Latest News (Page 1,212)

കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ നോട്ടീസ് ബോര്‍ഡും റബ്ബര്‍ സ്റ്റാമ്പുമായി ചുരുക്കിയെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ‘സുസ്‌റ്റൈനിംഗ് ഡെമോക്രസി; ന്യൂച്ചറിംഗ് ഡെമോക്രസി’ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പാര്‍ലമെന്റിനെ ഒരു നോട്ടീസ് ബോര്‍ഡും റബ്ബര്‍ സ്റ്റാമ്പും ആക്കി നമ്മുടെ ഗവണ്‍മെന്റ് ചുരുക്കി എന്ന് പറയുന്നതില്‍ എനിക്ക് ഖേദമുണ്ട്. സ്വേച്ഛാധിപത്യ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സര്‍ക്കാരിന് എന്ത് ചെയ്യാനാഗ്രഹിക്കുന്നുവോ അത് അറിയിക്കാനുള്ള നോട്ടീസ് ബോര്‍ഡാണ് പാര്‍ലമെന്റ്. ഓരോ ബില്ലും ക്യാബിനറ്റില്‍ നിന്ന് വരുന്ന രൂപത്തില്‍ പാസാക്കുന്ന ഒരു റബ്ബര്‍ സ്റ്റാമ്പായി പാര്‍ലമെന്റ് മാറി. 1962 ലെ ചൈനാ യുദ്ധത്തെ പരാമര്‍ശിച്ച്, ഭരണകക്ഷി അംഗങ്ങള്‍ക്ക് പോലും തങ്ങളുടെ പ്രധാനമന്ത്രിയെ വെല്ലുവിളിക്കാന്‍ കഴിയുന്ന ഒരു പാര്‍ലമെന്റ് ജവഹര്‍ലാല്‍ നെഹ്റുവിന് കീഴില്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നു’- തരൂര്‍ ചൂണ്ടിക്കാട്ടി.

ന്യൂഡല്‍ഹി: സിപിഎം കേരള ഘടകത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് സിപിഎമ്മില്‍ പൊതു ധാരണയായി. യാത്രയുടെ തുടക്കത്തില്‍ സിപിഎമ്മിനെ അപമാനിച്ചു എന്ന വിമര്‍ശനത്താലാണ് തീരുമാനം. എന്നാല്‍, സിപിഐ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നു.

അതേസമയം, സുരക്ഷാ മുന്നറിയിപ്പുകള്‍ക്കിടെ ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ തുടരും. ഹാറ്റ്‌ലി മോറില്‍ നിന്ന് ആരംഭിച്ച പദയാത്ര ചഡ്വാളിയില്‍ അവസാനിക്കും. റിപ്പബ്ലിക് ദിനത്തി ല്‍ ബനിഹാളില്‍ രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തും. 30ന് ശ്രീനഗര്‍ ഷേര്‍ ഇ കശ്മീര്‍ സ്റ്റേഡിയത്തിലെ സമാപന സമ്മേളനം പ്രതിപക്ഷ ഐക്യ നിരയുടെ ശക്തി പ്രകടനമാക്കി മാറ്റും. സിപിഐയെ കൂടാതെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവര്‍ പങ്കെടുക്കും.

അതിനിടെ, സുരക്ഷപ്രശ്‌നം ഉണ്ടെന്നും കാറില്‍ സഞ്ചരിക്കണമെന്നും സുരക്ഷ ഏജന്‍സികള്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും കാല്‍നടയായി തന്നെ യാത്ര തുടരുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

ന്യൂഡൽഹി: പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസ്താവയ്ക്കു മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. കശ്മീർ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആത്മാർഥമായ ചർച്ചയ്ക്കു തയാറാണെന്ന പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കാണ് വിദേശകാര്യ മന്ത്രാലയം മറുപടി നൽകിയത്.

അയൽക്കാരുമായി നല്ല ബന്ധമാണ് ഇന്ത്യ എപ്പോഴും ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ഭീകരതയും അക്രമവുമില്ലാത്ത അനുകൂല സാഹചര്യം ഇതിനു അനിവാര്യമാണ്. ഇതാണ് തങ്ങളുടെ നിലപാടെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു.

സമാധാനമാണ് പാകിസ്താൻ ആഗ്രഹിക്കുന്നതെന്ന് നേരത്തെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞിരുന്നു. അൽ അറബിയ ടെലിവിഷനുമായുള്ള അഭിമുഖത്തിലായിരുന്നു പാക് പ്രധാനമന്ത്രിയുടെ പരാമർശം.

മേഖലയിൽ സമാധാനം ഉണ്ടായാൽ മാത്രമേ ഇന്ത്യയും പാക്കിസ്ഥാനും വളരാൻ കഴിയൂ. നമുക്ക് എൻജിനിയർമാരും ഡോക്ടർമാരും വിദഗ്ധ തൊഴിലാളികളുമുണ്ട്. ഇവരെയെല്ലാം ഉപയോഗിക്കാനാവണം, അതിന് സമാധാനമാണ് വേണ്ടത്. സമാധാനത്തോടെ കഴിഞ്ഞ് പുരോഗതിയുണ്ടാക്കണോ അതോ തമ്മിൽത്തല്ലി സമയം കളയണോ എന്നു നമ്മൾ തന്നെ തീരുമാനിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പാകിസ്താൻ ഇന്ത്യയുമായി നടത്തിയത് മൂന്നു യുദ്ധങ്ങളാണ്. കൂടുതൽ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയുമൊക്കെയാണ് അതിലൂടെ ഉണ്ടായത്. തങ്ങൾ പാഠം പഠിച്ചുകഴിഞ്ഞു, ഇനി സമാധാനത്തോടെ ജീവിക്കണം. അതോടൊപ്പം യഥാർഥ പ്രശ്നങ്ങൾ പരിഹരിക്കാനും നമുക്കു കഴിയണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബോംബുകൾക്കും വെടിക്കോപ്പുകൾക്കുമായി വിഭവങ്ങൾ പാഴാക്കാൻ പാകിസ്താൻ ആഗ്രഹിക്കുന്നില്ല. ഇതാണ് പ്രധാനമന്ത്രി മോദിയെ അറിയിക്കാനുള്ളതെന്നും പാക് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

കൊല്ലം: യുഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് 4.57 ലക്ഷം രൂപ വാടകക്കുടിശ്ശികയുമായി നഗരസഭയുടെ വ്യാപാരസമുച്ചയത്തില്‍ പ്രവര്‍ത്തിച്ച സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് റവന്യൂ വിഭാഗം അധികൃതര്‍ പൂട്ടി മുദ്രവെച്ചു. സ്വകാര്യ ബസ്സ്റ്റാന്‍ഡിലെ സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചുവന്ന ചെമ്മന്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസാണ് പൂട്ടിയത്.

കുടിശ്ശികയുള്ള വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനെത്തിയ റവന്യൂ ഇന്‍സ്‌പെക്ടറെയും സംഘത്തെയും യുഡിഎഫ് കൗണ്‍സിലര്‍മാരും പ്രതിപക്ഷ നേതാവ് ജി ജയപ്രകാശും ചേര്‍ന്ന് തടയുകയായിരുന്നു. കുടിശ്ശികയുള്ള സിപിഎം ഓഫീസ് പൂട്ടാതെ മറ്റുള്ള കടകള്‍ പൂട്ടാന്‍ അനുവദിക്കില്ലെന്ന് കൗണ്‍സിലര്‍മാര്‍ നിലപാടെടുത്തതോടെ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്യോഗസ്ഥര്‍ പൂട്ടി മുദ്രവയ്ക്കുകയായിരുന്നു.

അതേസമയം, നഗരസഭയുടെ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാടകക്കുടിശ്ശികയുള്ള കടമുറികള്‍ക്കെതിരെ കഴിഞ്ഞ നവംബര്‍മുതല്‍ നടപടി സ്വീകരിച്ചുവരികയാണ്. എന്നാല്‍, വാടക അടയ്ക്കാനിരിക്കെയാണ് പാര്‍ട്ടി ഓഫീസ് നഗരസഭ പൂട്ടിയതെന്നും താമസിയാതെ വാടക അടയ്ക്കുമെന്നും സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വിജയന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.

താന്‍ സിനിമയുണ്ടാക്കുന്നത് പണത്തിനുവേണ്ടിയാണ്, ബഹുമതികള്‍ക്ക് വേണ്ടിയല്ലെന്നും രാജമൗലി. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് താന്‍ സിനിമയെടുക്കുന്നതെന്നും ആര്‍ആര്‍ആര്‍ വാണിജ്യസിനിമയാണെന്നും അദ്ദേഹം പറയുന്നു.

സ്വന്തം സിനിമ വാണിജ്യപരമായി വിജയിക്കുമ്‌ബോള്‍ വളരെയധികം സന്തോഷിക്കും. പുരസ്‌കാരങ്ങള്‍ അതിന് അനുബന്ധമായി വരുന്നവയാണ്. തന്റെ അണിയറ പ്രവര്‍ത്തകരുടെ കഠിനാദ്ധ്വാനത്തിനുള്ളതാണ് പുരസ്‌കാരങ്ങളൊന്നും രാജമൗലി ചൂണ്ടിക്കാട്ടി.

അതേസമയം, ആര്‍ആര്‍ആറിന് പകരം ഛേല്ലോ ഷോ ഇന്ത്യയുടെ ഓദ്യോഗിക ഓസ്‌കാര്‍ നാമനിര്‍ദേശമായതിനേക്കുറിച്ചും രാജമൗലി പ്രതികരിച്ചു. ആര്‍ആര്‍ആറിന് അത്തരമൊരു നേട്ടം കൈവരിക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്. പക്ഷേ എന്തുകൊണ്ട് എന്റെ സിനിമയ്ക്ക് അത് കിട്ടിയില്ല എന്നോര്‍ത്ത് വിഷമിക്കുന്നയാളല്ല താനെന്നും രാജമൗലി പറഞ്ഞു. സംഭവിക്കേണ്ടത് സംഭവിച്ചു, എന്നിരുന്നാലും ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച ഛേല്ലോ ഷോയും ഒരു ഇന്ത്യന്‍ സിനിമയാണല്ലോ എന്ന് കാര്യത്തില്‍ സന്തോഷവും അഭമിമാനവുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൊൽക്കത്ത: പശ്ചിമ ബംഗാൾ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. ബംഗാൾ ജനതയുടെ ക്ഷേമത്തിനായി വകയിരുത്തിയ പണമൊന്നും യഥാർഥ അവകാശികൾക്ക് ലഭിക്കുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു. ബംഗാളിലെ ഒരു പൊതുറാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ദേശീയ തൊഴിലുറപ്പ് പദ്ധതിയിലടക്കം അഴിമതിയാണ്. ഭവന നിർമാണം മുതൽ പൊതുശൗചാലയ നിർമാണംവരെ എല്ലാത്തിനും ബംഗാളിന് ഫണ്ടനുവദിച്ചിട്ടുണ്ട്. പക്ഷേ, അതൊന്നും ഗുണഭോക്താക്കളിലെത്തുന്നില്ല. എന്നാൽ, ഇത് പരിശോധിക്കുന്നതിന് അന്വേഷണ കമ്മീഷനെ നിയോഗിച്ചാൽ, കേന്ദ്രം ശത്രുതാപരമായാണ് തങ്ങളെ കാണുന്നതെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ആരോപിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പുകളിൽ ബിജെപിയ്ക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജിനു കീഴിൽ അഴിമതിയും മനുഷ്യക്കടത്തും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും വർദ്ധിച്ചു. ബി.ജെ.പി.ക്ക് മാത്രമാണ് ഇതിൽനിന്ന് സംരക്ഷണം നൽകാനാവുക. ബി.ജെ.പിക്കേ ഇത് നിർത്താനാവൂ. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും താമരയ്ക്കു വോട്ട് ചെയ്യുക മാത്രമാണ് അതിനുള്ള ഏക വഴിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ഹയർ സെക്കണ്ടറിയിലെ വിദ്യാർത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട പഠനത്തിനായി സർക്കാർ രൂപീകരിച്ച പ്രൊഫ. വി. കാർത്തികേയൻ നായർ കമ്മിറ്റി നിർദേശങ്ങൾ ക്ഷണിക്കുന്നു. ബാച്ചുകൾ പുന:ക്രമീകരിക്കേണ്ടതുണ്ടോയെന്നത് സംബന്ധിച്ചും അധിക ബാച്ചുകൾ ആവശ്യമുണ്ടോയെന്നത് സംബന്ധിച്ചും ഏകജാലക പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റങ്ങളാവശ്യമുണ്ടോയെന്നത് സംബന്ധിച്ചും നിർദേശങ്ങൾ സമർപ്പിക്കാനാഗ്രഹിക്കുന്നവർ 2023 ജനുവരി 31 നകം ആർ. സുരേഷ്‌കുമാർ, ജോയിന്റ് ഡയറക്ടർ മെമ്പർ സെക്രട്ടറി, ഹയർസെക്കണ്ടറി ബാച്ച് പുന:ക്രമീകരണകമ്മിറ്റി , ഹൗസിംഗ് ബോർഡ് ബിൽഡിംഗ് സ്, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.

hsebatchreorganisation2023@gmail.com എന്ന ഇ -മെയിലിലും നിർദ്ദേശങ്ങൾ അയക്കാം. മേഖലാ ഉപഡയറക്ടർമാരുടെ ഓഫീസുകൾ കേന്ദ്രീകരിച്ച് ഫെബ്രുവരി 20 നകം സിറ്റിംഗുകൾ ഉണ്ടാകുമെന്നതിനാൽ നേരിട്ടും ആവശ്യങ്ങളും നിർദേശങ്ങളും സമർപ്പിക്കാൻ അവസരമുണ്ടായിരിക്കും. പ്രാദേശികമായ ആവശ്യകതകൾ കണക്കിലെടുത്ത് ചില ജില്ലകളിലും പ്രത്യേക സിറ്റിംഗ് നടത്തും.

ന്യൂഡൽഹി: പോലീസ്, സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ തുടങ്ങിയ അന്വേഷണ ഏജൻസികൾ ഫയൽ ചെയ്യുന്ന കുറ്റപത്രങ്ങൾ ഓൺലൈനിൽ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി. അന്വേഷണ ഏജൻസികൾ ഫയൽ ചെയ്യുന്ന കുറ്റപത്രങ്ങൾ പൊതു രേഖ അല്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി ഹർജി തള്ളിയത്. അതിനാൽ അവ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യണമെന്ന് നിർദ്ദേശിക്കാൻ കഴിയില്ലെന്നും കോടതി അറിയിച്ചു.

കുറ്റപത്രങ്ങൾ പരസ്യപ്പെടുത്തുന്നത് ക്രിമിനൽ നടപടി ചട്ടത്തിന്റെ ലംഘനമാണ്. കുറ്റപത്രം പരസ്യപ്പെടുത്തുന്നത് പ്രതിയുടേയും ഇരയുടെയും അവകാശത്തെ ഹനിക്കും. തെളിവ് നിയമത്തിന്റെ പരിധിയിൽ വരുന്ന പൊതു രേഖ അല്ല കുറ്റപത്രമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എം ആർ ഷാ, സി ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

തിരുവനന്തപുരം: സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയിൽ ഒഴിവുള്ള എഡ്യൂക്കേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. വിശദ വിവരം: https://kscsa.org എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 4 ന് വൈകിട്ട് അഞ്ചു മണി.

തിരുവനന്തപുരം ഗവ. ലോ കോളജിൽ 2022-23 അധ്യയന വർഷത്തിൽ പഞ്ചവത്സര എൽ.എൽ.ബി (ബി.എ ഇന്റഗ്രേറ്റഡ്) കോഴ്സിലേക്ക് ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകന്റെ ഒരു ഒഴിവിൽ നിയമനം. കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റ് (കോളജ് വിദ്യാഭ്യാസ വകുപ്പ്) ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി കലാലയ ഓഫീസൽ അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ജനുവരി 28ന് രാവിലെ 10നാണ് ഇന്റർവ്യൂ.

അതേസമയം, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റെസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഫെബ്രുവരി ഒന്നിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. കരാറടിസ്ഥാനത്തിലാണ് നിയമനം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

ന്യൂഡല്‍ഹി: ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി ജെ പി എം പിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനും പരിശീലകര്‍ക്കുമെതിരെ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ കൂടികാഴ്ച നടത്തി.

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്രംഗ് പുനിയ, സാക്ഷി മാലിക് അടക്കമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിന്റെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകരിക്കില്ലെന്നും ഡബ്ല്യു എഫ് ഐ പുനഃസംഘടിപ്പിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്. ഗുസ്തി താരങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഗൗരവതരമാണെന്നും ആരോപണങ്ങള്‍ക്ക് 72 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കാന്‍ ഡബ്ല്യു എഫ് ഐയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനുരാഗ് സിംഗ് ഠാക്കൂര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഗുസ്തിക്കാര്‍ക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഗുസ്തി താരങ്ങളുടെ നിലവിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നുവെന്നും കായികതാരങ്ങളുടെ ക്ഷേമത്തിനാണ് ഏറ്റവും മുന്‍ഗണനയെന്നും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ ട്വീറ്റ് ചെയ്തു. താരങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്നും ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചതായും പി ടി ഉഷ അറിയിച്ചു.