Latest News (Page 1,636)

വാഷിംഗ്ടൺ: ആർട്ടെമിസ് ദൗത്യത്തിന്റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു. അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ദൗത്യമാണ് ആർട്ടെമിസ്. സാങ്കേതിക തകരാറിനെ തുടർന്നാണ് നടപടി. റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. ഇത് രണ്ടാം തവണയാണ് ആർട്ടെമിസ്-1ന്റെ വിക്ഷേപണം നാസ മാറ്റിവെക്കുന്നത്.

വിക്ഷേപണത്തിനുള്ള സ്പേസ് ലോഞ്ച് സിസ്റ്റത്തിൽ (എസ്.എൽ.എസ്.) ഇന്ധനച്ചോർച്ച കണ്ടെത്തിയതോടെയാണ് വിക്ഷേപണം മാറ്റിയത്. ഇന്ധനം നിറക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് അൽപ്പസമയത്തിനുള്ളിൽ അതിസമ്മർദ അപായമണി മുഴങ്ങി. തുടർന്ന് നടത്തിയ പരിശോധനയിൽ കാര്യമായ പ്രശ്നങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ഇന്ധനം നിറയ്ക്കൽ പുനരാരംഭിച്ചപ്പോൾ എൻജിനിൽ ചോർച്ച കണ്ടെത്തുകയായിരുന്നു.

ഓഗസ്റ്റ് 29-ന് ആർട്ടെമിസ് പരമ്പരയിലെ ആദ്യദൗത്യമായ ആർട്ടെമിസ്-1 ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിക്കാനാണ് ആദ്യം പദ്ധതിയിട്ടത്. എന്നാൽ ഇന്ധനച്ചോർച്ചയും എൻജിൻ തകരാറും കാരണം വിക്ഷേപണം മാറ്റിവെക്കേണ്ടി വന്നു.

തിരുവനന്തപുരം: കോൺഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്രയിൽ കേരളത്തിൽ നിന്ന് എട്ട് സ്ഥിരാംഗങ്ങൾ പങ്കെടുക്കും. ചാണ്ടി ഉമ്മൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മഞ്ജുകുട്ടൻ, കെ.എസ്.യു. ജനറൽ സെക്രട്ടറി നബീൽ നൗഷാദ്, മഹിള കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫാത്തിമ, ഷീബ രാമചന്ദ്രൻ, കെ.ടി ബെന്നി, സേവാദൾ മുൻ അദ്ധ്യക്ഷൻ എം.എ. സലാം, ഗീത രാമകൃഷ്ണൻ എന്നിവരാണ് കേരളത്തിൽ നിന്ന് രാഹുൽ ഗാന്ധിയെ അനുഗമിക്കുന്ന സ്ഥിരാംഗങ്ങൾ.

സെപ്തംബർ ഏഴിന് വൈകീട്ട് അഞ്ച് മണിയ്ക്കാണ് ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നത്. കശ്മീരിലാണ് യാത്ര അവസാനിക്കുന്നത്. 3,570 കിലോമീറ്റർ കാൽനടയായാണ് യാത്ര. 2023 ജനുവരി 30-ന് യാത്ര സമാപിക്കും. രാജ്യത്തെ ഒന്നിപ്പിക്കാൻ ഒറ്റക്കെട്ടായി നീങ്ങാം എന്ന മുദ്രാവാക്യമാണ് യാത്ര മുന്നോട്ട് വെയ്ക്കുന്നത്.

കന്യാകുമാരി മുതൽ കശ്മീർ വരെ 3,500 കിലോമീറ്ററിലേറെ കാൽ നടയായി നടത്തുന്ന ഭാരത് ജോഡോ യാത്ര 12 സംസ്ഥാനങ്ങളിലൂടെയും, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും കടന്നു പോകും. ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിരത്തിലാണ് പദയാത്ര നടത്താൻ കോൺഗ്രസ് പദ്ധതിയിട്ടത്.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും ശക്തമായ തിരിച്ചുവരവ് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസിന്റെ നീക്കം. യാത്രയുടെ സംസ്ഥാന കോഓർഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എംപിയാണ്.

കെ.ജി.എഫ്-2നെ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് പ്രമുഖ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. ബോളിവുഡിലെ ഒറ്റ സംവിധായകര്‍ക്കും കെ.ജി.എഫ് -ചാപ്റ്റര്‍ 2 ഇഷ്ടപ്പെട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ഒരു അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘അഞ്ച് തവണ കെ.ജി.എഫ് കാണാന്‍ ശ്രമിച്ചെങ്കിലും അരമണിക്കൂറിലധികം കാണാന്‍ സാധിച്ചില്ലെന്ന് ഒരു സംവിധായകന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. സിനിമ കാണുന്നതിനിടയില്‍ ഞാന്‍ മയങ്ങി പോയി. ഇതെന്താണ് കാണിച്ചു വച്ചേക്കുന്നതെന്ന് ആശ്ചര്യത്തോടെ നോക്കി നിന്നിട്ടുണ്ട്’- രാം ഗോപാല്‍ വര്‍മ പറഞ്ഞു.

അതേസമയം, കെ.ജി.എഫിനെതിരെ വിമര്‍ശനവുമായി നേരത്തെയും രാം ഗോപാല്‍ വര്‍മ എത്തിയിട്ടുണ്ട്. കെ.ജി.എഫ് 2 മറ്റെല്ലാ വമ്ബന്‍ സിനിമകള്‍ക്കും മേല്‍ നിഴല്‍ വീഴ്ത്തുന്ന വലിയ ഇരുണ്ട മേഘം പോലെയാണെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു

റിലയന്‍സ് ജിയോയുടെ ആനുവല്‍ ജനറല്‍ മീറ്റിങ് തുടങ്ങിയതിനു പിന്നാലെ ജിയോമാര്‍ട്ടുമായുള്ള വാട്ട്സ്ആപ്പിന്റെ ആദ്യ ആഗോള ഷോപ്പിംഗ് പങ്കാളിത്തം പ്രഖ്യാപിച്ച് മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഉപയോക്താക്കള്‍ക്ക് ഒരൊറ്റ ചാറ്റിലൂടെ തന്നെ ജിയോമാര്‍ട്ടില്‍ നിന്ന് ആവശ്യമുള്ള പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ കഴിയും. ഇത്തരം മാറ്റങ്ങള്‍ ബിസിനസിന് ഗുണം ചെയ്യുമെന്നും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ആളുകള്‍ക്കും ബിസിനസുകള്‍ക്കും ആശയവിനിമയം നടത്താന്‍ ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ജിയോയുടെ ഉടമസ്ഥതയിലുള്ള ഹാപ്ടിക്കാണ് പുതിയ അപ്‌ഡേറ്റിന് ആവശ്യമായ ചാറ്റ്‌ബോട്ട് നിര്‍മ്മിച്ചിരിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് ഇക്കാര്യം മീറ്റിങില്‍ പങ്കുവെച്ചത്. ലോകത്തെ മുന്‍നിര ഡിജിറ്റല്‍ സമൂഹമായി ഇന്ത്യയെ മാറ്റുക എന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020-ല്‍ ജിയോ പ്ലാറ്റ്ഫോമുകളും മെറ്റയും തമ്മിലുള്ള പങ്കാളിത്തം പ്രഖ്യാപിച്ചതിനു പിന്നില്‍ കൂടുതല്‍ ആളുകളെയും ബിസിനസുകളെയും ഓണ്‍ലൈനില്‍ കൊണ്ടുവരുന്നതിനും ഓരോ ഇന്ത്യക്കാരന്റെയും ദൈനംദിന ജീവിതത്തിനാവശ്യമായവ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കുക എന്ന കാഴ്ചപ്പാടായിരുന്നു ഉള്ളത്. തങ്ങള്‍ വികസിപ്പിച്ചെടുത്ത നൂതനമായ ഉപഭോക്തൃ അനുഭവത്തിനുളള ഉദാഹരണമാണ് വാട്ട്‌സാപ്പില്‍ ജിയോമാര്‍ട്ടിനൊപ്പം ലഭ്യമാകുന്ന ആദ്യത്തെ എന്‍ഡ്-ടു-എന്‍ഡ് ഷോപ്പിംഗ് അനുഭവം. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ ഷോപ്പിംഗ് ലളിതവും സൗകര്യപ്രദവുമായ രീതിയില്‍ വിനിയോഗിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 45-മത് എജിഎമ്മില്‍ വാട്ട്സ്ആപ്പ് ഉപയോഗിച്ച് ഓര്‍ഡര്‍ ചെയ്യുന്നതിനുള്ള പ്രോസിജിയറുകളെ കുറിച്ച് മുകേഷ് അംബാനിയുടെ മകളും റിലയന്‍സ് റീട്ടെയില്‍ ബിസിനസിന്റെ മേധാവിയുമായ ഇഷ വിശദീകരിച്ചു. വാട്ട്‌സാപ്പ് വഴി പര്‍ച്ചേസ് ചെയ്യാന്‍ ആദ്യം വാട്ട്സാപ്പിലെ ജിയോമാര്‍ട്ട് സ്മാര്‍ട്ട് ബോട്ടിന് ‘ഹായ്’ അയയ്ക്കുക. അപ്പോള്‍ തന്നെ ജിയോമാര്‍ട്ട് നിങ്ങള്‍ക്ക് ഒരു ലിങ്ക് അയയ്ക്കും. അതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വാട്ട്സാപ്പിന്റെ സാധാരണ ചാറ്റ് ഇന്റര്‍ഫേസില്‍ നിന്ന് കൂടുതല്‍ ആകര്‍ഷകവും ദൃശ്യ സമ്ബന്നവുമായ ഷോപ്പിംഗ് അനുഭവത്തിലേക്കുള്ള വിന്‍ഡോ ഓപ്പണ്‍ ചെയ്യും. ഇപ്പോള്‍ നിങ്ങള്‍ക്ക് മുഴുവന്‍ ജിയോമാര്‍ട്ട് കാറ്റലോഗും ബ്രൗസ് ചെയ്യാന്‍ കഴിയും. അതില്‍ ഇഷ്ടമുള്ള ത് തെരഞ്ഞെടുത്ത് പേയ്‌മെന്റ് ചെയ്യുക.

തിരുവനന്തപുരം: മാഗ്‌സസെ അവാർഡ് ബഹിഷ്‌ക്കരണത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. മാഗ്‌സസെ ആരാണെന്ന് തങ്ങൾക്ക് നല്ല ധാരണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെയും നൂറു കണക്കിന് കേഡർമാരെ ശക്തമായി അടിച്ചമർത്തിയ ലോകത്തിലെ ഏറ്റവും പ്രധാന കമ്യൂണിസ്റ്റ് വിരുദ്ധരിലൊരാളായ മാഗ്സസെയുടെ പേരിലുള്ള അവാർഡ് നൽകിയെന്ന് അദ്ദേഹബം

കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗത്തെ അപമാനിക്കാൻ ശ്രമിക്കേണ്ട. അതുകൊണ്ടാണ് ആ അവാർഡ് വാങ്ങുന്നത് ശരിയല്ല എന്ന നിലപാട് പാർടി സ്വീകരിച്ചത്. അത് കൃത്യമായി മനസിലാക്കി സ കെ കെ ഷൈലജ നിലപാട് സ്വീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കേരള സർക്കാർ നിയന്ത്രണത്തിൽ തിരുവനന്തപുരത്തു പൂജപ്പുരയിൽ പ്രവർത്തിക്കുന്ന എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമൻ എഞ്ചിനീയറിംഗ് കോളേജിൽ കേന്ദ്ര സർക്കാരിന്റെ ഫണ്ടഡ് റിസർച്ച് പ്രോജെക്ടിലേക്കു ഒപ്‌റ്റോ ഇലക്ട്രോണിക്സിൽ മാസ്റ്റേഴ്സ് സ്പെഷ്യലൈസേഷൻ ഉള്ള ജൂനിയർ റിസേർച് ഫെല്ലോയെ (JRF) നിയമിക്കുന്നു. വിശദവിവരങ്ങൾ http://lbt.ac.in ൽ ലഭ്യമാണ്.

അതേസമയം,സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് ടെക്നോളജിക്ക് കീഴിലുള്ള മുട്ടത്തറയിലെ സിമെറ്റ് കോളജ് ഓഫ് നഴ്സിങ്ങിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗസ്റ്റ് ലക്ച്ചർ (അനാട്ടമി) പാർട്ട് ടൈം, ഗസ്റ്റ് ലക്ച്ചറർ (ഫിസിയോളജി) പാർട്ട് ടൈം, എൽ. ഡി ക്ലാർക്ക്, ഡ്രൈവർ, ഹൗസ് കീപ്പർ, കുക്ക്, ഹെൽപ്പർ എന്നീ തസ്തികകളിലാണ് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം.

അപേക്ഷ, ബയോഡാറ്റ, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ പകർപ്പ്, മുതലായ രേഖകൾ സഹിതം പ്രിൻസിപ്പൽ, സിമെറ്റ് നഴ്സിങ് കോളജ് മുട്ടത്തറ, പാറ്റൂർ, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം – 695 035 എന്ന മേൽവിലാസത്തിൽ അയക്കണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി സെപ്തംബർ 12 വൈകിട്ട് അഞ്ചു വരെ. കൂടുതൽ വിവരങ്ങൾക്ക്: www.simet.in. ഫോൺ: 0471-2300660.

തിരുവനന്തപുരം: ഓണം പ്രമാണിച്ച് മൂന്ന് ട്രെയിനുകൾ പ്രത്യേകമായി അനുവദിച്ച് ഇന്ത്യൻ റെയിൽവേ. മൈസൂരുവിൽ നിന്ന് ബംഗളൂരു വഴി തിരുവനന്തപുരത്തേക്കും, യശ്വന്ത് പുരത്ത് നിന്ന് കൊല്ലത്തേക്കും, ഹൈദരാബാദിൽ നിന്ന് തിരുവനന്തപുരത്തേക്കുമാണ് പ്രത്യേക ട്രെയിനുകൾ സർവ്വീസ് നടത്തുന്നതെന്ന് റെയിൽവേ അറിയിച്ചു.

മൈസൂരു-തിരുവനന്തപുരം സ്പെഷ്യൽ(06201) സെപ്തംബർ ഏഴിന് ഉച്ചയ്ക്ക് 12.15ന് മൈസൂരുവിൽ നിന്ന് പുറപ്പെട്ട് 2.05ഓടെ കൃഷ്ണരാജപുരത്തെത്തും,. തുടർന്ന് രാത്രി 7.25ന് സേലം, സെപ്തംബർ എട്ട് പുലർച്ചെ 7.30ഓടെ തിരുവനന്തപുരത്തെത്തും. അന്നേദിവസം ഉച്ചയ്ക്ക് 12.45 ന് തിരികെ പുറപ്പെടുന്ന ട്രെയിൻ സെപ്തംബർ ഒൻപതിന് 11.15ഓടെ മൈസൂരുവിലുമെത്തും. യശ്വന്ത്പൂർ-കൊല്ലം(06501) സെപ്തംബർ ഏഴിന് ഉച്ചയ്ക്ക് ഒരുമണിയോടെ പുറപ്പെട്ട് സെപ്തംബർ എട്ടിന് പുലർച്ചെ 4.30ഓടെ കൊല്ലത്തെത്തും.

പുലർച്ചെ 6.15ന് തിരികെ പുറപ്പെട്ട് രാത്രി 10 മണിയോടെ യശ്വന്ത്പൂരിലെത്തും.ഹൈദരാബാദ്-തിരുവനന്തപുരം(07119) സെപ്തംബർ അഞ്ചിന് വൈകിട്ട് 6.15ഓടെ ഹൈദരാബാദിൽ നിന്നും പുറപ്പെട്ട് സെപ്തംബർ ആറിന് രാത്രി 11.45ഓടെ തിരുവനന്തപുരത്തെത്തും. സെപ്തംബർ 10ന് രാത്രി 10 മണിയ്ക്ക് തിരികെ പുറപ്പെടുന്ന ട്രെയിൻ സെപ്തംബർ 12ന് പുലർച്ചെ മൂന്ന് മണിയോടെ ഹൈദരാബാദിൽ എത്തും.

ന്യൂഡല്‍ഹി: രാജ്യത്തെ വിലക്കയറ്റത്തിനെതിരെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ഗാന്ധി രംഗത്ത്.

രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍

‘ബിജെപി അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് വെറുപ്പും വിദ്വേഷവും വര്‍ധിച്ചു. ഭാവിയെ കുറിച്ചുള്ള ഭയം രാജ്യത്ത് വര്‍ധിക്കുന്നു.കേന്ദ്ര സര്‍ക്കാര്‍ ഇതൊക്കെ ആര്‍ക്കുവേണ്ടി ആണ് ചെയ്യുന്നത്? ഇത് കൊണ്ട് ആര്‍ക്കാണ് ഗുണം ഉണ്ടായത്? ഗുണഭോക്താക്കള്‍ രണ്ട് പേര്‍ മാത്രം. വിമാനത്താവളങ്ങളും, വൈദ്യുതി സേവനവും, എല്ലാം ഈ രണ്ട് പേരുടെ കൈകളിലേക്ക് പോകുന്നു.വന്‍കിട വ്യവസായികളുടെ കടം സര്‍ക്കാര്‍ എഴുതി തള്ളുന്നു. നോട്ട് നിരോധനത്തിന് ശേഷം ലക്ഷകണക്കിന് കടം സര്‍ക്കാര്‍ എഴുതിത്തള്ളി. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും ഒന്നുമില്ല. അത് കൊണ്ട് കര്‍ഷകര്‍ തെരുവില്‍ ഇറങ്ങി. കര്‍ഷകരുടെ ശക്തി മോദി തിരിച്ചറിഞ്ഞു. കര്‍ഷകരുടെ ശക്തി കണ്ട് മോദി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു. ഇന്ന് രാജ്യത്ത് യുവാക്കള്‍ക്ക് ജോലി നല്‍കാന്‍ കഴിയില്ല. രാജ്യത്ത് തൊഴില്‍ നല്‍കുന്നത് വന്‍ വ്യവസായികള്‍ അല്ല. ഇടത്തരം വ്യവസായികളും കര്‍ഷകരുമാണ്. ചെറുകിട കച്ചവടങ്ങള്‍ മോദി തകര്‍ത്തു. അവര്‍ക്ക് ഇനി ജോലി നല്‍കാന്‍ കഴിയില്ല. അവര്‍ ഇന്ന് ദുരിതത്തിലാണ്. പെട്രോള്‍, ഡീസല്‍, പാല്‍, ആട്ട, അരി എല്ലാത്തിനും വില കൂടി.70 വര്‍ഷത്തിനിടെ കോണ്‍ഗ്രസ് എന്ത് ചെയ്തു എന്ന് ചോദിക്കുന്നവരോട്, 70 വര്‍ഷത്തില്‍ ഒരിക്കലും രാജ്യത്ത് ഇത്രയും വിലക്കയറ്റം ഉണ്ടായിട്ടില്ല എന്നാണ് കോണ്ഗ്രസിന്റെ മറുപടി.

മാധ്യമങ്ങള്‍ സത്യത്തിനൊപ്പം നില്‍ക്കുന്നില്ല. ഇതേ വ്യവസായികള്‍ക്ക് വേണ്ടിയാണ് മാധ്യമങ്ങളും ജോലി ചെയ്യുന്നത്. നരേന്ദ്ര മോദി ഈ വ്യവസായികള്‍ക്ക് വേണ്ടി ജോലി ചെയ്യുന്നു, വ്യവസായികള്‍ തിരിച്ചും.ഈ വ്യവസായികള്‍ ഇല്ലെങ്കില്‍ മോദി പ്രധാനമന്ത്രി ആവില്ല.നീതിന്യായ വ്യവസ്ഥയും മാധ്യമങ്ങളും എല്ലാം ആക്രമിക്കപ്പെടുകയാണ്. പ്രതിപക്ഷവും, ആക്ടിവിസ്റ്റുകളും എല്ലാം അക്രമിക്കപ്പെടുന്നു. ഇ ഡി യും സിബിഐ യും വേട്ടയാടുന്നു. 50 മണിക്കൂര്‍ തന്നെ ഇഡി ചോദ്യം ചെയ്തു. ഇ ഡി യെ ഭയമില്ല. അമ്പതോ നൂറോ മണിക്കൂര്‍ ചോദ്യം ചെയ്‌തോളൂ. ഈ രാജ്യം രണ്ട് വ്യവസായികളുടേതല്ല.ഇത് പാവപ്പെട്ടവരുടെ രാജ്യമാണ്. കച്ചവടക്കരുടെയും കര്‍ഷകരുടെയും, തൊഴില്‍ ഇല്ലാത്തവരുടെയും രാജ്യമാണ്.

പ്രധാനമന്ത്രിയുടെ കാഴ്ച്ചപ്പാട് പണക്കാര്‍ക്ക് സൗകര്യം ഒരുക്കണം എന്നതാണ്. എന്നാല്‍, കോണ്‍ഗ്രസ് കരുതുന്നത് ഈ രാജ്യം എല്ലാവരുടെയും ആണെന്നാണ്. യുപിഎ സര്‍ക്കാര്‍ കാര്‍ഷിക കടം എഴുതി തള്ളി , മോദി കര്‍ഷകര്‍ക്കെതിരെ നിയമം കൊണ്ടുവന്നു. നരേന്ദ്ര മോദി രാജ്യത്തെ പിന്നോട്ടടിച്ചു. ഭയം വിതക്കുകയാണ് രാജ്യത്ത്. ഇത് കൊണ്ട് ഗുണമുണ്ടാകുന്നത് പാകിസ്ഥാനും ചൈനക്കുമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നന്ദി. നിങ്ങള്‍ രാജ്യത്തിന് വേണ്ടിയാണ് പ്രവൃത്തിക്കുന്നത്. പാര്‍ലമെന്റിലേക്കുള്ള വഴി അടച്ചു. കോണ്‍ഗ്രസ് എംപി. മാര്‍ സംസാരിക്കുമ്പോള്‍ മൈക്ക് ഓഫ് ചെയ്യുന്നു. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ചര്‍ച്ച സാധ്യമല്ലാതെ ആയി. ഇനി ഒരു മാര്‍ഗ്ഗമേ ഉള്ളു. അത് ജങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി അവരുടെ ഒപ്പമുള്ള വഴിയാണ്. അത് കൊണ്ടാണ് ഭാരത് ജോഡോ യാത്ര ആവിഷ്‌കരിച്ചത്.’

പട്ന: പ്രതിപക്ഷ പാർട്ടികളെല്ലാം ഒരുമിച്ചു നിന്നാൽ ബിജെപിയെ പരാജയപ്പെടുത്താമെന്ന് ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ. പട്നയിൽ നടന്ന ജെഡിയുവിന്റെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബിജെപിയുടെ നേതൃത്വത്തിലുള്ള നരേന്ദ്ര മോദി സർക്കാരിന് കീഴിൽ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

പ്രതിപക്ഷ നേതാക്കളുടെ ശബ്ദം നിശബ്ദമാക്കാൻ എല്ലാ രീതിയിലും കേന്ദ്ര സർക്കാർ ശ്രമിക്കുന്നു. കേന്ദ്ര സർക്കാരിനോട് വിയോജിപ്പിനുള്ളവരെ കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്തുകൊണ്ട് രാജ്യദ്രോഹിയായി മുദ്രകുത്തുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള നരേന്ദ്ര മോദി സർക്കാരിന് കീഴിൽ രാജ്യത്ത് ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’യുണ്ടെന്നും അത് പ്രതിപക്ഷ നേതാക്കളുടെ ശബ്ദം നിശബ്ദമാക്കാൻ എല്ലാ രീതിയിലും ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.