ജിയോയും വാട്‌സ്ആപ്പും കൈകോര്‍ക്കുന്നു?

റിലയന്‍സ് ജിയോയുടെ ആനുവല്‍ ജനറല്‍ മീറ്റിങ് തുടങ്ങിയതിനു പിന്നാലെ ജിയോമാര്‍ട്ടുമായുള്ള വാട്ട്സ്ആപ്പിന്റെ ആദ്യ ആഗോള ഷോപ്പിംഗ് പങ്കാളിത്തം പ്രഖ്യാപിച്ച് മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഉപയോക്താക്കള്‍ക്ക് ഒരൊറ്റ ചാറ്റിലൂടെ തന്നെ ജിയോമാര്‍ട്ടില്‍ നിന്ന് ആവശ്യമുള്ള പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ കഴിയും. ഇത്തരം മാറ്റങ്ങള്‍ ബിസിനസിന് ഗുണം ചെയ്യുമെന്നും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ആളുകള്‍ക്കും ബിസിനസുകള്‍ക്കും ആശയവിനിമയം നടത്താന്‍ ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ജിയോയുടെ ഉടമസ്ഥതയിലുള്ള ഹാപ്ടിക്കാണ് പുതിയ അപ്‌ഡേറ്റിന് ആവശ്യമായ ചാറ്റ്‌ബോട്ട് നിര്‍മ്മിച്ചിരിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് ഇക്കാര്യം മീറ്റിങില്‍ പങ്കുവെച്ചത്. ലോകത്തെ മുന്‍നിര ഡിജിറ്റല്‍ സമൂഹമായി ഇന്ത്യയെ മാറ്റുക എന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020-ല്‍ ജിയോ പ്ലാറ്റ്ഫോമുകളും മെറ്റയും തമ്മിലുള്ള പങ്കാളിത്തം പ്രഖ്യാപിച്ചതിനു പിന്നില്‍ കൂടുതല്‍ ആളുകളെയും ബിസിനസുകളെയും ഓണ്‍ലൈനില്‍ കൊണ്ടുവരുന്നതിനും ഓരോ ഇന്ത്യക്കാരന്റെയും ദൈനംദിന ജീവിതത്തിനാവശ്യമായവ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കുക എന്ന കാഴ്ചപ്പാടായിരുന്നു ഉള്ളത്. തങ്ങള്‍ വികസിപ്പിച്ചെടുത്ത നൂതനമായ ഉപഭോക്തൃ അനുഭവത്തിനുളള ഉദാഹരണമാണ് വാട്ട്‌സാപ്പില്‍ ജിയോമാര്‍ട്ടിനൊപ്പം ലഭ്യമാകുന്ന ആദ്യത്തെ എന്‍ഡ്-ടു-എന്‍ഡ് ഷോപ്പിംഗ് അനുഭവം. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ ഷോപ്പിംഗ് ലളിതവും സൗകര്യപ്രദവുമായ രീതിയില്‍ വിനിയോഗിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 45-മത് എജിഎമ്മില്‍ വാട്ട്സ്ആപ്പ് ഉപയോഗിച്ച് ഓര്‍ഡര്‍ ചെയ്യുന്നതിനുള്ള പ്രോസിജിയറുകളെ കുറിച്ച് മുകേഷ് അംബാനിയുടെ മകളും റിലയന്‍സ് റീട്ടെയില്‍ ബിസിനസിന്റെ മേധാവിയുമായ ഇഷ വിശദീകരിച്ചു. വാട്ട്‌സാപ്പ് വഴി പര്‍ച്ചേസ് ചെയ്യാന്‍ ആദ്യം വാട്ട്സാപ്പിലെ ജിയോമാര്‍ട്ട് സ്മാര്‍ട്ട് ബോട്ടിന് ‘ഹായ്’ അയയ്ക്കുക. അപ്പോള്‍ തന്നെ ജിയോമാര്‍ട്ട് നിങ്ങള്‍ക്ക് ഒരു ലിങ്ക് അയയ്ക്കും. അതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വാട്ട്സാപ്പിന്റെ സാധാരണ ചാറ്റ് ഇന്റര്‍ഫേസില്‍ നിന്ന് കൂടുതല്‍ ആകര്‍ഷകവും ദൃശ്യ സമ്ബന്നവുമായ ഷോപ്പിംഗ് അനുഭവത്തിലേക്കുള്ള വിന്‍ഡോ ഓപ്പണ്‍ ചെയ്യും. ഇപ്പോള്‍ നിങ്ങള്‍ക്ക് മുഴുവന്‍ ജിയോമാര്‍ട്ട് കാറ്റലോഗും ബ്രൗസ് ചെയ്യാന്‍ കഴിയും. അതില്‍ ഇഷ്ടമുള്ള ത് തെരഞ്ഞെടുത്ത് പേയ്‌മെന്റ് ചെയ്യുക.