സാങ്കേതിക തകരാർ; ആർട്ടെമിസ് ദൗത്യത്തിന്റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു

വാഷിംഗ്ടൺ: ആർട്ടെമിസ് ദൗത്യത്തിന്റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു. അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ദൗത്യമാണ് ആർട്ടെമിസ്. സാങ്കേതിക തകരാറിനെ തുടർന്നാണ് നടപടി. റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. ഇത് രണ്ടാം തവണയാണ് ആർട്ടെമിസ്-1ന്റെ വിക്ഷേപണം നാസ മാറ്റിവെക്കുന്നത്.

വിക്ഷേപണത്തിനുള്ള സ്പേസ് ലോഞ്ച് സിസ്റ്റത്തിൽ (എസ്.എൽ.എസ്.) ഇന്ധനച്ചോർച്ച കണ്ടെത്തിയതോടെയാണ് വിക്ഷേപണം മാറ്റിയത്. ഇന്ധനം നിറക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് അൽപ്പസമയത്തിനുള്ളിൽ അതിസമ്മർദ അപായമണി മുഴങ്ങി. തുടർന്ന് നടത്തിയ പരിശോധനയിൽ കാര്യമായ പ്രശ്നങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ഇന്ധനം നിറയ്ക്കൽ പുനരാരംഭിച്ചപ്പോൾ എൻജിനിൽ ചോർച്ച കണ്ടെത്തുകയായിരുന്നു.

ഓഗസ്റ്റ് 29-ന് ആർട്ടെമിസ് പരമ്പരയിലെ ആദ്യദൗത്യമായ ആർട്ടെമിസ്-1 ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിക്കാനാണ് ആദ്യം പദ്ധതിയിട്ടത്. എന്നാൽ ഇന്ധനച്ചോർച്ചയും എൻജിൻ തകരാറും കാരണം വിക്ഷേപണം മാറ്റിവെക്കേണ്ടി വന്നു.