ബിജെപി അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് വെറുപ്പും വിദ്വേഷവും വര്‍ധിച്ചു: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ വിലക്കയറ്റത്തിനെതിരെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ഗാന്ധി രംഗത്ത്.

രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍

‘ബിജെപി അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് വെറുപ്പും വിദ്വേഷവും വര്‍ധിച്ചു. ഭാവിയെ കുറിച്ചുള്ള ഭയം രാജ്യത്ത് വര്‍ധിക്കുന്നു.കേന്ദ്ര സര്‍ക്കാര്‍ ഇതൊക്കെ ആര്‍ക്കുവേണ്ടി ആണ് ചെയ്യുന്നത്? ഇത് കൊണ്ട് ആര്‍ക്കാണ് ഗുണം ഉണ്ടായത്? ഗുണഭോക്താക്കള്‍ രണ്ട് പേര്‍ മാത്രം. വിമാനത്താവളങ്ങളും, വൈദ്യുതി സേവനവും, എല്ലാം ഈ രണ്ട് പേരുടെ കൈകളിലേക്ക് പോകുന്നു.വന്‍കിട വ്യവസായികളുടെ കടം സര്‍ക്കാര്‍ എഴുതി തള്ളുന്നു. നോട്ട് നിരോധനത്തിന് ശേഷം ലക്ഷകണക്കിന് കടം സര്‍ക്കാര്‍ എഴുതിത്തള്ളി. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും ഒന്നുമില്ല. അത് കൊണ്ട് കര്‍ഷകര്‍ തെരുവില്‍ ഇറങ്ങി. കര്‍ഷകരുടെ ശക്തി മോദി തിരിച്ചറിഞ്ഞു. കര്‍ഷകരുടെ ശക്തി കണ്ട് മോദി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു. ഇന്ന് രാജ്യത്ത് യുവാക്കള്‍ക്ക് ജോലി നല്‍കാന്‍ കഴിയില്ല. രാജ്യത്ത് തൊഴില്‍ നല്‍കുന്നത് വന്‍ വ്യവസായികള്‍ അല്ല. ഇടത്തരം വ്യവസായികളും കര്‍ഷകരുമാണ്. ചെറുകിട കച്ചവടങ്ങള്‍ മോദി തകര്‍ത്തു. അവര്‍ക്ക് ഇനി ജോലി നല്‍കാന്‍ കഴിയില്ല. അവര്‍ ഇന്ന് ദുരിതത്തിലാണ്. പെട്രോള്‍, ഡീസല്‍, പാല്‍, ആട്ട, അരി എല്ലാത്തിനും വില കൂടി.70 വര്‍ഷത്തിനിടെ കോണ്‍ഗ്രസ് എന്ത് ചെയ്തു എന്ന് ചോദിക്കുന്നവരോട്, 70 വര്‍ഷത്തില്‍ ഒരിക്കലും രാജ്യത്ത് ഇത്രയും വിലക്കയറ്റം ഉണ്ടായിട്ടില്ല എന്നാണ് കോണ്ഗ്രസിന്റെ മറുപടി.

മാധ്യമങ്ങള്‍ സത്യത്തിനൊപ്പം നില്‍ക്കുന്നില്ല. ഇതേ വ്യവസായികള്‍ക്ക് വേണ്ടിയാണ് മാധ്യമങ്ങളും ജോലി ചെയ്യുന്നത്. നരേന്ദ്ര മോദി ഈ വ്യവസായികള്‍ക്ക് വേണ്ടി ജോലി ചെയ്യുന്നു, വ്യവസായികള്‍ തിരിച്ചും.ഈ വ്യവസായികള്‍ ഇല്ലെങ്കില്‍ മോദി പ്രധാനമന്ത്രി ആവില്ല.നീതിന്യായ വ്യവസ്ഥയും മാധ്യമങ്ങളും എല്ലാം ആക്രമിക്കപ്പെടുകയാണ്. പ്രതിപക്ഷവും, ആക്ടിവിസ്റ്റുകളും എല്ലാം അക്രമിക്കപ്പെടുന്നു. ഇ ഡി യും സിബിഐ യും വേട്ടയാടുന്നു. 50 മണിക്കൂര്‍ തന്നെ ഇഡി ചോദ്യം ചെയ്തു. ഇ ഡി യെ ഭയമില്ല. അമ്പതോ നൂറോ മണിക്കൂര്‍ ചോദ്യം ചെയ്‌തോളൂ. ഈ രാജ്യം രണ്ട് വ്യവസായികളുടേതല്ല.ഇത് പാവപ്പെട്ടവരുടെ രാജ്യമാണ്. കച്ചവടക്കരുടെയും കര്‍ഷകരുടെയും, തൊഴില്‍ ഇല്ലാത്തവരുടെയും രാജ്യമാണ്.

പ്രധാനമന്ത്രിയുടെ കാഴ്ച്ചപ്പാട് പണക്കാര്‍ക്ക് സൗകര്യം ഒരുക്കണം എന്നതാണ്. എന്നാല്‍, കോണ്‍ഗ്രസ് കരുതുന്നത് ഈ രാജ്യം എല്ലാവരുടെയും ആണെന്നാണ്. യുപിഎ സര്‍ക്കാര്‍ കാര്‍ഷിക കടം എഴുതി തള്ളി , മോദി കര്‍ഷകര്‍ക്കെതിരെ നിയമം കൊണ്ടുവന്നു. നരേന്ദ്ര മോദി രാജ്യത്തെ പിന്നോട്ടടിച്ചു. ഭയം വിതക്കുകയാണ് രാജ്യത്ത്. ഇത് കൊണ്ട് ഗുണമുണ്ടാകുന്നത് പാകിസ്ഥാനും ചൈനക്കുമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നന്ദി. നിങ്ങള്‍ രാജ്യത്തിന് വേണ്ടിയാണ് പ്രവൃത്തിക്കുന്നത്. പാര്‍ലമെന്റിലേക്കുള്ള വഴി അടച്ചു. കോണ്‍ഗ്രസ് എംപി. മാര്‍ സംസാരിക്കുമ്പോള്‍ മൈക്ക് ഓഫ് ചെയ്യുന്നു. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ചര്‍ച്ച സാധ്യമല്ലാതെ ആയി. ഇനി ഒരു മാര്‍ഗ്ഗമേ ഉള്ളു. അത് ജങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി അവരുടെ ഒപ്പമുള്ള വഴിയാണ്. അത് കൊണ്ടാണ് ഭാരത് ജോഡോ യാത്ര ആവിഷ്‌കരിച്ചത്.’