കൊല്ലം: യുഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് 4.57 ലക്ഷം രൂപ വാടകക്കുടിശ്ശികയുമായി നഗരസഭയുടെ വ്യാപാരസമുച്ചയത്തില്‍ പ്രവര്‍ത്തിച്ച സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് റവന്യൂ വിഭാഗം അധികൃതര്‍ പൂട്ടി മുദ്രവെച്ചു. സ്വകാര്യ ബസ്സ്റ്റാന്‍ഡിലെ സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചുവന്ന ചെമ്മന്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസാണ് പൂട്ടിയത്.
കുടിശ്ശികയുള്ള വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനെത്തിയ റവന്യൂ ഇന്‍സ്പെക്ടറെയും സംഘത്തെയും യുഡിഎഫ് കൗണ്‍സിലര്‍മാരും പ്രതിപക്ഷ നേതാവ് ജി ജയപ്രകാശും ചേര്‍ന്ന് തടയുകയായിരുന്നു. കുടിശ്ശികയുള്ള സിപിഎം ഓഫീസ് പൂട്ടാതെ മറ്റുള്ള കടകള്‍ പൂട്ടാന്‍ അനുവദിക്കില്ലെന്ന് കൗണ്‍സിലര്‍മാര്‍ നിലപാടെടുത്തതോടെ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്യോഗസ്ഥര്‍ പൂട്ടി മുദ്രവയ്ക്കുകയായിരുന്നു.
അതേസമയം, നഗരസഭയുടെ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാടകക്കുടിശ്ശികയുള്ള കടമുറികള്ക്കെതിരെ കഴിഞ്ഞ നവംബര്‍മുതല്‍ നടപടി സ്വീകരിച്ചുവരികയാണ്. എന്നാല്‍, വാടക അടയ്ക്കാനിരിക്കെയാണ് പാര്‍ട്ടി ഓഫീസ് നഗരസഭ പൂട്ടിയതെന്നും താമസിയാതെ വാടക അടയ്ക്കുമെന്നും സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വിജയന് ഉണ്ണിത്താന് പ്രതികരിച്ചു.

