ചണ്ഡീഗഡ്: ബസിന് തീപിടിച്ച് എട്ട് പേർ വെന്തുമരിച്ചു. ഹരിയാനയിലാണ് സംഭവം. തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിനാണ് തീപിടിച്ചത്. ഹരിയാനയിലെ കുണ്ഡലി-മനേസർ-പൽവാൽ എക്സ്പ്രസ് വേയിൽ ശനിയാഴ്ച പുലർച്ചെ 1.30ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
ഉത്തർപ്രദേശിലെ മഥുരയിലും മറ്റ് തീർഥാടന കേന്ദ്രങ്ങളിലും സന്ദർശനം നടത്തി മടങ്ങിയവരാണ് ബസിലുണ്ടായിരുന്നത്. പഞ്ചാബ് സ്വദേശികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60 ഓളം പേരാണ് ബസിലുണ്ടായിരുന്നു. ബസിന്റെ പിൻഭാഗത്ത് നിന്നും തീ പടർന്നാണ് അപകടം സംഭവിച്ചത്.
ബസിന്റെ പിൻഭാഗത്ത് പുകയും തീയും ശ്രദ്ധയിൽപ്പെട്ട ഒരു ബൈക്ക് യാത്രികനാണ് വിവരം ബസിലുള്ളവരെ അറിയിച്ചത്. ബസ് നിർത്തി ആളുകളെ ഇറക്കുമ്പോഴേക്കും തീ പടർന്ന് പിടിക്കുകയായിരുന്നു. 10 ദിവസത്തെ തീർഥാടന യാത്രയുടെ അവസാന ദിവസമാണ് അപകടം ഉണ്ടായത്. തങ്ങൾ വാടകയ്ക്ക് എടുത്ത ബസാണ് അപകത്തിൽപ്പെട്ടതെന്നും യുപിയിലെ തീർഥാടന കേന്ദ്രങ്ങളിലെ സന്ദർശനം കഴിഞ്ഞ് വെള്ളിയാഴ്ച രാത്രിയോടെയാണ് ഉത്തർപ്രദേശിൽ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ചതെന്നും അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർ വ്യക്തമാക്കുന്നു.

