കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു; സുധാകരനെതിരെ പരാതി നൽകാൻ എ ഗ്രൂപ്പ്

തിരുവനന്തപുരം: കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു. കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാനാണ് എ ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്. കെപിസിസി മുൻ സെക്രട്ടറി എം എ ലത്തീഫിന്റെ സസ്‌പെൻഷൻ പിൻവലിച്ച എം എം ഹസന്റെ നടപടി സുധാകരൻ റദ്ദാക്കിയതാണ് ഗ്രൂപ്പ് വഴക്ക് രൂക്ഷമാകാൻ കാരണം.

തീരുമാനങ്ങൾ തിരുത്തി ഹസനെ അപമാനിക്കാൻ സുധാകരൻ ശ്രമിക്കുന്നുവെന്നാണ് എ ഗ്രൂപ്പിന്റെ പരാതി. അതേസമയം, കെ സുധാകരൻ ഡൽഹിയിലേക്ക് പോയി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി ചർച്ച നടത്തുമെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. കൂടിയാലോചന നടത്താതെയാണ് ലത്തീഫിന്റെ സസ്‌പെൻഷൻ ഹസൻ പിൻവലിച്ചതെന്നും തന്നെയോ പ്രതിപക്ഷ നേതാവ് വി ഡി സതീശനെയോ ഇക്കാര്യം അറിയിക്കണമായിരുന്നുവെന്നും കെ സുധാകരൻ മല്ലികാർജുൻ ഖാർഗെയെ ധരിപ്പിക്കും.