ഭാരത് ജോഡോ യാത്ര; കേരളത്തിൽ നിന്ന് എട്ട് സ്ഥിരാംഗങ്ങൾ പങ്കെടുക്കും

തിരുവനന്തപുരം: കോൺഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്രയിൽ കേരളത്തിൽ നിന്ന് എട്ട് സ്ഥിരാംഗങ്ങൾ പങ്കെടുക്കും. ചാണ്ടി ഉമ്മൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മഞ്ജുകുട്ടൻ, കെ.എസ്.യു. ജനറൽ സെക്രട്ടറി നബീൽ നൗഷാദ്, മഹിള കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫാത്തിമ, ഷീബ രാമചന്ദ്രൻ, കെ.ടി ബെന്നി, സേവാദൾ മുൻ അദ്ധ്യക്ഷൻ എം.എ. സലാം, ഗീത രാമകൃഷ്ണൻ എന്നിവരാണ് കേരളത്തിൽ നിന്ന് രാഹുൽ ഗാന്ധിയെ അനുഗമിക്കുന്ന സ്ഥിരാംഗങ്ങൾ.

സെപ്തംബർ ഏഴിന് വൈകീട്ട് അഞ്ച് മണിയ്ക്കാണ് ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നത്. കശ്മീരിലാണ് യാത്ര അവസാനിക്കുന്നത്. 3,570 കിലോമീറ്റർ കാൽനടയായാണ് യാത്ര. 2023 ജനുവരി 30-ന് യാത്ര സമാപിക്കും. രാജ്യത്തെ ഒന്നിപ്പിക്കാൻ ഒറ്റക്കെട്ടായി നീങ്ങാം എന്ന മുദ്രാവാക്യമാണ് യാത്ര മുന്നോട്ട് വെയ്ക്കുന്നത്.

കന്യാകുമാരി മുതൽ കശ്മീർ വരെ 3,500 കിലോമീറ്ററിലേറെ കാൽ നടയായി നടത്തുന്ന ഭാരത് ജോഡോ യാത്ര 12 സംസ്ഥാനങ്ങളിലൂടെയും, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും കടന്നു പോകും. ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിരത്തിലാണ് പദയാത്ര നടത്താൻ കോൺഗ്രസ് പദ്ധതിയിട്ടത്.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും ശക്തമായ തിരിച്ചുവരവ് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസിന്റെ നീക്കം. യാത്രയുടെ സംസ്ഥാന കോഓർഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എംപിയാണ്.