‘രാജിയില്‍ കുറഞ്ഞതൊന്നും സ്വീകരിക്കില്ല’; ഗുസ്തി താരങ്ങളുമായി ചര്‍ച്ച നടത്തി കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍

ന്യൂഡല്‍ഹി: ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി ജെ പി എം പിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനും പരിശീലകര്‍ക്കുമെതിരെ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ കൂടികാഴ്ച നടത്തി.

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്രംഗ് പുനിയ, സാക്ഷി മാലിക് അടക്കമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിന്റെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകരിക്കില്ലെന്നും ഡബ്ല്യു എഫ് ഐ പുനഃസംഘടിപ്പിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്. ഗുസ്തി താരങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഗൗരവതരമാണെന്നും ആരോപണങ്ങള്‍ക്ക് 72 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കാന്‍ ഡബ്ല്യു എഫ് ഐയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനുരാഗ് സിംഗ് ഠാക്കൂര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഗുസ്തിക്കാര്‍ക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഗുസ്തി താരങ്ങളുടെ നിലവിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നുവെന്നും കായികതാരങ്ങളുടെ ക്ഷേമത്തിനാണ് ഏറ്റവും മുന്‍ഗണനയെന്നും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ ട്വീറ്റ് ചെയ്തു. താരങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്നും ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചതായും പി ടി ഉഷ അറിയിച്ചു.