ന്യൂഡൽഹി: പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസ്താവയ്ക്കു മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. കശ്മീർ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആത്മാർഥമായ ചർച്ചയ്ക്കു തയാറാണെന്ന പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കാണ് വിദേശകാര്യ മന്ത്രാലയം മറുപടി നൽകിയത്.
അയൽക്കാരുമായി നല്ല ബന്ധമാണ് ഇന്ത്യ എപ്പോഴും ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ഭീകരതയും അക്രമവുമില്ലാത്ത അനുകൂല സാഹചര്യം ഇതിനു അനിവാര്യമാണ്. ഇതാണ് തങ്ങളുടെ നിലപാടെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു.
സമാധാനമാണ് പാകിസ്താൻ ആഗ്രഹിക്കുന്നതെന്ന് നേരത്തെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞിരുന്നു. അൽ അറബിയ ടെലിവിഷനുമായുള്ള അഭിമുഖത്തിലായിരുന്നു പാക് പ്രധാനമന്ത്രിയുടെ പരാമർശം.
മേഖലയിൽ സമാധാനം ഉണ്ടായാൽ മാത്രമേ ഇന്ത്യയും പാക്കിസ്ഥാനും വളരാൻ കഴിയൂ. നമുക്ക് എൻജിനിയർമാരും ഡോക്ടർമാരും വിദഗ്ധ തൊഴിലാളികളുമുണ്ട്. ഇവരെയെല്ലാം ഉപയോഗിക്കാനാവണം, അതിന് സമാധാനമാണ് വേണ്ടത്. സമാധാനത്തോടെ കഴിഞ്ഞ് പുരോഗതിയുണ്ടാക്കണോ അതോ തമ്മിൽത്തല്ലി സമയം കളയണോ എന്നു നമ്മൾ തന്നെ തീരുമാനിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പാകിസ്താൻ ഇന്ത്യയുമായി നടത്തിയത് മൂന്നു യുദ്ധങ്ങളാണ്. കൂടുതൽ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയുമൊക്കെയാണ് അതിലൂടെ ഉണ്ടായത്. തങ്ങൾ പാഠം പഠിച്ചുകഴിഞ്ഞു, ഇനി സമാധാനത്തോടെ ജീവിക്കണം. അതോടൊപ്പം യഥാർഥ പ്രശ്നങ്ങൾ പരിഹരിക്കാനും നമുക്കു കഴിയണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബോംബുകൾക്കും വെടിക്കോപ്പുകൾക്കുമായി വിഭവങ്ങൾ പാഴാക്കാൻ പാകിസ്താൻ ആഗ്രഹിക്കുന്നില്ല. ഇതാണ് പ്രധാനമന്ത്രി മോദിയെ അറിയിക്കാനുള്ളതെന്നും പാക് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

