ആലപ്പുഴ: വിദേശത്തേക്ക് ജോലിക്കായി പുറപ്പെടുമ്പോൾ വിമാനത്താവളത്തിൽ യുവതി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ അരളിച്ചെടിയുടെ വിഷം ഉളളിൽ ചെന്നതാണ് ഹൃദ്രോഗത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ട്. പോലീസിന്റെ പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സൂര്യയുടെ വീടിന് പരിസരത്തുളള അരളിച്ചെടിയുടെ ഇലയും പൂവും യുവതിയുടെ രക്ത സാംപിളും മൂന്നാഴ്ച മുൻപ് തിരുവനന്തപുരത്തെ ലാബിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ഇതുവരെ കിട്ടിയിട്ടില്ല. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യഥാർത്ഥ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പോലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം 28നായിരുന്നു പളളിപ്പാട് കൊണ്ടൂരേത്ത് സ്വദേശി സൂര്യാ സുരേന്ദ്രൻ വിമാനത്താവളത്തിൽ വെച്ച് കുഴഞ്ഞുവീണ് മരിച്ചത്.
ചികിത്സയിലിരിക്കെയാണ് സൂര്യ മരണപ്പെട്ടത്. തുടർന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. യുവതിയെ പരിശോധിച്ച ഡോക്ടർമാരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. വിമാനത്താവളത്തിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് ഫോണിൽ സംസാരിക്കുന്നതിനിടെ വീട്ടിൽ വച്ച് ഏതോ ചെടിയുടെ ഇലയും പൂവും നുളളിയെടുത്ത് വായിലിട്ട് ചവച്ചെന്നും ശേഷം തുപ്പികളഞ്ഞെന്നും യുവതി പറഞ്ഞിരുന്നുവെന്നാണ് ഡോക്ടർമാർ വെളിപ്പെടുത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അത് അരളിച്ചെടിയാണെന്ന് കണ്ടെത്തിയത്.

