Latest News (Page 1,635)

ഇടുക്കി: ഇടുക്കി സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ സയൻസ്, ഐ.ടി, ഗണിതശാസ്ത്ര വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ബിരുദാനന്തര ബിരുദമാണ് യോഗ്യത. പി.എച്ച്ഡി/യുജിസി നെറ്റ് യോഗ്യതയും മുൻ പരിചയവും അഭികാമ്യം. താൽപര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം സെപ്തംബർ 13 ചൊവ്വാഴ്ച രാവിലെ 11ന് കോളേജ് ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം. ഫോൺ- 04862233250. അല്ലെങ്കിൽ www.gecidukki.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

യുണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫെയ്‌സ് (യുപിഐ) ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ അത് വാട്ട്‌സ്ആപ്പിലൂടെയും കഴിയും. ചാറ്റിലുള്ള രൂപയുടെ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്ത ശേഷം നിങ്ങള്‍ക്ക് നേരിട്ടൊ അല്ലെങ്കില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ പണമിടപാടുകള്‍ നടത്താവുന്നതാണ്. നാല് സ്റ്റെപ്പില്‍ വാട്ട്‌സ്ആപ്പിലൂടെ യുപിഐ വഴി എങ്ങനെ പണം ട്രാന്‍സ്ഫര്‍ ചെയ്യാമെന്ന് നോക്കാം.

സ്റ്റെപ്പ് 1

യുപിഐയുമായി ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യുന്നതിന് ആക്ടീവായ ഒരു ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാണ്. നിങ്ങള്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന നമ്ബറായിരിക്കണം വാട്ട്‌സ്ആപ്പില്‍ ഉപയോഗിക്കുന്നത്. നിങ്ങള്‍ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യേണ്ട വ്യക്തിയുടെ ചാറ്റ് തുറക്കുക. തുടര്‍ന്ന് പെയ്‌മെന്റില്‍ (Payment) ക്ലിക്ക് ചെയ്യുക.

നിങ്ങള്‍ക്ക് ട്രാന്‍സ്ഫര്‍ ചെയ്യേണ്ട തുക നല്‍കുക. നെക്സ്റ്റ് ള്‍Next) എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക, പിന്നാലെ (Get Started) തിരഞ്ഞെടുക്കുക. പെയ്‌മെന്റ് ടേംസ് ആന്‍ഡ് പ്രൈവസി പോളിസി (Payments Terms and Privacy Policy) അക്‌സപ്റ്റ് ചെയ്താല്‍ മാത്രമെ തുടരാന്‍ സാധിക്കു. അത് അക്‌സെപ്റ്റ് ചെയ്യുക.

പിന്നീട് ലഭിക്കുന്ന ബാങ്കുകളുടെ പട്ടികയില്‍ നിന്ന് നിങ്ങളുടെ ബാങ്ക് ഏതാണോ അത് തിരഞ്ഞെടുക്കുക. എസ്എംഎസ് വഴി സ്ഥിരീകരണം നല്‍കാന്‍ അനുവദിക്കുക. നിങ്ങള്‍ പണമിടപാടുകള്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കു. നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് സംബന്ധിച്ച വിവരങ്ങളും ചേര്‍ക്കാവുന്നതാണ്.

സ്റ്റെപ്പ് 2

ബാങ്ക് അക്കൗണ്ട് ചേര്‍ത്തു കഴിഞ്ഞാല്‍ കോണ്‍ടാക്ടില്‍ ഉള്ള ആര്‍ക്ക് വേണമെങ്കിലും പണമയക്കാന്‍ കഴിയും. ചാറ്റ് തുറക്കുക, രൂപയുടെ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക. ട്രാന്‍സ്ഫര്‍ ചെയ്യേണ്ട പണം എത്രയാണോ അത് നല്‍കുക, പിന്നാലെ സെന്‍ഡ് പെയ്‌മെന്റില്‍ (Send Payment) ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 3

നിങ്ങളുടെ യുപിഐ പിന്‍ നല്‍കി പണമിടപാട് സ്ഥിരീകരിക്കുക. നിങ്ങള്‍ യുപിഐ പിന്‍ സെറ്റ് ചെയ്തിട്ടില്ലെങ്കില്‍ നിങ്ങളുടെ ഡെബിറ്റ് കാര്‍ഡിന്റെ അവസാനത്തെ ആറ് അക്കങ്ങള്‍ നല്‍കി സ്ഥിരീകരണം നടത്തിയതിന് ശേഷം ചെയ്യാവുന്നതാണ്.

സ്റ്റെപ്പ് 4

പെയ്‌മെന്റ് സെറ്റിങ്‌സില്‍ നിന്ന് പണമിടപാട് പൂര്‍ത്തികരിച്ചോ ഇല്ലയോ എന്ന് അറിയാന്‍ കഴിയും.

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഏഷ്യാകപ്പിനുള്ള ടീമില്‍ ഇടം നേടാതിരുന്ന ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും ടി20 ലോകകപ്പ് ടീമില്‍ ഇടം നേടിയേക്കും. ഇതോടെ ബൗളിങ് ഡിപാര്‍ട്മെന്റില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് ഉറപ്പാണ്.

ഒരു സ്പിന്നര്‍ക്കോ അല്ലെങ്കില്‍ പേസര്‍ക്കോ പുറത്തിരിക്കേണ്ടി വരും. ഏഷ്യന്‍ കപ്പിനുള്ള അംഗങ്ങളില്‍ നാല് സ്പിന്നര്‍മാര്‍ ഇടം നേടിയിരുന്നു. യൂസ് വേന്ദ്ര ചാഹല്‍, രവിചന്ദ്ര അശ്വിന്‍, രവി ബിഷ്ണോയ്, അക്സര്‍ പട്ടേല്‍ എന്നിവരായിരുന്നു സ്പിന്നര്‍മാര്‍. ഇതി രവി ബിഷ്ണോയ് പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, ആവേശ് ഖാന്‍ എന്നിവരാണ് നാല് പേസര്‍മാര്‍. ഓള്‍റൗണ്ട് കഴിവ് കൂടി പരിഗണിച്ചാല്‍ ഹര്‍ദിക് പട്ടേലും ബൗളര്‍മരുടെ എണ്ണത്തില്‍പെടും. അതില്‍ രണ്ട് പേര്‍ പുറത്തിരിക്കേണ്ടി വരും.

ഷമിയെ കൂടി പരിഗണിക്കുകയാണെങ്കില്‍ ഒരാള്‍ കൂടി പുറത്തെത്തും. നേരത്തെ ഏഷ്യാകപ്പിനുള്ള ടീമിലേക്ക് ഷമിയെ പരിഗണിക്കാത്തതിനെതിരെ രൂക്ഷവിമര്‍ശം ഉയര്‍ന്നിരുന്നു. അതേസമയം പരിക്ക് ഭേദമാകാത്തതിനാല്‍ ജഡേജക്ക് ടീമില്‍ ഇടം നേടാനാവില്ല. അത് അക്സര്‍ പട്ടേലിന് നേട്ടമാകും. ദീപക് ഹൂഡ, റിഷബ് പന്ത്, ദിനേശ് കാര്‍ത്തിക്ക് എന്നിവരുടെ കാര്യത്തിലാണ് കാര്യമായ ചര്‍ച്ചകള്‍. ഇതില്‍ ആരെ ഉള്‍കൊള്ളിക്കണം എന്ന് സെലക്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ട്. ഇനി രണ്ട് പേരെയും ഉള്‍കൊള്ളിച്ചാലും അത്ഭുതപ്പെടാനില്ലെന്നാണ് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെക്കാണ് സഞ്ജുവിനെ പരിഗണിക്കുന്നതും. ഏഷ്യാകപ്പില്‍ ‘പൊളിഞ്ഞ’ പന്തിനെ മാറ്റി സഞ്ജുവിന് അവസരം കൊടുക്കണമെന്ന അഭിപ്രായത്തിന് കനം കൂടുന്നുണ്ട്.

ദിനേശ് കാര്‍ത്തികിന് ബാറ്റിങില്‍ കാര്യമായി അവസരം ലഭിച്ചിട്ടില്ല. പന്തോ, കാര്‍ത്തികോ, സഞ്ജുവോ അതോ കിഷനോ എന്നതാണ് ഇപ്പോള്‍ സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ള പേരുകള്‍. അന്തിമ തീരുമാനം രാഹുല്‍ ദ്രാവിഡിന്റെയും രോഹിത് ശര്‍മ്മയുടെയും മുന്നിലാണ്. ഇവര്‍ ആരെ തുണക്കും. അതേസമയം ടി20 ലോകകപ്പിന് മുമ്ബ് ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്കെതിരെയും പരമ്ബര കളിക്കാനുണ്ട്. ഈ ടീമിനെയും പ്രഖ്യാപിക്കും. ടി20 ലോകകപ്പിനുള്ള ടീം തന്നെയാകുമോ ഈ പരമ്ബരക്കും എന്ന് വ്യക്തമല്ല. ഈ മാസം 15ന് സെലക്ഷന്‍ കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഒക്ടബോര്‍ 16ന് ആസ്ട്രേലിയയിലാണ് മത്സരം ടൂര്‍ണമെന്റ് തുടങ്ങുന്നത്. നവംബര്‍ 13നാണ് ഫൈനല്‍.

ന്യൂഡൽഹി: രാജ്പഥിന്റെ പേരുമാറ്റിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ കോൺഗ്രസ് നേതാവ് ശശി തരൂർ. രാജ്പഥിനെ കർത്തവ്യപഥ് എന്നാക്കാമെങ്കിൽ രാജ്ഭവനെ കർത്തവ്യ ഭവൻ എന്നാക്കിക്കൂടെയെന്ന് തരൂർ ചോദിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. എന്തിന് അവിടെ നിർത്തണം, രാജസ്ഥാനെ പേരുമാറ്റി കർത്തവ്യസ്ഥാൻ എന്നാക്കിക്കൂടേ എന്നും തരൂർ പരിഹസിച്ചു.

സെപ്തംബർ എട്ടിനാണ് കർത്തവ്യപഥ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്. ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ യോഗം ചേർന്ന് പൊതു അറിയിപ്പ് നൽകിയതിന് ശേഷമാണ് രാജ്പത്തിന്റെ പേര് മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യ ഗേറ്റ് വരെയുള്ള ഭാഗം ഇനി മുതൽ കർത്തവ്യപഥ് എന്ന പേരിലായിരിക്കും അറിയപ്പെടുന്നത്. പല ചരിത്ര സംഭവങ്ങൾക്കും സാക്ഷിയായ പാതയാണിത്. റിപ്പബ്ലിക് ദിന പരേഡ് ഈ പാതയിലൂടെയാണ് കടന്നു പോകാറ്.

ജനാധിപത്യ മൂല്യങ്ങളും രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും കണക്കിലെടുത്താണ് രാജ്പഥിനെ കർത്തവ്യ പഥ് എന്ന് പുനർനാമകരണം ചെയ്തത്.

കൊല്ലം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന വാർത്തകളിൽ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്ക്. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും പ്രവർത്തനങ്ങൾ താളം തെറ്റുന്ന രീതിയിലുള്ള ബുദ്ധിമുട്ടുകളില്ലെന്ന് അദ്ദേഹം അറിയിച്ചു. കേന്ദ്രം ഭീമമായ തോതിൽ പണം വെട്ടിക്കുറച്ചത് സംസ്ഥാനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കേന്ദ്രത്തിൽ നിന്നും ജിഎസ്ടി കുടിശ്ശിക കിട്ടാനുണ്ടെന്നും എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര സർക്കാർ പണം തന്നില്ലെങ്കിൽ ഭാവിയിൽ സംസ്ഥാനത്തിന് സാമ്പത്തിക ഞെരുക്കം ഉണ്ടാകും. എന്നാൽ ഓവർ ഡ്രാഫ്റ്റിലേക്ക് പോകാതെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഓണാഘോഷം തീർന്നതിന് പിന്നാലെ ഓവർ ഡ്രാഫ്റ്റിലേക്ക് പോകുമെന്ന അവസ്ഥയിലാണ് സംസ്ഥാന ഖജനാവെന്നായിരുന്നു മാദ്ധ്യമ വാർത്തകൾ. കടമെടുപ്പ് സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തിയതിനാൽ കേരളം ട്രഷറി നിയന്ത്രണത്തിന്റെ വക്കിലാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

15,000 കോടി രൂപയാണ് ക്ഷേമ പെൻഷൻ വിതരണം, എല്ലാവർക്കും ഓണക്കിറ്റ് വിതരണം, സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തുടങ്ങിയവയ്ക്കായി കേരളം ചെലവിട്ടത്. കേന്ദ്രത്തിൽ നിന്ന് ധനക്കമ്മി നികത്തൽ ഗ്രാന്റും ജിഎസ്ടി നഷ്ടപരിഹാരവും കിട്ടിയില്ല. കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം ഖജനാവിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി യാതൊരു വിധത്തിലുള്ള കൂട്ടുചേരലിനും ഇല്ലെന്നും പത്ത് ദിവസത്തിനുള്ളില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും പാര്‍ട്ടി വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് ബരാമുള്ളയിലെ പൊതുപരിപാടിയില്‍ അറിയിച്ചു.

‘സ്വാതന്ത്ര്യമായിരിക്കും പുതിയ പാര്‍ട്ടിയുടെ മുഖമുദ്ര. ഒപ്പം നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണ്. ആശയപരമായും ബൗദ്ധികപരമായും വിട്ടുവീഴ്ചകളില്ലാത്ത പാര്‍ട്ടിയായിരിക്കും പ്രഖ്യാപിക്കപ്പെടാന്‍ പോകുന്നത്. വികസനമായിരിക്കും പാര്‍ട്ടിയുടെ മുഖ്യ അജണ്ട. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് പ്രാമുഖ്യം നല്‍കും. ദേശീയമോ പ്രാദേശികമോ ആയ ഒരു പാര്‍ട്ടിയുമായും വെറുപ്പിന്റെ സമീപനം സ്വീകരിക്കില്ല. പ്രവര്‍ത്തന സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാത്ത ഒരു പ്രസ്ഥാനവുമായും സഹകരിക്കില്ല’- അദ്ദേഹം വ്യക്തമാക്കി.

രാഹുലിന്റെ എല്ലാ തീരുമാനങ്ങളും തെറ്റായിരുന്നുവെന്നും അത് കോണ്‍ഗ്രസിനെ പരാജയത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ടുവെന്നും ഗുലാം നബി ആസാദ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

കന്യാകുമാരി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ നിന്നുള്ള കൗതുകകരമായ ചിത്രങ്ങള്‍ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. യാത്രയുടെ മൂന്നാം ദിവസം തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡത്ത് തൊഴിലുറപ്പ് ജോലിയെടുക്കുന്ന സ്ത്രീകളുമായി രാഹുല്‍ സംവദിക്കുന്ന ചിത്രങ്ങളാണ് ജയറാം രമേശ് രസകരമായ കുറിപ്പോടെ പങ്കുവെച്ചത്.

രാഹുല്‍ ഗാന്ധി തമിഴ്‌നാടിനെ സ്‌നേഹിക്കുന്നുണ്ടെന്ന് തങ്ങള്‍ക്ക് അറിയാമെന്നും രാഹുലിന് വേണ്ടി ഒരു തമിഴ് പെണ്‍കുട്ടിയെ കണ്ടെത്താന്‍ തങ്ങള്‍ തയ്യാറാണെന്നും സംവാദത്തിനിടെ ഒരു സ്ത്രീ രാഹുലിനോട് പറഞ്ഞതായി ജയറാം രമേശ് പങ്കുവെച്ചു. എന്നാല്‍, ചിരിയായിരുന്നു രാഹുലിന്റെ പ്രതികരണമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

അതേസമയം, കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്ര 12 സംസ്ഥാനങ്ങളിലൂടെ കടന്ന് കശ്മീരില്‍ അവസാനിക്കും. 118 പേരാണ് രാഹുലിനൊപ്പം യാത്രയിലുള്ളത്.

ഐഫോണിന്റെ തിരഞ്ഞെടുത്ത പതിപ്പുകളില്‍ ഒക്ടോബര്‍ 24 മുതല്‍ വാട്‌സ്ആപ്പ് ലഭിക്കില്ലെന്ന് റിപ്പോര്‍ട്ട്. ഐഒഎസ് 10 അല്ലെങ്കില്‍ ഐഒഎസ് 11 പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന മോഡലുകളില്‍ നിന്നാണ് വാട്‌സ്ആപ്പ് അപ്രത്യക്ഷമാകുന്നത്.

പഴയ ഹാന്‍ഡ്‌സെറ്റ് ഉപയോഗിക്കുന്നവര്‍ വാട്‌സ്ആപ്പിന്റെ സേവനം തുടരുന്നതിനായി ഐഒഎസ് 12 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, ഐഫോണ്‍ 5, ഐഫോണ്‍ 5സി ഉപയോക്താക്കളും പുതിയ മോഡലിലേക്ക് അപ്‌ഗ്രേഡ് ചെയ്യണം.

നിലവില്‍, ഐഒഎസ് 15 ലേക്ക് 89 ശതമാനം ഉപയോക്താക്കളാണ് അപ്‌ഗ്രേഡ് ചെയ്തിട്ടുള്ളത്. നാല് ശതമാനം മാത്രമാണ് ഐഒഎസ് 13 അല്ലെങ്കില്‍ അതിനു മുന്‍പുള്ള പതിപ്പുകള്‍ ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ പഴയ പതിപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് കമ്ബനി പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കണ്ണൂർ: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് മന്ത്രി എം ബി രാജേഷ്. നിലവിൽ സ്ഥിതി ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. തെരുവുനായ ശല്യം നേരിടാൻ അടിയന്തര കർമ പദ്ധതിക്ക് രൂപം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ ഇതിനകം തന്നെ സർക്കാർ ഏകോപിതമായ ചില നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ തെരുവുനായ ശല്യം പരിഹരിക്കുന്നതിന് യോഗം ചേർന്നിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ ഉത്തരവും തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ചിരുന്നു. 152 ബ്ലോക്കുകളിൽ എബിസി കേന്ദ്രങ്ങൾ സജ്ജമാക്കുകയാണ് ഇതിൽ പ്രധാനമെന്നും അദ്ദേഹം വിശദമാക്കി. 30 എണ്ണം ഇതിനോടകം തന്നെ സജ്ജമായി കഴിഞ്ഞു. വളർത്തുനായ്ക്കളുടെ ലൈസൻസിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങളിലും നടപടികൾ പുരോഗമിക്കുന്നുണ്ട്. വിഷയത്തിൽ നാളെ തിരുവനന്തപുരത്ത് ഉദ്യോഗസ്ഥ തലത്തിൽ യോഗം ചേരുമെന്ന് മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുമായി ആലോചിച്ച് കർമപദ്ധതിക്ക് രൂപം നൽകും. ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ അടക്കം ജനകീയ പങ്കാളിത്തോടെ കർമപദ്ധതിക്ക് രൂപം നൽകാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണാഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് തിങ്കളാഴ്ച നടത്തുന്ന ഘോഷയാത്രയുടെ ക്രമീകരണങ്ങളുടെ ഭാഗമായി തിരുവനന്തപുരം നഗരപരിധിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ വൈകീട്ട് മൂന്നു മണി മുതല്‍ അവധി അനുവദിച്ചു.

ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ നഗരപരിധിയില്‍ ഗതാഗത നിയന്ത്രണവും ഉണ്ടായിരിക്കുന്നതായിരിക്കും. നാളെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡൊ യാത്രയും ജില്ലയില്‍ എത്തുന്നതും ഗതാഗത തടസത്തിനു കാരണമാകും.