ബംഗാൾ ജനതയുടെ ക്ഷേമത്തിനായി വകയിരുത്തിയ പണമൊന്നും യഥാർഥ അവകാശികൾക്ക് ലഭിക്കുന്നില്ല; വിമർശനവുമായി ജെ പി നദ്ദ

കൊൽക്കത്ത: പശ്ചിമ ബംഗാൾ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. ബംഗാൾ ജനതയുടെ ക്ഷേമത്തിനായി വകയിരുത്തിയ പണമൊന്നും യഥാർഥ അവകാശികൾക്ക് ലഭിക്കുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു. ബംഗാളിലെ ഒരു പൊതുറാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ദേശീയ തൊഴിലുറപ്പ് പദ്ധതിയിലടക്കം അഴിമതിയാണ്. ഭവന നിർമാണം മുതൽ പൊതുശൗചാലയ നിർമാണംവരെ എല്ലാത്തിനും ബംഗാളിന് ഫണ്ടനുവദിച്ചിട്ടുണ്ട്. പക്ഷേ, അതൊന്നും ഗുണഭോക്താക്കളിലെത്തുന്നില്ല. എന്നാൽ, ഇത് പരിശോധിക്കുന്നതിന് അന്വേഷണ കമ്മീഷനെ നിയോഗിച്ചാൽ, കേന്ദ്രം ശത്രുതാപരമായാണ് തങ്ങളെ കാണുന്നതെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ആരോപിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പുകളിൽ ബിജെപിയ്ക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജിനു കീഴിൽ അഴിമതിയും മനുഷ്യക്കടത്തും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും വർദ്ധിച്ചു. ബി.ജെ.പി.ക്ക് മാത്രമാണ് ഇതിൽനിന്ന് സംരക്ഷണം നൽകാനാവുക. ബി.ജെ.പിക്കേ ഇത് നിർത്താനാവൂ. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും താമരയ്ക്കു വോട്ട് ചെയ്യുക മാത്രമാണ് അതിനുള്ള ഏക വഴിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.