരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാട് അത്ഭുതപ്പെടുത്തിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.ഈ വിഷയത്തിലുള്ള സർക്കാരിന്റെ യു ടേൺ തെരഞ്ഞെടുപ്പിനെ ഭയന്നാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.യുഡിഎഫ് അധികാരത്തിൽ വന്നാൽ സാധ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും കേരളത്തിലെ ഒരു വിശ്വാസിയും മുഖ്യമന്ത്രിയെ വിശ്വസിക്കില്ലെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു.

ജാതിമത ചിന്തകൾക്ക് അതീതമാണ് ശബരിമല. സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് ശക്തമായ നിലപാട് കോടതിയിൽ എടുത്തു. വിധിയെ സ്വാഗതം ചെയ്തു. സുപ്രീം കോടതി വിധി നടപ്പാക്കാൻ ബാദ്ധ്യത സർക്കാരിന് ഉണ്ടെന്ന് പറഞ്ഞു. വീടുകളിൽ ചെന്ന് സ്ത്രീകളെ കൂട്ടിക്കൊണ്ട് ശബരിമലയിൽ കയറ്റി.

നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് വനിതാ മതിൽ കെട്ടി അതിനുള്ള ശ്രങ്ങൾ നടത്തിയിട്ട് തെരഞ്ഞെടുപ്പ് ദിവസം ഇത്തരമൊരു നിലപാട് സ്വീകരിച്ചത് അത്ഭുതപ്പെടുത്തിരിക്കുകയാണെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എസ് എൻ സി ലാവ്‍ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ട് ആഴ്ചത്തേക്ക് മാറ്റി. ഊർജ്ജ വകുപ്പ് മുൻ ജോയിന്‍റ് സെക്രട്ടറി എ ഫ്രാൻ‌സിസിന്‍റെ അഭിഭാഷകൻ പ്രകാശ് രഞ്ചൻ നായക് നൽകിയ കത്ത് പരിഗണിച്ചാണ് ഹർജി പരിഗണിക്കുന്നത് സുപ്രീംകോടത് രണ്ടാഴ്ചത്തേക്ക് നീട്ടിയത്. കോടതിയിൽ കൂടുതൽ രേഖകൾ ഹാജരാക്കാൻ സമയം തേടിയാണ് ഫ്രാൻ‌സിസിന്‍റെ അഭിഭാഷകൻ കത്ത് നല്‍കിയിട്ടുള്ളത്.

എല്ലാ തവണയും കേസ് പരിഗണനയ്ക്ക് എടുക്കുമ്പോൾ ഓരോ കക്ഷികളും മാറ്റിവയ്ക്കാൻ വേണ്ടി ആവശ്യപ്പെടുന്നു എന്ന് വി എം സുധീരന് വേണ്ടി അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇനി ഹർജി മാറ്റി വയ്ക്കാൻ കേസിലെ ഒരു കക്ഷിയും ആവശ്യപ്പെടരുത് എന്ന് എടുത്തുപറഞ്ഞാണ് സുപ്രീംകോടതി കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചത്. ഇരുപത്തി ഏഴാമത്തെ തവണ ആണ് ഇന്ന് ലാവലിൻ ഹർജികൾ പരിഗണിക്കുന്നത് കോടതി മാറ്റി വച്ചത്.

രണ്ട് കോടതികൾ കുറ്റവിമുക്തരാക്കിയ കേസിൽ സുപ്രീംകോടതി ഇടപെടണമെങ്കിൽ ശക്തമായ കാരണങ്ങൾ വേണമെന്ന് ജസ്റ്റിസ് യു.യു. ലളിത് നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജസെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്‌തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള സി.ബി.ഐ അപ്പീലാണ് കോടതി പരിഗണിക്കുന്നത്. കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്‌ഥരായ ആർ.ശിവദാസ്, കസ്തൂരിരംഗഅയ്യർ, കെ.ജി. രാജശേഖരൻ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്.

ചെന്നൈ: തമിഴ്നാട്ടിലും പശ്ചിമബംഗാളിലും കനത്ത പോളിംഗ് . തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന വിവരം അനുസരിച്ച് 10.25 ശതമാനം വോട്ടാണ് തമിഴ്നാട്ടിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. ഡിഎംകെ- കോൺഗ്രസ് സംഖ്യവും എഐഡിഎംകെ- ബിജെപി സംഖ്യവും തമ്മിലാണ് തമിഴ്നാട്ടിൽ പ്രധനമായും വോട്ടങ്കം നടക്കുന്നത്.അസാമിൽ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്; 10.51 ശതമാനം വോട്ട്. പശ്ചിമബംഗളിൽ 10.25 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ പുതുച്ചേരി ഏറെ പിന്നിലാണ്. ഏറ്റവുമൊടുവിലായി ലഭിക്കുന്ന വിവരം അനുസരിച്ച് 5.36 ശതമാനമാണ് ഇവിടെ പോളിംഗ്.

തമിഴ്നാട്ടിൽ രജനികാന്തും അജിത്തും അടക്കമുള്ള സൂപ്പർതാരങ്ങൾ സമ്മതിദാന അവകാശം രേഖപ്പെടുത്തി. ഭാര്യ ശാലിനിക്കൊപ്പമാണ് അജിത്ത് വോട്ട് ചെയ്യാൻ എത്തിയത്. മക്കൾ നീതി മയ്യം നേതാവും കോയമ്പത്തൂർ സൗത്ത് മണ്ഡലം സ്ഥാനാർത്ഥിയുമായ കമലഹാസൻ മക്കളായ ശ്രുതിയ‌്ക്കും അക്ഷരയ‌ക്കുമൊപ്പമാണ് എത്തിയത്.ചെന്നൈ മറീന ബീച്ചിലെ കരുണാനിധിയുടെ സ്മ‌ൃതി മന്ദിരം സന്ദർശിച്ച ശേഷമാണ് സ്‌റ്റാലിനും കുടുംബവും വോട്ട് രേഖപ്പെടുത്തിയത്. പി ചിദംബരം അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും രാവിലെ തന്നെ വോട്ട് ചെയ്യാൻ എത്തിയിരുന്നു.

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ മുഴുവന്‍ ജനങ്ങള്‍ക്കും പ്രതിരോധ കുത്തിവെപ്പുകള്‍ ലഭ്യമാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രാജ്യത്തെ രണ്ടാം കോവിഡ് വ്യാപനം സര്‍ക്കാരുകളെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.

പ്രതിരോധ കുത്തിവെപ്പ് യജ്ഞം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണം. കൊറോണയ്ക്ക് എതിരായ പോരാട്ടത്തില്‍ ഡല്‍ഹിക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ തുടരണമെന്നും കെജ്രിവാള്‍ കത്തില്‍ അഭ്യര്‍ഥിച്ചു.അതിനാല്‍ പ്രതിരോധ കുത്തിവെപ്പ് പ്രവര്‍ത്തനം കൂടുതല്‍ വേഗതയിലാക്കണം.

വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള പ്രായപരിധിയില്‍ ഇളവ് വരുത്തുകയും വിതരണത്തിനുള്ള മാനദണ്ഡങ്ങള്‍ ലഘുകരിക്കുകയും ചെയ്താല്‍ മൂന്ന് മാസത്തിനുള്ളില്‍ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നും കെജ്‌രിവാള്‍ കത്തില്‍ ചൂണ്ടിക്കാട്ടി. പുതിയ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തണമെന്നും പ്രായപരിധിയില്‍ മാറ്റം വരുത്തണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പട്ടു.

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ അനിയന്ത്രിതമായി വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. 25 വയസ്സിനു മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. തന്‍റെ ആവശ്യം പരിഗണിച്ച് 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ അനുവദിച്ചതിന് താക്കറെ പ്രധാനമന്ത്രിയോട് നന്ദി അറിയിക്കുകയും ചെയ്തു.കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ആശങ്കാജനകമായ സാഹചര്യത്തിലൂടെയാണ് മഹാരാഷ്ട്ര കടന്നുപോകുന്നത്.

അരലക്ഷത്തിലധികം കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ മാത്രം പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നു.നൈറ്റ് കര്‍ഫ്യൂവും, വാരാന്ത്യത്തില്‍ ലോക്ക്ഡൗണും പ്രഖ്യാപിച്ച് കോവിഡ് നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ് മഹാരാഷ്ട്ര. ഈ സാഹചര്യത്തിലാണ് വാക്സിനേഷന്‍ വിപുലമാക്കണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യപ്പെടുന്ന എല്ലാവർക്കും വാക്സിന്‍ നൽകാൻ അനുമതി തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.